മുസിരിസിലെ വീഞ്ഞുഭരണികള്‍- പി പി ഷാനവാസ്

മുസിരിസ് തുറമുഖ പട്ടണത്തിന്റെയും സംസ്കാരത്തിന്റെയും ശേഷിപ്പുകളുടെ ഖനനവും അന്വേഷണവും നടക്കുന്ന 'പട്ടണം' പ്രദേശത്തുകൂടി തിരുവനന്തപുരം വരെ സംഘമായി നടത്തിയ ഒരു യാത്രയെ അതിന്റെ സൂക്ഷമതകളില്‍ ഓര്‍ത്തെഴുതുകയാണ് എഴുത്തുകാരനും കലാനിരൂപകനും ചരിത്രകുതുകിയും മാധ്യമപ്രവര്‍ത്തകനുമായ പി പി ഷാനവാസ്. 'എറിത്രിയന്‍ കടലിലെ കപ്പലോട്ടങ്ങള്‍' എന്ന ദീര്‍ഘ യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. 

ഭാഗം- 4 

ആതിര കണ്ടെത്തിയ പട്ടണം

ആദ്യം നമുക്ക് വഞ്ചി കണ്ടെടുത്ത സ്ഥലം സന്ദര്‍ശിക്കാം, അപ്പോഴേക്കും അമ്പലത്തില്‍ ഉല്‍സവത്തിനുപോയ ആതിര വരും. അവളാണ് പട്ടണം മുചിരി പട്ടണത്തിന്‍റെ ഭാഗമാണെന്ന കണ്ടെത്തലിലേക്കു നയിക്കാന്‍ ഇടയാക്കിയത്. ആതിരയുടെ വീടുവഴി ഞങ്ങള്‍ പൗരാണിക കടവും, ആഞ്ഞിലി മരത്തില്‍ തീര്‍ത്ത വഞ്ചിയുടെ ഭാഗങ്ങളും കണ്ടെടുത്ത പറമ്പിലേക്കു നടന്നു. ഇടവഴികളിലൂടെ നടന്നപ്പോള്‍ ആതിരയുടെ വീടിനു പിന്നാമ്പുറത്തുള്ള പ്രേതബാധയേറ്റ ആ പറമ്പിലെത്തി. മുന്നി ഉല്‍സാഹത്തില്‍ കൂടെയുണ്ട്. ഇത് ക്രിസ്തു ജീവിച്ചിരുന്ന കാലത്തെ ഒരു വഞ്ചിയുടെ ഭാഗം കണ്ടെടുത്ത സ്ഥലമാണ്.

''അപ്പോള്‍ ഇവിടെ അന്ന് ഒരു പുഴയായിരിക്കില്ലേ?''- മുന്നി ചോദിച്ചു.

''അതെ, പെരിയാറിനെയും കടലിനേയും ബന്ധിപ്പിക്കുന്ന അത്തരം വെള്ളച്ചാലുകള്‍ ഈ ഭാഗത്ത് നിരവധിയാണ്. അക്കൂട്ടത്തിൽ പൗരാണിക കാലത്ത് നിലനിന്നിരുന്ന ഒന്നായിരിക്കാം ഇവിടുത്തേത്.''

''കടത്ത്!, അല്ലേ?''- അവര്‍ ചോദിച്ചു.

''അതെ, നീ ശരിയായി പറഞ്ഞു. ക്രിസ്തുവിന്‍റെ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു കടത്ത്. പട്ടണത്തേക്ക് വസ്തുവകകള്‍ എത്തിയിരുന്ന വഴികളിലൊന്ന് ഇതായിരിക്കണം. ഇവിടെനിന്ന് പെരിയാര്‍ പുഴ വഴി സമുദ്രത്തില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്. ആ വിധം സങ്കല്‍പിച്ചു നോക്കൂ. അപ്പോഴേക്കും ഷീജയും സംഘവും എത്തി. ഞാനവളോടു പറഞ്ഞു, ഏഴിലംപാല പോലുള്ള സസ്യങ്ങള്‍ ഈ പറമ്പിലുണ്ടായിരുന്നു. ഉയരത്തിലുള്ള വെള്ളിലച്ചെടികള്‍. മുന്നി വഞ്ചിയുടെ ഭാഗവും കടത്തിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയ, പൗരാണികതയെ ഗര്‍ഭം ധരിച്ച ആ പറമ്പിന്‍റെ ഭാഗങ്ങള്‍ ക്യാമറയിൽ പകര്‍ത്തി. തിരിച്ചുപോരുമ്പോള്‍ മണ്ണിനുമുകളിൽ കണ്ട ഏതോ പാത്രക്കഷ്ണങ്ങള്‍ രണ്ടെണ്ണം നിലത്തു നിന്ന് പെറുക്കിയെടുത്ത് ഞാന്‍ തുമ്പി എന്ന നോറയ്ക്ക് നല്‍കി. അവള്‍ കീശയില്‍ ഓരോന്നു പെറുക്കി ശേഖരിയ്ക്കാന്‍ തുടങ്ങി.

