ദിവ്യസ്നാനത്തിന്റെ ജോർദ്ദാൻ പുഴയില്‍ മുങ്ങി നിവര്‍ന്ന് - കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

ജോർദ്ദാന്‍ അതിരുകളില്ലാത്ത ആകാശമാകുന്നു

ബൈബിള്‍ വചനങ്ങളുടെ ശൈലി പിന്തുടര്‍ന്ന് പറഞ്ഞാല്‍ 'ജോർദ്ദാൻ അതിരുകളില്ലാത്ത ആകാശമാകുന്നു. ഏഷ്യൻ യൂറോപ്യൻ- ആഫ്രിക്കൻ സംസ്കൃതികൾ ഒന്നുചേരുന്ന ദേവസംഗമഭൂമിയായ ജോർദ്ദാൻ ഒരു പശ്ചിമേഷ്യൻ വിസ്മയമാണ്. ഭീകരതയുടെ ഭീതി നിഴലിക്കാത്ത മധ്യധരണ്യാഴിയിലെ 'ദൈവത്തിന്റെ പൂന്തോട്ടമായ' (Garden of God) ജോർദ്ദാൻ ഏറെ മനോഹരമാണ്. സംഘർഷത്തിലകപ്പെട്ട പലസ്തീനും, സിറിയക്കും, ഇറാഖിനുമിടയിൽ ആത്മാഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന കേരളത്തിൻ്റെ ഇരട്ടിയോളം മാത്രം വിസ്തൃതിയുള്ള ചെറുരാജ്യം! സ്വദേശികളോളം പരദേശികളും പ്രവാസികളും അതിലേറെ അഭയാർത്ഥികളായ  സിറിയക്കാരും, യമൻകാരും, പലസ്തീനികളുമായി ഒരു കോടിയോളമാണ് ജനങ്ങൾ.

പ്രാചീന നാഗരികതകളായ നബാത്തിയരുടേയും ഗ്രീക്കിൻ്റെയും റോമിൻ്റെയും അസീറിയയുടേയുമെല്ലാം ചിരപുരാതനവും നിത്യനൂതനവുമായ സംസ്കാരത്തെ നെഞ്ചോട് ചേർക്കുന്ന മണ്ണ്. പ്രവാചകരായ മോശയും എലീഷയും യേശുക്രിസ്തുവും, മുഹമ്മദ് നബിയും മുതൽ പുണ്യാളരായ ജോണും ഗീവർഗീസുമെല്ലാം മനുഷ്യവിമോചന മന്ത്രങ്ങള്‍ ഉരുവിട്ട പവിത്ര ഭൂമി. ചരിത്രത്തിൽ കയ്യൊപ്പു പതിപ്പിച്ച യുഗപ്രഭാവരായ അലക്സാണ്ടറും ക്ലിയോപാട്രയും ഹെറോഡും പോംപിയും മുതൽ ഖലീഫാ ഉമർ വരെയുള്ള ഭരണാധികാരികളുടെ പാദസ്പർശമേറ്റ നാടാണ്  ഇത്. ലളിത കലയിലും ശിൽപ്പ കലയിലും മൺപാത്ര നിർമ്മാണങ്ങളിലും സംസ്ക്കാരത്തിലും ഭക്ഷണ ശീലങ്ങളിലുമെല്ലാം തനതായ കൈമുദ്ര പതിപ്പിച്ച പ്രാചീന സംസ്കൃതി കൂടിയാണ് മദ്ധ്യധരണ്യാഴിയിലെ ഈ ഉദ്യാനം. ദിവ്യസ്നാനത്തിന്റെ ജോർദ്ദാൻ പുഴയും കാലത്തിനു തകർക്കാൻ പറ്റാത്ത അത്ഭുതമായ പെട്ര, ചരിത്രത്തിൻ്റെ നിധികുംഭമായ ജെറാഷ്,  കോട്ടകളുടെ ചക്രവർത്തിയായ ബെറാത്ത് എലാബത്ത്, പലായനത്തിൻ്റെയും അതിജീവനത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും കഥ പറയുന്ന സെവൻ സ്ളീപ്പേഴ്സ് കേവ്, കാലം മായ്ക്കാത്ത റോമൻ തിയേറ്ററുകൾ, മൊസൈക് നഗരമായ മദാബ.. അങ്ങനെ  പ്രകൃതിയുടെയും മനുഷ്യൻ്റെയും  കരവിരുതിൽ ഒരുക്കിയ ശിൽപ്പ സമുച്ചയങ്ങളുടെ പട്ടിക നീളുകയാണ്. ചുകന്ന സൂര്യോദയത്തിന് കാത്തുനില്ക്കുന്ന ചെങ്കടൽ, ആരെയും ആഴത്തിലേക്കെടുക്കാത്ത ചാവുകടൽ, ഭൂമിയിലെ ചൊവ്വ എന്നറിയപ്പെടുന്ന  വാദിറം, മാനിലെ ചൂടു നീരുറവ, വാദി മുജീബിലെ സാഹസിക ജലോദ്യാനം' ആത്മീയതയുടെ ഹൃദയശാന്തി പേറുന്ന നീബോ പർവ്വത നിരകൾ, നിലമിറങ്ങിയ നീലമേഘങ്ങളാൽ ധന്യമായ അസ്റക്ക്, അജ്ലൂണിലെ നിത്യഹരിതവനങ്ങൾ, പൂക്കളാല്‍ വർണവസന്തം തീർക്കുന്ന  മാമലകൾ, ചെങ്കടലിൻ്റെ റാണിയായ അഖബ.. ഇങ്ങിനെ പറഞ്ഞാല്‍ തീരില്ല ജോർദ്ദാൻ നല്‍കുന്ന വിസ്മയങ്ങളുടെ ഉദാരത.

