ജെന്‍ഡര്‍ ന്യൂട്രല്‍: വസ്ത്രത്തിനു ഭംഗിയും ആഹാരത്തിനു രുചിയും വേണം- സുഫാദ് സുബൈദ

സ്കൂള്‍ യൂണിഫോം ലിംഗഭേദം മറികടന്ന് രൂപകല്പന ചെയ്തുകൂടെ എന്ന ചോദ്യവും അനുബന്ധ ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. 'ജെന്‍ഡര്‍ ന്യൂട്രല്‍' എന്ന പ്രയോഗം മലയാളിക്ക് സുപരിചിതമായിത്തുടങ്ങി. അതായത് ആണിനും  പെണ്ണിനും ഭിന്നലിംഗക്കാര്‍ക്കും ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ യൂണിഫോം ആയി ഉപയോഗിച്ചുകൂടെ എന്നത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. നല്ലതാണ്. ലിംഗപരമായ വിവേചനത്തെ കുറിച്ചും രണ്ടു കമ്പാര്‍ട്ട് മെന്റുകളിലായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തുന്ന രീതികളെകുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഈ ചോദ്യവും അതുവഴിയുണ്ടാകുന്ന ചിന്തയും കാരണമാകും. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും നടക്കുന്ന ചര്‍ച്ചകളില്‍ പല രംഗങ്ങളിലുള്ള പ്രമുഖര്‍ പങ്കെടുത്ത് വളരെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് പാന്‍റ്സ് ധരിക്കാമെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് സ്കേര്‍ട്ട് ധരിച്ചൂടെ? ആണ്‍കുട്ടികള്‍ക്ക് ഷോട്സ് ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഷോട്സ് ധരിച്ചൂടെ? തുടങ്ങി വിവിധ ചോദ്യങ്ങള്‍ വരുന്നുണ്ട്. ഇത്തരം ചോദ്യങ്ങളെല്ലാം ഫോക്കസ് ചെയ്യുന്നത് ലിംഗ സമത്വം എന്ന ആശയത്തിലാണ്. ആത്യന്തികമായ ലക്‌ഷ്യം അതുതന്നെയാണ് താനും. 

ഷര്‍ട്ടും പാവാടയും മാറി മാറി ധരിച്ചാല്‍ സ്ത്രീപുരുഷ സമത്വം വരുമോ?

