പ്രിയ ഡിയാഗോ അങ്ങേക്ക് മരണമില്ല... ❤️⚽️- പ്രസാദ് വി ഹരിദാസൻ

മെക്സികോ ലോകകപ്പ്- മറഡോണയെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മ 

എന്‍റെ അച്ചനാണ് കണ്ണഞ്ചേരിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് മെക്സികോ ലോകകപ്പ് ഫുട്ബാൾ ഫൈനൽ ടി വി യിൽ കാണാൻ എന്നെ കൊണ്ടുപോയത്. 1986- ലെ ആ രാത്രി ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ച് കിടപ്പുണ്ട്. അക്കാലത്ത് നാട്ടില്‍ ടെലിവിഷന്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ. അപൂർവ്വമായി ഉണ്ടായിരുന്നതാകട്ടെ നാട്ടിലെ സാമാന്യം സാമ്പത്തീകമായി ഭേദപ്പെട്ടവരുടെ വീടുകളിലാണ്. പത്രവായനയുണ്ടായിരുന്നതിനാൽ ഡിയാഗോ അർമാൻഡോ മറഡോണ ആരാധനാപാത്രമായിരുന്നു. അദ്ദേഹത്തിന്റെ കളി തത്സമയം കാണുന്നതിനുള്ള വലിയ ഭാഗ്യമാണ് എനിക്കന്ന് ലഭിച്ചത്. ഒരു ഫൈനലിന്റെ എല്ലാ ഉദ്വേഗവും നിറഞ്ഞ മത്സരരം തന്നെ! ടൂർണ്ണമെന്റിലുടനീളം അപാരമായ ഫോമിലായിരുന്നു മറഡോണ. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 'ദൈവത്തിന്റെ കയ്യൊപ്പുള്ള ഗോളെന്ന്' മറഡോണ വിശേഷിപ്പിച്ചിട്ടുള്ള ഗോളും, 'നൂറ്റാണ്ടിന്റെ ഗോളെ' ന്ന് പിന്നീട് ഫുട്ബാൾ ലോകം ഒന്നടങ്കം പറഞ്ഞ വിഖ്യാതഗോളും കൂടിയായപ്പോൾ ലോകം മറഡോണയെ നെഞ്ചേറ്റി.

ഫൈനലിൽ കടുത്ത മാർക്കിംഗിന് വിധേയനായിരുന്നു അദ്ദേഹം. ജർമ്മൻ ഇതിഹാസ താരങ്ങളിലൊരാളായ ലോതർ മത്തേവൂസിനെയായിരുന്നു (1990- ൽ മത്തേവൂസിന്റെ നേതൃത്വത്തിലുള്ള ജർമ്മന്‍ ടീമാണ് ഇറ്റലി ലോകകപ്പ് നേടിയത്) മറഡോണയെ മാർക്ക് ചെയ്യാൻ ജർമ്മനി ഏൽപ്പിച്ചിരുന്നത്. എന്നാലും ഇടയ്ക്കിടെ മറഡോണ കെട്ട് പൊട്ടിച്ചുകൊണ്ടിരുന്നു. ചെറിയ സ്പേസ് പോലും തന്റെ അസാമാന്യ പ്രതിഭകൊണ്ട് അദ്ദേഹം ടീമിനായി ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തി. ജോസ് ലൂയിസ് ബ്രൗൺ ,ജോർജ് വാൽഡാനോ എന്നിവരുടെ ഗോളുകളിൽ അർജന്റീന 2 - 0 ത്തിന് ലീഡ് നേടി. പക്ഷെ , ജർമ്മനി ശക്തമായി തിരിച്ചുവന്നു. കാൾ ഹെയ്ൻസ് റുമനിഗെയിലൂടെയും, റൂഡി വോളറിലൂടെയും അവർ 2-2 സമനില പിടിച്ചു. ഉദ്വേഗഭരിതങ്ങളായ നിമിഷങ്ങൾ... കളി 86 മിനുട്ടിൽ എത്തിനിൽക്കുന്നു. മറഡോണ എന്ന ഇതിഹാസം മത്തേവൂസിന്റെ മാർക്കിംഗിനെ ഭേദിച്ചു ജർമ്മൻ ഹൃദയങ്ങളെ കീറിമുറിച്ചുകൊണ്ട് തന്റെ സഹതാരം ജോർജ് ബുറുചാഗക്ക് തളികയിലെന്നവണ്ണം പാസ് കൊടുക്കുന്നു. ബുറുചാഗ അത് കൃത്യമായി ഫിനിഷ് ചെയ്യുന്നു. അങ്ങനെ അർജന്റീന 1986 ലോകകപ്പ് ചാമ്പ്യന്മാരാകുന്നു. ഇത്രയും പറയാൻ കാരണം മറഡോണ മനസ്സിൽ പതിയുന്നത് അന്ന് മുതലായതുകൊണ്ടാണ്. പലർക്കും അങ്ങനെത്തന്നെയാകും. പിന്നീട് മറഡോണയുടെ കളികളും, വാർത്തകളും വളരെ ശ്രദ്ധയോടെ കാണാനും കേള്‍ക്കാനും തുടങ്ങി.

