നിരീക്ഷണ കാലത്തെ പെൺജീവിതങ്ങൾ

ലക്ഷ്യങ്ങളില്ലാതെ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കുതിരയെ പെട്ടെന്ന് തളച്ചിട്ടത് പോലെയാണ് മനുഷ്യ ജീവിതത്തെ കൊറോണ എന്ന വൈറസ് പിടിച്ചടക്കിയത്. ആകസ്മികമായി വന്ന് ചേർന്ന ഒരു ദുരന്തത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഇന്ന് മനുഷ്യ സമൂഹം. ലോകരാഷ്ട്രങ്ങളിലടക്കം ഇതിനോടകം ആയിരകണക്കിന് ജീവനുകളാണ് കൊറോണ വൈറസ് കാർന്ന് തിന്നത്. ലോകത്തിന്റെ  സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിച്ചുകൊണ്ട് ഇന്നോളം വരേയുള്ള മനുഷ്യരാശിയുടെ ജീവ ചരിത്രത്തിന്റെ കറുത്ത അധ്യായമായി അടയാളപെടുത്തികഴിഞ്ഞു കൊറോണ കാലം. ഇനി മുതൽ മനുഷ്യ ജീവിതം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷം എന്ന രീതിയിൽ ആയിരിക്കും ചരിത്രത്തിൽ അതിന്റെ സ്ഥാനം നിർണ്ണയിക്കുന്നത്.

എന്തായിരുന്നു ഇക്കാലമത്രയും ജീവിച്ചു തീർത്ത ജീവിതമെന്ന് ആഴത്തിൽ ചിന്തിക്കാൻ കൂടിയുള്ള സമയംകൂടിയായിരുന്നു അത്. സ്വന്തം ജീവിതത്തെ ഇത്ര മേൽ ഇഴ പിരിച്ചു പരിശോധിക്കാനുള്ള ഒരു അവസരമായിരുന്നു എനിക്ക് ലോക്ക് ഡൗൺ കാലഘട്ടം. വെട്ടാനും തിരുത്താനുമുള്ള സമയം.

സമ്പർക്ക ജീവിതത്തിൽ ഇഴ ചേർക്കപ്പെട്ട ഒരു ജീവിതത്തെ സമ്പർക്കരഹിത ജീവിതത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഞാൻ എന്റെ ജീവിതത്തെയും ചുറ്റുപാടുകളെയും ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. തിരക്ക് പിടിച്ച ജീവിതത്തിൽ സ്വയം ഒഴുകികൊണ്ടിരിക്കുമ്പോൾ തലച്ചോറിനുള്ളിൽ ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് യഥാക്രമം വന്ന്കൊണ്ടേയിരുന്നു. അതിനനുസരിച്ചു ഒരു മെഷീൻ പ്രവർത്തിക്കുന്ന പോലെ സമയവും ജീവിതവും തമ്മിലുള്ള കെമിസ്ട്രി കൃത്യമായി പാലിക്കപെട്ടു. ഒരു ദിവസമെങ്കിലും മറ്റൊന്നും ആലോചിക്കാതെ വീട്ടിൽ ഇരിക്കണം എന്നത് മാത്രമായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം.

പക്ഷെ, നിങ്ങൾക്ക് മാത്രം അതിന്റെ സുഗന്ധം അനുഭവപെട്ടിരുന്നില്ല എന്ന്  പറഞ്ഞു എന്നെ കുറ്റപെടുത്തികൊണ്ട് അത് ഇലഞ്ഞി പൂവുകൾ പൊഴിച്ചുകൊണ്ടിരുന്നു.

