ഏകാകിനിയുടെ ഉള്ളകം തേടി, ഇരുപുറം ചില്ലിട്ട എന്റെ ലോക്ക് ഡൗൺ ദിനങ്ങള്‍

(image for representation purpose only)

March 24, 2020,

Day 0:

സ്ഥലം, ബാംഗ്ലൂർ.

നാട്ടിലേക്ക് പോവാനോ താമസിക്കുന്ന റൂമിൽ തുടരാനോ കഴിയാത്തത് കൊണ്ട് Accenture-ലെ ഞാനടക്കം 9 പേർ 21-ാം തീയതി, ശനിയാഴ്ച മുതൽ ഒരു ഹോട്ടലിൽ താമസിച്ചു വരുന്നു.

സ്വാന്തന സൂസൻ, സൗന്ദര്യ ലക്ഷ്മി, അമൃത, സാഗർ, ഹരീഷ്, രമണ റെഡ്ഢി, സഹോദരങ്ങളായ കാംറാൻ, അദ്നാൻ, പിന്നെ ഞാനും.

താമസിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലിൽ ആളുകൾ കുറവായതിനാൽ അടുത്ത് തന്നെയുള്ള അവരുടെ തന്നെ മറ്റൊരു ഹോട്ടലിലേക്ക് പിറ്റേന്ന് മാറേണ്ടി വരും എന്ന് ഹോട്ടൽ അധികൃതർ പറഞ്ഞിരുന്നു.

രാത്രി 8 മണി - മോദിജി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു... 'സഖാക്കളെ...' അയ്യോ, മാറിപ്പോയി, 'ഭായിയോം ഓർ ബഹനോം... ഇന്ന് അർദ്ധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് lockdown... ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങിരുത്...'

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഹോട്ടൽ അധികൃതർ ഇന്ന് തന്നെ മാറാം എന്ന നിർദ്ദേശം വെക്കുന്നു. എല്ലാവരും പാക്ക് ചെയ്യുന്നു. അതിനിടെ പെൺകുട്ടികളുടെ വീടുകളിൽ നിന്ന് ഫോൺ വിളികൾ. അമൃത വീട്ടിൽ പോകാൻ തീരുമാനിക്കുന്നു. സൗന്ദര്യ വീട്ടുകാരെ വിളിച്ച് കരയുന്നു. സൂസൻ വീട്ടുകാരെ വിളിച്ച് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു.

ഒടുവിൽ അർദ്ധരാത്രിക്ക് മുൻപ് തന്നെ അമൃത അവളുടെ വീട്ടിലേക്കും ബാക്കി ഞങ്ങൾ 8 പേർ അടുത്ത ഹോട്ടലിലേക്കും മാറുന്നു.

ആ പെൺകുട്ടി മാത്രം തനിച്ചാണ് ഭക്ഷണം കഴിക്കാൻ വരാറുളളത്. അവളിരിക്കുന്ന തീൻമേശയിലേക്ക് ആരെങ്കിലും വന്നാൽ അവൾ എണീറ്റ് പോവും.

Day 1:

പുറത്തേക്കുള്ള രണ്ടു ചുമരുകളും ഗ്ലാസ്സ് ആയിട്ടുള്ള മുറിയാണ് എനിക്ക് കിട്ടിയത്. ബാക്കിയുള്ളവരിൽ അസൂയ - അവരുടെയൊക്കെ മുറിയുടെ ഒരു ഭാഗത്ത് മാത്രമേ ഗ്ലാസ് ഉള്ളൂ.

Traffic ബ്ലോക്കിന് കുപ്രസിദ്ധി നേടിയ ബാംഗ്ലൂരിലെ ഇപ്പോൾ ആളൊഴിഞ്ഞ നഗരവീഥികൾക്ക് മുകളിൽ സൂര്യനുദിച്ചു വരുന്നു. മനോഹരമായ ദൃശ്യം. പല ആംഗിളുകളിൽ നിന്ന് ഫോട്ടോ എടുത്തു. 

എല്ലാവർക്കും night shift ആയത് കൊണ്ട് പകൽ സമയം കൂടുതൽ ഉറക്കമാണ്. പ്രാതലിനും ഉച്ചഭക്ഷണത്തിനും ഉറക്കച്ചടവോടെ എല്ലാവരും വരും. 

ഭക്ഷണം എല്ലാ സമയത്തും വിഭവസമൃദ്ധമാണ്. പ്രാതലാണ് കിടു... മുറിച്ചു വച്ചിരിക്കുന്ന പഴങ്ങൾ, ഇഡ്ഡലി, പറാഠ (നമ്മുടെ പൊറോട്ടയല്ല), ഊത്തപ്പം, വട, കറികൾ, തൈര്, ജ്യൂസ്.

ഉച്ച ഭക്ഷണവും അത്താഴവും ഏകദേശം ഒരുപോലാണ്. പച്ചരി കൊണ്ടുള്ള ചോറ്, പുലാവ്, തന്തൂരി റൊട്ടി, കറികൾ, നമ്മൾ ഉപ്പേരി എന്നോ തോരൻ എന്നോ ഒക്കെ വിളിക്കുന്ന സബ്ജി, തൈര്, പപ്പടം... പിന്നെ ice cream.

Shift-ന് ശേഷം എല്ലാവരും ഏതെങ്കിലും റൂമിൽ ഒരുമിച്ച് കൂടും. കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഉറക്കത്തിലേക്ക്...

രമണ റെഡ്ഢി മറ്റൊരു ഡിപ്പാർട്ട്‌മെന്റിൽ ആയിരുന്നത് കൊണ്ട് അവനെ അധികം പരിചയമില്ല. ശാന്തസ്വഭാവിയാണ്. അധികം സംസാരിക്കില്ല. ഹോട്ടലിന്റെ മറ്റൊരു നിലയിലായത് കാരണം ഭക്ഷണം കഴിക്കാൻ പോവുമ്പോൾ മാത്രമാണ് കാണാറുള്ളത്.