തിരിച്ചുനടന്നപ്പോള്‍ അടുത്തുള്ള പാര്‍ട്ടി സഖാവ് ആതിരയെ വീട്ടില്‍ വിളിച്ചെത്തിച്ചിട്ടുണ്ട്. ആതിര മുതിര്‍ന്ന കുട്ടിയായി. അന്ന് ട്രഞ്ച് എടുക്കുന്നതിൽ പട്ടണം ഗവേഷകരോടൊപ്പം വോളണ്ടിയറായി ഞാന്‍ പ്രവര്‍ത്തിച്ച കാലത്ത്, അവള്‍ കൗമാരത്തിലേക്ക് കാലൂന്നിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മുത്തുകളുടെയും പവിഴങ്ങളുടെയും സൂക്ഷിപ്പുള്ള ആതിരയെപ്പറ്റിയുള്ള അറിവുകള്‍, അവളെ ഒരു സര്‍റിയലിസ്റ്റ് സൗന്ദര്യമാക്കിയിരുന്നു. ചിറകുകളുള്ള കറുത്ത മാലാഖ. ഇപ്പോള്‍ അവള്‍ യൗവനത്തിലേക്ക് തുള്ളിയിറങ്ങുകയാണ്. അവളുടെ ശേഖരത്തിലെ മുത്തുകളും പവിഴക്കഷ്ണങ്ങളും അതില്‍നിന്ന് അവള്‍ കോര്‍ത്ത മാലകളും കാണാന്‍ ഞങ്ങള്‍ ചുറ്റും കൂടി. നസീന ഓരോ മുത്തും മാലയും ഇരുന്ന് പരിശോധിക്കാന്‍ തുടങ്ങി. ഞാനവളെ സഹായിച്ചു. സൈന്ധവ സംസ്കൃതി മുതല്‍ ഉപയോഗിച്ചുപോരുന്ന, പട്ടണത്തും തുടര്‍ച്ച സൂക്ഷിക്കുന്ന ചുവന്നു തിളങ്ങുന്ന കാര്‍ണീലിയന്‍ പവിഴക്കഷ്ണം കാണിച്ചുകൊടുത്തു. ഗുജറാത്ത് ഭാഗത്തുനിന്നുള്ളവയാണ് ഈ സെമി പ്രെഷ്യസ് സ്റ്റോണ്‍. ഗുജറാത്തിലെ കച്ച് പ്രദേശങ്ങളിലൂടെയും മറ്റും വ്യാപിച്ചു കിടന്ന സൈന്ധവ സംസ്കൃതീ ഭൂതകാലത്തിന്‍റെ പാരമ്പര്യം പേറുന്നവയാണവ. പിന്നെ പച്ച നിറമുള്ള അമിത്യയോസ്. വയലറ്റു നിറമുള്ളവ. ബെറില്‍, ക്വാര്‍ട്സ്, അഗെറ്റ്, കാല്‍സെഡോണി, ഒണിക്സ്. നാഗരികജീവിതത്തിന്‍റെ അടയാളങ്ങള്‍. അലങ്കരിക്കാനും സുഗന്ധം പൂശാനും ആഭരണവിഭൂഷിതമാകാനുമുള്ള സംസ്കാരങ്ങളുടെ വെമ്പലുകള്‍. അതാണു പട്ടണത്തെ സ്മൃതികള്‍. ആര്‍ക്കിയോളജിക്കല്‍ മെമറീസ്.  സംഘം പതുക്കെ വിസ്മയത്തിലേക്കുണര്‍ന്നു. ആതിരയ്ക്കും അവളുടെ സര്‍പ്പഭംഗിക്കും സ്തുതി പറഞ്ഞ് നൂറുറുപ്പിക സമ്മാനം കൊടുത്ത്, അവളെ ഫോട്ടോ സ്നാപ്പില്‍ ജ്ഞാനസ്നാനം ചെയ്ത് ഞങ്ങള്‍ പട്ടണത്തെ പടപ്പറമ്പ് വീട് സൈറ്റിലേക്കു നീങ്ങി. അവിടെ ഇപ്പോള്‍ മുസ്സ് മ്യൂസിയം ഉയരുകയാണ്.

