അപ്പോള്‍ ബാബുക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു! നജ്മലിന്‍റെ ബാബുക്ക- നദീം നൌഷാദ്

എൻ്റെ അമ്മാവൻ കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദാണ് ബാബുക്കയെ തെരുവിൽ നിന്ന് കണ്ടെടുത്ത് വീട്ടിലേക്ക്  കൂട്ടികൊണ്ടുവന്നത്. അദ്ദേഹം ബാബുക്കയ്ക് എല്ലാ പ്രോത്സാഹനവും  കൊടുത്തു. കുഞ്ഞുമുഹമ്മദിൻ്റെ മൂത്ത സഹോദരി ആച്ചുമ്മയെ എൻ്റെ ഡാഡാ (കോഴിക്കോട് അബ്‌ദുൾ ഖാദർ) വിവാഹം കഴിച്ചു. രണ്ടാമത്തെ സഹോദരി നഫീസയെ ബാബുക്കയും  വിവാഹം കഴിച്ചു. ഞങ്ങൾ ഒരേ വീട്ടിലായിരുന്നു താമസം.

ബാബുക്കയുടെ കല്യാണവും ആദ്യ പാട്ടോര്‍മ്മയും 

ബാബുക്കയുടെ കല്യാണം എനിക്ക് ഓർമ്മയുണ്ട്. രാത്രിയായിരുന്നു. അന്ന് അരിക്ഷാമമുള്ള കാലമായിരുന്നു. വൈദ്യുതി ഇല്ലാത്തതുകൊണ്ട് പെട്രോൾ മാക്സ് ആയിരുന്നു  ഉപയോഗിച്ചിരുന്നത്. എനിക്ക് അന്ന്‌ അഞ്ചോ ആറോ വയസ്സ് മാത്രമേ കാണൂ. വിവാഹശേഷം  ബാബുക്ക താമസം മാറി. അദ്ദേഹത്തിന് മൂന്നു കുട്ടികൾ ജനിച്ചു. പക്ഷെ നിർഭാഗ്യമെന്ന്  പറയട്ടെ മൂന്നുപേരും ക്ഷയരോഗം വന്ന് മരിച്ചു. ഭാര്യക്കും ക്ഷയരോഗം പിടിപെട്ടു. താമസിയാതെ അവരും ബാബുക്കയെ വിട്ടുപിരിഞ്ഞു. പിന്നീട് കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ്  ബിച്ചയെ ബാബുക്ക വിവാഹം കഴിക്കുന്നത്. 

എനിക്ക് എട്ടൊൻപതു വയസ്സുള്ളപ്പോഴാണ് ബാബുക്കയുടെ കൂടെ ആദ്യമായി പാടാൻ പോവുന്നത്. കോഴിക്കോട് സ്റ്റേഡിയത്തിന് അടുത്തുള്ള കോൺസ്റ്റബിൾ കുഞ്ഞാലിയുടെ  മകളുടെ കല്യാണത്തിന്. 'ഉച്ചമര പൂന്തണലിൽ കൊച്ചു കളിവീട് വെച്ച്' ,'തത്തമ്മേ തത്തമ്മേ' എന്നീ പാട്ടുകളാണ് അന്ന് പാടിയത്.

എം എസ് ബാബുരാജും കെ ടി മുഹമ്മദും 

ഞങ്ങളുടെ കോർട്ടേഴ്‌സിനടുത്തായിരുന്നു കെ ടി മുഹമ്മദ് താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ ഉപ്പ പൊലീസുകാരനായിരുന്നു. ഏറനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക്‌ കുടിയേറിയവരായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കെ ടി ഒരു നാടകം എഴുതി. അതിന് സംഗീതം കൊടുത്തത് ബാബുക്കയായിരുന്നു. കെ ടി നാടകകൃത്ത് എന്ന നിലയിലും ബാബുക്ക സംഗീത സംവിധായകൻ എന്ന നിലയിലുമുള്ള ആദ്യ ഒത്തുചേരല്‍.  

ഞങ്ങൾ ഇതിനിടെ കൂരിയാൽ ഇടവഴിയിലെ ലൈൻ മുറിയിലേക്ക് താമസം മാറി. ഡാഡ കമ്യുണിസ്റ്റ് പാർട്ടിയുടെ വേദികളിൽ പാടുന്നതുകൊണ്ട് പോലീസ് കോർട്ടേഴ്സ്റ്റിൽ തുടർന്ന്  താമസിക്കാൻ പറ്റാതെയായി. ഞങ്ങളുടെ താമസസ്ഥലത്തിൻ്റെ മുൻവശത്തായിരുന്നു ക്രൗൺ തിയേറ്റർ. അവിടെ ഇംഗ്ലീഷ് സിനിമകൾ പതിവായി കളിച്ചിരുന്നു. കോറണേഷൻ തിയേറ്ററിൽ  ഹിന്ദി സിനിമകളും വരുമായിരുന്നു. അന്ന് ഗുരുദത്തിൻ്റെ 'പ്യാസ' കണ്ടത് ഓർമ്മയുണ്ട്. അതിലെ പാട്ടുകൾ കേൾക്കാൻ ബാബുക്ക ആ സിനിമ പലതവണ കണ്ടിരുന്നു.