1990 ലോകകപ്പ്

മറഡോണ കളിച്ചിരുന്ന ഇറ്റലിയിലെ നാപ്പോളി ക്ലബ്ബും മനസ്സിൽ കുടിയേറിയത് അക്കാലത്തുതന്നെയാണ്. മറഡോണയുടെ പേരിനൊപ്പം വന്നു എന്നതുമാത്രമായിരുന്നു അതിനു കാരണം. പിന്നീട് ഒരു ടീം എന്ന നിലയില്‍ അര്‍ജന്റീന നേരിട്ട കയറ്റിറക്കങ്ങള്‍, വേദനകള്‍, നിരാശകള്‍.. എല്ലാം എന്റെതുകൂടിയായി മാറുകയായിരുന്നു.1990 ലോകകപ്പിന്‍റെ ഉദ്ഘാടന മൽസരത്തിൽ ഫ്രാങ്കോയിസ് ഒമാംബിക്ക് നേടിയ ഗോളിന് അർജന്റീന കാമറൂണിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. കൂനിന്മേൽ കുരു എന്ന പോലെ ഫസ്റ്റ് ഗോൾകീപ്പർ പുംപിഡോക്ക് പരിക്കേൽക്കുകയും ചെയ്തു. മറഡോണ കടുത്ത മാർക്കിംഗിലും പെട്ടു. ഭാഗ്യവശാൽ പകരമിറങ്ങിയ ഗോൾകീപ്പർ ഗോയ് കോച്യ മികച്ച ഫോമിലേക്കുയർന്നു. അത് ടീമിനും, മറഡോണക്കും ഉണർവ്വേകി. അർജന്റീന ഫൈനലിലെത്തി. എതിരാളി മറ്റാരുമായിരുന്നില്ല. 86 -ല്‍ ചുണ്ടിനും കപ്പിനുമിടയില്‍ കപ്പ് നഷ്ടപ്പെട്ട മത്തെവൂസിന്റെ ജർമ്മനി തന്നെ. നിർഭാഗ്യമെന്ന് പറയട്ടെ, ഒരു ലോകകപ്പ് ഫുട്ബാൾ  ഫൈനലിന്റെ നിലവാരത്തിലെത്താൻ ആ മത്സരത്തിനായില്ല. ആന്ദ്രേസ് ബ്രഹ്മ നേടിയ വിവാദമായ പെനാൽട്ടിഗോളിൽ ജർമ്മനി ജയിച്ചു. 

