പുരന്ദര ദാസ്: സംഗീത ചരിത്രത്തിലെ വിസ്‌മൃതമായ പേര്- നദീം നൗഷാദ്

പുരന്ദരദാസ് എന്ന പേര്  ഇപ്പോൾ എത്ര സംഗീത പ്രേമികൾ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല.  മൂന്ന് പതിറ്റാണ്ട് മുമ്പ് അധികമാരാലും ശ്രദ്ധിക്കാതെ വിടവാങ്ങിയ അദ്ദേഹം  സംഗീത ചരിത്രത്തിൽ നിന്ന് ഏറെക്കുറെ വിസ്മൃതനായി കഴിഞ്ഞിരിക്കുന്നു. മലബാറിലെ  തബലവാദകരുടെ കൂട്ടത്തിൽ  കേരളത്തിനുപുറത്ത് അറിയപ്പെട്ട അപൂർവം ചിലരിൽ ഒരാളായിരുന്നു പുരന്ദരദാസ്. അകാലത്തിൽ വിടവാങ്ങിയിട്ടില്ലായിരുന്നുവെങ്കിൽ രാജ്യം മുഴുവൻ അറിയപ്പെടുന്ന തബല വാദകനായി മാറുമായിരുന്നു അദ്ദേഹം. ഇന്ന് നവംബർ- 24 ന് അദ്ദേഹത്തിൻ്റെ മുപ്പത്തിയേഴാം ചരമവാർഷികമാണ്.

മൃദംഗ വിദ്വാൻ അപ്പുക്കുട്ടിമാരാരും സംഗീത അധ്യാപിക കുഞ്ഞിലക്ഷ്മിയും തങ്ങളുടെ കടിഞ്ഞൂല്‍ പുത്രന് കർണാടക സംഗീത ആചാര്യനായ പുരന്ദരദാസിൻ്റെ  പേരിടുമ്പോൾ അവൻ നല്ലൊരു സംഗീതകാരനാകുമെന്ന് കരുതിയിട്ടുണ്ടാവണം. അവരുടെ ധാരണകളെ ശരിവെച്ചുകൊണ്ടുതന്നെ അവൻ ചെറുപ്പം മുതൽ വാദ്യസംഗീതത്തില്‍ തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ തുടങ്ങി. തബലയിൽ ആദ്യഗുരു അച്ഛൻ തന്നെയായിരുന്നു. മൃദംഗം, ഗഞ്ചിറ, ഘടം എന്നിങ്ങനെ മിക്കവാറും എല്ലാ വാദ്യോപകരണങ്ങളും പുരന്ദരദാസ് പഠിച്ചെടുത്തു. ചെണ്ട, ഇടയ്ക്ക, തകിൽ തുടങ്ങിയ അനുഷ്ഠാന വാദ്യങ്ങളിൽ കേമനായിരുന്നു. കൂടാതെ വായ്പ്പാട്ടും ഹാർമോണിയവും  പഠിച്ചു. സംഗീത ക്ലബുകളിലെ സ്ഥിരം സാന്നിദ്ധ്യമായി.