പട്ടണത്തിലെ  പടപ്പറമ്പ്

പട്ടണത്തെ വോളണ്ടിയര്‍ പരിശീലനകാലത്ത് ഞാന്‍ പടപ്പറമ്പ് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കെ സി എച്ച് ആര്‍ വാങ്ങുന്നതിനുമുമ്പ്, ദരിദ്രരായ ഒരു നായര്‍ കുടുംബത്തിന്‍റെ വകയായിരുന്നു അത്. അവിടെ പാര്‍ത്ത ആ സായാഹ്നങ്ങളില്‍ പടപ്പറമ്പ് എന്ന പേര് പല ചരിത്രവിസ്മയങ്ങളിലേക്കും ചര്‍ച്ച കൊണ്ടുപോയിരുന്നു. വേലി കെട്ടാന്‍ പോകുന്ന കുടുംബി സമുദായാംഗമായ ചേട്ടനും പട്ടണം സൈറ്റിന്‍റെ കാവല്‍ക്കാരനായിരുന്ന വാസുവേട്ടനുമായിരുന്നു ആ സായാഹ്നത്തിലെ കൂട്ട്. രാജാവിന്‍റെ പട പാര്‍ത്തിരുന്ന സ്ഥലമായതിനാലാണ് പടപ്പറമ്പ് എന്ന പേരുവന്നത് എന്നും മറ്റും ചര്‍ച്ചകള്‍. ഏത് രാജാവെന്നോ എപ്പോഴുള്ള സംഭവമെന്നോ അറിയില്ല. തൊട്ടടുത്ത പറമ്പില്‍ നീലീശ്വരം ശിവക്ഷേത്രവും അമ്പലക്കുളവുമുണ്ട്. പട്ടണം ഉദ്ഖനനത്തിന്‍റെ ആദ്യകാലത്ത് ക്ഷേത്രം മനോഹരമായ നിര്‍മിതിയായിരുന്നു. കുളക്കടവിലും അമ്പലത്തിലും എല്ലാവര്‍ക്കും ചെല്ലാം. ചുറ്റുമതിലിന്‍റെയോ കാര്‍മികത്വത്തിന്‍റെയോ കാവൽ ഭടന്മാരുടെയാ തടസ്സമില്ല. ആദ്യത്തെ പട്ടണം യാത്രയില്‍ കുളക്കടവില്‍ ഞങ്ങള്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടു. അജിത്തും മെഹ്ജൂബും രാജേഷും ജംഷിയും ഒരുമിച്ച ആദ്യ പട്ടണം യാത്ര. അന്ന് ചെറിയാനും പണിക്കര്‍മാഷുമെല്ലാം അവിടെ ഉണ്ടായിരുന്നു. പടപ്പറമ്പ് പുരയിടത്തിന്‍റെ പിന്നാമ്പുറത്ത് മൂന്നു വലിയ കുഴികളെടുത്ത് പര്യവേക്ഷണം നടത്തുന്നു. ഏതാനും വിദേശ ഗവേഷണ വിദ്യാര്‍ഥികളും അന്ന് പര്യവേക്ഷണത്തില്‍ പങ്കെടുക്കുകയുണ്ടായി.

ആ സീസണില്‍ തന്നെ ഒറ്റയ്ക്കു ചെന്നെത്തിയ മറ്റൊരു പട്ടണം സന്ദര്‍ശനത്തിൽ അവിടെ ഗ്ലാസില്‍ സ്പെഷ്യലൈസ് ചെയ്തിരുന്ന ഒരു ഐറിഷ് വിദ്യാര്‍ഥിയെ പരിചയപ്പെട്ടിരുന്നു. ഗ്ലാസ് ഒരു പ്രീ ഇസ്ലാമിക് ചരിത്ര വസ്തുവാണെന്ന് അവന്‍ പറഞ്ഞപ്പോള്‍ അത് പല നിലയില്‍ എന്നെ പിറകോട്ട് കൊണ്ടുപോയി. ഗ്ലാസ് റൂബീസിന്‍റെ കണ്ടുപിടിത്തവും പ്രവാചകത്വത്തിന്‍റെ സ്വഭാവവും മറ്റും സംവദിക്കുന്ന ഹെര്‍സോഗിന്‍റെ ഗ്ലാസ് റൂബികളെക്കുറിച്ചുള്ള സിനിമയുടെ സര്‍റിയലിസം. ചുട്ടുപൊള്ളുന്ന ഗ്ലാസ് മൂശകളും ഉരുകിയൊലിക്കുന്ന ഗ്ലാസ് ലായനികളും ചുവന്ന തലപ്പൂവുള്ള കോഴിയുമായി അലഞ്ഞ് ഭാവിയെ പ്രവചിക്കുന്ന കഥാപാത്രവും എല്ലാം ഒരു ബിബ്ളിക്കല്‍ ലോകത്തെ തുറക്കുന്നതായിരുന്നു.

