ഹൈദരാബാദ്: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ പിന്തുണക്കുമെന്ന് തെലുങ്കാന രാഷ്ട്രീയ സമിതി. ടി ആര് എസ് നേതാവും മന്ത്രിയുമായ കെ ടി രാമറാവുവാണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് യശ്വന്ത് സിന്‍ഹയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിലും ടി ആര് എസ് നേതാക്കള്‍ പങ്കെടുത്തു. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും ആദ്യം ടി ആര് എസ് വിട്ടു നിന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ടി ആര് എസ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് ടി ആര് എസ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം,രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എന്‍ സി പി നേതാവ് ശരത് പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ആര് എല്‍ ഡി നേതാവ് ജയന്ത് സിൻഹ, സിപിഎം നേതാവ് സീതാറാം യച്ചൂരി, തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ.ടി.രാമറാവു എന്നിവര്‍ക്കൊപ്പമാണ് യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.