വിവാദ കാര്‍ഷിക നിയമങ്ങള്‍ എങ്ങിനെയാണ് റദ്ദാക്കുക? - ക്രിസ്റ്റിന കുരിശിങ്കല്‍

ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാര്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടി ഒരു പുതിയ നിയമം നിര്‍മ്മിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ആ നിയമം ആവശ്യമില്ലെന്ന് ഒരു വര്‍ഷം നീണ്ടു നിന്ന നിരന്തര പ്രക്ഷോഭത്തിലൂടെ ഭരണക്കൂടത്തെ അറിയിക്കുന്നു. ഏകാധിപത്യത്തിലേക്ക് പതിയെ വഴി മാറി സഞ്ചരിച്ച് തുടങ്ങിയ കേന്ദ്രസര്‍ക്കാരിന് അക്കാര്യം ബോധ്യപ്പെട്ടു തുടങ്ങിയത് ഒരു വര്‍ഷത്തിന് ഇപ്പുറമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പേരെടുക്കാന്‍ നടത്തുന്ന ഒരു തട്ടിപ്പ് സമരം പോലെ കേന്ദ്രസര്‍ക്കാര്‍ ഈ കര്‍ഷക പ്രതിഷേധത്തെയും വിലയിരുത്തി. അവിടെയാണ് ഭരിക്കുന്ന പാര്‍ട്ടിക്ക് അടിപതറി തുടങ്ങിയത്. ഇത് ചോര വിയര്‍പ്പാക്കി അധ്വാനിക്കുന്ന ഒരു വിഭാഗം കര്‍ഷകരുടെ പോരാട്ടമായിരുന്നു. അതിന് കര്‍ഷകര്‍ ബലി കൊടുക്കേണ്ടി വന്നത് 700 ല്‍ പരം ജീവനുകളാണ്. ഈ ചോരത്തുള്ളികള്‍ മോദി സര്‍ക്കാരിന്‍റെ തലക്ക് മുകളില്‍ ഇറ്റ്‌ ഇറ്റ്‌ വീണുകൊണ്ടേയിരിക്കും.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ 

ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാര്‍ഷികോല്‍പന്നങ്ങളുടെ  വ്യാപാരവും വാണിജ്യവും സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള ഓര്‍ഡിനന്‍സ്, അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്. 1950 മുതല്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന കാര്‍ഷിക രീതികള്‍ പരിഷ്ക്കരിക്കുവാനെന്നവകാശപ്പെട്ട് മോദി സര്‍ക്കാര്‍ നടത്തിയ തന്ത്രമായിരുന്നു പുതിയ കാര്‍ഷിക നിയമം. 

കാര്‍ഷിക സമരം - ഒരു ചരിത്രം 

സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക മാര്‍ച്ച് അരങ്ങേറിയത് 2018-ലാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാ രാജ്യം കോര്‍പ്പറേറ്റുകളുടെ കൈപിടിയില്‍ ഒതുങ്ങുന്ന ഘട്ടം വന്നപ്പോള്‍ അഖിലേന്ത്യാ കിസാന്‍ മഹാസഭാ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അന്‍പത് ലക്ഷം കര്‍ഷകര്‍ പങ്കെടുത്ത സമരത്തിലേക്ക് 180 കിലോമീറ്റര്‍ നടന്നാണ് കര്‍ഷകരെത്തിയത്. മഹാരാഷ്ട്രയില്‍ അരങ്ങേറിയ കര്‍ഷക സമരത്തിന് അന്ന് അനുമതി ലഭിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും മോഹന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന തിരിച്ചറിവിലാണ് കിസാന്‍ സഭ പുതിയൊരു തുടക്കം കുറിച്ചത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷക മാര്‍ച്ച്. പിന്നിടങ്ങോട്ട് കര്‍ഷക പ്രതിഷേധം ശക്തി പ്രാപിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ നിയമങ്ങള്‍ക്കെതിരെ കൊടും തണുപ്പിലും കര്‍ഷകര്‍ പൊരുതി. രാജ്യം കൊവിഡ് ഭീഷണി നേരിടുമ്പോഴും കര്‍ഷകര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനിന്നു. സമരം തകര്‍ക്കാനായി കൊവിഡ് വ്യാപനം മുതല്‍ ഡല്‍ഹിയിലെ വായു മലീനികരണം വരെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടത്തി. എങ്കിലും തങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. കാടിനോടും, മണ്ണിനോടും , മൃഗങ്ങളോടും രാവും പകലും പടവെട്ടി ജീവിക്കുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെ തണുപ്പിനെയൊക്കെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ സാധിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം സര്‍വരും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ഇത് തങ്ങളുടെ അവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയ ഉടന്‍ തന്നെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അലയടിച്ച് തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പഞ്ചാബ് നിയമസഭ ആഗസ്ത് 28 ന് പ്രമേയം പാസ്സാക്കി. കൊവിഡിന്‍റെ കാലഘട്ടമായതിനാല്‍ കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് ആദ്യം മങ്ങലേറ്റിരുന്നെങ്കിലും പിന്നീട് വിപുലമായ സമരപരമ്പരകള്‍ ആരംഭിച്ചു. കര്‍ഷകരുടെ എതിര്‍പ്പ് മറികടന്ന് എന്‍ ഡി എ സര്‍ക്കാര്‍ നിയമം പാസക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ഘടക കക്ഷിയായ ശിരോമണി അകാലിദള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്തത് സര്‍ക്കാരിനേറ്റ ആദ്യ തിരിച്ചടിയായി. എന്നിട്ടും സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. 2020 സെപ്റ്റംബര്‍ 17ന് നിയമം പാസാക്കി. ഇതോടെ സംസ്ഥാനത്തിരുന്ന് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ കര്‍ഷക കൂട്ടായ്മകള്‍ ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലേക്ക് ചുവട് മാറ്റിച്ചവിട്ടി. ജലപീരങ്കിയും ലാത്തിച്ചാര്‍ജും പക്ഷെ കര്‍ഷകവീര്യം കെടുത്തിയില്ല. രാഷ്ട്രീയ പാര്‍ട്ടികളെ അകറ്റി നിര്‍ത്തിയ സമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തുനിന്ന് എല്ലാ പിന്തുണയും കര്‍ഷകര്‍ക്ക് വാഗ്ദാനംചെയ്തിരുന്നു.

