സ്വകാര്യവൽക്കരണത്തിലൂടെ എല്‍ഐസിയെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ - തോമസ്‌ ഐസക്

എൽഐസിയുടെ സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കുന്നവർ ഈ സ്ഥാപനത്തെ മറ്റൊരു പൊതുമേഖലാ സ്ഥാപനം മാത്രമായിട്ടാണ് കാണുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥൻ സർക്കാരാണ്. സർക്കാർ ആ ഓഹരികൾ മറ്റൊരാൾക്കു കൈമാറുന്നതുവഴി നൈതീകത ഭ്രംശമൊന്നും അവർ കാണുന്നില്ല. പൊതുമേഖലാ കമ്പോളത്തിൽ സർക്കാർ ഇടപെടുന്നതിന് ഒരു പ്രധാന ഉപാധിയാണ്. അത് ചുളുവിലയ്ക്ക് ശിങ്കിടി മുതലാളിമാർക്കു കൈമാറുകയാണ് എന്നു തുടങ്ങിയ വിമർശനങ്ങൾ സ്വകാര്യവൽക്കരണത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നു. ഇത്തരം വാദങ്ങൾ നിയോലിബറൽ ചട്ടക്കൂടിൽ നിൽക്കുന്നവർ പ്രസക്തമായി കരുതുന്നുമില്ല. 

എന്നാൽ എൽഐസിയുടെ വിൽപ്പന ഇത്തരമൊരു ഗണത്തിൽപ്പെടുത്താനാവില്ല. കാരണം സർക്കാർ എൽഐസിയുടെ ഉടമസ്ഥൻ അല്ല. ട്രസ്റ്റി മാത്രമാണ്. അതുകൊണ്ട് പുതിയതായി ഓഹരി ഇറക്കി എൽഐസിക്ക് പുതിയ ഉടമസ്ഥന്മാരെ സൃഷ്ടിക്കാൻ സർക്കാരിന് അവകാശമില്ല. 

1912-ൽ ഇൻഷ്വറൻസ് വ്യവസായത്തെ വ്യവസ്ഥാപിതമാക്കുന്നതിനു രണ്ട് നിയമങ്ങൾ പാസ്സാക്കി - ഇന്ത്യൻ ലൈഫ് ഇൻഷ്വറൻസ് കമ്പനീസ് ആക്ടും, പ്രോവിഡന്റ് ഫണ്ട് ഇൻഷ്വറൻസ് സൊസൈറ്റീസ് ആക്ടും. ഇത്തരത്തിൽ രണ്ടു വ്യത്യസ്ത നിയമങ്ങൾ പാസ്സാക്കപ്പെട്ടത് വളരെ അർത്ഥഗർഭമാണ്. ഇന്ന് എൽഐസിയുടെ സ്വഭാവത്തെക്കുറിച്ചു നടക്കുന്ന വിവാദത്തെ മനസ്സിലാക്കാൻ ഈ രണ്ടു നിയമങ്ങളും തമ്മിലുള്ള വ്യത്യാസം സഹായിക്കും. ആദ്യത്തെ നിയമപ്രകാരം ഇൻഷ്വറൻസ് സംരംഭങ്ങൾ മറ്റു കമ്പനികളെപ്പോലെ ഓഹരി ഉടമസ്ഥർക്കു ലാഭം പരമാവധിയാക്കാൻ ശ്രമിക്കുന്നവയാണ്. ഇൻഷ്വർ ചെയ്യപ്പെടുന്നവരും, ഇൻഷ്വർ ചെയ്യുന്ന കമ്പനിയും രണ്ടും രണ്ടാണ്. ഇൻഷ്വർ ചെയ്യപ്പെടുന്നവർ കമ്പനിയുടെ കസ്റ്റമർമാർ മാത്രമാണ്. 

