കൊവിഡ്-19 ബാധിച്ച് തമിഴ്നാട്ടിൽ ഒരാൾ കൂടി മരിച്ചു. 45 വയസ്സുകാരനാണ് മരിച്ചത്. വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം എവിടെ നിന്ന് ബാധിച്ചതെന്നും കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് വിദേശയാത്ര പശ്ചാത്തലമോ വിദേശത്ത് നിന്ന് എത്തിയവരുമായി ബന്ധമോ ഇല്ല. ഇതോടെ തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ തമിഴ്നാട്ടിൽ 69 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 690 ആയി ഉയർന്നു.
മുംബൈയിൽ സമൂഹ വ്യാപനം സംശയിക്കുന്നതായി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. 55 കഴിഞ്ഞവർ ഓഫീസിൽ വരേണ്ടെന്ന് കോർപ്പറേഷൻ നിർദ്ദേശം നൽകി. ധാരാവി ചേരിയിൽ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1000 കടന്നു. കഴിഞ്ഞ നാല് ദിവസവും തുടർച്ചയായി നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 12 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ മരണ സംഖ്യ 64 ആയി.