നിരവധി തവണ കര്‍ഷകരുമായി അനുരഞ്ജന ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നിയമം പിന്‍വലിക്കാതെ പുറകോട്ടില്ലെന്ന കര്‍ഷകരുടെ ഉറച്ച തീരുമാനം നാളുകള്‍ നീണ്ട പ്രക്ഷോഭമായി മാറി. പിന്നീട് രാജ്യതലസ്ഥാനം ഒരു വലിയ ചരിത്രത്തിന് വേദിയായി. അസഭ്യവാക്കുകളില്ലാതെ ആക്രമണങ്ങളില്ലാതെ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് പങ്കെടുക്കുന്നത്. പോരാട്ടങ്ങള്‍ ആദ്യമായി കാണുന്നവരായിരുന്നില്ല ഡല്‍ഹി-ഹരിയാന ബോര്‍ഡറില്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകര്‍. അനുഭവങ്ങളിലൂടെ മൂര്‍ച്ച കൂട്ടിയ വീര്യമുണ്ട് ഓരോ കര്‍ഷകന്‍റെ പ്രതിഷേധത്തിനും. അഹങ്കാരത്തോടെ കര്‍ഷകരുടെ മുന്‍പില്‍ തലയുയര്‍ത്തി നിന്ന എന്‍ ഡി എ എന്ന രാഷ്ട്രീയ കക്ഷി തെരഞ്ഞെടുപ്പുകളില്‍ പരാജയത്തിന്‍റെ രുചി അറിഞ്ഞു തുടങ്ങി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ചുവടുമാറ്റം കര്‍ഷക സമരത്തിന്‍റെ വിജയം തന്നെയാണ്.

നിരവധി കര്‍ഷക നേതാക്കളുടെ നേതൃത്വത്തിലാണ് സമരം വിജയത്തിന്‍റെ പടിയില്‍ എത്തിയിരിക്കുന്നത്. അതില്‍ പ്രധാന വ്യക്തിയാണ് രാകേഷ് ടികായത്ത്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ സമരം ചെയ്യാതെ തങ്ങളുടെ കഴിവില്‍ വിശ്വസിച്ച് സമരത്തെ ഒരു വര്‍ഷം മുന്‍പോട്ട് നയിച്ചുകൊണ്ടുപോയതില്‍ പ്രധാനിയാണ്‌ രാകേഷ് ടികായത്ത്. സുര്‍ജീത്ത് സിംഗ്, ഹനന്‍ മൊള്ള, പി കൃഷ്ണപ്രസാദ്, വിജു കൃഷ്ണന്‍, ഭോഗ് സിംഗ് മന്‍സ,ജോഗിന്ദര്‍ സിംഗ്, ഡോ. ദര്‍ശന്‍ പാല്‍, കുല്‍വന്ത് സിംഗ് എന്നിങ്ങനെ നീണ്ടു പോവുകയാണ് കര്‍ഷക നേതാക്കളുടെ പേരുകള്‍. നമുക്ക് അഭിമാനിക്കാം ഈ നേതൃത്വത്തിന്‍റെ ഇഛാശക്തിയില്‍.

നിയമ നിര്‍മ്മാണ സഭ

നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേദഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുക. ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. എന്നാല്‍ ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുക. ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്‍റിനും സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.