എന്നാൽ പ്രോവിഡന്റ് ഫണ്ട് ഇൻഷ്വറൻസ് സൊസൈറ്റി ഇൻഷ്വർ ചെയ്യപ്പെടുന്നവരുടെ മ്യൂച്വൽ സൊസൈറ്റിയാണ്. ഇൻഷ്വർ ചെയ്യപ്പെടുന്നവരുടെ കൂട്ടായ്മയാണ് ഇൻഷ്വർ ചെയ്യുന്നത്. ഓഹരി ഉടമസ്ഥരുടെ ലാഭം പരമാവധിയാക്കുക എന്നല്ല മ്യൂച്വൽ ഇൻഷ്വറൻസ് സൊസൈറ്റികളുടെ ലക്ഷ്യം. പരമാവധി കുറഞ്ഞ പ്രീമിയത്തിന് പരമാവധി നേട്ടം പോളിസി ഉടമകൾക്കു നൽകുക എന്നതാണ് ഈ സൊസൈറ്റികളുടെ ലക്ഷ്യം. സത്യം പറഞ്ഞാൽ എൽഐസി ഇതുിൽ രണ്ടിലുംപെടില്ല. പാർലമെന്റ് പ്രത്യേക നിയമപ്രകാരം ഇൻകോർപ്പറേറ്റ് ചെയ്ത കോർപ്പറേഷനാണ് എൽഐസി. ഇതിനു കൂടുതൽ സാമ്യം മ്യൂച്വൽ ഇൻഷ്വറൻസ് സൊസൈറ്റികളോടാണ്.

കേന്ദ്രസർക്കാർ പുതിയ കോർപ്പറേഷന് 5 കോടി രൂപ മൂലധനമായി നൽകിയപ്പോൾ മുൻ ഇൻഷ്വറൻസ് കമ്പനി ഉടമകൾക്ക് എൽഐസി നഷ്ടപരിഹാരമായി 5.1 കോടി രൂപ നൽകേണ്ടിവന്നു. എന്നുവച്ചാൽ കേന്ദ്രസർക്കാർ നൽകിയ മൂലധനം നഷ്ടപരിഹാരം നൽകാൻപോലും തികയുമായിരുന്നില്ല. ഇതു വളരെ സുപ്രധാനമായൊരു കാര്യമാണ്. കേന്ദ്രസർക്കാർ എൽഐസിയുടെ ഉടമസ്ഥനാണെന്ന് അവകാശപ്പെടുമ്പോൾ ഫലത്തിൽ മുതൽമുടക്ക് ഒന്നും ഉണ്ടായിരുന്നില്ല. എൽഐസിയുടെ ആസ്തികൾ പൂർണ്ണമായും എൽഐസി പോളിസി ഉടമസ്ഥരുടെ സംഭാവനയായിരുന്നു. 

എൽഐസി സാധാരണഗതിയിലുള്ള ഒരു കമ്പനിയായിരുന്നില്ല. പ്രോവിഡന്റ് സൊസൈറ്റിയുടെയും വാണിജ്യകമ്പനിയുടെയും ഒരു സങ്കരരൂപമായിരുന്നു സി.ഡി. ദേശ് മുഖിന്റെ പാർലമെന്റ് പ്രസംഗങ്ങളിൽ ഇക്കാര്യം വളരെ വ്യക്തമായി വായിച്ചെടുക്കാനാവും. “ഏതൊരു ലൈഫ് ഇൻഷ്വറൻസിന്റെയും മൂലക്കല്ല് ട്രസ്റ്റിഷിപ്പ് സങ്കൽപ്പമായിരിക്കണം. ഇത് സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്കു പൂർണ്ണമായും അന്യമാണ്. ട്രസ്റ്റിന്റെ പണവും ജോയിന്റ് കമ്പനിയുടെ പണവും തമ്മിലുള്ള അടിസ്ഥാന അന്തരം ഭൂരിപക്ഷം മാനേജ്മെന്റുകളും തിരിച്ചറിഞ്ഞിരുന്നില്ല.”

“പണം പോളിസി ഉടമസ്ഥന്റേതാണെന്നുള്ള പൂർണ്ണ തിരിച്ചറിവോടെ ഏറ്റവും മിതവ്യയ രീതിയിൽ വേണം ഇൻഷ്വറൻസ് ബിസിനസ് നടത്താൻ. കർശനമായ ആക്ച്വേറിയൽ പരിഗണനകളുടെ അടിസ്ഥാനത്തിൽ അനിവാര്യമായതിനേക്കാൾ ഒരിക്കലും പ്രീമിയം ഉയരാൻ പാടില്ല. നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് പോളിസി ഉടമസ്ഥന്മാർക്ക് പരമാവധി നേട്ടം ഉറപ്പുവരുത്തുന്ന രീതിയിൽവേണം ഫണ്ട് വിനിയോഗിക്കാൻ. പോളിസി ഉടമസ്ഥർക്ക് എത്രയും പെട്ടെന്ന് കാര്യക്ഷമമായ സേവനങ്ങൾ നൽകണം. അങ്ങനെ മാത്രമേ ഇൻഷ്വറൻസിനെ ജനപ്രിയമാക്കാൻ കഴിയൂ. അവസാനമായി ട്രസ്റ്റിഷിപ്പിന്റെ പൂർണ്ണ സ്പിരിറ്റിൽവേണം മാനേജ്മെന്റിന്റെ നടത്തിപ്പ്.” 