ആ പെൺകുട്ടി മാത്രം തനിച്ചാണ് ഭക്ഷണം കഴിക്കാൻ വരാറുളളത്. അവളിരിക്കുന്ന തീൻമേശയിലേക്ക് ആരെങ്കിലും വന്നാൽ അവൾ എണീറ്റ് പോവും.

Day 2:

ഹരീഷ് കസിന്റെ വീട്ടിലേക്ക് താമസം മാറുകയാണ്.

ആരുടെയോ കണ്ണുകളിൽ ഒരു വിഷാദമുണ്ടായിരുന്നോ എന്നൊരു സംശയം.

'ഈ പെൺകുട്ടികളിൽ ഒരാൾ പോയാൽ മറ്റേ ആളും ഉടൻ സ്ഥലം വിടും' കാംറാന്റെ അഭിപ്രായം... മറുപടി politically incorrect ആയേക്കുമെന്ന് ആശങ്ക... അനുകൂലിച്ചോ പ്രതികൂലിച്ചോ എന്ന് കാംറാന് മനസ്സിലാവാത്ത രീതിയിൽ തലയാട്ടി.

സഹോദരങ്ങളാണെങ്കിലും തീർത്തും വ്യത്യസ്തരാണ് കാംറാനും അദ്നാനും. അദ്നാൻ തികഞ്ഞ വിശ്വാസിയാണ്. അതിരു വിട്ട് സംസാരിക്കില്ല. സിനിമ, സംഗീതം ഇവയൊക്കെ വർജ്ജിച്ചിരിക്കുന്നു. കാംറാൻ സിനിമാപ്രേമിയാണ്, സംഗീതപ്രേമിയാണ്... മാത്രവുമല്ല, ആശാന് ചെറിയ ഉർദ്ദു കവിതയുടെ അസുഖവും ഉണ്ട്. രമണ റെഡ്ഢി അത്ര സംസാരിക്കാത്ത ആളല്ല.

ആ കുട്ടി ഇന്നും തനിച്ചാണ് ഭക്ഷണം കഴിക്കാൻ വന്നത്..

Day 3:

മനോഹരമായി തോന്നിയിരുന്ന ഉദയങ്ങൾ ആവർത്തനവിരസമാവുന്നുണ്ടോ... പുറകിൽ കാംറാൻ അയച്ചു തന്ന ലഹരി പിടിപ്പിക്കുന്ന ഉർദു-പേർഷ്യൻ ഗാനം, "യെ ഹേ മേക്കദാ, യഹ റിന്ദ് ഹേ..."

സൂസന്റേയും സൗന്ദര്യയുടെയും മുഖത്തും സംസാരത്തിലും വീട്ടുകാരെ കാണാൻ കഴിയാത്തതിലുള്ള വേവലാതി. 'നമ്മളൊക്കെ കൊറോണ വന്ന് മരിക്കും', രമണ റെഡ്ഢി പറയുകയാണ്... ങേ...! അതേ, രമണ റെഡ്ഢി തന്നെ.

ആൾക്കൂട്ടത്തിൽ തനിയെ ഭക്ഷണം കഴിക്കുന്ന കുട്ടി അവിടെ തന്നെയുണ്ട്.

Day 4:

പുലർച്ചെ ജോലി കഴിഞ്ഞ് ഞാനും അദ്നാനും ടെറസിലേക്ക് പോയി. അദ്നാന് ടെറസ് ഒരു വീക്നെസ് ആണെന്ന് തോന്നുന്നു. ഉദിച്ചുയരുന്ന സൂര്യനെ കാണാൻ തൊട്ടടുത്തുള്ള കെട്ടിടം സമ്മതിച്ചില്ലെങ്കിലും ആ ഉയരത്തിൽ നിന്നുള്ള പുലർകാല നഗരിക്ക് നല്ല ഭംഗിയുണ്ടായിരുന്നു. ടെറസിൽ സ്വിമ്മിങ് പൂളുണ്ട്, പക്ഷെ അടച്ചിരിക്കുകയാണ്. പിന്നെ, ചൈനീസ് പുല്ല് വിരിച്ച ഓപ്പൺ ഡൈനിങ്ങ് ഏരിയ... അപ്പുറത്ത് gym...

അദ്നാൻ അരസികനൊന്നുമല്ല. ആത്മീയവും ഭൗതികവുമായ കുറെയേറെ കാര്യങ്ങൾ സംസാരിച്ചു.

ഇന്നാ കുട്ടിയെ കണ്ടില്ലല്ലോ... ഇനി പോയിക്കാണുമോ...?

Day 5:

അവധി ദിവസമാണ്. പകൽ കുറെ ഉറങ്ങി. വൈകുന്നേരം എല്ലാവരും കാംറാന്റെ മുറിയിൽ ഒത്തു കൂടി. വീക്കെൻഡായത് കൊണ്ട് സൂസന് pizza വേണം. Zomato-യും Swiggy-യും Domino's-ഉം ഒന്നും ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കുന്നില്ല. സൂസൻ - പത്തനംതിട്ടകാരി അച്ചായത്തി. ഞാനും അരുണും (അരുൺ അഥവാ മിസ്റ്റർ നായർ - പിന്നീട് പരിചയപ്പെടുത്താം) കുഞ്ഞുവാവ എന്ന് വിളിക്കുന്ന കുഞ്ഞുങ്ങളുടെ മുഖമുള്ളവൾ. പാട്ട് തുടങ്ങിയാൽ ഡാൻസ് ചെയ്യണം, ദിവസവും അഞ്ച് പ്രാവശ്യം അമ്മയെ വിളിക്കണം... അങ്ങനെ അങ്ങനെ...

ഭക്ഷണത്തിന് ശേഷം കുറെ നേരം കത്തിയടി... ശേഷം സിനിമ, The Fault in Our Stars-ഉം, Kapoor & Sons-ഉം.

ഉറക്കത്തിലേക്ക് പോവുന്ന നേരം എന്തോ നഷ്ടപ്പെട്ട പോലെ ഒരു തോന്നൽ.

