മരണത്തിന് മിനുട്ടുകള്‍ക്കുമുമ്പ് ഗാന്ധി നെഹ്‌റുവും പട്ടേലുമായി കൂടിക്കണ്ടു- പ്രൊഫ ജി ബാലചന്ദ്രൻ

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിരുദ്ധപാതയിലായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായി പട്ടേലും തമ്മില്‍ കൂടിക്കണ്ടു. ഇത് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വൈസ്രോയ് മൌണ്ട് ബാറ്റന്‍റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു. ഇതേ കുറിച്ചാണ് പ്രഫസര്‍ ജി. ബാലചന്ദ്രന്‍ രക്തസാക്ഷി ദിനത്തില്‍ എഴുതുന്നത്. 

ഗാന്ധിജിയുടെ അന്ത്യയാത്രയ്ക്കു മുമ്പേ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു അനുരഞ്ജന ചര്‍ച്ചനടന്നു. തീര്‍പ്പാകാത്ത ആ ചര്‍ച്ചയ്ക്കിടയിലാണ് ഗാന്ധി പിരിഞ്ഞുപോയത്. 1948 ജനുവരി-30. മഹാത്മജിയുടെ ഇഹലോക ജീവിതത്തിലെ അവസാന ദിനം!  പതിവുപോലെ സൂര്യോദയത്തിന് മുമ്പ് ഗാന്ധിജി ഉണർന്നു. ഗീതാപാരായണവും പ്രാർത്ഥനയും പൂർത്തിയാക്കി. തുടർന്ന് തനിക്കുവന്ന എഴുത്തുകുത്തുകൾക്ക് മറുപടി തയ്യാറാക്കുന്ന തിരക്കിലായി. അപ്പോൾ ശിഷ്യരിൽ ഒരാൾ ഒരു കത്ത് ഗാന്ധിജിക്ക് എത്തിച്ചുകൊടുത്തു. തുറന്ന് നോക്കിയപ്പോൾ അദ്ദേഹം ഏറെ വിഷണ്ണനായി !

നെഹ്രു മന്ത്രിസഭയിൽ നിന്ന്  രാജിവച്ചിരിക്കുന്നു എന്ന സർദാർ വല്ലഭായി പട്ടേൽ എഴുതിയ രാജിക്കത്തിൻ്റെ പകർപ്പായിരുന്നു കത്തിലെ ഉള്ളടക്കം. രാജി തീരുമാനം അറിഞ്ഞ വൈസ്രോയി മൌണ്ട് ബാറ്റൺ ഗാന്ധിജിയെ കാണാൻ ബിർളാഹൗസിൽ എത്തി. നെഹ്‌റുവും പട്ടേലുമായി അനുരഞ്ജന ചർച്ച നടത്താൻ ഗാന്ധി മൌണ്ട് ബാറ്റനെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും പട്ടേലിനെ അനുനയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതിന് മഹാത്മാവിനേ കഴിയൂ എന്നായിരുന്നു വൈസ്രോയിയുടെ പക്ഷം.

ഗാന്ധി തന്റെ ഒരനുയായിയെ നെഹ്‌റുവിൻ്റെയും പട്ടേലിന്റെയും അടുത്തേക്ക് അയച്ചു. അവരോട് വൈകീട്ട് 3 മണിക്ക് തന്നെ വന്നുകാണാൻ ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൃത്യം 3 മണിക്ക് തന്നെ ഗാന്ധിജിയുടെ അടുത്തെത്തി. പണ്ഡിറ്റ്‌ നെഹ്രുവും സര്‍ദാര്‍ പട്ടേലും ആശയപരമായി ഭിന്നരാണെന്ന് ബോധ്യപ്പെട്ടു. അനുനയ ശ്രമങ്ങൾ ഏറെ നടത്തിയിട്ടും പട്ടേൽ തൻ്റെ നിലപാടുകളിൽ നിന്ന് അയഞ്ഞില്ല. ചർച്ചയുടെ ഇടയ്ക്കെല്ലാം ഗാന്ധി ചർക്കയില്‍ നൂൽനൂറ്റുകൊണ്ടിരുന്നു. സംസാരം നീണ്ടുപോയി.