1994 യു എസ് എ ലോകകപ്പ്

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട മറഡോണ ലോകകപ്പ് മുഴുപ്പിക്കാനാകാതെ മടങ്ങി. ബാഴ്സലോണ ക്ലബ്ബിൽ 1982- 84 കാലഘട്ടത്തിലും നാപ്പോളിയിൽ 1984 മുതൽ 1991വരെയും കളിച്ച അദ്ദേഹം സ്പാനിഷ് ക്ലബ്ബായ സെവില്ലയിൽ 1992- 93 കാഘട്ടത്തില്‍ കളിച്ചിരുന്നു. 2013-ൽ കണ്ണൂരിൽ അദ്ദേഹം വന്നത് കേരളത്തിലെ ഫുട്ബാൾ പ്രേമികളെ സംബന്ധിച്ച് മറക്കാൻ കഴിയില്ല. നമ്മുടെ ഐ എം വിജയനോടൊപ്പം കണ്ണൂരിലെ വേദിയിൽ  മറഡോണ ഫുട്ബാളില്‍ ഇന്ദ്രജാലം കാണിച്ചു. മലയാളികൾക്ക് സ്വന്തം നാട്ടില്‍ കിട്ടിയ അപൂർവ്വ കാഴ്ച. കാല്പന്തിന്മേലുള്ള മറഡോണയുടെ നിയന്ത്രണവും ഓരോ സ്പർശനങ്ങളും സാമ്പ്രദായിതകളെ മറികടക്കുന്നതായിരുന്നു. കാല്‍പ്പന്തു കളിയും ജീവിതവും മറഡോണ വേറെ വേറെയായിരുന്നില്ല. ഫുട്ബാളിൽ അദ്ദേഹം നടത്തുന്ന അപ്രവചനീയമായ നീക്കങ്ങൾ പോലെയായിരുന്നു ജീവിതത്തിലെ നീക്കങ്ങളും. ജീവിതത്തിൽ പല ഉലച്ചിലുകളും അദ്ദേഹം നേരിട്ടു. ദ്വന്ദ്വ വ്യക്തിത്വമുള്ളയാളാണ് മറഡോണ എന്ന് പഴി കേട്ടു. നിരാശയുടെ പടുകുഴികള്‍ താണ്ടി. അപ്പോഴൊക്കെയും ആരാധകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് കൂടുതല്‍ ഊര്‍ജ്ജത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

മറഡോണയുടെ രാഷ്ട്രീയവും ജീവിതവും 

അര്‍ജന്റീനയുടെ തെരുവുകളില്‍ കളിച്ചു വളര്‍ന്ന ഡിയാഗോ അർമാൻഡോ മറഡോണ സാധാരണക്കാരുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെ തള്ളിപ്പറഞ്ഞ അദ്ദേഹം ബറാക്ക് ഒബാമയെ ചേർത്തു നിർത്തി. ചെഗുവേരയെ പച്ചകുത്തിയ കയ്യുയർത്തി അഭിമാനത്തോടെ നടന്നു. എന്നാല്‍ ഇതിനിടെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മയക്കു മരുന്നുപയോഗത്തെ തുടർന്ന് നിരവധി തവണ വിലക്ക് നേരിട്ടു. പകലുകളില്‍ കിടന്നുറങ്ങി, രാത്രികളില്‍ സജീവമായി, ജീവിതത്തിന്‍റെ നിയമങ്ങളെ, നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി. വിവാദങ്ങള്‍ നിറഞ്ഞ തന്റെ ജീവിതത്തിലൂടെ മറഡോണ വ്യവസ്ഥിതിയോട് നിരന്തരം കലഹിച്ചു കൊണ്ടിരുന്നു. പ്രതിഭാ ധാരാളിത്തം കൊണ്ട് കളിക്കളത്തിലും, പുറത്തും അപ്രതീക്ഷിതമായ നീക്കങ്ങൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരാൾ മറഡോണയല്ലാതെ മറ്റാരാണ്? ചെഗുവേരയേയും, കാസ്ട്രോയേയും, ഷാവേസിനെയും ചേർത്തു പിടിച്ച മറഡോണ അവരുടെ നിലപാടുകൾക്കൊപ്പം ഉറച്ചുനിന്നു. തന്റെ രാഷ്ട്രീയം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. മയക്കുമരുന്ന് ആസക്തി കുറക്കാൻ ഫിദലിന്റെ ക്യൂബയിൽ ചികിത്സക്കുപോയി. സ്നേഹിക്കുന്നവർക്ക് അദ്ദേഹം ദൈവവും, ദൈവപുത്രനുമായപ്പോൾ, ഇഷ്ടപ്പെടാത്തവർക്ക് യൂദാസായി. സത്യം ഉറക്കെ വിളിച്ചുപറയുമ്പോഴും സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു, അല്ലെങ്കിൽ സാഹചര്യങ്ങൾ അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നു. 