ബെദുവിയൻ കൃഷിയും ആട് ജീവിതവും

കിഴക്കൻ ചക്രവാളങ്ങളിൽ സൂര്യനുദിക്കുമ്പോൾ ബെദുവിയൻ സംസ്കാരത്തിൻ്റെ പാരമ്പര്യമുള്ള ഗ്രാമീണജനത അവരുടെ കൃഷിയും ആട് ജീവിതവും തുടങ്ങും. പാതയോരങ്ങളിലൂടെ ആട്ടിടയരും ഒരു കൂട്ടം ആടുകളും മുന്നിലൊരു കഴുതയും കൂട്ടിനൊരു പട്ടിയുമായുള്ള യാത്ര ഏറെ കൗതുകമുണർത്തും! അംബരചുംബികളായ രമ്യഹർമൃങ്ങളും മുല്ലയും മുന്തിരിവള്ളിയും റോസാപ്പുക്കളും നിറഞ്ഞുനിൽക്കുന്ന ഗ്രാമ- നഗര പാതകളും ഓറഞ്ച് തോട്ടങ്ങളും കാണുമ്പോൾ നമ്മൾ അറിയാതെ പറഞ്ഞുപോകും ഇത് ഒരു പൂന്തോട്ടമാണെന്ന്! പൊതിനച്ചായയും ആട്ടിറച്ചിയിൽ തീർത്ത മാൻസഫും, മധുരം പൊതിയുന്ന കിനാഫെയും കൊണ്ട് ആലിംഗനം ചെയ്യുന്ന അറബ് ജനത. രാഷ്ട്രീയ ഇസ്ലാമിന്റെ ഏകതയെക്കാൾ സാഹോദര്യത്തിന് പ്രാമുഖ്യം നല്കുന്ന നയസമീപനങ്ങൾ ജോർദാനെ മധ്യധരണ്യാഴിയിലെ സമാധാനത്തിന്റെ ഇടനാഴിയാക്കി മാറ്റി. പ്രവാചകരും പുണ്യാളരുമായ മോശയുടേയും യേശുദേവൻ്റെയും യോഹന്നാൻ്റെയും ഗീവർഗീസിൻ്റെയുമെല്ലാം തിരുസ്മരണകൾ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നതുവഴി ജോർദ്ദാൻ മതേതരത്വത്തിൻ്റെ മന്ത്രധ്വനി ഉയർത്തുകയാണ്. ക്രിസ്മസ് രാവുകളിൽ സന്തോഷത്തിൻ്റെ മിഠായിപ്പൊതി നൽകുന്ന സാന്തായും , ക്രൈസ്തവ സഭയുടെ സ്നേഹസംഗമങ്ങളിൽ എത്തുന്ന രാജാവും യേശുവിൻ്റെ സ്നാനഭൂമിയിൽ വെളിച്ചം തെളിക്കുന്ന മന്ത്രിമാരും പാർലമെൻറിലെ ക്രിസ്ത്യൻ സംവരണവും, കുരുത്തോല തിരുനാളിലുൾപ്പെടെയുള്ള ദേശീയ അവധിയുമെല്ലാം സംഘർഷത്തിൻ്റെ വെസ്റ്റ് ഏഷ്യയിൽ നിന്നുള്ള നല്ല വാർത്തകളാണ്. 

