പനാജി: തെരഞ്ഞെടുപ്പില്‍ വിജയിച്ചുകഴിഞ്ഞാല്‍ കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യാനുളള തീരുമാനം സ്ഥാനാര്‍ത്ഥികള്‍ സ്വയം എടുത്തതാണെന്ന് ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത്. 'സത്യപ്രതിജ്ഞ ചെയ്യാനുളള തീരുമാനം സ്ഥാനാര്‍ത്ഥികള്‍ കൂട്ടായി എടുത്ത് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. എങ്കില്‍ പ്രതിജ്ഞ ചെയ്യുന്നത് ആരാധനാലയങ്ങളില്വെച്ചാവാം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് കോണ്‍ഗ്രസ് നേതൃത്വമാണ്. പാര്‍ട്ടി ആരെയും നിര്‍ബന്ധിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചിട്ടില്ല. എന്നാല്‍ ഈ സത്യപ്രതിജ്ഞാ ചടങ്ങ് ജനങ്ങള്‍ക്ക് ഞങ്ങളുടെ മേല്‍ വിശ്വാസം നേടാന്‍ ഉപകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ദൈവഭയമുളള സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞ വാക്കില്‍ നിന്ന് പിന്മാറില്ല'- ദിഗംബര്‍ കാമത്ത് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2017-ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് ഗോവക്കാര്‍ എന്തിന് വോട്ടുചെയ്യണം എന്ന ചോദ്യത്തിന് 2017-ല്‍ തങ്ങള്‍ അല്‍പ്പം വൈകിപ്പോയി. അതിന് ഗോവക്കാരോട് ക്ഷമ ചോദിക്കുകയാണ്. അന്ന് ബിജെപി നിയമവിരുദ്ധമായാണ് സര്‍ക്കാരുണ്ടാക്കിയത്. ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയായിരുന്നു. 2017-ല്‍ ബിജെപിയെ തളളിയവരാണ് ഗോവയിലെ സമ്മതിദായകര്‍. 2022-ലും അത് ആവര്‍ത്തിക്കും എന്നായിരുന്നു ദിഗംബര്‍ കാമത്തിന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗോവയില്‍ ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാര്‍ത്ഥികളെ കൊണ്ടാണ് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞ എടുപ്പിച്ചത്. 2017-ലെ തെരഞ്ഞെടുപ്പില്‍ 17 പേരെ വിജയിപ്പിച്ച് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ജയിച്ചു വന്നവര്‍ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോയതോടെ കോണ്‍ഗസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കേവലം രണ്ട് എം എല്‍ എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഉള്ളത്. ഫെബ്രുവരി 14-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല അവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണം ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമാക്കിയതോടെയാണ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത്.