മറഡോണക്ക് പകരമാകാന്‍, കളിക്കളത്തില്‍ അദ്ദേഹത്തെ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന ഒരു മിന്നലാട്ടം നടത്താന്‍ ഇനി ലോകത്ത് മറ്റാർക്കും സാധ്യമാവുമെന്ന് തോന്നുന്നില്ല. ഹരം പിടിപ്പിക്കുന്ന ചുവടുകള്‍ വെച്ച്, കാലില്‍ ഒട്ടിച്ചുചേര്‍ത്ത പന്തുമായി മുന്നേറുമ്പോൾ മറഡോണക്ക് തെറ്റിപ്പോകാത്ത താളമുണ്ടായിരുന്നു. എതിരാളികളെ മറികടക്കുന്നതിൽ പിഴക്കാത്ത കണക്കുണ്ടായിരുന്നു. പക്ഷെ, വ്യക്തിജീവിതത്തിൽ ആ താളവും, കണക്കുകൂട്ടലുകളുമെല്ലാം പലപ്പോഴും പിഴച്ചു. ദൈവത്തിനോട് പോലും കലഹിച്ച മറഡോണ , ദൈവത്തിനെ പോലും പ്രതിഭകൊണ്ട് വെല്ലുവിളിച്ച മനുഷ്യനായി മാറി. ഡ്രിബ്ലിംഗും, വേഗവും, പന്തിന്റെ മേലുള്ള നിയന്ത്രണവും എല്ലാം കളിക്കളത്തിൽ മറഡോണയെ ഇതിഹാസമാക്കി. അദ്ദേഹത്തിന്റെ  ഇടതുകാലിൽ പന്ത് കിട്ടിയാൽ അടുത്ത നീക്കമെന്താണെന്ന് മുൻകൂട്ടി മനസ്സിലാക്കുകയെന്നത് വളരെ പ്രയാസകരമായ ദൗത്യമായി എതിർ ടീമുകൾക്ക് അനുഭവപ്പെട്ടു. ഒരൊറ്റ സ്പർശത്താല്‍ ഗാലറിയെ അദ്ദേഹം ഇളക്കിമറിച്ചു. മായികമായിരുന്നു ആ കാഴ്ച്ചകളെന്ന് ഇന്ന്  കൂടുതല്‍ കൂടുതല്‍ ബോധ്യമാകുന്നു. തളികയിലെന്നോളമുള്ള പാസുകൾ എതിർ കോർട്ടുകളെ കീറിമുറിച്ചുകൊണ്ടായിരുന്നു. കിക്കുകൾക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഒരൊറ്റ ആക്ഷൻ കൊണ്ട് എതിരാളികളെ കബളിപ്പിക്കാനുള്ള വിരുതുണ്ടായിരുന്നു. കളിക്കളത്തിൽ  അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പോലും ഫുട്ബാളിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചു. എഴുതാനേറെയുണ്ട്...1986- ലെ ലോകകപ്പ് പോലെ ക്ലബ്ബ്  മത്സരങ്ങളിലും ഏതാണ്ട് ഒറ്റക്കു തന്നെ തന്റെ ടീമിനെ വിജയ തീരങ്ങളിലെത്തിച്ചു. ഫുട്ബാളിലെ എക്കാലത്തെയും മികച്ച കലാകാരനായിരുന്നു ഡിയാഗോ അർമാൻഡോ മറഡോണ. തടിച്ചുരുണ്ട ആ ശരീരത്തെ ഫുട്ബാളിലേക്കാവാഹിച്ച് അദ്ദേഹമൊരുക്കിയ സിംഫണിയുടെ ലയം എന്‍റെ ഓരോ ജീവകോശങ്ങളെയും സദാ ഉന്‍മത്തമാക്കുന്നു. എന്‍റെ ഉള്ളം കണ്ട, ലോകം കണ്ട ആ മഹാപ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി...

Contact the author

Prasad V. Haridasan

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More