Day 6:

ഉറക്കമെണീറ്റിട്ടും വിഷാദത്തിന് കുറവില്ല. Cousins-ന്റെ ഗ്രൂപ്പിൽ വിഷമം പറഞ്ഞു. എല്ലാവരും കൂടി വൈകുന്നേരം വരെ വീഡിയോ കോളിങ്. ഇപ്പോൾ വിഷാദത്തിന് കുറവുണ്ട്. എന്തായിരുന്നു നഷ്ടപ്പെട്ടിരുന്നത് എന്ന് മനസ്സിലായി.

വൈകുന്നേരം എല്ലാവരും കൂടി ടെറസിലേക്ക്. അവിടവിടെ ചെറിയ ഗ്രൂപ്പുകളിൽ ഹോട്ടലിലെ മറ്റു അന്തേവാസികളുമുണ്ട്. ഇടക്ക് വീണ്ടും കസിൻസ് വന്നു വീഡിയോ കോളിൽ. അത് കഴിഞ്ഞ് നോക്കിയപ്പോൾ അവിടെ പാട്ട് തുടങ്ങിയിരിക്കുന്നു. രമണ റെഡ്ഢിയും വന്നിട്ടുണ്ട്. നമുക്ക് ഡാൻസ് ചെയ്യാം എന്ന് കാംറാനോട് സൂസൻ... എന്നാൽ ഒരു കൈ നോക്കിക്കളയാം എന്ന് കാംറാൻ... പിന്നെ കാംറാന്റെയും സൂസന്റേയും സാഗറിന്റെയും തകർപ്പൻ ഡാൻസ് ആയിരുന്നു... കാംറാൻ തികഞ്ഞ രസികനാണ്.

സാഗർ - നേരെ വാ, നേരെ പോ... അതാണ് ലൈൻ... പുള്ളിയുടേതായ ചിട്ടയിൽ പോവുന്ന ഒരാൾ.

സൗന്ദര്യ അഥവാ സൗന്ദര്യലക്ഷ്മി ജനാദ്രി - ഫ്ലോറിൽ എന്ത് നടന്നാലും പുള്ളിക്കാരി അറിഞ്ഞിരിക്കും. വാർത്തകൾ അറിയാൻ ഒരു പ്രത്യേക കഴിവുണ്ട് പുള്ളിക്കാരിക്ക്. ആവശ്യമുള്ളവരിലേക്ക് എത്തിക്കാനും.

ഡാൻസ് ചെയ്തും കണ്ടും എല്ലാവരും തളർന്നു. വീണ്ടും സിനിമ, 'സിന്ദഗി നാ മിലെഗി ദൊബാരാ'... ശേഷം വീണ്ടും ഉറക്കത്തിലേക്ക്.

ഇന്നാ കുട്ടിയെ കണ്ടില്ലല്ലോ... ഇനി പോയിക്കാണുമോ...?

Day 7:

വീണ്ടുമൊരു തിങ്കളാഴ്ച.

ആർക്കും തിങ്കളാഴ്ചയുടെ ഹാങ്ങോവറില്ല. ഓഫീസ് വല്ലാതെ മിസ് ചെയ്യുന്നു എല്ലാവരും. പുറത്തെ വാർത്തകൾ ശുഭകരമല്ല. എത്ര നാൾ ഇങ്ങനെ എന്ന് എല്ലാവരും ചിന്തിച്ച് നെടുവീർപ്പിടുന്നു. പൊതുവെ വീട്ടിൽ അടങ്ങിയിരിക്കുന്ന എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ.

ഭക്ഷണം കഴിക്കുമ്പോൾ ഏകാകിനി നോക്കിയത് എന്നെയാണോ അതോ കാംറാനെയാണോ...?

Day 8:

വീണ്ടും എന്തൊക്കെയോ ഒരു മിസ്സിങ്. രൈസയെ വിളിച്ച് കുറെ കത്തി വച്ചു. നല്ല ആശ്വാസമുണ്ട്. വൈകുന്നേരം സൂസന്റെ മുട്ടിപ്പായുള്ള പ്രാർത്ഥനയുടെ ഫലമായി pizza ഓർഡർ ചെയ്യാൻ സാധിച്ചു. അവളുടെ കണ്ണുകളിൽ തിളക്കം... lockdown കാലത്ത് ചെറിയ സന്തോഷത്തിനൊക്കെ വലിയ പ്രാധാന്യമുണ്ട് എന്ന് മനസ്സിലായി.

ഒരു കണക്കിന് ഞങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. വീട്ടിലും അപാർട്മെന്റുകളിലും തനിച്ച് കഴിയുന്ന സഹജോലിക്കാരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു.

ഏകാകിനിക്ക് മാറ്റമൊന്നുമില്ല. സ്ഥായീഭാവം. ഈ നടക്കുന്നതൊന്നും നമ്മളെ ബാധിക്കുന്നേയില്ല എന്നതാണത്.

നട്ടപ്പാതിര ആയപ്പോൾ സൂസന്റെ മെസേജ്... ചോക്കോ ലാവ കേക്ക് കഴിക്കാൻ ചെല്ലാൻ. സാഗറിനും അദ്നാനും വേണ്ട. ഡെലിവറി ബോയ് എത്താറായപ്പോൾ ഞാനും കാംറാനും താഴെ പോയി, വാങ്ങിക്കാൻ. അയാളെ കാണാനില്ല. സൂസനെ വിളിച്ചു... 'ഏപ്രിൽ ഫൂൾ' എന്ന് സൂസൻ...! അതിബുദ്ധിമാന്മാരായ ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. പറ്റിക്കപ്പെട്ടതാണോ ഒരു പെണ്ണ് പറ്റിച്ചത്കൊണ്ടാണോ, ഏതിനാണ് നാണക്കേട് കൂടുതൽ... ചിന്തകൾക്ക് പൊളിറ്റിക്സ് ഇല്ലല്ലോ. ഷെർലക് ഹോംസിനെ വരെ പെണ്ണ് പറ്റിച്ചിട്ടുണ്ട്, പിന്നെയാണോ എന്നെ... സമാധാനം...

'സൂസന് എന്ത് പണി കൊടുക്കും...?'

