കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മീഷന് തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് നടി പാര്‍വ്വതി തിരുവോത്ത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സ്ത്രീസൗഹൃദ സര്ക്കാരാകുന്നതെന്നും പാര്‍വ്വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പാര്‍വ്വതി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.
'റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോകാനായാണ് സര്‍ക്കാര്‍ അതിനെക്കുറിച്ച് പഠിക്കാനായി പുതിയ സമിതികളുണ്ടാക്കുന്നത്. ഇനി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളൊക്കെ നടപ്പാക്കാന്‍ ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരും. സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകളില്ലാത്തത് പലരും മുതലെടുക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ ചൂഷണംചെയ്യപ്പെടുന്നത് കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞാന്‍ പ്രതികരിക്കുന്നത്'- പാര്‍വ്വതി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെല്ലുകളെ എതിര്‍ക്കുന്നത് സിനിമയിലെ കരുത്തരായ ചിലരാണെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കായി ശബ്ദമുയര്‍ത്തിയപ്പോള്‍ തനിക്ക് അവസരങ്ങളില്ലാതാകുമെന്ന് മുന്നറിയിപ്പുകള്‍ കിട്ടിയെന്നും മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമം നടന്നെന്നും പാര്‍വ്വതി പറഞ്ഞു. സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യു സി സി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്) നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. സിനിമാ സംഘടനകളിലും സെറ്റുകളിലും പരാതി പരിഹാര സെല്ലുകള്‍ വേണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.