കൊവിഡ്-19 തീർത്ത പ്രതിസന്ധിയിൽ അവിചാരിതമായി കടന്ന് വന്ന ക്വാറന്റൈൻ ജീവിതത്തിലായിരുന്നപ്പോഴാണ് കുറെ കാലങ്ങൾക്ക് ശേഷം വീടിനെയും അതിനു ചുറ്റുമുള്ളതിനെയും ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതും. രാവിലെ ഉണർന്നെനിക്കുമ്പോഴുള്ള കിളികളുടെ കലപില ശബ്ദം എഴുതപെട്ട വാക്കുകളിൽ മാത്രമുള്ള ശബ്ദമല്ലെന്നും കാലങ്ങളായി ആ ശബ്ദങ്ങൾ ഉത്തേജിപ്പിക്കുന്ന ചെറുതും വലുതും നിസ്സാരവുമായ ജീവനുകളുടെ നിരന്തര സാന്നിധ്യം അതിന് ചുറ്റുമുണ്ടായിരുന്നുവന്നത് ഞാൻ ശ്രദ്ധിച്ചത്. ഇതിന് മുന്നേയും ഈ പക്ഷികൾ ഇവിടെ ഉണ്ടായിരുന്നില്ലേ അത് ഉറക്കെ ചിലച്ചിരുന്നില്ലേ? ഉണ്ടാവും എന്ന് മനസ്സ് പറഞ്ഞു എന്നിട്ട്  ഞാൻ കേട്ടിരുന്നില്ലലോ? ഓ അതിന് ഇതൊക്കെ കേൾക്കാൻ നിനക്കെവിടാ സമയം എന്നും മനസ്സ് തിരിച്ചടിച്ചു. ജാലകത്തിലൂടെയുള്ള പ്രഭാതദൃശ്യങ്ങൾ ആസ്വദിക്കുമ്പോഴാണ് മുറ്റത്തു വെള്ള നിറമുള്ള സുഗന്ധരാജ് പുഷ്പങ്ങൾ വിടർന്നു നില്കുന്നത് കണ്ടത്, ഉടനെ ഒരു പിഞ്ചുകുട്ടി പൂ പറിക്കാൻ ഓടുന്ന ആവേശത്തിൽ അതിനടുത്തെത്തി. ചുറ്റും നറുമണം തൂവി മഞ്ഞുതുള്ളികൾ ഇറ്റിറ്റു വീഴുന്ന പൂവിന്റെ കാഴ്ച്ച എന്നെ അത്രമേൽ ത്രസിപ്പിച്ചിരുന്നു.

ഇന്നലെയും ഈ ചെടിയും പൂവും ഉണ്ടായിരുന്നില്ലേ? എന്ന് ഞാൻ ചോദിച്ചു. "ഉണ്ടായിരുന്നെല്ലോ അതിന് നീ ഇതിന്റെ മുന്നിലൂടെ ഓടുമ്പോഴും എന്നെ കണ്ടതായി ഭാവിക്കുക കൂടി ചെയ്തില്ല"എന്ന് പറഞ്ഞു പൂവ് പരിഭവപ്പെടുമ്പോലെ ചെറിയ കാറ്റിൽ ഒന്ന് ഇളകി. അപ്പോഴാണ് ആ കാറ്റിൽ മദിപ്പിക്കുന്ന ഒരു ഗന്ധമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. "ഇതെവിടുന്നാ നല്ല ഒരു മണം" എന്നുറക്കെ അമ്മയോട് ചോദിച്ചു. "കിഴക്കുഭാഗത്തുള്ള ഇലഞ്ഞി മരം പൂത്തിട്ടുണ്ട്  അവിടുന്നാണ്" എന്ന് അമ്മ പറഞ്ഞപ്പോൾ മെല്ലെ അവിടേക്ക് നടന്നു. ആകാശത്തോളം ഉയർന്ന് നിൽക്കുന്ന ഇലഞ്ഞിമരത്തെ അടിമുടി ഒന്ന് നോക്കി. പൊഴിഞ്ഞു കിടക്കുന്ന പൂക്കളെ കയ്യിലെടുത്തു അമർത്തി ശ്വസിച്ചു. ആവളോം എന്റെ ശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് ഞാൻ ചോദിച്ചു "ഇന്നലെ ഇലഞ്ഞിമരം പൂത്തിരുന്നില്ലേ..." ഉണ്ടായിരുന്നു. പക്ഷെ നിങ്ങൾക്ക് മാത്രം അതിന്റെ സുഗന്ധം അനുഭവപെട്ടിരുന്നില്ല എന്ന്  പറഞ്ഞു എന്നെ കുറ്റപെടുത്തികൊണ്ട് അത് ഇലഞ്ഞി പൂവുകൾ പൊഴിച്ചുകൊണ്ടിരുന്നു. അവിടുന്ന് പിന്തിരിഞ്ഞു നടക്കുമ്പോഴും ഒരു നിരാശ എന്നെ വല്ലാതെ കീഴ്‌പ്പെടുത്തി.