ഏകാകിനി നിന്നെയാണ് നോക്കുന്നതെന്ന് കാംറാൻ... അതിൽ എന്താ സംശയമെന്ന് ഞാൻ.

Day 9:

Lockdown കാലത്തെ സ്ത്രീവിരുദ്ധ തമാശകൾക്കെതിരെ എന്റെ ഫേസ്ബുക്ക് തൂലിക ചലിച്ചു. കസിൻസ് ഗ്രൂപ്പിൽ തുടർചർച്ച, അടിപിടി, കൊട്ടിക്കലാശം.

"ഇത്ര കാലത്തെ ജീവിതത്തിനിടക്ക് ഇത്രയും ദിവസം പുറത്തിറങ്ങാതിരുന്നിട്ടില്ല", ടീം ലീഡ് പ്രദീപാണ് പറയുന്നത്... "പക്ഷെ, ഇനിയും പുറത്തിറങ്ങണം എന്നുള്ളത് കൊണ്ട് ഇപ്പോൾ അകത്തിരിക്കുന്നതാണ് ബുദ്ധി."

പ്രദീപ് റൈഡറാണ്. എല്ലാ വാരാന്ത്യങ്ങളിലും ബൈക്ക് റൈഡിങ്ങിന് പോവുക എന്നതാണ് പുള്ളിയുടെ ശീലം. ജോലി കഴിഞ്ഞ് കുറച്ചു നേരം മിസ്റ്റർ നായരുമായി (കോഴിക്കോട്ടുകാരൻ അരുൺ നായർ) കത്തി വച്ചു... പുള്ളി ഇടക്ക് മിസ്സിസ് നായരുമായി എന്തോ അടിയൊക്കെ ഉണ്ടാക്കുന്നുണ്ട്.

മിസ്റ്റർ ആൻഡ് മിസ്സിസ് നായർ (ലക്ഷ്മി രാജ്) ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാരാണ്. നായർ ഇല്ലായിരുന്നുവെങ്കിൽ എന്റെ ഓഫീസ് ജീവിതം വെറും യാന്ത്രികമായി പോവുമായിരുന്നു എന്ന് എപ്പോഴും ഓർക്കും.

Day 10:

ഈ lockdown-ന് ഒരന്ത്യമില്ലേ.

സകലസൗകര്യങ്ങളും ഉണ്ടായിട്ടും പൂർണസന്തോഷമില്ല. ഞാൻ തത്ത്വചിന്തകൻ അല്ലാഞ്ഞത് ഭാഗ്യം... അല്ലെങ്കിൽ ഇതിൽ നിന്നൊക്കെ എന്തെങ്കിലും തത്വം കണ്ടുപിടിക്കേണ്ടി വന്നേനെ.

വാർത്ത: ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കണമെന്ന്.

'ഇയാൾ ആത്മാർത്ഥമായിട്ട് മണ്ടനാണോ...?'

ഏകാകിനി നിന്നെയാണ് നോക്കുന്നതെന്ന് കാംറാൻ... അതിൽ എന്താ സംശയമെന്ന് ഞാൻ.

അത്താഴത്തിന് ശേഷം strawberry ice cream ആയിരുന്നു. അനിയത്തിയെ ഓർത്തു... കുഞ്ഞായിരുന്നപ്പോൾ അവൾ എന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങിയ വാനില ice cream-ന്റെ കാര്യം പറഞ്ഞ് ഇപ്പോഴും അവളെ ശുണ്ഠി പിടിപ്പിക്കാറുണ്ട്.

ചെറുതായി മടുത്ത് തുടങ്ങിയിരിക്കുന്നു. നാട്ടിലേക്ക് എന്ന് പോവാൻ കഴിയുമെന്ന് ഇനിയും കണക്കുകൂട്ടാൻ കഴിയുന്നില്ല. വായന തുടങ്ങണം. ശനിയും ഞായറും എന്ത് ചെയ്യുമെന്ന് പിടിയില്ല. വരട്ടെ നോക്കാം...

Day 11:

ശനിയാഴ്ചയാണ്... 9 മണിക്ക് സൂസൻ പ്രാതൽ കഴിക്കാൻ വിളിച്ചു. കാംറാനും അദ്നാനും എണീറ്റിട്ടില്ല. എന്നത്തേയും പോലെ പ്രാതൽ വിഭവ സമൃദ്ധം. വയറ് നിറഞ്ഞു... ഏകാകിനിയെ കാണുന്നില്ല...

പ്രാതലിന് ശേഷം കുറച്ച് നേരം സാഗറിന്റെ റൂമിൽ ലാത്തിയടി. കുറച്ച് കഴിഞ്ഞ് എല്ലാവരും അവനവന്റെ റൂമിലേക്ക് പോയി. കുളിച്ച് കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോൾ 'ആഹാ, ഞാൻ കൊള്ളാല്ലോ' എന്ന് തോന്നി... ഉടനെ തന്നെ ഫോട്ടോ എടുത്ത് കസിൻസിന് അയച്ചു കൊടുത്തു... മിനുക്കു പണികൾക്ക് ശേഷം ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്‌സാപ്പിലും ചറപറാ പോസ്റ്റി...

3 മണിയോടെയാണ് ഉച്ച(?)ഭക്ഷണത്തിന് പോയത്. കാംറാൻ എണീറ്റിട്ടുണ്ട്. അദ്നാൻ ഇപ്പഴും ഉറക്കത്തിലാണ്. ഭക്ഷണശേഷം വീണ്ടും സാഗറിന്റെ റൂമിൽ ഒത്തുകൂടി. ഒന്ന് ഉറങ്ങണം എന്ന വിചാരത്തോടെ കുറച്ച് കഴിഞ്ഞ് അവിടെ നിന്ന് സ്‌കൂട്ടായി. വാട്‌സാപ്പും ഫേസ്ബുക്കും ഒക്കെ നോക്കി കഴിഞ്ഞപ്പഴേക്ക് നേരം കുറെ ആയി.

നാളെ ഏകാകിനിയോട് ചോദിക്കണം... ശരിക്കും ഏകാകിനിയാണോ എന്ന്...