വടക്കേ ഇന്ത്യൻ യാത്രകള്‍ 

അപാരമായ താളബോധമായിരുന്നു പുരന്ദരദാസിന് എക്കാലവും ഒരു സംഗീത വിദ്യാർത്ഥിയായിരിക്കാനായിരുന്നു താല്പര്യം. ഇടയ്ക്കിടെ ഉത്തരേന്ത്യയിലേക്ക് വണ്ടികയറും. തബലയിൽ ലക്‌നോ ഘരാനയോടായിരുന്നു ആഭിമുഖ്യം. അഹമ്മദ് ജാൻ തിരക്കുവയുടെയടുത്ത് പോയി തബല പഠിച്ച അബു ഉസ്താദിൻ്റെ പാരമ്പര്യം തന്നെയായിരുന്നു പുരന്ദരദാസും പിന്തുടർന്നത്. തബല പഠിക്കാനുള്ള വടക്കേ ഇന്ത്യൻ യാത്രകളാണ് സംഗീത ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളെന്ന്  കൂട്ടുകാരോട് പറഞ്ഞിരുന്നു.  കേരളത്തിൽ നിന്നൊരാൾ അങ്ങോട്ട്‌ പോയി കഥകിന് തബല വായിക്കുക അപൂർവമായിരുന്നു. അത് മലയാളി സംഗീതാസ്വാദകർക്ക്  അഭിമാനവുമായിരുന്നു. സ്റ്റേജ് പരിപാടിയിൽ മൈസൂർ തലത്ത്, ശരത്ചന്ദ്ര മാറാട്ടെ എന്നിവർക്ക് വേണ്ടിയും വായിച്ചിട്ടുണ്ട്. സംഗീത കച്ചേരികൾക്ക് വേണ്ടി വായിയ്ക്കാനായിരുന്നു കൂടുതൽ താല്പര്യം. ഡൽഹിയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനമായ ത്രിവേണി കലാസംഘത്തിൽ തബല വാദകനായി ജോലിചെയ്തിരുന്നു. അവിടുത്തെ കാലാവസ്ഥ പറ്റുന്നില്ല എന്ന കാരണം പറഞ്ഞാണ് ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോന്നത്. തുടർന്ന് കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തു. നാട്ടിൽ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ച് പ്രവാസജീവിതം പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നെ കേരള കലാമണ്ഡലത്തിലായിരുന്നു. അവിടെ നിന്ന് ജന്മനാടായ കോഴിക്കോട്ടേക്ക്  വന്നു. അലഞ്ഞ് തിരിയാനായിരുന്നു പുരന്ദരദാസിന് ഇഷ്ട്ം. ഒരിടത്തും ഉറച്ചുനിൽക്കുന്ന സ്വഭാവമില്ലായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സിൽ മരിക്കുന്നതുവരെയും ഈ  അലച്ചിൽ തുടർന്നു. അദ്ദേഹത്തിൻ്റെ അവസാന നാളുകൾ  വയനാട്ടിലായിരുന്നു.