എനിക്ക് ചുറ്റുമുള്ള ജീവനുള്ളതും അല്ലാത്തതുമായ നിരവധി വസ്തുക്കളുടെ സൗന്ദര്യത്തെ അതിന്റെ മാസ്മരിക അനുഭൂതിയെ ഞാൻ അവഗണിക്കുകയായിരുന്നു എന്നുള്ള കുറ്റബോധം എന്നെ വേട്ടയാടി. തികച്ചും യാന്ത്രികമായ ജീവിതത്തിൽ എനിക്ക് നഷ്ടപെട്ടത് ചുറ്റുപാട് മാത്രമായിരുന്നില്ല. ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞു എത്ര വേഗമാണ് നീ ഭക്ഷണം കഴിക്കുന്നത് ഒന്ന് മെല്ലെ ചവച്ചു കഴിക്കൂ. അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് ഞാൻ ഇത്രകാലം ഭക്ഷണം ഗുളിക കഴിക്കുമ്പോലെ വിഴുങ്ങുകയായിരുന്നുവെന്ന്. ജീവിതത്തിന് അനുസരിച്ചു ശരീരത്തെ പോലും ചിട്ടപ്പെടുത്തിയിരുന്നു. ബന്ധുക്കളുടെയും സ്വന്തക്കാരെയും കുടുംബ വിശേഷങ്ങൾ അമ്മ പറയുമ്പോൾ വെറും ആശ്ചര്യത്തോടെ ആരായുന്ന കേൾവിക്കാരി മാത്രമായിരുന്നു എന്ന സത്യം ഞാൻ വൈകി ആണ് മനസിലാക്കിയത്. മക്കളുടെ കൂടെ കുറെ നേരം കളിക്കാനും ചിരിക്കാനും തുടങ്ങിയപ്പോഴാണ് ഞാൻ മനസിലാക്കിയത് ഒരു മെക്കനൈസ്ഡ് ജീവിതത്തിന് അടിമപെട്ടതുകൊണ്ടും കിട്ടുന്ന ഒഴിവുസമയങ്ങൾ പുസ്തകങ്ങളിൽ തല പൂഴ്ത്തി ഇരിക്കുക ഒരു ശീലമായതും എന്റെ ഭാഗത്തുള്ള വീഴ്ചയാണെന്ന്. അതുകൊണ്ടായിരിക്കും ആന്തരികമായ ജീവിത സൗന്ദര്യം എനിക്ക് ആസ്വദിക്കാൻ കഴിയാതെ പോയത്. നഷ്ടപ്പെടുത്തിയ അനുഭൂതി ജീവിതത്തെ കുറിച്ച് അന്വേഷിക്കാനും സങ്കടപെടാനും ഒരു  ക്വാറന്റൈൻ ജീവിതം വേണ്ടി വന്നു എന്നുള്ളത് ഒരു വലിയ തിരിച്ചറിവായിരുന്നു.

കുറച്ചു ദിവസം വീടിനുള്ളിൽ ജീവിച്ചപ്പോഴേക്കും വീർപ്പുമുട്ടുന്ന അവന് കാലങ്ങളായി വീട്ടുതടങ്കലിൽ അടക്കപ്പെട്ട ഒരുവളുടെ ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ പോലുമാകുന്നില്ല. 

പിന്നീടുള്ള ദിവസങ്ങൾ എനിക്ക് ചുറ്റുമുള്ളവരുടെ ക്വാറന്റൈൻ ജീവിതത്തെ കുറിച്ചു അറിയാൻ വെറുതെ ഒരു ശ്രമം നടത്തി. അങ്ങിനെ എന്റെ സ്കൂളിലും കോളേജിലും എന്നോടൊപ്പം പഠിച്ചിരുന്ന ഒരു കൂട്ടുകാരിയെ വിളിച്ചു ഇപ്പോഴുള്ള ജീവിതത്തെ കുറിച്ചു തമാശയായി ചോദിച്ചു. കുറച്ചുകാലമായി അവൾ ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതുകൊണ്ട് വിവാഹം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിക്കുകയായിരുന്നു. "എന്ത് ചോദ്യമാണ് നീ ചോദിക്കുന്നത് എനിക്ക് എന്നും കോരന്റിയിൻ ലൈഫ് ആല്ലേ". രാവിലെ ആവുന്നു, മറ്റുള്ളവരെക്കാൾ നേരത്തെ എണീറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നു, കുട്ടികളെ സ്കൂളിൽ വിടുന്നു, ലഞ്ച് ഉണ്ടാക്കുന്നു, വീട്ടിലെ എല്ലാ ജോലിയും ചെയ്ത് തീർക്കുമ്പോഴേക്ക് ഭർത്താവും കുട്ടികളും വരുന്നു. പിന്നെ അവർക്കുള്ള ഭക്ഷണം പിറ്റേ ദിവസം അവർക്ക് പോകുവാനുള്ള വസ്ത്രങ്ങൾ അലക്കൽ തേക്കൽ അങ്ങിനെ നൂറായിരം ജോലികൾ ചെയ്ത് ഒരു മിനിറ്റ് ശ്വാസം വിടാൻ നേരമില്ല. വർഷങ്ങളായി പുറം ലോകവുമായി ബന്ധമില്ലാതെ നിൽക്കുന്നവരോട് ക്വാറന്റൈൻ ജീവിതത്തെ കുറിച്ചു ചോദിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ തമാശ എന്ന് അവൾ അടക്കി പിടിച്ച നെടുവീർപ്പിനിടയിൽ തെല്ല് പരിഹാസത്തോടെ പറഞ്ഞു. ഇത് കേട്ട് നിൽക്കുന്ന എനിക്ക് സത്യത്തിൽ ഒരു ജാള്യത അനുഭവപ്പെട്ടു. അവളുടെ പുച്ഛം നിറഞ്ഞ സംസാരം എന്നോട് ആയിരുന്നില്ല അവളുടെ തന്നെ ജീവിതത്തോട് ആയിരുന്നു എന്ന് ആ ശബ്ദത്തിൽ നിഴലിച്ചിരുന്ന തേങ്ങലിൽ നിന്നും പിന്നീട്‌ ഞാൻ മനസിലാക്കി.