എന്നിട്ട് ധനമന്ത്രി തുടർന്നിങ്ങനെ വ്യക്തമാക്കി: “നിയമത്തിലെ വകുപ്പ് 28 പ്രകാരം 95 ശതമാനം മിച്ചവും പോളിസി ഉടമസ്ഥർക്ക് അർഹതപ്പെട്ടതായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്. 5 ശതമാനമേ ഓഹരി ഉടമസ്ഥനുള്ളൂ. 95 ശതമാനം മിനിമം ആണ്. പിന്നീട് ഈ തോത് വർദ്ധിപ്പിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. തദ്വാര സർക്കാരിന്റെ വിഹിതം ആനുപാതികമായി കുറയുകയും ചെയ്യും.” മിച്ചം പൂർണ്ണമായും പോളിസി ഉടമസ്ഥർക്കു നൽകുന്ന സ്ഥിതിവിശേഷം എൽഐസിയുടെ രൂപീകരണവേളയിൽ കേന്ദ്രധനമന്ത്രി തള്ളിക്കളഞ്ഞിരുന്നില്ല.

ഇന്ന് എൽഐസിക്ക് 38 ലക്ഷം കോടി രൂപയുടെ ലൈഫ് ഫണ്ട് ഉണ്ട്. അതുപൂർണ്ണമായും പോളിസി ഉടമസ്ഥരിൽ നിന്നും സമാഹരിച്ചതാണ്. ഇന്നു കേന്ദ്രസർക്കാർ ചെയ്യുന്നത് ദേശസാൽക്കരണവേളയിൽ ദേശ് മുഖ് പറഞ്ഞതുപോലെ പോളിസി ഉടമസ്ഥരുടെ ലാഭവിഹിതം 95 ശതമാനത്തിൽ നിന്നും വീണ്ടും ഉയർത്തുന്നതിനല്ല, അത് വെട്ടിക്കുറയ്ക്കുന്നതിനാണ്. 

വിൽപ്പനയ്ക്കുവേണ്ടി എൽഐസിയുടെ എംബഡഡ് മൂല്യം എത്രയെന്നു കണക്കാക്കുകയുണ്ടായി. എംബഡഡ് വാല്യു എന്നാൽ നിക്ഷേപകർക്ക് ലഭിക്കാവുന്ന ഭാവി വരുമാനത്തിന്റെ ഇന്നത്തെ അസ്സൽ മൂല്യമാണ്. ആദ്യം കണക്കു കൂട്ടിയപ്പോൾ അതുവെറും 1.1 ലക്ഷം കോടി രൂപയേ വരൂ. എന്നാൽ നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസികളെ പൊതു ലൈഫ് ഫണ്ടിൽ നിന്നു മാറ്റി ഓഹരി ഉടമസ്ഥർക്കുള്ള പ്രത്യേക ലൈഫ് ഫണ്ടാക്കുകയും പാർട്ടിസിപ്പേറ്റിംഗ് പോളിസികളുടെ ലാഭവിഹിതം 90 ശതമാനമായി കുറയ്ക്കുകയും ചെയ്തപ്പോൾ എംബഡഡ് വാല്യു 5.4 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതൊന്നു മാത്രം പരിഗണിച്ചാൽ മതി എൽഐസിയുടെ സ്വകാര്യവൽക്കരണം പോളിസി ഉടമകളുടെ ഭാവി വരുമാനത്തിന്റെ കൊള്ളയാണെന്നു മനസ്സിലാക്കാൻ. 

ഇത്തരമൊരു കവർച്ചയ്ക്കുള്ള അവകാശം കേന്ദ്രസർക്കാരിനില്ല. ഒരു നൈതീകതയുടെയും അടിസ്ഥാനത്തിൽ ഇതിനെ വെള്ളപൂശാനും കഴിയില്ല.

Contact the author

തോമസ്‌ ഐസക്

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More