'പാലാണ് തേനാണ് ഖല്‍ബിലെ പൈങ്കിളിക്ക്...' 

ബാബുക്ക സംഗീത സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ഉമ്മ. അതിലെ  പാട്ടുകൾ വളരെ വേഗം തന്നെ ജനപ്രിയമായി. കദളിവാഴ കയ്യിലിരുന്ന്, പാലാണ് തേനാണ്,  അപ്പം തിന്നാൻ തപ്പുകൊട്ട് എന്നീ പാട്ടുകൾ സിനിമ ഇറങ്ങുന്നതിനു മുമ്പേ എനിക്ക്  മനഃപാഠമായിരുന്നു. എൻ്റെ വീട്ടിൽ വെച്ചായിരുന്നു കമ്പോസിംഗ്. എന്നാൽ എനിക്ക് ആ സിനിമയിൽ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ഇതൊന്നുമായിരുന്നില്ല. പി ലീലയും എ എം രാജയും  പാടിയ 'പോരൂ നീ പൊൻമയിലെ' എന്ന യമൻ രാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു. ഞാൻ അതേകുറിച്ച് ചോദിച്ചപ്പോൾ ഖയ്യാമിൻ്റെ സംഗീതത്തിൽ മുകേഷ് പാടിയ 'ദേഖിയെ പ്യാർ' എന്ന  പാട്ടാണ് ഇത് ചെയ്യാൻ പ്രചോദനം എന്നായിരുന്നു മറുപടി. 

അത് പറഞ്ഞപ്പോള്‍ ബാബുക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

വലിയ ഭക്ഷണ പ്രിയനായിരുന്നു ബാബുക്ക. ഇറച്ചിയും മീനുമൊക്കെയായിരുന്നു ഇഷ്ട വിഭവങ്ങൾ. വൈകുന്നേരം ഒരു പതിവ് സൈക്കിൾ സവാരിയുണ്ട്. ബാബുക്കയ്ക് സുഹൃത്തുക്കൾ ഒരു ബലഹീനതയായിരുന്നു അവർ ചോദിച്ചാൽ എന്തും കൊടുക്കും. ഒരിക്കൽ ഗൾഫ് പര്യടനം കഴിഞ്ഞു മടങ്ങുമ്പോൾ സുഹൃത്തായ ദുബായ് ബാങ്ക് മാനേജർ ഹമീദ് ചോദിച്ചു. “നിങ്ങൾക്ക്  എന്തിനാ ഈ പെട്ടി (ഹാർമോണിയം) നാട്ടിൽ കൊണ്ടുപോവുന്നത്? നാട്ടിൽ വേറെ പെട്ടി കിട്ടില്ലേ?. ഇതിൻ്റെ വില എത്രയാണെന്ന് വെച്ചാൽ ഞാൻ തരാം.” ബാബുക്ക കൊടുക്കാൻ താല്പര്യം കാണിച്ചില്ല. ഒടുവിൽ സുഹൃത്ത് നിർബന്ധിച്ചപ്പോൾ കൊടുത്തു. ഒരുപാട് പാട്ടുകൾക്ക് സംഗീതം കൊടുത്ത ഹാർമോണിയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഒരു വൈകാരികമായ ബന്ധം അതുമായി അദ്ദേഹത്തിന് ഉണ്ടായിരുന്നു. നാട്ടിൽ എത്തിയപ്പോൾ പെട്ടി എവിടെ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം  കുറച്ചു സമയം മിണ്ടാതിരുന്നു. “അത് കൊടുക്കാതിരുന്നാൽ പോരായിരുന്നോ” ഞാൻ വീണ്ടും ചോദിച്ചു. “അതിന് എനിക്ക് കഴിയില്ലെടാ…”. ബാബുക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

കുറെ വർഷങ്ങൾക്കു ശേഷം ഞാൻ ഹമീദ്ക്കയെ കണ്ടുമുട്ടി “ബാബുക്കയുടെ ഹാർമണിയം  ഇപ്പൊഴും കൈയിലുണ്ടോ”-ഞാൻ ചോദിച്ചു. “അതവിടെ എവിടെങ്കിലും കാണും ”ഒട്ടും  താല്പര്യവുമില്ലാത്ത രീതിയിലായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.  

