ഡല്‍ഹി: വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രസംഗം തടസപ്പെട്ട് വെപ്രാളപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്തിനു പിന്നാലെ മോദിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ടെലിപ്രോംപ്റ്ററിനുപോലും ഇത്രയധികം നുണകള്‍ താങ്ങാനായില്ല'എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയെ ഓണ്‍ലൈനായാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ആഗോളതലത്തില്‍ നിരവധി നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. 2022-ലെ ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പറയുന്ന സെഷനില്‍ വെച്ചാണ് മോദിക്ക് അമളി പറ്റിയത്.
അദ്ദേഹത്തിന്റെ ടെലിപ്രോംറ്റര്‍ പ്രവര്‍ത്തന രഹിതമായി. ഇതോടെ മോദിയുടെ പ്രസംഗം പകുതിക്കുവെച്ച് തടസപ്പെട്ടു. ടെലിപ്രോംറ്റര്‍ നിന്നതോടെ മോദി പ്രസംഗം നിര്‍ത്തി മോഡറേറ്റോട് താന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു. വ്യക്തമായി കേള്‍ക്കുന്നുണ്ടെന്നും പ്രസംഗം തുടര്‍ന്നോളു എന്നും മോഡറേറ്റര്‍ പറഞ്ഞിട്ടും പ്രസംഗിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും സ്ക്രീനിന്റെ ഒരു ഭാഗത്തേക്ക് നോക്കുന്നതും കാണാം. ഈ സീനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എന്തിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത് എന്നുപോലും അറിയാതെയാണ് മോദി പ്രസംഗിച്ചത് എന്നും സ്വന്തമായി ഒരുവിഷയത്തില്‍ സംസാരിക്കാന്‍ പോലും മോദിക്ക് സാധിക്കുന്നില്ല എന്നുമാണ് സമൂഹമാധ്യമങ്ങളിലുയരുന്ന പ്രധാന വിമര്‍ശനം. ഇന്ന് മോദിയുടെ ഓഫീസിലെ ടെക്നീഷ്യന്മാരുടെ ജോലി പോകും. പാവം ടെക്നീഷ്യന്മാര്ക്കെതിരെ യുഎപിഎ ചുമത്തില്ലെന്ന് പ്രതീക്ഷിക്കാം തുടങ്ങിയ ആക്ഷേപ കമന്റുകളും വീഡിയോയ്ക്കു താഴെ വരുന്നുണ്ട്.