അധിനിവേശത്തിൻ്റെ കദനകഥ മാത്രം കേട്ട ലോകത്ത് അഭയമേകിയതിൻ്റെ പുതിയ കഥകൾ പറയുന്ന രാജ്യം. അത് അടയാളപ്പെടുത്തുവാൻ സാത്രി എന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പ് മാത്രം മതി. ആറ് ലക്ഷത്തിൽപരം സിറിയൻ അഭയാർത്ഥികൾ. രാജ്യമില്ലാത്തവരുടെ രാജ്യം കൂടിയാണിത്. പ്രവാചക പരമ്പരയിലെ അബ്ദുള്ള രാജാവിന്റെ കീഴിൽ രാജ്യവും ജനങ്ങളും സുരക്ഷിതർ. രാജവാഴ്ചയിലും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും സ്ത്രീ സമത്വത്തിലും ശാസ്ത്ര ഗവേഷണത്തിലും ഊന്നിയ നയസമീപനങ്ങൾ. വിനോദ സഞ്ചാരത്തിന് പ്രാമുഖ്യം നല്കി ധനാഗമ മാർഗങ്ങൾ കണ്ടെത്തുന്ന ജോർദ്ദാൻ കാരുണ്യ ലോട്ടറിയോടും, ബിവറേജസിനോടും, പലിശ രീതിയോടും "NO" പറയാത്തത് വിശ്വാസ വൈപരീത്യത്തേക്കാൾ സാമ്പത്തിക ഭദ്രതയാണ് കാണിക്കുന്നത്. പ്രകൃതി കനിഞ്ഞുനല്കിയ എണ്ണപ്പാടങ്ങളോ എണ്ണപ്പനകളോ ഇല്ലെങ്കിലുo ഒലീവിൻ്റെയും ഈന്തപ്പഴത്തിൻ്റെയും നിറ സമൃദ്ധി ജോർദ്ദാനെ ധന്യമാക്കുന്നു. ലോകത്തിലെ ഏറ്റവും ചെലവു കൂടിയ രാജ്യങ്ങളിൽ ഒന്നായ ഇവിടെ,ഒരു ജോർദാൻ ദിനാറിന്റെ മൂല്യം ₹ 105 രൂപയ്ക്ക് തുല്യം. പരമ്പരാഗത വസ്ത്രരീതിക്കപ്പുറം പടിഞ്ഞാറിന്റെ വസ്ത്രരീതിയെ പ്രണയിക്കുന്നതിൽ ലിംഗഭേദമില്ലാതെ ഈ നാട് മുന്നേറുന്നു. നിശാപാർട്ടികളും , വിവാഹ ഘോഷയാത്രകളും രാഗ സന്ധ്യകളുമൊന്നും പ്രാചീന റോമിന്റെ പാരമ്പര്യം നെഞ്ചേറ്റുന്ന ഈ നാടിന് ഒരു മൂല്യച്ചുതിയും വരുത്തിയിട്ടില്ല.