എന്താണ് പബ്ലിക് ബില്ലും പ്രൈവറ്റ് ബില്ലും 

സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലുകളാണ് പബ്ലിക്ക് ബില്ല്. ഇത് വകുപ്പുമായി ബന്ധപ്പെട്ട മന്ത്രിയായിരിക്കും അവതരിപ്പിക്കുക. ഭൂരിപക്ഷമുള്ള ഭരണകക്ഷിക്ക് ബില്ല് അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കാന്‍ സാധിക്കും. ഭരണകക്ഷി അവതരിപ്പിക്കുന്ന ബില്ലായതിനാല്‍ പാര്‍ട്ടിയുടെ നയങ്ങളാവും പബ്ലിക് ബില്ലിലൂടെ അവതരിപ്പിക്കപ്പെടുക. അവതരിപ്പിക്കാനായി ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കി അനുവാദം വാങ്ങിയിരിക്കണം.

മന്ത്രിമാരൊഴികെയുള്ള ഏതെങ്കിലും പാര്‍ലമെന്‍റ് അംഗം അവതരപ്പിക്കുന്ന ബില്ലിനെയാണ് പ്രൈവറ്റ് ബില്ല് എന്ന് വിളിക്കുന്നത്. പൊതുകാര്യങ്ങളിലെ പ്രതിപക്ഷത്തിന്‍റെ നിലപാടായിരിക്കും പ്രൈവറ്റ് ബില്ലുകളില്‍ ഉണ്ടായിരിക്കുക. പ്രൈവറ്റ് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഒരുമാസം മുന്‍പ് നോട്ടീസ് നല്‍കിയിരിക്കണം.

ബില്ലുകള്‍ നിയമമാകുന്നത് എങ്ങനെ?

ഫസ്റ്റ് റീഡിംഗ്: ഓഡിനറി ബില്ലുകള്‍ നിയമസഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാന്‍ സാധിക്കും. ആദ്യം ബില്ലിന്‍റെ സംക്ഷിപ്തരൂപവും അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും  വ്യക്തമാക്കണം. ഇതിനെ ഫസ്റ്റ് റീഡിംഗ് എന്നാണ് വിളിക്കുന്നത്. 

സെക്കന്‍ഡ് റീഡിംഗ്: ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ബില്ലുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ച, കമ്മറ്റി ഘട്ടം എന്നിയവാണ് രണ്ടാം ഘട്ടത്തിലുണ്ടാവുക. ഇതിനെ സെക്കന്‍ഡ് റീഡിംഗ് എന്നാണ് വിളിക്കുന്നത്.  

തേര്‍ഡ് റീഡിംഗ്: ബില്ലിനെ അംഗീകരിക്കണോ തള്ളിക്കളയണോ എന്ന് തീര്‍പ്പ് കല്‍പ്പിക്കുന്ന ഘട്ടം. ഈ ഘട്ടത്തില്‍ ബില്ല് വോട്ടിനിട്ട് അംഗീകരിക്കുകയോ തള്ളികളയുകയോ ചെയ്യുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും ചര്‍ച്ചക്കൊടുവില്‍ പാസാകുന്ന ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ബില്ലില്‍ എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കില്‍ രാഷ്‌ട്രപതിക്ക് തിരികെ അയക്കാം. അല്ലാത്തപക്ഷം ഒപ്പ് വെച്ച് കഴിഞ്ഞാല്‍ ബില്ല് നിയമമായി അംഗീകരിക്കപ്പെടും. 

എങ്ങനെയാണ് നിയമം പിന്‍വലിക്കുക

പ്രധാനമന്ത്രി വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നു. എങ്ങനെയാണ് ഈ നിയമങ്ങള്‍ അസാധുവാക്കാന്‍ സാധിക്കുക. നിയമം പാസക്കിയത് പോലെ തന്നെ വലിയൊരു കടമ്പയാണ് നിയമം റദ്ദാക്കുകയെന്നതും. ആദ്യം നിയമം പിന്‍വലിക്കാനുള്ള ശുപാര്‍ശ നിയമവുമായി ബന്ധപ്പെട്ട വകുപ്പ് കേന്ദ്ര നിയമവകുപ്പിന് അയച്ചുകൊടുക്കണം. പിന്‍വലിക്കുന്നത് സംബന്ധിച്ച നിയമവശങ്ങള്‍ നിയമ മന്ത്രാലയം പരിശോധിക്കും. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മന്ത്രി ഇക്കാര്യം രണ്ട് സഭയിലും അവതരിപ്പിക്കുകയും ചര്‍ച്ചയിലൂടെ ബില്‍ പാസാക്കി രാഷ്ട്രപതിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. രാഷ്ട്രപതിയുടെ ഒപ്പ് ലഭിച്ചാല്‍ മാത്രമേ നിയമം റദ്ദാക്കപ്പെടുകയുള്ളൂ. വിവാദമായ മൂന്നു നിയമങ്ങള്‍ക്കും ഒരു ബില്‍ മതിയാകും. നിയമം എടുത്തുകളയാന്‍ വളരെ ചെറിയ നടപടിക്രമങ്ങള്‍ മാത്രമാണ് ആവശ്യമായി വരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More