നേരത്തെ നിശയിച്ചപ്രകാരം, മഹാത്മജിക്ക് തൻ്റെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാനുള്ള സമയമായി. മണി 5-10 ആയപ്പോൾ "എന്നെ സ്വതന്ത്രനാക്കൂ. എനിക്ക് ദൈവയോഗത്തിനുള്ള സമയമായി ''എന്നു പട്ടേലിനോട് പറഞ്ഞുകൊണ്ട് ഗാന്ധി ഇറങ്ങി... സമയം വൈകിപ്പിച്ചതിൽ മനുവിനോടും ആഭയോടുമുള്ള നീരസം ഗാന്ധിജി മറച്ചുവച്ചില്ല. പ്രാർത്ഥനാഹാളിലേക്ക് പോവുമ്പോൾ എന്നും കൂടെയുണ്ടാവാറുള്ള സുശീല നയ്യാർ ഉണ്ടായിരുന്നില്ല. അവര്‍ പെഷവാർ യാത്ര കഴിഞ്ഞ് തിരികെ എത്തിയിരുന്നില്ല. അംഗരക്ഷകനായിരുന്ന ഡി ഐ ജി മെഹ്റ പൊലീസ് കോൺഫ്രൻസിനും പോയി.

മഹാത്മാവ് പ്രസംഗപീഠത്തിലേക്ക് നടന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു യുവാവ് "നമസ്തെ ഗാന്ധിജി'' എന്നു പറഞ്ഞ് മുന്നോട്ടുകുതിച്ചു. മനുവിനെ തള്ളിമാറ്റി. ഉന്നം പിഴയ്ക്കാതെ അയാൾ വെടിയുതിർത്തു. 3 തവണ. മഹാത്മാവിൻ്റെ ഹൃദയത്തിലേക്ക്... അല്ല,  ഇന്ത്യയുടെ ഹൃദയത്തിലേക്ക്!. ''ഹേ...റാം..'' എന്ന പ്രാർത്ഥനയോടെ ആ യുഗപുരുഷൻ കണ്ണടച്ചു..1948 ജനുവരി 30, വൈകിട്ട് 05:17 ന്...

1934 മുതൽ 4 തവണ  മഹാത്മജിക്കുനേരെ വധശ്രമമുണ്ടായി

1948 ജനുവരി 20ന് മദൻലാൽ പഹ്വ, മഹാത്മാവിനു നേരെ ബോംബെറിഞ്ഞു. അന്ന് ഗാന്ധിജി പറഞ്ഞത് "ഒരു ഭ്രാന്തന്റെ വെടിയേറ്റ് ഞാൻ മരിക്കുകയാണെങ്കിൽ, പുഞ്ചിരിച്ചുകൊണ്ട് മരിക്കണം" എന്നാണ്. 1934 മുതൽ 4 തവണ യുഗപ്രഭാവനു നേരെ വധശ്രമമുണ്ടായി. 1948 ജനുവരി 30 ലെ ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശോകമൂകമായ ആ വെള്ളിയാഴ്ചയാണ് ഗാന്ധി വെടിയേറ്റു മരിച്ചത്. 2000 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വെള്ളിയാഴ്ചയാണ് യേശുദേവനും കുരിശിലേറ്റപ്പെട്ടത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോടെ ഇന്ത്യ നിശ്ചലമായി. അപ്പോൾ ബർണാഡ്ഷാ പറഞ്ഞു. "നല്ലവനായി ജീവിക്കുന്നത് എത്ര ആപത്കരമാണെന്ന് ഗാന്ധിയുടെ വധം തെളിയിച്ചിരിക്കുന്നു".

ഗാന്ധിജി കൊല്ലപ്പെട്ട വാർത്തയറിഞ്ഞെത്തിയ മൌണ്ട് ബാറ്റൺ,  കൊലയാളി ആരെന്ന് അറിയാതെതന്നെ വെടിവച്ചത് ഒരു ഹിന്ദുവാണെന്ന് പറഞ്ഞു. അല്ലെങ്കിൽ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് ഒരു വലിയ ഹിന്ദു- മുസ്ലീം വർഗീയ കലാപംതന്നെ പടർന്നുപിടിക്കുമായിരുന്നു. തുടർന്ന് പ്രധാനമന്ത്രി നെഹ്രുവും പട്ടേലുമായി മൌണ്ട് ബാറ്റൺ കൂടിയാലോചന നടത്തി. പട്ടേൽ ആദ്യം ചെയ്തതത് നെഹ്രുമന്ത്രിസഭയിൽ നിന്നുള്ള തൻ്റെ രാജിക്കത്ത് കീറി മഹാത്മാവിൻ്റെ പാദങ്ങളിൽ സമർപ്പിക്കുകയായിരുന്നു.