വസ്തുക്കള്‍ മനുഷ്യരോട് അവരുടെ ചരിത്രം പറയുമ്പോള്‍ 

പുരാവസ്തു വിജ്ഞാനീയത്തെ സംബന്ധിച്ചിടത്തോളം, ഒരു കല്ലോ, പാത്രക്കഷ്ണമോ, ഇരുമ്പുകരണമോ, സെറാമിക്സ് പൊട്ടോ, ചുണ്ണാമ്പോ, ഇഷ്ടികക്കഷ്ണമോ, ഗ്ലാസ് തരിയോ, വര്‍ണ്ണക്കല്ലോ എന്തുമാവട്ടെ അത് ചരിത്രത്തിന്‍റെ അടയാളങ്ങള്‍ വഹിക്കുന്നവയാണ്. ആര്‍ക്കിയോളജിയില്‍ എല്ലാ വസ്തുവിനും ഒരു പുരാവസ്തുമൂല്യമുണ്ട്. ഓരോ വസ്തുവും ഒരു പുരാശാസ്ത്രം പറയുന്നു. അങ്ങിനെ വസ്തുക്കള്‍ മനുഷ്യരോട് അവരുടെ ചരിത്രം പറയുന്നു. നാം ഉപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കളുടെ നാഗരിക ചരിത്രമാണ് ആര്‍ക്കിയോളജി പറയുന്നത്. അങ്ങിനെ വര്‍ത്തമാനത്തിനു തന്നെ ഒരു പുരാവസ്തു വിജ്ഞാനീയമുണ്ട്. നാം നമ്മുടെ നാഗരിക ചരിത്രത്തിന്‍റെ മുദ്രയണിഞ്ഞവരാണ്. ഉപയോഗിക്കുന്ന വസ്തുക്കളുടെ ചരിത്രം തന്നെയാണ് പുരാവസ്തു ശാസ്ത്രം പറയുന്നത്. സംസ്കാരങ്ങളിലൂടെ കൈമാറി വന്ന വസ്തുനിര്‍മാണത്തിന്‍റെ ചരിത്രം.

മ്യൂസിയം മുറ്റത്ത് പ്രദര്‍ശിപ്പിച്ച ചില പഴയ ബോര്‍ഡുകളില്‍ ആര്‍ക്കിയോളജിയെ അവര്‍ നിര്‍വചിച്ചിരിക്കുന്നത് ഞാന്‍ കുട്ടികള്‍ക്ക് വായിച്ചു കൊടുത്തു: പുരാവസ്തു ശാസ്ത്രം വസ്തുക്കളും മനുഷ്യരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ്. വിവിധ ശാസ്ത്രശാഖകള്‍ ഒന്നിച്ചു വരുന്ന പഠനമേഖലയാണ്. പാലിയോ ആര്‍ക്കിയോളജി പോലെ, പെണ്ണുങ്ങളെ പിടിക്കാന്‍ ഫെമിനിസ്റ്റ് ആര്‍ക്കിയോളജിയുമുണ്ടെന്ന് വിവരണത്തില്‍ നിന്ന് കാണിച്ചുകൊടുത്തു. ആന്‍റിക്യൂറിയന്‍ താല്‍പര്യത്തില്‍ നിന്ന്, അതായത് പുരാവസ്തു ശേഖരണ ഭ്രമക്കാരില്‍ നിന്നാണ് ഈ ശാസ്ത്രശാഖ ഉണ്ടായത്. ഇരുപതാം നൂറ്റാണ്ടിലാണ് ശക്തി പ്രാപിച്ചത്. താരതമ്യേനെ പുതിയ വിജ്ഞാനശാഖയാണ്. അതിനാല്‍ പുരാവസ്തു വിജ്ഞാനീയം നിത്യാന്വേഷണത്തിന്‍റെ ശാസ്ത്രമാണ്. തീര്‍പ്പുകളേക്കാള്‍ നീട്ടലുകളും സൂചനകളുമാണ് ഈ ശാസ്ത്രം പറയുന്നത്.രയുന