ഇന്ത്യ ജോർദ്ദാനികളുടെ ഹബീബി

ഇന്ത്യ ജോർദ്ദാനികള്‍ക്ക് ഹബീബിയാണ്. ഹൃദയഭാജനം! മുതിർന്ന തലമുറ മറക്കാതെ പറയുന്ന ഒരു പേരുണ്ട്. മഹാത്മാജിയുടേത്. സ്മരണാർത്ഥം ഒരു പ്രധാന നാൽക്കവലക്ക് അവർ നൽകിയത് മഹാത്മാ ഗാന്ധി റോഡ് എന്നാണ്. ഈ പശ്ചിമേഷ്യൻ മണ്ണിൻ്റെ പുതുരക്തങ്ങൾക്ക് ഇന്നും ഹരം പകരുന്നത് ബച്ചനും ഷാറുഖ് ഖാനും, സൽമാന്‍ ഖാനുമാണ് എന്നത് ഏറെ സന്തോഷകരമാണ്. കാൽപന്തുകളിയും ആവേശവും അല്ലറ ചില്ലറ സിനിമാ ഭ്രമവുമെല്ലാം ജോർദ്ദാൻ യുവതയുടെ ഹരമാണ്. പുരാവസ്തു ഗവേഷണത്തിലൂടെ പ്രാചീന റോമിലെ ശില്പകലകള്‍ക്ക് ഉയിർപ്പ് നല്‍കുന്ന ചരിത്ര ഗവേഷണങ്ങൾ! സ്ത്രീകൾളുടെ പ്രാർത്ഥനക്ക് വേണ്ടി കാത്തുനില്ക്കുന്ന പള്ളികൾ, തിരക്കേറിയ നിരത്തുകളിൽ വാഹനമോടിക്കുന്ന സ്ത്രീകൾ, പെൺ പട്ടാളം, വിവാഹത്തിന് സ്ത്രീധനത്തിന് പകരം പുരുഷധനം, അങ്ങിങ്ങായി തലയുർത്തി നില്ക്കുന്ന റോമൻ പള്ളികൾ, എല്ലാം വേറിട്ട കാഴ്ചകൾ തന്നെ. പുസ്തകപ്പുരകളിലെ ചില്ലലമാരകളിൽ സോവിയറ്റ് ഏകാധിപതി സ്റ്റാലിനും, ബൊളിവിയൻ പോരാളി ചെയും, ബുക്കർ ജേതാവ് അരുന്ധതിയുമെല്ലാം ഭദ്രം. ദേശീയ ദിനപത്രത്തിലെ വാർത്തകളും കോളങ്ങളുമെല്ലാം പുരോഗതിയും ഭീകരവിരുദ്ധതയും ഊന്നിയുള്ളതാണ്. ജോർദ്ദാൻ ടൈംസിലെ പ്രതിദിന ജ്യോതിഷഫലം വൈവിധ്യങ്ങളുടെ മറ്റൊരു അടയാളപ്പെടുത്തലാണ്. രാജാവിന്റെയും രാജകുമാരൻമാരുടെയും പിറന്നാളുകള്‍ ആഘോഷിക്കുമ്പോൾ സന്തോഷാശ്രുക്കൾ പൊഴിയുന്നത് നിരാലംഭരുടെയും അനാഥരുടെയും കണ്ണുകളില്‍ നിന്നാണ്. വാർഷിക നയതന്ത്ര ചന്തകൾ നടത്തി ലോകത്തിന്റെ വൈവിധ്യങ്ങൾ ഒരു മതാധിഷ്ഠിത ജനതക്ക് മുന്നിൽ തുറന്നുകാണിച്ച് ആ പണം ദുരിത നിവാരണത്തിന് ഉപയോഗിക്കുന്നത് വേറിട്ട കാഴ്ച തന്നെയാണ്. മലയാളത്തിനും ഇന്ത്യക്കും  ഈ രാജ്യത്തോട് ഒരു ആത്മബന്ധമുണ്ട്.  കുവൈറ്റ് യുദ്ധസമയത്ത് ജോർദ്ദാൻ അതിർത്തി തുറന്നത് 'ഇന്ത്യക്കാരെ നാട്ടിലേക്കയക്കാൻ മാത്രമായിരുന്നു. എയർ ഇന്ത്യയുടെ രാജഹംസങ്ങൾ ക്യൂൻ എലിയ വിമാനത്താവളത്തിൽ നിന്ന് അതിജീവന മന്ത്രവുമായ് അന്ന് പറന്നുയർന്നു, മലയാളികളുൾപ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാർ അധിവസിക്കുന്ന ഈ രാജ്യം ഇന്ന് സൗഹൃദത്തിന്റെ സപ്തതി നിറവിലാണ്.  ഇവിടെ ആകാശത്തിന് അതിരുകളില്ല.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Kunhaniyan Sankaran Muthuvallur

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More