കല്‍ക്കത്തയില്‍ ട്രാഫിക് ജാമുണ്ടാക്കിയ പെട്ടിവായന 

ബാബുക്ക രണ്ടുതവണ ഓൾ ഇന്ത്യ ടൂറിനു പോയിട്ടുണ്ട്. ബോംബെ, കൽക്കത്ത, ഡൽഹി  എന്നിങ്ങനെ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. ആ യാത്രയിൽ മലയാളി എഞ്ചിനീയറും സുഹൃത്തുമായ വിദ്യാധരൻ കൂടെ ഉണ്ടായിരുന്നു. യാത്രക്കിടയിൽ ബാബുക്കയ്ക് ഹാർമോണിയം വാങ്ങിക്കാൻ വിദ്യാധരൻ്റെയും തബലിസ്റ്റ് ഉസ്മാൻൻ്റെയും കൂടെ കൊൽക്കത്തയിലെ ചൗരംഗിയിലെ ഒരു തെരുവിൽ പോയി. സംഗീതോപകരങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് ബാബുക്ക ഹാർമോണിയം വായിച്ചു. അതുകേട്ട് ജനങ്ങൾ ചുറ്റും കൂടി. അൽപസമയത്തിനുള്ളിൽ അവിടെയൊരു ജനസമുദ്രമായി. ആ  ഇടുങ്ങിയ തെരുവിൽ കുറച്ചു സമയം ട്രാഫിക് തടസ്സപെട്ടു. 

മദ്രാസിൽ ബാബുക്കയുടെ കൂടെ ഞാൻ പലതവണ താമസിച്ചിട്ടുണ്ട്. ജോലിയൊന്നും ഇല്ലാത്ത സമയം നമുക്ക് സിനിമയ്ക്കു പോവാം എന്ന് ബാബുക്ക പറയും. ഹൊറർ  സിനിമകൾക്കായിരുന്നു അന്ന് പോയിരുന്നത്. അത്തരം സിനിമകൾ ബാബുക്കയ്ക് ഇഷ്ടമായിരുന്നു.

ആർക്കും എളുപ്പം സമീപിക്കാൻ പറ്റുന്ന വ്യക്തിയായിരുന്നു ബാബുക്ക. കഴിവുള്ള പുതുമുഖങ്ങൾക്ക് അദ്ദേഹം അവസരം കൊടുത്തിരുന്നു.ദേവരാജൻ മാഷുടെ കാർക്കശ്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. അതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ബാബുക്കയുടെ പാട്ടിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരുന്നത് ആർ കെ ശേഖറും ഗുണാ സിങ്ങും ആയിരുന്നു. ബാബുക്കയ്ക് നൈസര്‍ഗികമായ കഴിവുകൾ  ധാരാളം ഉണ്ടായിരുന്നു. ഹിന്ദുസ്ഥാനി  രാഗത്തിൽ അദ്ദേഹം ചെയ്ത പാട്ടുകൾക്ക്‌ വല്ലാത്തൊരു സൗന്ദര്യമായിരുന്നു.

ബാബുക്ക ജീവിച്ച കാലഘട്ടത്തെക്കാൾ ഇപ്പോൾ അദ്ദേഹം കൂടുതൽ ഓർമ്മിക്കപ്പെടുന്നുണ്ട്.  എൺപതുകളിൽ ബാബുക്കയുടെ പാട്ടുകൾക്ക് കൂടുതൽ സ്വീകാര്യത കിട്ടാൻ കാരണം വടേരി ഹസ്സനാണ്. ബാബുരാജിൻ്റെ വലിയൊരു ആരാധകനായ അദ്ദേഹം സംഘടിപ്പിച്ച അനുസ്മരണ പരിപാടികളിലൂടെ ബാബുക്കയുടെ പാട്ടുകൾ വീണ്ടും സംഗീത പ്രേമികൾ കേൾക്കാൻ തുടങ്ങി. പത്രങ്ങളും ചാനലുകളുമൊക്കെ അനുസ്മരണത്തിന് വലിയ പ്രാധാന്യം കൊടുത്തു. ഇന്നത്തെ തലമുറ അദ്ദേഹത്തിൻ്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. 

2010-ൽ നജ്‌മൽ ബാബുവിനെ ഇൻറ്റർവ്യൂ ചെയ്ത് തയ്യാറാക്കിയത്. 2013 നവംബർ 5 ന് നജ്മൽ  ബാബു അന്തരിച്ചു.

Contact the author

Nadeem Noushad

Recent Posts

Views

മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ 7 യുവാക്കൾ- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More
Views

ജൂതരുടെ കോഷര്‍ ഫുഡും മുസ്ലീങ്ങളുടെ ഹലാലും- ഖാദര്‍ പാലാഴി

More
More
Gafoor Arakal 1 day ago
Views

ആദര്‍ശ ഹിന്ദുഹോട്ടലും ഹലാലും എഴുത്തച്ഛനും- ഗഫൂര്‍ അറക്കല്‍

More
More
Dr. B. Ekbal 1 day ago
Views

ഒമിക്രോൺ: നാം പേടിയ്ക്കണോ?- ഡോ. ബി. ഇക്ബാല്‍

More
More
P. K. Pokker 3 days ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More
K T Jaleel 3 days ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More