സൗന്ദര്യയുടെ റൂമിൽ പോയി. മുടി കൊഴിയുന്നതിനെ കുറിച്ചുള്ള അവളുടെ വേവലാതികൾ കേട്ടു. കഷണ്ടിക്കാരുടെ തറവാട്ടിൽ നിന്ന് വരുന്ന ഞാനും അധികം വൈകാതെ കഷണ്ടിയാവും എന്ന് പറഞ്ഞ് അവളുടെ വിഷമത്തോട് താദാത്മ്യം പ്രാപിച്ചു.

കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലേക്ക് ഊളിയിടുന്ന സൂര്യന് ഇന്ന് ഭംഗിയുണ്ട്. സൗന്ദര്യക്ക് ഫോട്ടോ എടുത്തു കൊടുക്കണം. ഇരിക്കുന്നതും നിൽക്കുന്നതും പുറം തിരിഞ്ഞതും. അങ്ങനെ അങ്ങനെ... ഇതിനിടെ സൂസൻ കേറി വന്നു... അവൾക്കും വേണം ഫോട്ടോ... സൂര്യൻ ഒരു ചുവപ്പ് മാത്രം അവശേഷിപ്പിച്ച് മായും വരെ ക്യാമറ കൊണ്ടുള്ള കൈയാങ്കളി.

ഇമ്മച്ചി(ഉമ്മ)യെ വിളിച്ചു. നാട്ടിൽ സ്ഥിരം സംഭവങ്ങൾ തന്നെ. അബ്ബ (ഉപ്പ) അപ്പുറത്തുണ്ട്... മോളുവും നൂനുവും (അനിയത്തിമാർ) രാവിലെ മുതൽ കളി മാത്രമാണെന്ന് ഇമ്മച്ചി... നൂനുവിന് online ക്ലാസുകൾ ഒക്കെ ഉണ്ടത്രേ... അസൈന്മെന്റുകൾ വാട്‌സാപ്പ് വഴി കൈമാറിക്കൊണ്ടുള്ള എന്തൊക്കെയോ രീതികൾ.

അയൽനാട്ടിൽ ക്വാറന്റൈനിൽ ഉള്ള ഒരാൾ അത് ലംഘിച്ച് കുറെ സ്ഥലത്ത് പോയത് കേട്ടിരുന്നു. ആളുകൾ എത്രമാത്രം ലാഘവത്തോടെയാണ് ഇപ്പോഴും കാര്യങ്ങൾ കാണുന്നത്...?

ശേഷം വീണ്ടും സാഗറിന്റെ റൂമിൽ ഒത്തുകൂടി. പിസ്സ ഓർഡർ ചെയ്തു. രുചികരം... പിന്നെ ice cream കഴിക്കാൻ താഴോട്ട്. ങേ...! മഹാത്ഭുതം... ഏകാകിനിയുടെ തീൻമേശയിൽ വേറെയും നാലഞ്ച് പേർ. അവർ ഏകാകിനിയോടൊ ഏകാകിനി അവരോടോ സംസാരിച്ചു കണ്ടില്ല. എന്നാലും അവർ ഒരുമിച്ചായിരിക്കുമോ? ആണെങ്കിൽ എന്ത് കൊണ്ട് ഏകാകിനി ഇത്രയും ദിവസം തനിച്ചു വന്നു? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ.

ചെറുതായി ഉറക്കം വരുന്നുണ്ട്. ഇന്ന് ആകെ 3 മണിക്കൂറെ ഉറങ്ങിയുള്ളൂ. സാഗറിന്റെ റൂമിൽ കിടന്ന് രണ്ടു മൂന്ന് മിനിറ്റ് ഉറങ്ങിക്കാണും. വീണ്ടും എണീറ്റിരുന്നു. സൗന്ദര്യയെ വിളിച്ചു വരുത്തി.

ചിത്രയുടെ കാൾ. ചിത്ര അമേരിക്കയിലാണ്... ഭർത്താവ് സജുവിന് അവിടെയാണ് ജോലി... എന്റെ അമേരിക്കൻ ഷിഫ്റ്റിലെ ജോലി സമയത്ത് ഉണർന്നിരിക്കുന്ന ഏക സുഹൃത്ത്. അവള്‍ കുക്കിങ്ങിലാണ്. കോളിലേക്ക് നിധിനെയും ജൗഹറിനെയും ചേർത്തു. പിന്നെ കുറെ നേരം പഴയ പോലെ ചിരിയും തമാശകളും... ഇടക്ക് ചിത്ര എങ്ങോട്ടോ പോയി... ഷലീലും ഉണ്ട് ജൗഹറിന്റെ കൂടെ... ലോക്ക്ഡൗണിന്റെ തലേദിവസം ചെന്നതാണ് അവൻ അവിടെ. രൈസയെ വിളിച്ചിട്ട് കിട്ടിയില്ല... ലൈജുക്ക ബൈക്കിൽ നിന്ന് വീണ് റെസ്റ്റിലാണ്.

ജൗഹർ ഡൽഹിയിൽ എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നു. Big Bang Theory-യിലെ ഷെൽഡൻ കൂപ്പറെ ഓർമ്മിപ്പിക്കുന്ന സ്വഭാവം... കുറെ വായിക്കും. ഇപ്പോൾ ഗിറ്റാർ പഠനത്തിലാണ്. നിധിൻ... ആൾ റൗണ്ടർ. മാത്‌സ് ഡിഗ്രി കഴിഞ്ഞ് സിവിൽ സർവ്വീസ് കോച്ചിങ്. കുറച്ച് കഴിഞ്ഞ് നിയമ ബിരുദം. ഇതിനൊക്കെ ഇടയിൽ ഹോൾസെയിൽ മരുന്ന് കച്ചവടം... ഇപ്പോൾ വീണ്ടും തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് കോച്ചിങ്... സഹനശക്തി നിധിനെ കണ്ട് പഠിക്കണം.

ഷലീൽ... ഇനിയും കുറെ മനസ്സിലാക്കാനുണ്ട് കക്ഷിയെ... പക്ഷെ, ഒന്നറിയാം... പരോപകാരിയാണ്... നിഷ്കളങ്കനാണ്...