എന്നാല്‍ ഷര്‍ട്ടും പാവാടയും അങ്ങോട്ടുമിങ്ങോട്ടും മാറി മാറി ധരിച്ചാല്‍ സ്ത്രീപുരുഷ സമത്വം ഉണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യമുണ്ട്. സത്യത്തില്‍ അത് ഒരു കേവല ചിന്ത മാത്രമാണ്. അങ്ങനെ ആണും പെണ്ണും മാറി മാറി ധരിക്കണ്ട എന്ന്, ഇപ്പറഞ്ഞതിനു അര്‍ത്ഥവുമില്ല. മറിച്ച് വസ്ത്രത്തെ കുറിച്ച് ആലോചിക്കുമ്പോള്‍, അതില്‍ ലിംഗനില പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്ന് ആലോചിക്കുമ്പോള്‍, മനസ്സിലേക്ക് ഓടിയെത്തുന്ന ചില കാര്യങ്ങളുണ്ട്. അതെന്താണ് എന്ന പരിശോധനയും അതില്‍ നിന്നെങ്ങിനെ കുതറി മാറാം എന്ന ആലോചനയുമാണ് ഇവിടെ പ്രസക്തം എന്ന് തോന്നുകയാണ്. അടിസ്ഥാനപരമായ സ്ത്രീ /പുരുഷ സമത്വം എന്നത് തിരിച്ചുവായിച്ചാല്‍ സ്ത്രീകളുടെ വിമോചനം എന്നാണ് അര്‍ഥം കിട്ടുക. പുരുഷന്‍ നേരത്തെതന്നെ വിമോചിതനാണ് എന്നൊരര്‍ഥവും ഇതിനുണ്ട്. അതിന്റെ വിശദാംശങ്ങളില്‍ പല അഭിപ്രായ വ്യത്യാസങ്ങളും കണ്ടേക്കാം. എന്നാല്‍ വസ്ത്രധാരണ രീതി എടുക്കുമ്പോള്‍ ഇത് ശരിയാണ്. നമ്മുടെ ആണ്‍യുക്തി, സ്ത്രീകളുടെ വസ്ത്രം പലപ്പോഴും ഡിസൈന്‍ ചെയ്യുന്നത് ശരീരത്തെ എത്രകണ്ട് ആകര്ഷനീയമാക്കാം അല്ലെങ്കില്‍ മൂടി വെയ്ക്കാം എന്നീ വിരുദ്ധ ലക്‌ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. അതെന്താ പുരുഷന്‍മാരുടെത് അങ്ങിനെയല്ലേ എന്ന ചോദ്യം നിങ്ങളില്‍ നാമ്പിടുന്നത് കാണുന്നുണ്ട്. തീര്‍ച്ചയായും ആകര്‍ഷണീയത എന്ന ഘടകം ആണ്‍ പെണ്‍ വസ്ത്രങ്ങളില്‍ പൊതുഘടകം തന്നെയാണ്. എന്നാല്‍ പെണ്ണുങ്ങളുടെ കാര്യത്തില്‍ അതിനു മാത്രമാണ് ഊന്നല്‍. സാരിയായാലും പാവാടയായാലും അയഞ്ഞു നിലം തൊടുന്ന പര്‍ദ്ദയായാല്‍ പോലും കേന്ദ്രം ശരീരവും ആകര്‍ഷണീയതയും മാത്രമാകയാല്‍ അത് ശരീരത്തിന്റെ തന്നെ സുഖമമായ പ്രവര്‍ത്തനങ്ങളെയും വിമോചനത്തെയും തടയുന്നുണ്ട്‌. അതുകൊണ്ട് തന്നെ സ്ത്രീ വസ്ത്രങ്ങളുടെ ഊന്നല്‍ ഇത്തരം കെട്ടിയിടല്‍ മറികടക്കുന്നത് അല്ലെങ്കില്‍  ശാരീരികമായ വിമോചനത്തെ ലക്‌ഷ്യം വെക്കുന്നത് ആവണം. അത് ത്രീഫോര്‍ത്തോ ചുരിദാറോ ജീന്‍സൊ ഷേര്‍ട്ടോ എന്തുമാകട്ടെ. മനുഷ്യശരീരം പ്രവൃത്തി ചെയ്യാനുള്ളതാണ്. അല്ലാതെ അണിയിച്ചൊരുക്കി തുണിക്കടകളിലെ പ്രതിമയാക്കാനുള്ളതല്ല. സങ്കോചമില്ലാതെ മടങ്ങാനും നിവരാനും കുനിയാനും കഴിയുന്ന വസ്ത്രങ്ങള്‍ തന്നെയാണ് ശാരീരികമായ വിമോചനം സാധ്യമാക്കുക.

വസ്ത്രത്തിനു ഭംഗി വേണ്ടേ?

വസ്ത്രത്തിനു ഭംഗി വേണ്ടേ എന്ന ചോദ്യമുണ്ട്. ശരിയാണ് വസ്ത്രത്തിനു ഭംഗിയും ആഹാരത്തിനു രുചിയും വേണം. പക്ഷേ രുചി മാത്രം നോക്കി ഭക്ഷം കഴിച്ചാല്‍ ആരോഗ്യം അകന്നു പോകും എന്നത് വസ്തുതയാണെങ്കില്‍ സ്ത്രീ ശരീരത്തെ ഭംഗിയോടെ അലങ്കരിച്ചുനിര്‍ത്തുക, അല്ലെങ്കില്‍ മറച്ചുകൊണ്ട് നടക്കുക  എന്നത് മാത്രം ലക്‌ഷ്യം വെച്ചാല്‍ അത് അവരേ സ്വാതന്ത്ര്യത്തിലെക്കല്ല പാരതന്ത്ര്യത്തിലെക്കാണ് നയിക്കുക. പിന്നെ ഭംഗി! നടന്‍ ജയന്‍ ധരിച്ച ബെല്‍ ബോട്ടം പാന്റുകള്‍ ഇപ്പോള്‍ ഫാഷനല്ല എന്ന് മാത്രമല്ല. കോമഡിയുമാണ്‌ എന്ന കാര്യം മറന്നു പോകരുത്. അതായത് നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ ഭംഗി താനേ ഉണ്ടായി വരും എന്നുകൂടി നാം തിരിച്ചറിയണം. പുതിയ തെരെഞ്ഞടുപ്പുകള്‍ ഉണ്ടായി വരുമ്പോള്‍, ഇന്ന് നാം ഭംഗിയാണ് എന്ന് കരുതിയ പല രീതികളും അലങ്കാരങ്ങളും, ഭംഗിയല്ലാതായിത്തീരും. 

