മൂവാറ്റുപുഴ ജപ്തി: കേരള ബാങ്ക് കേന്ദ്ര പാതയിലോ?- എസ് വി മെഹ്ജൂബ്

കോഴിക്കോട്: വായ്പയുടെ അടവ് തെറ്റിയാല്‍, ഈടുവെച്ച കിടപ്പാടം തന്നെ ജപ്തിചെയ്ത് കുഞ്ഞുകുട്ടികളെയടക്കം ഇറക്കിവിടുന്ന സര്‍ഫാസി നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ 2017-ല്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയിട്ടുണ്ട് കേരളം. ഇവിടെയാണ് മൂവാറ്റുപുഴ ജപ്തി പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നത് സര്‍ക്കാരിനെയടക്കം വെലവെയ്ക്കാതെ മുന്നോട്ടുപോകുന്ന ബാങ്കുകളുടെ താന്തോന്നിത്തരത്തെയാണ് സൂചിപ്പിക്കുന്നത്. അഞ്ചു സെന്റില്‍ താഴെയുള്ള ഭൂമിയും വീടുമാണ് ഈടെങ്കില്‍ ജപ്തി ചെയ്യാന്‍ പാടില്ലായെന്നും സര്‍ഫാസി നിയമത്തില്‍ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങള്‍ കേന്ദ്രം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കേരളാ നിയമസഭ പ്രമേയം പാസ്സാക്കിയത്.

കേരളാ നിയമസഭയുടെ ഈ പ്രമേയത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ ഭരണകക്ഷിപ്പാര്‍ട്ടി നയിക്കുന്ന മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് സാധിച്ചില്ല എന്നത് കേവലം യാദൃശ്ചികതയായി കാണാനാവില്ല. ബാങ്കുകള്‍ സധാരണക്കാരോടും അവരുടെ വിവിധ ആവശ്യങ്ങളോടും പുലര്‍ത്തുന്ന നിഷേധാത്മക സമീപനങ്ങളുടെ ഭാഗമാണ് ഇത്.  ഈടുവെയ്ക്കുന്നത് കൃഷി ഭൂമിയാണെങ്കില്‍ സര്‍ഫാസി നിയമത്തില്‍ ജപ്തി നടപടിക്ക് ഇളവുണ്ട്. എന്നാല്‍ കിടപ്പാടം മാത്രമുള്ള സാധാരണക്കാരുടെ കാര്യത്തില്‍ ഈ ഇളവ് ബാധകമല്ല എന്ന് വരുന്നത് സാമാന്യ യുക്തിക്കോ നീതിബധത്തിനൊ ചേര്‍ന്നതല്ല. 

കടം എഴുതിത്തള്ളി പരിഹരിക്കണ്ട 

അച്ഛന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്കുമ്പോള്‍ മക്കളെ ഇറക്കിവിട്ട് വീടുപൂട്ടി താക്കോലുമായി പോയവരെ എന്തുതരത്തിലുള്ള നീതിബോധമാണ് നയിക്കുന്നത്?. പ്രശ്നം ഒത്തുതീര്‍ക്കാന്‍, ജപ്തിക്കും അതുവഴി അപമാനത്തിനും ഇരയായ ഒരു കുടുംബത്തിന്റെ കടം എഴുതിത്തള്ളിയാല്‍ മതി എന്ന തീര്‍പ്പിലെത്തുന്നവര്‍ മനുഷ്യരുടെ മാനാഭിമാനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്തവരാണ്. ഈ കൊടിയ അനീതിയെ എന്തോ അര്‍ത്ഥത്തില്‍ ന്യായീകരിക്കാനാണ് കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ശ്രമിച്ചത്. മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ നടപടി രാഷ്ട്രീയക്കളിയാണ് എന്ന ആരോപണം ഗോപി കോട്ടമുറിക്കല്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍, ജപ്തി ചെയ്യപ്പെട്ട വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റിയ എം എല്‍ എയുടെ നടപടി മാതൃകാപരം തന്നെയാണ്. അതിനൊപ്പം നില്‍ക്കുകയാണ് കേരളാ ബാങ്ക് പ്രസിഡന്റ് ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ട് ഒരു സംശയത്തിനും ഇടയില്ലാത്ത വിധം സര്‍ക്കാര്‍ വ്യക്തമാക്കേണ്ടത് ഈ ബാങ്ക് ജീവനക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്നാണ്. 

കേരളാ ബാങ്ക്, എസ് ബി ഐ - കേരളവും കേന്ദ്രവും ഒരേ പാതയിലാണോ?