കുറെ നേരം വിശേഷങ്ങൾ പങ്കുവെച്ചു... സന്തോഷമുണ്ട്. അതിനിടെ ഇവിടെ ഉള്ളവർ ടെറസിലേക്ക് പോയി. വീഡിയോ കോൾ കഴിഞ്ഞ് ഞാനും പോവുകയാണ്.

'ഇവിടിരുന്നോട്ടെ...' ഞാന്‍ ചോദിച്ചു.
'അതിനെന്താ...' അവള്‍!

ടെറസിൽ പാട്ട് തുടങ്ങിയിരിക്കുന്നു. അദ്നാനില്ല... കുറച്ച് കഴിഞ്ഞ് സൂസൻ കാംറാനെ ഡാൻസ് ചെയ്യാൻ വിളിച്ചു. കാംറാൻ എന്തോ, താൽപ്പര്യം കാണിച്ചില്ല. സൗന്ദര്യയും സൂസനും ഡാൻസ് ചെയ്യുന്നു... സാഗറിനെയും രമണ റെഡ്ഢിയേയും വിളിച്ചു... അവർക്കും താൽപ്പര്യമില്ല. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ സെക്യൂരിറ്റി വന്ന് 11 മണി കഴിഞ്ഞത് കൊണ്ട് ഇനി ടെറസിൽ ഇരിക്കാൻ പാടില്ല എന്ന് പറഞ്ഞു. അതെവിടെയാണ് എഴുതി വച്ചിരിക്കുന്നത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു... പക്ഷെ, കേരളമല്ല കർണ്ണാടക...

തിരികെ എല്ലാവരും സാഗറിന്റെ റൂമിലേക്ക്. സൂസനും സൗന്ദര്യക്കും എനിക്കും ഉറക്കം വരുന്നുണ്ട്. തിരികെ അവനവന്റെ റൂമുകളിലേക്ക്. റൂമിലെത്തിയപ്പോഴാണ് നേരത്തെ മിസ്റ്റർ നായർ വിളിച്ച ഓർമ്മ. വിളിച്ചപ്പോൾ ആള് ഓംലെറ്റ് ഉണ്ടാക്കുകയാണ്... ഉറക്കം വരുന്നത് കൊണ്ടും മിസ്റ്റർ നായർ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായത് കൊണ്ടും നാളെ വിളിക്കാമെന്ന് പറഞ്ഞു.

നാളെ ഏകാകിനിയോട് ചോദിക്കണം... ശരിക്കും ഏകാകിനിയാണോ എന്ന്...

Day 12: 

വീണ്ടും സൂസന്റെ കോൾ കേട്ട് ഉറക്കമുണർന്നു. കൺപോളകൾക്ക് വല്ലാത്ത ഭാരം. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഡൈനിങ്ങ് ഹാളിലേക്ക്. സാഗറും, കാംറാനും, അദ്നാനും എണീറ്റിട്ടില്ല... രമണ റെഡ്ഢിയേയും കാണാനില്ല. 

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏകാകിനി വന്നത്... എന്റെയുള്ളിലെ ജിജ്ഞാസ ചാടിയെണീറ്റു.

'ഇവിടിരുന്നോട്ടെ...' ഞാന്‍ ചോദിച്ചു.

'അതിനെന്താ...' അവള്‍!

സാധാരണ ഏകാകിനിയായിട്ട് കാണാറുള്ളതും ഇന്നലെ മാത്രം ഒരു കൂട്ടത്തിൽ കണ്ടതിന്റെയും പിന്നിലെ രഹസ്യം അറിയാനുള്ള എന്റെ ത്വര അവതരിപ്പിച്ചു.

താൻ ഏകാകിനി തന്നെയാണെന്ന് അടിവരയിട്ട് ഏകാകിനി. ഇന്നലെ അവർ തന്റെ കൂടെ ഇരുന്നു എന്നെ ഉള്ളൂ എന്നും... താൻ ഏകാന്തതയുടെ ഉപാസക ആണെന്ന് പറയാതെ പറഞ്ഞു. ഓഹ്, കാര്യം അറിഞ്ഞല്ലോ, ഇനി പൊയ്‌കൊള്ളൂ എന്ന്... 'തൽപ്പരകക്ഷിയല്ലാ' എന്ന് സലീം കുമാറിന്റെ ശബ്ദത്തിൽ ആലോചിച്ച് ഏകാകിനിക്ക് നന്ദി പറഞ്ഞ് പ്രാതൽ തുടരാനായി എന്റെ മേശയിലേക്ക്.

3 മണി ആവാൻ നേരം ഉച്ചഭക്ഷണത്തിന് പോയി. കാംറാനും അദ്നാനും ഇനിയും എണീറ്റിട്ടില്ല. 

ഏകാകിനി നിന്നെ ഇടിച്ചോയെന്ന് സൗന്ദര്യ. ഇല്ലായെന്ന് ഞാൻ... പെൺകുട്ടികൾക്ക് അങ്ങനെ ഒരു അപരിചിതനോട് സംസാരിക്കുന്നതിൽ താൽപ്പര്യം കാണില്ല എന്നും അത് അവർ വേറെ രീതിയിൽ എടുത്തേക്കാമെന്നും സൂസനും സൗന്ദര്യയും... അനുവാദം കിട്ടിയിട്ടാണ് ചോദിച്ചതെന്നും, ഏകാകിനി ഉപാസിക്കുന്ന ഏകാന്തതയ്ക്ക് പോറൽ എൽപ്പിക്കാതെ നോക്കിയെന്നും ഞാൻ. എന്നാലും അത് ശരിയായില്ല എന്നവർ... കൂടുതൽ തർക്കിക്കാൻ നിന്നില്ല.