രേഖീയമായ ചരിത്രത്തിന്‍റെ ഗതിയെ അത് കുറുകെയും വിലങ്ങനെയും വെട്ടിമുറിക്കുന്നു. ചരിത്രത്തിന്‍റെ മുന്നോട്ടുപോക്ക്, സങ്കീര്‍ണ്ണവും പുരോഗതിയോടൊപ്പം ആവര്‍ത്തിച്ചുള്ള പുരുത്ഥാന ഘട്ടങ്ങളും കൊണ്ട്, ഒരു ചുറ്റുഗോവണിയുടെ മട്ടിലാണത് മുന്നോട്ടുപോകുന്നത്. പൗരാണികതയുടെ സംസ്കാരിക സ്വരൂപങ്ങള്‍ പരിഷ്കാരികളുടെ പൊങ്ങച്ചങ്ങളേക്കാള്‍ ഉയരത്തിലും ഉത്കൃഷ്ടവുമാണെന്നു തെളിയിക്കുന്നു. ആധുനികതയുടെ പിന്മടക്കമില്ലാത്ത പുരോഗമന വാജ്ഞയ്ക്ക് വിള്ളലേല്‍പിക്കുന്നു. ആ മുന്നോട്ടുള്ള പോക്കില്‍ തമോഗര്‍ത്തങ്ങളും വിള്ളലുകളും വിലക്കുകളുമുണ്ടെന്ന് താക്കീതു നല്‍കുന്നു. കണ്ടെത്തലുകള്‍ അന്വേഷണങ്ങളെ ഏകാഗ്രമാക്കുകയല്ല, ബഹുവിധവും ബഹുരൂപിയുമാക്കുകയാണ്. ടാഗോര്‍ എഴുതിയ ചരിത്രത്തെക്കുറിച്ചുള്ള ഒരു കവിതയും ബോര്‍ഡിലുണ്ട്. അതെല്ലാം മുന്നിയുടെ ക്യാമറ സ്കാന്‍ ചെയ്തു.

മുസിരിസിലെ വീഞ്ഞുഭരണികള്‍ പറയുന്ന കഥകള്‍ 

മ്യൂസിയത്തിനുള്ളില്‍ ഉറക്കം പിടിച്ചിരുന്ന സന്തോഷ് ഇറങ്ങിവന്നു. അവനെ ഞാന്‍ പരിചയപ്പെടുത്തി. ട്രഞ്ചിലെ പ്രാദേശികമായ പാത്രക്കഷ്ണങ്ങളെ തിരിച്ചറിയുന്നതിനും വേര്‍തിരിക്കുന്നതിനും സഹായിക്കാനായി അവന്‍റെ ഭാര്യ രജിത അവിടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിരുന്നു. ചെറായിയിലാണ് അവരുടെ വാസം. പണിതുകൊണ്ടിരിക്കുന്ന മ്യൂസിയം സ്പേസ് അവന്‍ തുറന്നുതന്നു. അവിടെ ആംഫോറയുടെ മാതൃക ഉണ്ടാക്കിവെച്ചിട്ടുണ്ട്. തുമ്പി എന്ന നോറയ്ക്ക്, തെക്കന്‍ ഇറ്റലിയിലെ വിവിധ പ്രദേശത്തുനിന്ന് മുസിരിസില്‍ എത്തിയിരുന്ന വീഞ്ഞുഭരണികളെക്കുറിച്ച് പറഞ്ഞുകൊടുത്തു. റോമന്‍ ആംഫോറ കഷ്ണങ്ങള്‍ റോമില്‍ അഗസ്റ്റസീസിന്‍റെ കാലം മുതല്‍ അവര്‍ കേരളതീരത്തേക്കു നടത്തിയ സമുദ്രായനങ്ങളുടെ കഥ പറയുന്നതാണ്. അത് ലോകത്തെ സാമ്രാജ്യ രൂപീകരണങ്ങളുടെ ഒരു ഘട്ടവുമാണ്. ഈജിപ്തില്‍ ക്ലിയോപാര്‍ടയുടെയും മറ്റും കാലം. ജൂലിയസ് സീസറിനു മുമ്പുള്ള റോം. അഗസ്റ്റീസ് സീസറാണ് പൗരാണിക റോമന്‍ സാമ്രാജ്യം സ്ഥാപിച്ചത്. ഈജിപ്ത് റോമിന്‍റെ കൈവശമായതോടെ ബെര്‍ണിക്കാ തുറമുഖം വഴി ഏഷ്യന്‍ വന ഉല്‍പന്നങ്ങളുടെ വ്യാപാരം റോമിലേക്കും പടര്‍ന്നു. ബെര്‍ണിക്കയില്‍ നിന്ന് കരമാര്‍ഗം അലക്സ്രാണ്ട്രിയയില്‍ എത്തിച്ചാണ് അന്ന് കുരുമുളകും ഏലവും ഇഞ്ചിയും തേക്കും മാനും മയിലും പുലിയും റോമിലെത്തിയിരുന്നത്. അതില്‍ കുരുമുളക് ഏറ്റവും പ്രധാനം. മാംസം കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കാന്‍ കുരുമുളകിന് കഴിഞ്ഞു എന്നതായിരിക്കാം പാശ്ചാത്യലോകത്തിന്റെ അതിനോടുള്ള അഭിനിവേശത്തിന് ഒരു കാരണം. ഇന്തോനേഷ്യയില്‍ നിന്ന് കുരുമുളകാവശ്യം നിറവേറ്റുന്നതുവരെ കേരളതീരം കുരുമുളകിനായി കപ്പലുകളടുക്കുന്ന സ്ഥലമായി. തമിഴ്നാടിനോടു ചേര്‍ന്ന് നില്‍ക്കുന്ന കേരളതീരത്ത് കാവേരിപൂംപട്ടണവും വിഴിഞ്ഞവും മുചിരി പട്ടണവും പൊന്നാനിയും പൂംപുഹാറും ചാലിയവും ബേപ്പൂരും പന്തലായനിക്കൊല്ലവും കോഴിക്കോടും കണ്ണൂരിലെ പഴയങ്ങാടിയും അങ്ങിനെ പൗരാണിക തമിഴകലോകത്തെ പ്രകൃതിദത്ത തുറമുഖങ്ങളായി നിലകൊണ്ടു. മുത്തും പവിഴവും വീഞ്ഞും അലങ്കാരവസ്തുക്കളും സുഗന്ധദ്രവ്യങ്ങളും പരസ്പരം കൈമാറി. തേക്കും മാനും മയിലും കടല്‍ കടന്നു. തുറമുഖങ്ങള്‍ക്കകത്ത് കരകൗശല വസ്തുക്കളുടെയും മറ്റും നിര്‍മാണ-കൈമാറ്റ കേന്ദ്രങ്ങളും ഉണ്ടായി. പട്ടണം മുചിരി കാലത്തെ കരകൗശല വസ്തുക്കളുടെയും പാത്രനിര്‍മാണ യൂണിറ്റുകളുടെയും എംപോറിയമായിരിക്കാനിടയുണ്ട് എന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

