കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെക്കൂടി കണ്ടെത്തി. മാണ്ഡ്യയില്വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഇനിയും നാലുപേരെ കൂടെ കണ്ടെത്താനുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുപിന്നാലെയാണ് വെളളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെയും കാണാതായത്.
ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. സംശയം തോന്നിയ അപ്പാര്‍ട്ട്മെന്റിലെ മറ്റ് അന്തേവാസികള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും അപാര്ട്ട്മെന്റിലുളളവര് പിടിച്ചുവെച്ച് മടിവാള പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുട്ടികള്‍ ബംഗളുരുവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ ചേവായൂര്‍ സി ഐയും സംഘവും രാത്രിയോടെ ബംഗളുരുവിലേക്ക് തിരിക്കുകയായിരുന്നു. ഇനിയും കണ്ടെത്താനുളള നാല് കുട്ടികള്‍ ഗോവയിലേക്ക് കടന്നിട്ടുണ്ടാവുമെന്നാണ് സൂചന. കുട്ടികള്‍ ഗോവയിലുളള സുഹൃത്തുമായി ബന്ധപ്പെട്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഗോവ പൊലീസുമായും ഹോട്ടലുടമകളുമായും കേരളാ പൊലീസ് ബന്ധപ്പെടുന്നുണ്ട്.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുശേഷം പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍ നിന്നും ഏണിമാര്‍ഗം ഇറങ്ങിപ്പോയി എന്നാണ് പ്രാഥമിക നിഗമനം. കാണാതായ ആറുപേരില്‍ അഞ്ചുപേരും കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാറാണ് കേസെടുത്തത്.