മലബാര്‍ കലാപത്തെ വീണ്ടും മാപ്പിള ലഹളയാക്കുമ്പോള്‍ -പ്രൊഫ. കെ എം അനിൽ

നൂറ് കൊല്ലം മുമ്പ് നടന്ന ഒരു സംഭവം വീണ്ടും ചർച്ചയിലേക്ക് വരുന്നത് സമകാല സമൂഹത്തിൽ അതിന് ചില ധർമ്മങ്ങൾ നിർവ്വഹിക്കാനുള്ളതുകൊണ്ടാണ്. ഒരുപക്ഷേ ഇരുപത്തഞ്ചാം വാർഷികത്തിലോ അമ്പതാം വാർഷികത്തിലോ ‘മലബാർ കലാപം’ ഇന്ന് കാണുന്നവിധം ചർച്ചയായിരുന്നില്ല. ‘കലാപ’ത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്തിറക്കിയ ‘1921-ന്റെ ആഹ്വാനവും താക്കീതും’ എന്ന രേഖയാണ് ഈ സമരങ്ങളുടെ സ്മരണകളിലേക്ക് നടന്ന മൗലികമായ പുനഃസന്ദർശനങ്ങളിലൊന്ന്. ഓർമ്മകളെ ശുദ്ധീകരിക്കുന്ന പ്രകൃയകളിലൊന്നാണ് ചരിത്രരചന. കര്‍തൃത്വത്തെ സന്ദർഭത്തിന്റെ ഉൽപ്പന്നമായി കാണുകയും ചരിത്രത്തിന്റെ മൗലികബലങ്ങൾ കണ്ടെത്തി വിശദീകരിക്കുകയും ചെയ്യുന്ന രീതിയാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേൽപ്പറഞ്ഞ രേഖ ചരിത്രരചനാതത്വങ്ങളെ അതിന്റെ ചക്രവാളങ്ങളിൽ ദർശിക്കുന്നുണ്ട്.

തീർച്ചയിലെത്തിയ ഒരു ഭൂതകാലത്തെയാണ് പ്രശ്നവത്കരിക്കുന്നത് 

മലബാറിലെ കാർഷികമേഖലയിൽ നിലനിന്നിരുന്ന ഉത്പാദന ബന്ധങ്ങളിലുണ്ടായ പിരിമുറുക്കമാണ് ബ്രിട്ടീഷുകാർക്കും ജൻമിമാർക്കുമെതിരെ സംഘടിതമായി നീങ്ങാൻ മാപ്പിളക്കുടിയാൻമാരെ പ്രേരിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ ആഗമനമാണ് ഈ ബന്ധങ്ങളെ സംഘർഷഭരിതമാക്കിയത്. ഖിലാഫത്ത്-കോൺഗ്രസ് ഐക്യം ഇതിനനുയോജ്യമായ സന്ദർഭമായി മാറി. എന്നാൽ ശരിയായ വർഗ്ഗബോധത്തിലേക്ക് ഇവർ കടന്നുകഴിഞ്ഞിരുന്നില്ല. അപ്രകാരം അവരെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ്സ് പരാജയപ്പെട്ടു. തങ്ങളുടെ ആത്മനിഷ്ഠസാഹചര്യങ്ങളോട് കലഹിച്ചും അവയെ പൂർണ്ണമായും നിരാകരിച്ചും സമരപോരാട്ടങ്ങളിലേക്ക് ഇറങ്ങിയവരായിരുന്നില്ല കോൺഗ്രസ് നേതാക്കൾ. അതേവിധം പോരാളികളായ കുടിയാൻമാരെ നയിച്ചതും അവരുടെ തീർത്തും ആത്മനിഷ്ഠസാഹചര്യങ്ങളായിരുന്നു. അതായത് സമരത്തിന് പ്രചോദനമായ ആത്മനിഷ്ഠമായ സാഹചര്യങ്ങൾതന്നെയാണ് ആ സമരത്തിന്റെ പരാജയത്തിനും ഇടവരുത്തിയത്. തങ്ങളുടെ ആത്മനിഷ്ഠമായ സന്ദർഭങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനുള്ള ശേഷി സമരത്തിന് നേതൃത്വം നൽകുന്നവർ കൈവരിച്ചില്ലെങ്കിൽ അത് ആന്തരികമായ ശൈഥില്യത്തിൽച്ചെന്ന് കലാശിക്കും എന്ന പാഠമാണ് ‘മലബാർ കലാപം’ നൽകുന്നത്. ഇക്കാര്യങ്ങളിലേക്കെല്ലാം സൂചന നൽകുന്നതാണ് 1921-ന്റെ ആഹ്വാനവും താക്കീതും. പിൽക്കാലത്ത് ‘മലബാർ കലാപ’ത്തെക്കുറിച്ച് മൗലികമായ ചില ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയെല്ലാം മേൽപ്പറഞ്ഞ രേഖയുടെ പരിപ്രേക്ഷ്യത്തെ വിപുലീകരിക്കുകയാണ് ചെയ്തത്. ഡോ. കെ. എൻ. പണിക്കർ, ഡോ. എം. ഗംഗാധരൻ, ഡോ. കെ. ടി. ജലീൽ, ഡോ.ഷംഷാദ് ഹുസൈൻ തുടങ്ങിയ അക്കാദമിക ഗവേഷകർ ഈ മേഖലയിൽ മൗലികമായ സംഭാവനകൾ നൽകിയവരാണ്. ജൻമിത്വ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായ സമരങ്ങളാണ് മലബാറിൽ നടന്നതെന്ന കാര്യത്തിൽ ഇവരെല്ലാം യോജിക്കുന്നു. ഇപ്രകാരം ഏറെക്കുറെ തീർച്ചയിലെത്തിയ ഒരു ഭൂതകാലമാണ് മുമ്പൊരിക്കലും കാണാത്തവിധം ഇപ്പോൾ സജീവമായ ചർച്ചയിലേക്ക് വന്നിരിക്കുന്നത്.

