ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മഹാക്ഷേത്രങ്ങള്‍- സുഫാദ് സുബൈദ

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി എന്ന നിലയില്‍ മാത്രമല്ല ജവഹര്‍ലാല്‍ നെഹ്റു, അന്ന് കുട്ടികളായിരുന്ന ഇന്നത്തെ മുതിര്‍ന്നവരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു പനിനീര്‍പ്പൂവിന്റെ സ്നേഹസൗരഭ്യത്തോടെ കുട്ടികളെ സ്നേഹിച്ച നേതാവെന്ന നിലയില്‍ കൂടിയാണ്.

പ്രകൃതിയും മനുഷ്യനും- നെഹ്രുവിയന്‍ കാഴ്ചപ്പാട് 

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ സമകാലീനനായ മഹാത്മാ ഗാന്ധിയടക്കം ലോകത്ത് ജീവിച്ചു മണ്ണടിഞ്ഞുപോയ മഹാന്മാരായ നേതാക്കളും അവധൂതരും പ്രവാചകരും വരെ സംസാരിച്ചിട്ടുണ്ട്. 'നിങ്ങള്‍ പ്രകൃതിയോടിണങ്ങി ലളിതമായി ജീവിക്കുവിന്‍' എന്നാണ് പ്രവാചകന്‍ മുഹമ്മദിന്‍റെ വചനം. യന്ത്രവത്ക്കരണവും ആധുനിക വ്യവസായങ്ങളും വക്കീലും ഡോക്ടറുമില്ലാത്ത സ്വയംപര്യാപ്ത ഗ്രാമങ്ങളുടെ സമാഹാരം എന്ന നിലയിലാണ് മഹാത്മജി രാജ്യത്തെ ദീര്‍ഘദര്‍ശനം ചെയ്തത് എന്ന കാര്യം 'ഹോം റൂളി'ല്‍ നിന്ന് വ്യക്തമാകും. എന്നാല്‍ ജവഹര്‍ ലാല്‍ നെഹ്രുവെന്ന കുട്ടികളുടെ ചാച്ചാജി, ഇതിന്റെയെല്ലാം മധ്യപാതയിലാണ് സഞ്ചരിച്ചത്. ആധുനികമായ ശാസ്ത്രനേട്ടങ്ങളുടെ പിന്‍ബലത്തില്‍ രാജ്യം പുരോഗതി നേടണം എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. ആദ്യ പഞ്ചവത്സ പദ്ധതികളുടെ കാലത്താണ് രാജ്യത്തെ പ്രധാനപ്പെട്ട അണക്കെട്ടുകളും ശാസ്ത്ര സ്ഥാപനങ്ങളും വ്യവസായങ്ങളും രാജ്യത്ത് യാഥാര്‍ഥ്യമാകുന്നത്. എന്നാല്‍ അമിതമായ പ്രകൃതി ചൂഷണത്തെയും പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണത്തെയും സംബന്ധിച്ച് അങ്ങേയറ്റം കരുതലുള്ള വ്യക്തിയായിരുന്നു ചാച്ചാജി. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ അവസരം വരുമ്പോഴെല്ലാം അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. 

നെഹ്രുവിനെ അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ- ഡി ഡി കൊസാംബി

സ്വാതന്ത്ര്യ പൂര്‍വകാലത്ത് ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടും സ്വതന്ത്ര ഭാരതത്തില്‍ പ്രധാനമന്ത്രി എന്ന നിലയിലും എക്കാലത്തും തിരക്കുപിടിച്ച ജീവിതമായിരുന്നു ചാച്ചാജിയുടേത്. മഹാപണ്ഡിതനും ചരിത്രകാരനുമായിരുന്ന അദ്ദേഹം ഒരു പതിറ്റാണ്ട് നീണ്ടകാലം ബ്രിട്ടീഷുകാരുടെ ജയിലില്‍ കഴിഞ്ഞു. കാരാഗൃഹത്തില്‍ കിടന്ന ഈക്കാലത്താണ് 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന പേരില്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായ കത്തുകള്‍ അദ്ദേഹം മകള്‍ ഇന്ദിര പ്രിയദര്‍ശിനിയ്ക്ക് അയക്കുന്നത്. ലോകത്തെ കുറിച്ച്, അതിന്റെ ചരിത്രത്തെ കുറിച്ച്, ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെ കുറിച്ച്, തന്റെ ജീവിത ദര്‍ശനത്തെ സംബന്ധിച്ച് കുട്ടികള്‍ക്ക് താത്പര്യം തോന്നും വിധത്തില്‍ വളരെ ലളിതമായി അദ്ദേഹം തന്റെ മകള്‍ക്ക് പകര്‍ന്ന അറിവുകള്‍ രാജ്യത്തെയും ലോകത്തെത്തന്നെയും കോടിക്കണക്കായ കുട്ടികള്‍ക്ക് ഇതിനകം മാര്‍ഗ്ഗം തെളിച്ചു. തിരക്കുപിടിച്ച ദിനചര്യകള്‍ക്കിടയിലും കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറായ ജവഹര്‍ലാല്‍ നെഹ്റു ഇക്കാര്യത്തില്‍ മാതൃകയാണ്. ഇതിനൊക്കെ പുറമേ രണ്ടു വാല്യങ്ങളിലായി രചിച്ച 'വിശ്വചരിത്രാവലോകനം' എന്ന ബൃഹദ് ഗ്രന്ഥവും ഇന്ത്യയെ കണ്ടെത്തല്‍ എന്ന പ്രൌഢഗ്രന്ഥവും ചരിത്ര കുതുകികള്‍ക്കും വിജ്ഞാന ദാഹികള്‍ക്കും വിലപ്പെട്ടതാണ്. ഇത്ര തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ നെഹ്‌റു എങ്ങനെ ഈ ഗ്രന്ഥങ്ങള്‍ രചിച്ചുവന്നത് അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂവെന്നാണ് വിഖ്യാത ചരിത്രകാരന്‍ ഡി ഡി കൊസാംബി എഴുതിയിട്ടുള്ളത്.

ഇന്ത്യയുടെ മാറില്‍ മണ്ണും പൊടിയുമായി അലിഞ്ഞുചേരട്ടെ ഞാന്‍...

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റായിരുന്ന മൊത്തീലാല്‍ നെഹ്‌റുവിന്റെ ഏക  മകനാണ് ജവഹര്‍ലാല്‍ നെഹ്റു. 1889 നവംബര്‍ 14നാണ് ജനനം. വീട്ടിലെ "വിലയേറിയ രത്നം' എന്ന നിലക്കാണ് ജവഹര്‍ എന്ന പേര് ആ ബാലന് ലഭിച്ചത്. കുട്ടികളോട് കളിച്ചും ചിരിച്ചും സംസാരിച്ചും സമയം ചെലവഴിക്കാന്‍ ജവഹറിന് വലിയ ഇഷ്ടമായിരുന്നു. പൂക്കളെയും കുഞ്ഞുങ്ങളെയും വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തതുകൊണ്ട് കുട്ടികള്‍ അദ്ദേഹത്തെ "ചാച്ചാ നെഹ്റു' എന്നു വിളിച്ചു. ഇന്ത്യയില്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് നെഹ്റു വഹിച്ച പങ്ക് വിലപ്പെട്ടതാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായപ്പോള്‍ പഞ്ചവത്സര പദ്ധതികളുടെ ആസൂത്രണത്തിലൂടെ രാജ്യത്തെ ജനങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തി.

'എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി അലിഞ്ഞുചേരട്ടെ' എന്നായിരുന്നു നെഹ്റുവിന്‍റെ അന്ത്യാഭിലാഷം. ആ മഹാത്മാവിന്‍റെ അസ്ഥിയും മജ്ജയും മാംസവും അലിഞ്ഞുചേര്‍ന്ന മണ്ണില്‍ പണിയെടുത്ത് രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ ഇന്ന് പെരുവഴിയില്‍ സമരത്തിലാണ്. സാമ്രാജ്യത്വ ശക്തികളുടെ ബൂട്ടിനടിയില്‍ രാജ്യം ഞെരിഞ്ഞമരുമ്പോള്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ജനതയെ ചേര്‍ത്തുപിടിച്ച് പൊരുതി വാങ്ങിയ സ്വാതന്ത്ര്യവും പൌരാവകാശവും പ്രതിസന്ധിയിലായിരിക്കുന്നു. 2014-ലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നു പറയുന്ന സെലിബ്രിറ്റികള്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന കാലത്ത് ജവഹര്‍ എന്ന രത്നത്തിന്റെ ഓര്‍മ്മകള്‍ വളരെ വിലയേറിയതുതന്നെയാണ്. നാമെങ്ങനെയൊരു മതേതര ജനാധിപത്യ ഇന്ത്യയായിത്തീര്‍ന്നുവെന്ന് വിളിച്ചുപറയേണ്ടത് ഓരോ ഇന്ത്യക്കാരന്‍റെയും കടമയാണ്. 

എന്നെ വിമര്‍ശിക്കൂ... 