രമണ റെഡ്ഢിയുടെ മുഖത്ത് ഷേവ് ചെയ്തപ്പോൾ ബ്ലേഡ് കൊണ്ട പാട്. ഇതിനി എന്ന് പോവാനാണ് എന്ന് പുള്ളി ഉൽക്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. അത് പെട്ടെന്ന് പൊയ്ക്കൊള്ളും എന്ന് സൂസൻ ആശ്വസിപ്പിച്ചു. സ്ത്രീവിരുദ്ധ തമാശകൾക്കെതിരായി നടന്ന ചർച്ചയുടെ ബാക്കി കസിൻസ് ഗ്രൂപ്പിൽ വീണ്ടും നടക്കുന്നു... ചർച്ച വല്ലാതെ നീണ്ടു, കൊഴുത്തു, കൈവിട്ടു പോയി...

വൈകുന്നേരമായപ്പോൾ സൂസന്റെ റൂമിൽ പോയി... അവിടെ എല്ലാവരും ഉണ്ട്... സൂസനും സൗന്ദര്യക്കും എന്റെ പെരുമാറ്റത്തിലെ മാറ്റത്തെ കുറിച്ചാണ് പറയുന്നത്. ഓഫീസിൽ ഞാൻ ഇങ്ങനെയല്ലായിരുന്നു എന്ന്... ആളുകളെ പൂർണമായും മനസ്സിലാക്കാൻ കുറെ സമയമെടുക്കുമെന്ന് മനസ്സിൽ പറഞ്ഞു.

സൗന്ദര്യ ഇപ്പോൾ ആനന്ദം കണ്ടെത്തുന്നത് ഓൺലൈൻ ലുഡോയിലാണ്.

lockdown നീട്ടുമോ? Work from home situation എന്ന് തീരും? എനിക്ക് എന്ന് വീട്ടിൽ പോവാൻ കഴിയും?

ഏകാകിനി ഇപ്പോൾ ഇവിടെ വന്നിരുന്ന് നിന്നോട് സംസാരിക്കുമെന്ന് കാംറാൻ. അതിനുള്ള വിദൂരസാധ്യത പോലുമില്ലായെന്ന് ഞാൻ. ഏകാകിനിയോട് പോയി സംസാരിച്ചത് തെറ്റായി എന്ന് വീണ്ടും സൗന്ദര്യ. നമുക്ക് മറ്റൊരാളെ കണ്ടുപിടിക്കാം എന്ന് കാംറാൻ ആശ്വസിപ്പിക്കുന്നു. ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്ന ആളുകളെ ശ്രദ്ധിക്കുന്ന ഒരു സ്വഭാവം പണ്ടേ ഉണ്ടെന്നും, അത് ഒരുപക്ഷേ ഞാൻ മുൻപ് അങ്ങനെയായിരുന്നത് കൊണ്ടാവാം എന്നും പറഞ്ഞു.

രമണ റെഡ്ഢി 9 മണി ആയപ്പോൾ ക്യാമറ ഫ്ലാഷ് ഓൺ ചെയ്ത് വച്ചു. മോദിജിയുടെ പ്രഖ്യാപനത്തോടുള്ള ഐക്യദാർഢ്യം. പുറത്ത് 'ഗോ കറോണാ ഗോ' വിഭാഗക്കാരുടെ ശബ്ദങ്ങൾ കേൾക്കാം. ഡൈനിങ്ങ് ഹാളിലെ സ്റ്റാഫ് വരാന്തയിലേക്ക് ഓടുന്നു, കാണാൻ... ഇനി ഈ വിളക്ക് തെളിയിക്കൽ സ്റ്റാറ്റസിന്റെ പൂരം ആയിരിക്കുമെന്ന് സൂസൻ. എല്ലാവരും തലയാട്ടി.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും നേരെ ടെറസിലേക്ക്. സൂസൻ വീഡിയോ കോളിലാണ്. സാഗറും രമണ റെഡ്ഢിയും ആരോടോ ഫോണിൽ സംസാരിക്കുന്നു. സൗന്ദര്യ ലുഡോയിൽ മുഴുകിയിരിക്കുന്നു. തെലുങ്കിൽ എന്തൊക്കെയോ പറയുന്നുണ്ട്. കാംറാനും ഞാനും കുറച്ച് നേരം സംസാരിച്ചു... ഇടക്ക് സാഗറും സൂസനും സൗന്ദര്യയും ഓട്ടമത്സരമൊക്കെ നടത്തുന്നുണ്ട്.

11 മണിയാവാൻ നേരത്ത് ടെറസിൽ നിന്ന് സ്വന്തം റൂമുകളിലേക്ക്... 10 മിനിറ്റ് കഴിഞ്ഞ് സാഗറിന്റെ റൂമിൽ കാണാം എന്ന് എല്ലാവരും... ഒന്ന് ഫ്രഷ് ആയി... സാഗറിന്റെ റൂം അടഞ്ഞു കിടക്കുവാണ്... കാംറാൻ എന്ത് ചെയ്യുകയാണെന്ന് നോക്കാം... വെറുതെ ഇരിക്കുകയാണ്... രണ്ടു പേരും കുറച്ച് നേരം സ്വന്തം മൊബൈലുകളിൽ സ്വന്തം ലോകത്ത്... മറ്റുള്ളവരെ കാണുന്നില്ല... സൗന്ദര്യയുടെ റൂമിൽ നിന്ന് ഉച്ചത്തിലുള്ള ചിരിയും സംസാരവും കേൾക്കാം... പോയി സൗന്ദര്യയേയും സൂസനെയും വിളിച്ചു കൊണ്ടു വന്നു...

സാഗറിന്റെ ഗേൾഫ്രണ്ടിന്റെ ബർത്ത്ഡേ ആണ് പിറ്റേന്ന്... 12 മണിയാവാൻ അക്ഷമനായി കാത്തിരിക്കുന്ന സാഗർ... ഏകദേശം ആവാറായി... സാഗർ വിളിക്കുന്നു... ആളുടെ മുഖത്ത് സന്തോഷമില്ല... റൂമിൽ നിന്ന് ഇറങ്ങിപ്പോയി...

സൂസന് ചോക്കോ ലാവ കേക്ക് വേണം... ഓർഡർ ചെയ്തു...