മ്യൂസിയം കെട്ടിടം ഉയരുന്നിടത്ത്, പടപ്പറമ്പ് വീടിന്‍റെ പിന്‍ഭാഗത്ത്, നീലീശ്വരം ക്ഷേത്രകുളത്തിനരികിലായി, മൂന്ന് ട്രഞ്ചുകളെടുത്ത് പരിവേക്ഷണ സംഘം കാര്യമായി പഠനം നടത്തുന്ന കാലത്താണ് ആദ്യം പട്ടണത്തെത്തിയത് എന്നു പറഞ്ഞല്ലോ, ഒരു പ്രഭാതത്തില്‍. അന്നത്തെ പട്ടണത്തെ പ്രഭാതവെയില്‍ സവിശേഷമായിരുന്നു. മഴക്കാലത്തിന്‍റെ തുടക്കം. തലേന്നത്തെ മഴ കഴുകി വൃത്തിയാക്കിയ ഇലച്ചാര്‍ത്തുകളില്‍ തട്ടിവീഴുന്ന സൂര്യപ്രകാശം പ്രദേശത്താകെ ഔഷധാന്തരീക്ഷം തീര്‍ത്തു. ആ പ്രഭാതവെയിലിലെ ഞങ്ങളുടെ ഉന്മേഷവും തിളക്കവും ജംഷി ക്യാമറയില്‍ പകര്‍ത്തിയത് വളരെ മനോഹരമായിരുന്നു. ട്രെഞ്ചില്‍ വെള്ളം നിറയാന്‍ തുടങ്ങിയതിനാല്‍ ആ സീസണ്‍ തീരാന്‍ തുടങ്ങുകയായിരുന്നു. കറുത്ത ടീര്‍ഷട്ടും ആര്‍ക്കിയോളജിസ്റ്റിന്‍റെ തൊപ്പിയുമണിഞ്ഞ്, പാത്രക്കഷ്ണങ്ങള്‍ക്കിടയില്‍ മഷിനോട്ടക്കാരനായി ചെറിയാന്‍ സാര്‍ സൈറ്റിലുണ്ട്. സംഘത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരിയായി അദ്ദേഹം മറുപടി നല്‍കി. ഇഞ്ചിപ്പരുവത്തിലായ ആര്‍ട് ഫാക്ടുകള്‍ അദ്ദേഹം കാണിച്ചുതന്നു. ഒരു മുഴുവന്‍ രൂപം കണ്ടുകിട്ടാത്ത നിലയില്‍ എല്ലാം തുമ്പും തുഞ്ചവും കഷ്ണവുമായാണ് പട്ടണത്തെ ആര്‍ട് ഫാക്ടുകളുടെ സ്വഭാവം. വലിയ തോതില്‍ ഇളക്കിമറിക്കലുകള്‍ സൈറ്റില്‍ കാലാകാലങ്ങളിലായി നടന്നിട്ടുണ്ടാകും എന്നര്‍ത്ഥം. സ്വരൂപത്തില്‍ ഒന്നും ലഭിക്കുന്നില്ല. എന്നാല്‍ മണ്‍സൂണ്‍ മഴ മണ്ണിളക്കിക്കൊണ്ടുപോകുന്ന കേരളത്തിന്‍റെ മണ്ണടരുകളില്‍ ഇതെങ്കിലും ലഭിച്ചത് മഹാഭാഗ്യം. അഞ്ചര കിലോമീറ്റര്‍ ചുറ്റളവില്‍ പട്ടണം ഒരു കൊച്ചുമണ്‍കുന്ന് തീര്‍ത്തിരിക്കുന്നു, വരും തലമുറയ്ക്ക് കുഴിച്ചുചെല്ലാന്‍ പാകത്തില്‍ പ്രകൃതി അരുമയായി സൂക്ഷിച്ച സാംസ്കാരിക ചരിത്ര നിക്ഷേപത്തെ ഉള്ളിലൊതുക്കിക്കൊണ്ട്. കെഎസിഎച്ച്ആര്‍ ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കരും മറ്റും വരുന്നതിനാല്‍ അന്നവിടെ വിവിധ സീസണുകളിലെ പര്യവേക്ഷണത്തില്‍ കണ്ടെടുത്ത ആര്‍ട്ഫാക്ടുകളെല്ലാം നിരത്തി പ്രദര്‍ശനത്തിനുവെച്ചിരുന്നു. ഉച്ചയായപ്പോള്‍ പണിക്കര്‍ മാഷെത്തി. അദ്ദേഹം എന്‍റെ കടുത്ത കുങ്കുമനിറത്തിലുള്ള ടീഷര്‍ട് കണ്ട് തുറിച്ചുനോക്കി,