ഇതിനിടയിൽ ഫോൺ അവളുടെ കയ്യിൽ നിന്ന് പിടിച്ചുവാങ്ങി അവളുടെ ഭർത്താവ് എന്നോട് പറഞ്ഞു "എനിക്ക് വീട്ടിൽ ഇങ്ങിനെ ഇരിക്കാൻ പറ്റുന്നില്ല എനിക്ക് എങ്ങിനെയെങ്കിലും പുറത്തു ഇറങ്ങികിട്ടിയാൽ മതി. എനിക്ക് മടുത്തു... എന്റെ സന്തോഷങ്ങൾ വീടിന് പുറത്താണ് ". ഇതിനിടയിൽ   അവൾ ഓടി പോയത് അടുക്കളയിലെ സിങ്കിൽ കുന്ന് പോലെ കൂടി കിടക്കുന്ന പാത്രം കഴുകാൻ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു. കുറച്ചു ദിവസം വീടിനുള്ളിൽ ജീവിച്ചപ്പോഴേക്കും വീർപ്പുമുട്ടുന്ന അവന് കാലങ്ങളായി വീട്ടുതടങ്കലിൽ അടക്കപ്പെട്ട ഒരുവളുടെ ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ പോലുമാകുന്നില്ല. അങ്ങിനെ എത്ര എത്ര സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യവും അവകാശവും ആഗ്രഹവും ത്യെജിച്ചും നിഷേധിക്കപെട്ടും നയിച്ചുകൊണ്ടിരിക്കുന്ന ക്വാറന്റൈൻ ജീവിതത്തിന്റെ മുകളിൽ കയറി കസേര ഇട്ടിരുന്നാണ് ഭാര്യയോടൊപ്പം വീട്ടിൽ ചിലവിടുന്ന നിമിഷങ്ങളെ ഭീകരതയാക്കി ചിത്രീകരിക്കുന്ന ട്രോളുകൾ ഉണ്ടാക്കുന്നത്. എന്നിട്ട് അത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും യാതൊരു വക തിരുവുമില്ലാതെ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് ക്വാറന്റൈൻ ജീവിതത്തിലും പുരുഷന്മാർ എന്ന സത്യം എത്ര വിരോധാഭാസമായ കാഴ്ചയാണ്.

Contact the author

Dr. Sreekala Mullasseri

Recent Posts

News Desk 4 years ago
Lockdown Diaries

നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നത്; കൊവിഡ് കാല ബ്ലോഗുമായി മോഹന്‍ലാല്‍

More
More
Sooraj Roshan 4 years ago
Lockdown Diaries

നന്ദിവാക്കുകള്‍ക്ക് കാതോര്‍ക്കാത്ത ആ കരുതലാണ് സ്നേഹം - സൂരജ് റോഷന്‍

More
More
Akhila Pappan 4 years ago
Lockdown Diaries

ഒബ്സസ്സിവ് കംപല്‍സിവ് ന്യുറോസിസ് അഥവാ കൊറോണ വരുമോ വരുമോയെന്ന പേടി!

More
More
Asaf Ali Azad 4 years ago
Lockdown Diaries

ഏകാകിനിയുടെ ഉള്ളകം തേടി, ഇരുപുറം ചില്ലിട്ട എന്റെ ലോക്ക് ഡൗൺ ദിനങ്ങള്‍

More
More
Web Desk 4 years ago
Lockdown Diaries

പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

More
More
Jalisha Usman 4 years ago
Lockdown Diaries

ഇവിടെ സ്വീഡനില്‍ ഞങ്ങള്‍ അന്യരാണ്; കേരളത്തിലെ ബംഗാളികള്‍ - ജലിഷാ ഉസ്മാന്‍

More
More