പെണ്‍കുട്ടികളുടെ കാതും കുത്താമോ? 

വസ്ത്രത്തില്‍ സ്ത്രീകള്‍ കാര്യമായി അനുഭവിക്കുന്ന ഒന്ന് വിലക്കുകളാണ്. അത് ധരിക്കരുത്. അതങ്ങനെ ധരിക്കരുത്. ഷാള്‍ കയറ്റി ഇടണം. തട്ടം തലയില്‍ നിന്ന് വീണു പോകരുത്. തുടങ്ങി ധാരാളമുണ്ട്. ഈ വിലക്കുകള്‍ അവസാനിപ്പിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്.  വിലക്കുകളും, വെറും അലങ്കാരവും അച്ച്ടക്കവുമായി വസ്ത്രത്തെ കാണുന്ന രീതിയും അവസാനിപ്പിച്ചാല്‍ വസ്ത്രത്തിലെ ലിംഗഭേദം താനേ ഇല്ലാതാകും. പിന്നെ, ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തിലൂടെ ലിംഗ സമത്വം സ്വപ്നം കാണുമ്പോള്‍, ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നാം പെണ്‍കുട്ടികളെ പെണ്‍കുട്ടികളാക്കുകയും ആണ്‍കുട്ടികളെ ആണ്‍കുട്ടികളാക്കുകയും ചെയ്യുന്ന പ്രവര്ത്തി‍, അവര്‍ വസ്ത്രമോക്കെ അണിഞ്ഞുതുടങ്ങുന്നതിനു മുന്‍പ് തന്നെ ആരംഭിക്കുന്നുണ്ട്. പേരിടുമ്പോള്‍, കാതുകുത്തുമ്പോള്‍, കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍, പഴഞ്ചൊല്ലുകള്‍ പറഞ്ഞുകൊടുക്കുമ്പോള്‍, കഥകള്‍ വായിച്ചു നല്‍കുമ്പോള്‍, ഭാവിയെ കുറിച്ച് സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ നാം അവരെ പെണ്ണും ആണുംമാക്കി ക്കൊണ്ടിരിക്കുക തന്നെയാണ്. അതുകൊണ്ട് ഒരേ പ്രായമുള്ള   കുട്ടികള്‍ക്ക് ആണും പെണ്ണും തിരിച്ചുള്ള യൂണിഫോമുകള്‍ വേണ്ടെന്ന് വെക്കണം, പെണ്‍കുട്ടികളുടെ കാത് കുത്തുന്നവര്‍ ആണ്‍കുട്ടികളുടെ കാത് കുത്താനും തയറാകണം. അല്ലെങ്കില്‍ ആരുടെ കാതും കുത്തുകയില്ല എന്ന് തീരുമാനിക്കണം. ഏതായാലും ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളെ ഹാര്‍ദ്ദമായിത്തന്നെ സ്വാഗതം ചെയ്യേണ്ടതുണ്ട്. അത് മനുഷ്യ ശരീരത്തെ, കേവല ശരീരത്തില്‍ നിന്ന് മോചിപ്പിക്കുന്നതാവണം. നമ്മുടെ ചിന്തകളെ, സംസ്കാരിക നിലവാരത്തെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുന്നതാവണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More