''എപ്പോഴെത്തി?''  ചോദ്യം വന്നു.

''രാവിലെത്തന്നെ'' എന്ന സൂചനയില്‍ രഹസ്യങ്ങള്‍ കൈമാറി. അന്നവിടെ താമസിക്കണമെന്നും അന്നത്തെ രാത്രിയില്‍ അവിടെ പാര്‍ത്ത് പട്ടണത്തെ ആവാഹിക്കണമെന്നും ഞാന്‍ വിചാരിച്ചു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘത്തെ വിവിധനിലകളില്‍ പിളര്‍ത്തി. സ്വത്വഭിന്നതകളും ദമനം ചെയ്ത മനസ്സിന്‍റെ അടരുകളും പട്ടണത്ത് വാപിളര്‍ത്തുന്ന അനുഭവം എപ്പോഴുമുണ്ട്. വന്നെത്തുന്നവര്‍ക്ക് സ്വന്തം സ്വത്വത്തിന്‍റെ നങ്കൂരങ്ങള്‍ ഇളകിയാടുന്ന അനുഭവം. ആധുനികതയുടെ ദമനയന്ത്രത്തെ കേടുവരുത്തുന്ന മന:ശാസ്ത്രം. ഞാനാര് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്ന നേരം. മതബോധത്തിലും ജാത്യാഭിമാനത്തിലും ഉറപ്പിച്ച മന:സ്ഥിതികളുടെ കെട്ടുപൊട്ടിച്ച് കാറ്റുപിടിച്ച പായക്കപ്പല്‍ പോലെ സ്വത്വബോധങ്ങള്‍ കടല്‍കടന്നുപോകുന്ന സന്ദര്‍ഭങ്ങള്‍. ഒരു പാത്രക്കഷ്ണത്തിന്മേലുള്ള സ്പര്‍ശം നാഗരികതയുടെ പോയകാല കളിത്തൊട്ടിലിലേക്ക് കൊണ്ടുപോകുന്ന അനുഭവങ്ങള്‍. ഒരു മൊസാപൊട്ടാമിയന്‍ മീന്‍പാത്രക്കഷ്ണത്തിലൂടെ, ഒരു ടെര്‍ക്കോയിസ് പോട്ടറിക്കഷ്ണത്തിലൂടെ, ഇറാനിയന്‍ സിനിമകളില്‍ കണ്ടുപരിചയിച്ച പാര്‍പ്പിടങ്ങളുടെ മെസൊപൊട്ടാമിയന്‍ ഭൂതം പേറുന്ന കളിമണ്ണിനെ പൗരാണികമായി അറിയുന്ന വിധം. പോംബിയില്‍ നിന്നുള്ള ഒരു വീഞ്ഞുഭരണിക്കഷ്ണം, അവിടെ നടന്ന ഒരു അഗ്നിപര്‍വത സ്ഫോടനം കളിമണ്ണില്‍ ബാക്കിയാക്കിയ മിന്നല്‍ത്തരികള്‍ കൊണ്ട് തിളങ്ങുന്നതു കണ്ട് കണ്ണില്‍ വിസ്മയം പരക്കുന്ന നിമിഷങ്ങള്‍. നമ്മെ നാമാക്കിയത്, ഏതോ പൗരാണിക സംസ്കൃതികളുമായും വൈദേശിക സംസ്കാരങ്ങളുമായും ഉള്ള പാരസ്പര്യങ്ങളുടെയും ബാന്ധവങ്ങളുടെയും ഫലമാണെന്ന് തിരിച്ചറിയുന്ന വേളകള്‍. മണ്ണടരുകളില്‍ പൂണ്ടുപോകുകയും മേലാകാശങ്ങള്‍ പിളരുകയും സമുദ്രങ്ങള്‍ വെട്ടിപ്പിളരുകയും ചെയ്ത ബിബ്ളിക്കല്‍ ഭൂതങ്ങള്‍. ഒരു പുരാവസ്തു ഭൂപടത്തില്‍ ഛിന്നഭിന്നമാക്കപ്പെട്ട സംസ്കൃതിയുടെ അടയാളങ്ങള്‍ വഹിക്കുന്ന മണ്‍പാത്രക്കഷ്ണങ്ങളും മുത്തുകളും പവിഴക്കല്ലുകളും കാണുമ്പോള്‍, അതില്‍നിന്ന് ഭാവനയുടെ ചിറകുകളില്‍ ആലോചിച്ചും വ്യാഖ്യാനിച്ചും താരതമ്യപഠനം നടത്തിയും മുന്നേറേണ്ട ശകലങ്ങളുടെ കാഴ്ച. സത്യം സമഗ്രമായുള്ള ഒന്നല്ല, അത് ശകലങ്ങളില്‍ നിന്നാണ് ലഭിക്കുക എന്ന തിരിച്ചറിവ്. അറിവിന്‍റെ ശകലങ്ങള്‍. പരസ്പരബന്ധമൊന്നുമില്ലാതെ ചേര്‍ത്തുവെച്ച ഖുര്‍ആനിക സൂക്തങ്ങള്‍ പോലെയാണ് ആര്‍ക്കിയോളജിയുടെ അറിവ്. അത് ശകലങ്ങളിലും പൊട്ടിലും അഭാവത്തിലും അര്‍ത്ഥം കണ്ടെത്തുന്നു. വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാതെ വഴുതിപ്പോകുന്നു. പലപ്പോഴും അര്‍ത്ഥശൂന്യമാണ് എന്ന് പറയിപ്പിക്കുന്നു. ഒന്നും പറയാതെ എല്ലാം പറയുന്നു. ഒരു നൊട്ടേഷനിലൂടെ ഭാവം പകരുന്നു. അതീത സത്യങ്ങള്‍ എന്ന ടാഗോര്‍ കവിത പറയുന്നത് അതു തന്നെയല്ലേ?

Ateet (The Past) 

Why are you silent, oh past?

You have no beginning, nor any end-

All ages have poured their tales into you

Mingling so many life streams and thus

Losing their own voices.

Still, fearsome silence!

Why don't you speak?

You are not unconscious as I have felt,

Your stirrings in my heart at times

Dropping treasures from days bygone,

To enrich my life.

You work in silence-

In so many worlds,

But keep still and secret.

Oh, speak to my heart -

Of those forgotten by everyone else,

The stories of their lives, which you have stored-

Need a language, for others to know.

Oh Sage ! speak to me

And help me record and give voice

To those lost memories...............

...............................................................

.....................................................................

ഇനി ഞാന്‍ വോളണ്ടറിയായി പ്രവര്‍ത്തിച്ച ജാതിക്കാത്തോട്ടത്തില്‍ നിര്‍മിച്ച ട്രഞ്ചിന്‍റെ പ്രദേശം കാണാം. അതുകഴിഞ്ഞ് ഇപ്പോള്‍ ട്രഞ്ചുള്ള അന്നത്തെ ക്യാമ്പ് ഓഫീസിനു മുമ്പിലേക്കു പോകാം.

(തുടരും..)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

P P Shanavas

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More