കുറച്ച്‌ കഴിഞ്ഞ് സൗന്ദര്യയും സൂസനും സാഗർ എന്ത് ചെയ്യുന്നു എന്ന് നോക്കാൻ പോയി... ചാർജർ എടുക്കാൻ റൂമിലേക്ക് പോയപ്പോൾ സാഗർ കോറിഡോറിന്റെ മൂലയിൽ ഇരിക്കുന്നു... സൗന്ദര്യയും സൂസനും കൂടെയുണ്ട്... സാഗറിന്റെ മുഖത്ത് ദേഷ്യവും സങ്കടവും ഉണ്ട്... മറ്റ്‌ രണ്ട് പേർക്കും എന്തോ ആശയക്കുഴപ്പം...

സാഗറും ഗേൾഫ്രണ്ടും തമ്മിൽ സൗന്ദര്യപ്പിണക്കം ആവാനാണ് സാധ്യത... കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വന്ന സൗന്ദര്യയും സൂസനും അത് സ്ഥിരീകരിച്ചു.

കേക്ക് വന്നു. സാഗറും തിരിച്ച് റൂമിലേക്ക്. സാഗറിന് കുറച്ച് സ്വകാര്യത ആവശ്യമാണെന്ന് തോന്നി. ഞങ്ങൾ കാംറാന്റെ മുറിയിലേക്ക് മാറി. സൗന്ദര്യയും സൂസനും ഞാനും കേക്ക് കഴിച്ചു, കാംറാന് വേണ്ട.

കാംറാൻ Contagion സിനിമ കാണാം എന്ന് പറഞ്ഞു. ചൈനയിൽ നിന്ന് ഒരു വൈറസ് ലോകം മുഴുവൻ പടരുന്ന കഥ. കൊറോണ സംഭവത്തോട് വളരെയധികം സാദൃശ്യങ്ങളുള്ള സിനിമ... ഓരോ ഘട്ടത്തിലും ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി ഞങ്ങൾ താരതമ്യം ചെയ്‌തു. ഹോളിവുഡ് സിനിമകളിലൊക്കെ അമേരിക്ക ലോകത്തിന്റെ രക്ഷകനാവുന്നതും ഇപ്പോൾ യഥാർത്ഥത്തിൽ കൊറോണയ്ക്ക് മുൻപിൽ അവർ പകച്ചു നിൽക്കുന്നതും തമ്മിലുള്ള വിരോധാഭാസത്തെ കുറിച്ചും ചർച്ച നടന്നു.

ഇടക്ക് സൗന്ദര്യക്ക് ഉറക്കം വന്ന് അവൾ പോയി.

സിനിമ കഴിഞ്ഞു. കഴിഞ്ഞോ എന്ന് സൂസൻ... ഇതിലേറെ എന്ത് പറയാനാണ് എന്ന് കാംറാൻ... ഒരുപക്ഷേ, കൊറോണയ്ക്ക് ശേഷമുള്ള ലോകം എങ്ങനെയായിരിക്കുമെന്ന്, അത് വഴി ഞങ്ങൾക്ക് ഇനിയെന്ത് സംഭവിക്കുമെന്ന്, സിനിമയിലൂടെ അറിയാൻ സൂസൻ ആഗ്രഹിച്ചിരുന്നിരിക്കാം... കാംറാനോട് good night പറഞ്ഞ് ഞാനും സൂസനും റൂമുകളിലേക്ക്.

Lockdown കഴിഞ്ഞാൽ ഇനിയെന്ത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഇന്ന് ഇമ്മച്ചി വിളിച്ചപ്പോഴും ചോദിച്ചത് lockdown കഴിഞ്ഞാലും നാട്ടിൽ എന്ന് വരാൻ കഴിയും എന്നതിനെ കുറിച്ചാണ്... നാട്ടിൽ പോയിട്ട് ഒന്നര മാസത്തോളമായി... 2013-ന് ശേഷം ഇത്രയും കാലം ഒരുമിച്ച് വീട്ടിൽ പോവാതെ ഇരുന്നിട്ടില്ല... എങ്കിലും സുരക്ഷിതമാവുന്നത് വരെ യാത്ര ഒഴിവാക്കുകയാണ് മെച്ചമെന്ന് ഇമ്മച്ചി.

15-ആം തീയതി വരെയാണ് ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളത്... അത് കഴിഞ്ഞാൽ പിന്നെയെന്ത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല... lockdown നീട്ടുമോ? Work from home situation എന്ന് തീരും? എനിക്ക് എന്ന് വീട്ടിൽ പോവാൻ കഴിയും?

ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ...

ഉറക്കം വരുന്നുണ്ട്... ഉറങ്ങിയേക്കാം...

ലോക്ക് ഡൗൺ ഡയറീസിലേക്ക് നിങ്ങള്‍ക്കും എഴുത്തുകളോ സെല്‍ഫീ വീഡിയോകളോ  അയക്കാം.

E-mail: muzirizpost@gmail.com

Whats App: +91 86062 26334


Contact the author

Recent Posts

News Desk 3 years ago
Lockdown Diaries

നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നത്; കൊവിഡ് കാല ബ്ലോഗുമായി മോഹന്‍ലാല്‍

More
More
Sooraj Roshan 3 years ago
Lockdown Diaries

നന്ദിവാക്കുകള്‍ക്ക് കാതോര്‍ക്കാത്ത ആ കരുതലാണ് സ്നേഹം - സൂരജ് റോഷന്‍

More
More
Akhila Pappan 4 years ago
Lockdown Diaries

ഒബ്സസ്സിവ് കംപല്‍സിവ് ന്യുറോസിസ് അഥവാ കൊറോണ വരുമോ വരുമോയെന്ന പേടി!

More
More
Lockdown Diaries

നിരീക്ഷണ കാലത്തെ പെൺജീവിതങ്ങൾ

More
More
Web Desk 4 years ago
Lockdown Diaries

പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

More
More
Jalisha Usman 4 years ago
Lockdown Diaries

ഇവിടെ സ്വീഡനില്‍ ഞങ്ങള്‍ അന്യരാണ്; കേരളത്തിലെ ബംഗാളികള്‍ - ജലിഷാ ഉസ്മാന്‍

More
More