സിനിമക്ക് പറ്റാത്ത സര്‍ഗ്ഗാത്മകത 

സംഗീത സംവിധായകരായ എം കെ അർജുനൻ മാഷുമായും വിദ്യാധരൻ മാഷുമായും പുരന്ദരദാസിന് നല്ല അടുപ്പമുണ്ടായിരുന്നു. സിനിമ നിനക്ക് പറ്റിയ മേഖലയല്ല എന്ന് അർജുനൻ മാഷ് പലപ്പോഴായി പുരന്ദരദാസിനോട്‌ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര പിന്നണിപ്പാട്ടുകളുടെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിന്ന് തബല വായിക്കാൻ താത്പര്യമുണ്ടായിരുന്നില്ല എന്നറിഞ്ഞുകൊണ്ടാണ് അർജുനൻ മാഷ് അങ്ങനെ പറഞ്ഞത്. പുരന്ദരദാസ് പല നാടകഗാനങ്ങൾക്കും  ലളിതഗാനങ്ങൾക്കും ഈണം നല്കിയിട്ടുണ്ടെങ്കിലും ഒന്നും റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. മധുമാഷിൻ്റെ 'അമ്മ' എന്ന നാടകത്തിന് നല്‍കിയ സംഗീതം ഏറെ ശ്രദ്ധയാർജിച്ചിരുന്നു. നിരന്തരമായ യാത്രകളും  ലഹരിയും സംഗീതവുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. ഒരു കളത്തിലും ഒതുങ്ങിനിൽക്കാൻ ആഗ്രഹിച്ചില്ല. 'ഒരാൾ വായിച്ചത് അതേപടി വായിക്കാൻ താൽപര്യമില്ല'  എന്ന് പറഞ്ഞുകൊണ്ട് ആകാശവാണിയിൽ കിട്ടിയ ജോലി നിരസിച്ചു. ഗാനമേളകൾക്കോ ലളിത ഗാനങ്ങൾക്കോ വായിക്കാൻ വലിയ താല്പര്യം കാണിച്ചിരുന്നില്ല. കലയെ അതിൻ്റെ വിശാലമായ ആകാശത്ത് പടർത്താനായിരുന്നു പുരന്ദരദാസിന്  ഇഷ്‌ടം. ഉത്തരേന്ത്യയിൽ നടക്കാറുള്ളത് പോലെ കേരളത്തിൽ സോളോ കച്ചേരി നടത്തുകയായിരുന്നു സ്വപ്‍നം. ഉസ്താദ് അഹമ്മദ് ജാൻ തിരക്കുവ, പണ്ഡിറ്റ്  ബിർജു മഹാരാജ്, ഉസ്താദ് അല്ലാരഖ എന്നിവരായിരുന്നു റോൾ മോഡലുകൾ. ഗാനമേളയുടെ അകമ്പടി വാദ്യോപകരണം എന്ന കേരളത്തിലെ സ്ഥിതിയിൽ നിന്ന് തബലയെ മോചിപ്പിക്കാന്‍ പുരന്ദരദാസ് ആഗ്രഹിച്ചു. അതിനായുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ആ നിലയിൽ പരിശ്രമം നടത്തിയ തബല വാദകരിൽ പ്രമുഖനായിരുന്നു പുരന്ദരദാസ്. മലബാറിൽ മികച്ച തബല വാദകർ  ഉണ്ടായിരുന്ന അറുപതുകളിലായിരുന്നു പുരന്ദരദാസിൻ്റെയും കലാപ്രവേശം. ബിച്ചമ്മു ഉസ്താദ്, അരച്ചെണ്ട ഉമ്മർ, അബു ഉസ്താദ്, ഉസ്മാൻ എന്നിവർ തിളങ്ങിനിൽക്കുന്ന സമയമായിരുന്നു അത്. എന്നാൽ അക്കാലങ്ങളിൽ പല കലാകാരന്മാരുടേയും കലാജീവിതം തകര്‍ത്ത അമിത ലഹരി ഉപയോഗം പുരന്ദരദാസിനെയും പിടികൂടി. 

പുരന്ദരദാസ് - കബീർ ദാസ് - ഷബീർ ദാസ് 

പുരന്ദരദാസിന്‍റെത് പ്രണയവിവാഹമായിരുന്നു. 'കണ്ടംബെച്ച കോട്ട്' എന്ന നാടകത്തിലൂടെ പ്രശസ്തനായ മുഹമ്മദ് യൂസഫിൻ്റെയും ലൈലയുടെയും  മകൾ ജോസഫൈനെയാണ് പുരന്ദരദാസ് വിവാഹം ചെയ്തത്. മലയാള നാടകചരിത്രത്തിലെ വലിയൊരു ഏടായ കണ്ടംബെച്ച കോട്ടിൻ്റെ രചയിതാവ് മുഹമ്മദ് യൂസഫിൻ്റെ (1906-1964) ആദ്യപേര് ജെറോം ജോസഫ് ഗോമസ് എന്നായിരുന്നു. ആലപ്പുഴ സ്വദേശിയായ അദ്ദേഹം ആംഗ്ലോ ഇന്ത്യനായിരുന്നു. 1926-ൽ കോഴിക്കോട്ടെത്തിയപ്പോൾ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിലും നാടക രചനയിലും ഏർപ്പെട്ടു. 1964  ആഗസ്റ്റ് 3-ന് മരിക്കുന്നതുവരെ അദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു. നാടകത്തിൻ്റെയും സംഗീതത്തിൻ്റെയും പാരമ്പര്യങ്ങൾ പുരന്ദരദാസിൻ്റെയും ജൊസെഫൈനിൻ്റെയും ജീവിതത്തിൽ ഒത്തുചേർന്നു. അവരുടെ മക്കൾ ബിന്ദു ചിത്രകലയിലും ഷീജ  കഥാപ്രസംഗം, നാടോടി നൃത്തം എന്നിവയിലും കഴിവു തെളിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് മനോജ് ഹോട്ടൽ മാനേജരും മക്കൾ കാളിദാസും കൈലാസും വിദ്യാർത്ഥികളുമാണ്. ഷീജയുടെ ഭർത്താവ് തങ്കച്ചൻ പുരന്ദരദാസിൻ്റെ ശിഷ്യനായിരുന്നു. ഗുരുവിൻ്റെ മരണശേഷം തങ്കച്ചൻ ബോംബെയിൽ തുടർപഠനത്തിന് പോയി. പഠന ശേഷം നാട്ടിൽ തിരിച്ചെത്തി തബലവാദന രംഗത്ത് സജീവമായി. മക്കളായ അക്ഷയും അനഘയും തബലയിൽ സ്കൂൾ കലോത്സവ ജേതാക്കളാണ്. അക്ഷയ്  ഇപ്പോൾ അറിയപ്പെടുന്ന ജാസ് കലാകാരനാണ്. പുരന്ദരദാസിൻ്റെ  സഹോദരൻ പരേതനായ കബീർ ദാസ് സഹോദരനെ പോലെ തബലയിലിൽ ജീവിതതാളം കണ്ടെത്തിയ കലാകാരനായിരുന്നു. മറ്റൊരു സഹോദരൻ ഷബീർ ദാസ് അറിയപ്പെടുന്ന തബലവാദകനാണ്.