വൈകിട്ട് 5-45 ന് മഹാത്മാവിൻ്റെ വിയോഗവാർത്ത ആകാശവാണിയിലുടെ  നെഹ്രു ലോകത്തെ അറിയിച്ചു. "നമ്മുടെ ജീവിതത്തിൽ നിന്നും ലോകത്തിൽ നിന്നും ഒരു മഹാപ്രകാശം അസ്തമിച്ചിരിക്കുന്നു.'' രാജ്യവും ലോകവും വാർത്ത കേട്ട് നടുങ്ങി. സോവിയറ്റ് റഷ്യ ഒഴികെയുള്ള  ലോകരാജ്യങ്ങളെല്ലാം അനുശോചന സന്ദേശങ്ങൾ കൊണ്ട് ഗാന്ധിയോടുള്ള ആദരവ് പ്രകടമാക്കി. ഇന്ത്യയുടെ ഗ്രാമങ്ങൾ തേങ്ങി.  ജാതിമത ഭേദമന്യേ പ്രാർത്ഥനകൾ ഉയർന്നു. ഇന്ത്യയുടെ വിലാപം കണ്ണുനീരായ് ഒഴുകി.

അർദ്ധരാത്രിയോടെ ചേതനയറ്റ ശരീരം ബിർളാഹൗസിലെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് കൊണ്ടുവന്നു തറയിൽ കിടത്തി. തുന്നിയ ഖദർ തുണികൊണ്ട് പുതപ്പിച്ചു. പൂമാല ചാർത്തുന്നത് ഇഷ്ടമല്ലായിരുന്നു എന്നതിനാൽ ഗാന്ധി തന്നെ ചർക്കയിൽ തീർത്ത ഖദർ നൂൽ മാലയാക്കി മകൻ ദേവദാസ് മഹാത്മാവിനെ അണിയിച്ചു. പ്രിയ നേതാവിനെ കാണാൻ ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിന്ന്  ജനലക്ഷങ്ങൾ ഡൽഹിയിലേക്ക് ഒഴുകി. തലസ്ഥാനം ആർത്തനാദത്തിൻ്റെ  ജനസാഗരമായി. ഗാന്ധിജിയുടെ അന്ത്യയാത്രാചടങ്ങുകൾ നിയന്ത്രിക്കാനുള്ള ചുമതല ജവാൻമാരെതന്നെ ഏൽപ്പിച്ചു.

ജനുവരി 31- ന് രാവിലെ 11 മണിയ്ക്ക് സൈനിക വാഹനത്തിൽ മഹാത്മാവിൻ്റെ മൃതദേഹം രാജ്ഘട്ട് ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു. യന്ത്രങ്ങളോട് ഗാന്ധിജിയ്ക്ക് അനിഷ്ടം ഉള്ളതിനാൽ 250-ൽ പരം സൈനിക ഉദ്യോഗസ്ഥർ ശവമഞ്ചമേറിയ ആ  സൈനിക വാഹനം വലിച്ചുകൊണ്ടുപോയി. ഒരു മൈൽ പിന്നിടാൻ മാത്രം ഒരു മണിക്കൂർ!  അത്രയധികമായിരുന്നു ജനസഞ്ചയം. 

10 ലക്ഷത്തിൽപരം പുരുഷാരത്തെ സാക്ഷിയാക്കി നെഹ്രുവും പട്ടേലും മനുവും ആഭയും ചേർന്ന് അന്തിമചടങ്ങുകൾ നിർവ്വഹിച്ചു. വൈകിട്ട് 05 മണി 12 മിനുട്ട് ആയപ്പോൾ ചിതയ്ക്ക് തീകൊളുത്തി!  "മഹാത്മാ അമർ ഹോ ഗയാ" എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു.  പിന്നീട് മഹാത്മാവിൻ്റെ ചിതാഭസ്മം ഗംഗ ഏറ്റുവാങ്ങി. അപ്പോഴും 30 ലക്ഷത്തിൽപരം ജനത നിറഞ്ഞ കണ്ണുകളോടെ മഹാത്മാവിന് ജയ് വിളിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Prof. G. Balachandran

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More