ഇന്ത്യക്ക് നെഹ്രു നൽകിയ സംഭാവനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനാധിപത്യമൂല്യങ്ങൾ തന്നെയാണ്. വിമര്‍ശനങ്ങളെ അദ്ദേഹം എന്നും സ്വാഗതം ചെയ്തു. തന്റെ പോരായ്മകളെ തുറന്നുകാട്ടുന്ന കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതിന് അധികം ഇടവേളകള്‍ വേണ്ട എന്ന് വിശ്വപ്രസിദ്ധ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷമണിനോട്‌ അദ്ദേഹം ശട്ടംകെട്ടി.  അദ്ദേഹത്തിന് സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. തന്റെ രാഷ്ട്രീയ ഉയർച്ചയുടെ ഒരുഘട്ടത്തിൽ, 'ജവാഹർ ലാൽ നെഹ്റുവിലേക്ക് അധികാരം കേന്ദ്രീകരിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച്' അദ്ദേഹംതന്നെ വ്യാജപേരിൽ ലേഖനമെഴുതി. ‘നമുക്ക് സീസർമാരെ ആവശ്യമില്ല’ എന്ന് അതിലദ്ദേഹം എഴുതിയിട്ടുണ്ട്. ആഫ്രിക്കയിലെയും മറ്റും വിമോചനനേതാക്കള്‍ സ്വേച്ഛാധിപത്യത്തിലേക്ക് തിരിയുന്ന കാലത്ത് നെഹ്റുവിന്റെ സംസ്‌കാരവും ധൈഷണിക നാഗരികതയും ബൗദ്ധിക ഔന്നത്യവുമാണ് രാജ്യത്തെ ജനാധിപത്യ ജീവിതരീതിക്കും പെരുമാറ്റച്ചട്ടങ്ങള്‍ക്കും മാതൃകയായിത്തീര്‍ന്നത്. എണ്ണംകൊണ്ട് കുറവായിരുന്നെങ്കിലും ശേഷികൊണ്ട് ശക്തമായിരുന്ന പ്രതിപക്ഷത്തിനുമുന്നിൽ തന്റെ സർക്കാരിനെ നെഹ്റു വിചാരണയ്ക്കുവെച്ചു. പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയുടെ പ്രസംഗം ഷെഡ്യൂള്‍ ചെയ്ത ദിവസങ്ങളില്‍, എത്ര തിരക്കുണ്ടെങ്കിലും പാര്‍ലമെണ്ട് സെഷന്‍ മിസ്സ്‌ ചെയ്യാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കരുത്തുറ്റ പ്രതിപക്ഷം ജനാധിപത്യത്തിന് എത്രത്തോളം അനിവാര്യമാണ് എന്ന് നെഹ്‌റുവിനോളം ഉള്‍ക്കൊണ്ട നേതാക്കള്‍ പിന്നീട് നമുക്കുണ്ടായിട്ടില്ല എന്ന് യാതോരാലോചനയുമില്ലാതെ പറയാന്‍ കഴിയും.

ഏതു കഥയിലും നെഹ്റു വില്ലനായിവരുന്ന 'സംഘ'കാലമാണിത്. വിഭജനവേളയില്‍ സ്വന്തം ആവശ്യം നേടുന്നതില്‍ പരാജയപ്പെട്ട ഒരു കൂട്ടര്‍ ആധുനിക ഇന്ത്യയെ മതരാഷ്ട്രമായി മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമത്തിലാണ്.  2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ആ ചിന്താഗതിക്ക് ഭരണകൂട യുക്തിയായി വളരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പൊതുസമ്മതിയുത്പാദനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ധൈഷണിക വെളിച്ചത്തോടെ, അതിലേറെ പ്രായോഗികതയോടെ നെഹ്‌റു കെട്ടിപ്പടുത്ത ദേശരാഷ്ട്രമാതൃകയുടെ കടയ്ക്കലാണ് കോടാലി വയ്ക്കുന്നത്. ഏകശിലാ രൂപങ്ങള്‍ക്കെതിരെ വൈവിധ്യങ്ങളുടെ വര്‍ണ്ണങ്ങള്‍ വിരിയിക്കാനാണ് ചാച്ചാജി എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ജവഹർലാൽ നെഹ്രുവിന്റെ "മഹാക്ഷേത്രങ്ങൾ" അയോധ്യയിലും സോമനാഥിലും, മഥുരയിലും ആയിരുന്നില്ല. ആ മഹാക്ഷേത്രങ്ങൾ നിർമ്മിക്കാൻ അദ്ദേഹം ഇന്ത്യൻ ജനതയെ വിരുദ്ധ ധ്രുവങ്ങളില്‍ ധ്രുവീകരിച്ചതുമില്ല. കോടിക്കണക്കിനു മനുഷ്യർക്ക് തൊഴിൽ സുരക്ഷയും രാജ്യത്തിന് വ്യാവസായിക പുരോഗതിയും നൽകിയ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു നെഹ്രുവിന്റെ "മഹാക്ഷേത്രങ്ങൾ". ഇന്ന് ആ മഹാക്ഷേത്രങ്ങളിൽ ബാക്കിയുള്ളത് കൂടി സ്വകാര്യമേഖലക്ക്‌ വിറ്റഴിക്കുമ്പോഴാണ്, ജവഹർലാൽ നെഹ്‌റു വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ അത്രമേൽ പ്രസക്തനാകുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More