സരിഗ സരിഗ സംഗീതമേ... അവസാനത്തെ പാട്ട് 

നാനൂറോളം വേദികളിൽ സുരാസുവിൻ്റെ കൂടെ പുരന്ദരദാസ് 'മൊഴിയാട്ടം' അവതരിപ്പിച്ചു. തബലയിൽ ഹരിനാരായണനും അവരെ അനുഗമിച്ചു. ആ പരിപാടികൾ  ഭീകരമായ മദ്യപാന യാത്രകൾ കൂടിയായിരുന്നു. ലഹരിയില്‍ മാത്രമല്ല കുടുംബബന്ധത്തെ കുറിച്ചുള്ള കാഴ്ചപ്പാടിൽ പോലും സുരാസു പുരന്ദരദാസിനെ സ്വാധീനിച്ചിരുന്നു. എന്നാൽ സുരാസുവിൻ്റെ ആത്മകഥയായ 'സുരായണ'ത്തിൽ  ഒരു വരിയിൽ പോലും പുരന്ദരദാസിൻ്റെ സാന്നിധ്യം രേഖപ്പെടുത്തിയില്ല. മനപൂർവ്വമായ  തിരസ്കരണത്തിന്  വിധേയനായ വ്യക്തിയായിരുന്നു പുരന്ദരദാസ്. വയനാട്ടിലെ നടവയലിൽ ഭാര്യയുടെ മടിയിൽ കിടന്ന് 'സരിഗ സരിഗ സംഗീതമേ' എന്ന് പാടിയായിരുന്നു പുരന്ദരദാസ്  യാത്രയായത്. 1984 നവംബർ 24 നായിരുന്നു ആ മഹാപ്രതിഭയുടെ വിടവാങ്ങൽ. ലിവർ സിറോസിസായിരുന്നു മരണ കാരണം. പുരന്ദരദാസ് ഈണം നൽകി ചെയ്ത നിരവധി ഗാനങ്ങളുണ്ടായിരുന്നു. അവയെല്ലാം കാസറ്റാക്കി പുറത്തിറക്കാനുള്ള  ശ്രമങ്ങൾക്കിടയിലായിരുന്നു അപ്രതീക്ഷിതമായ അന്ത്യം. മുപ്പത്തേഴ് വർഷങ്ങൾക്കിപ്പുറവും  കോഴിക്കോട് അദ്ദേഹത്തിൻ്റെ  ഒരനുസ്മരണ പരിപാടിയും നടന്നിട്ടില്ല എന്നത് ഒരു  കലാകാരനോട് ചെയ്യുന്ന അനീതിയാണെന്ന് പറയാതെ വയ്യ. 

Contact the author

Nadeem Noushad

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More