ചെറുകിട ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിന് പരിമിതിയുണ്ട്. വാണിജ്യ ബാങ്കുകളുടെ വായ്പാ ശേഷി വര്‍ദ്ധിപ്പിക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്കും ചെറുകിട സംരംഭകര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ എന്നൊക്കെയുള്ള ന്യായങ്ങള്‍ പറഞ്ഞാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന വലിയ ബാങ്കിനെ താരതമ്യേന കേരളത്തിലെങ്കിലും ചെറിയ ബാങ്കായ എസ് ബി ഐയില്‍ ലയിപ്പിച്ചത്. ആ ലയനത്തിന് ശേഷം നിരവധി ലയനങ്ങള്‍ ഈ മേഖലയില്‍ നടന്നു. നല്ല നിലയില്‍ നടന്നിരുന്ന പല ബാങ്കുകളും ഇല്ലാതെയായി. ഈ നടപടി തെറ്റാണ് എന്ന് ശക്തിയുക്തം വാദിച്ചവരാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികള്‍. വായ്പാശേഷിയും കൂടുതല്‍ തുക വായ്പ നല്‍കാനുള്ള അനുമതിയും ലഭിക്കുന്നതോടെ സാധാരണ ജനങ്ങളില്‍ നിന്ന് വാണിജ്യ ബാങ്കുകളുടെ മുന്‍ഗണന മാറുമെന്നും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വന്‍ തോതില്‍ വായ്പ നല്‍കുന്നതിന് നിലവിലുള്ള തടസ്സം നീക്കുക മാത്രമാണ് ബാങ്ക് ലയനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് എന്നുമായിരുന്നു ഇടതു സാമ്പത്തിക ശാസ്ത്രകാരന്മാരുടെയും ഇടത് പാര്‍ട്ടികളുടെയും വിലയിരുത്തല്‍ എന്ന് ലളിതമായി പറയാന്‍ കഴിയും. എന്നാല്‍ എതിര്‍പ്പുകളെ തട്ടിമാറ്റി നവ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായ ഈ പരിഷ്കാരങ്ങള്‍ ഒന്നൊന്നായി നടപ്പിലായി.

ഇതിനിടെയാണ് സഹകരണ മേഖലയില്‍ കൂടുതല്‍ വായ്പാ ശേഷിയുള്ള ഒരു ബാങ്ക് എന്ന സങ്കല്‍പ്പം കേരളാ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലയിലുദിയ്ക്കുന്നത്. കേരളത്തിനെ താത്പര്യങ്ങള്‍, വികസനം എന്നിവയിലൂന്നിയാണ് ഈ ബാങ്കിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ജില്ലാതല അര്‍ബന്‍ ബാങ്കുകളടക്കം സഹകരണ മേഖലയിലെ പ്രബല ബാങ്കുകളെ ഒന്നിപ്പിച്ചുകൊണ്ട് കേരളാ ബാങ്ക് നിലവില്‍വരികയും ചെയ്തു. ഇപ്പോള്‍ കേരളാ ബാങ്ക് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ കേരളാ ബാങ്ക് വ്യക്തമാക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാവനയും പ്രയോഗവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. അതില്‍ വീഴ്ച വന്നാല്‍ എസ് ബി ഐയെ വിപുലപ്പെടുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിങ്ങള്‍ക്ക് നേരെ തന്നെ വിരല്‍ ചൂണ്ടും. നാട്ടില്‍ സാധാരണക്കാര്‍ക്ക് അത്താണിയായിരുന്ന സഹകരണ ബാങ്കുകളുടെ മുന്‍ഗണനയില്‍ പതിയെപ്പതിയെ സാധാരണക്കാര്‍ ഇല്ലാതാകുന്നതിന്റെ ലക്ഷണമായി മാത്രമേ മൂവാറ്റുപുഴ ജപ്തിയെ കാണാന്‍ കഴിയൂ. വായ്പ്പാശേഷി വര്‍ദ്ധിച്ച കേരളാ ബാങ്ക് കേവലം സംരംഭകരുടെ ബാങ്ക് മാത്രമായി മാറും. സംരംഭകരില്‍ തന്നെ കൂടുതല്‍ വലിയ സംരംഭകര്‍ എന്ന് അതിന്റെ മുന്ഗണന പിന്നെയും മാറും. അത് കൂടുതല്‍ കൂടുതല്‍ വലിയ സംരംഭകര്‍ എന്ന ത്വരയിലേക്ക് വളരും. അങ്ങനെ പാവപ്പെട്ടവരെയും കിടപ്പാടം പണയംവെച്ചവരെയും പുറം കാലുകൊണ്ട്‌ ചവിട്ടി ബാങ്കിലെ ഇടപാടുകളില്‍ നിന്ന് പുറത്താക്കും. വായ്പ ലഭിക്കുന്നവര്‍  വലിയവര്‍ മാത്രമായിത്തീരും. സാധാരണക്കാര്‍ക്ക് മൂവാറ്റുപുഴ സംഭവം നല്‍കുന്ന സന്ദേശം അതാണ്‌. യാദൃശ്ചികതകള്‍ കേവലയാദൃശ്ചികതകളല്ല എന്ന തിരിച്ചറിവിലേക്ക് ജനങ്ങളും സര്‍ക്കാരും എത്തിച്ചേരേണ്ടതുണ്ട്.

സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നു; ബാങ്കുകള്‍ തടയുന്നു - ഒരു തുടര്‍ക്കഥ

വിപണി കേന്ദ്രിത സമ്പദ് വ്യവസ്ഥയില്‍ പലതരത്തില്‍ കോര്‍പ്പറേറ്റ് താത്പ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടയ്ക്കൊക്കെ പ്രഖ്യാപിക്കുന്ന സധാരണക്കാര്‍ക്കായുളള സംരഭകത്വ, വിദ്യഭ്യാസ വായ്പകളെല്ലാം വലിയ പരിധിവരെ മുടക്കുന്നത് ബാങ്കുകളാണ്. സര്‍ക്കാര്‍ അനുവദിച്ച ലോണുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതില്‍ അവര്‍ക്ക് അശേഷം താത്പര്യമില്ല. എങ്ങനെ ലോണ്‍ നല്കാതിരിക്കാം എന്ന അന്വേഷണത്തിലാണ് അവര്‍. ഒടുങ്ങാത്ത പേപ്പര്‍ വര്‍ക്കും നിബന്ധനകളും പാലിച്ചാല്‍ പോലും മറ്റെന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട് വായ്പ നല്‍കുന്നത് മുടക്കാനാണ് ബാങ്ക് മാനേജര്‍മാര്‍ ശ്രമിക്കുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ കാണിക്കുന്ന കുറഞ്ഞ വരുമാനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ വായ്പ നല്കാതിരിക്കാനായി ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് നിലവിലുള്ളത്. സമൂഹത്തിലെ വന്‍കിടക്കാര്‍ക്ക് ഒന്നും നോക്കാതെ ഓ ഡി പാസ്സാക്കിക്കൊടുക്കുന്നവര്‍ക്ക് സാധാരണക്കാര്‍ എത്ര സര്‍ട്ടിഫിക്കറ്റുകള്‍ ഹാജാരാക്കിയാലും മതിയാകില്ല. യഥാര്‍ത്ഥ പ്രശ്നം വിശ്വാസത്തിന്‍റെതാണ്. ഈ നാട്ടിലെ സാധാരണക്കാരനെ ആര്‍ക്കും വിശ്വാസമില്ല എന്നതാണ് ബാങ്കുകളുടെ മൊത്തം നടപടികള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ബാങ്കിനെ പറ്റിച്ച് വന്‍കിടക്കാര്‍ സെയ്ഫ് സോണില്‍ ജീവിക്കുമ്പോള്‍ സാധാരണക്കാര്‍ ജപ്തിചെയ്യപ്പെട്ട് തെരുവിലേക്ക് ഇറക്കപ്പെടുന്നത്.

വായ്പ എടുക്കാന്‍ ചെല്ലുമ്പോള്‍ മേല്പറഞ്ഞവിധം സാധാരണ മനുഷ്യരെ കൈകാര്യം ചെയ്യുന്നവരാണ് ലോണ്‍ തിരിച്ചടവ് തെറ്റുമ്പോള്‍ അവരോട് വഞ്ചകന്‍മാരോടെന്ന നിലയില്‍ പെരുമാറുന്നത്. ഇങ്ങനെ രക്ഷിതാക്കളില്ലാത്ത സമയങ്ങളില്‍ കുടിയിറക്കപ്പെടുന്ന പിഞ്ചുകുട്ടികളുടെ മനസ്സിനേല്‍ക്കുന്ന ആഘാതത്തിന്‍റെ ഉത്തരവാദി ആരാണ്? തീര്‍ച്ചയായും ബാങ്കുകളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ഇതിന് മറുപടി പറയണം. ഇനിയൊരു ബാങ്കിനും വായ്പ്പ തിരിച്ചടവ് തെറ്റിയതിന്റെ പേരില്‍ പഴയ വട്ടിപ്പലിശക്കാരെപ്പോലെ ജനങ്ങളുടെ നെഞ്ചത്ത് കയറാന്‍ തോന്നരുത്. അതുകൊണ്ടുതന്നെ മൂവാറ്റുപുഴയില്‍ അതിക്രൂരമാം വിധം ജപ്തി നടപടികള്‍ കൈക്കൊണ്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അന്വേഷണവിധേയമായി ജോലിയില്‍നിന്ന് സസ്പെന്‍റ് ചെയ്യണം. 

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More