മലബാർ കലാപം, മാപ്പിള ലഹള തന്നെയാണെന്നും അത് ഹിന്ദുക്കൾക്ക് നേരെ മുസ്ലീങ്ങൾ നടത്തിയ വർഗ്ഗീയ കലാപമാണെന്നുമുള്ള വാദം ഇന്ന് പൊതുസമൂഹത്തിൽ ശക്തമായിരിക്കുന്നു. ഈ വാദം ഉയർത്തിക്കൊണ്ടുവരുന്നതിൽ ഹിന്ദുത്വവാദികൾക്ക് പ്രധാന പങ്കുണ്ടെങ്കിലും അവരിൽനിന്ന് മാത്രമല്ല ഇതുയരുന്നത്. മലബാർ കലാപത്തിലെ 378 രക്തസാക്ഷികളുടെ പേരുകൾ ദേശീയസ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്യണമെന്ന് ഇന്ത്യൻ ചരിത്രകൗൺസിൽ ഇപ്പോള്‍ ശുപാർശ ചെയ്തിരിക്കുന്നത്. ഈ അന്തരീക്ഷമാണ് ‘കലാപ’ത്തിന്റെ നൂറാം വാർഷിക വേളയെ വിവാദ മുഖരിതമാക്കിയത്. നമ്മുടെ പൊതുസമൂഹം വർഗ്ഗീയവൽക്കരിക്കപ്പെടുന്നതിന്‍റെയും അതിന് ഭരണകൂടസ്ഥാപനങ്ങളുടെ ഒത്താശ ലഭിക്കുന്നതിന്റേയും സൂചനയാണിത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയൽ സമീപനം നമ്മുടെ ഭരണകർത്താക്കൾ ശക്തമായി തുടരുന്നതിന്റെ ലക്ഷണമാണ് ഇത്. ഇന്ത്യപോലെ ബഹുസ്വരമായ ഒരു സമൂഹത്തിൽ ഓർമ്മകളെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഭൂതകാലത്തെ തിരുത്താനല്ല ഭാവിയെ നിർമ്മിച്ചെടുക്കാനാണ് ഓർമ്മകളെ പരിചരിക്കുന്നതെന്ന ജാഗ്രത സൂക്ഷിക്കേണ്ടതുണ്ട്.

പ്രത്യയശാസ്ത്ര ചരിത്രവും  ശാസ്ത്രീയ ചരിത്രവും

സാംസ്ക്കാരിക ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഉപാധികളിലൊന്നായി ഇന്ന് ഓർമ്മ മാറിയിട്ടുണ്ട്. ഇവിടെ ഓർമ്മ എന്നതുകൊണ്ട് സംഘസ്മൃതിയെയാണ് അർത്ഥമാക്കുന്നത്. എഴുത്തിലേക്ക് വരാത്ത സമൂഹങ്ങളിലാണ് ഓർമ്മ ഏറ്റവും പ്രധാനമായിരിക്കുന്നതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. എഴുത്തുള്ള സമൂഹത്തിൽത്തന്നെ എഴുത്തിലേക്ക് വരാത്ത എത്രയോ അനുഭവങ്ങൾ ഓർമ്മയിൽത്തന്നെയാണ് ഒതുങ്ങിയിരിക്കുന്നത്. ഓർമ്മകളിൽ നിലനിൽക്കുന്ന ചരിത്രത്തെ ‘പ്രത്യയശാസ്ത്ര ചരിത്രം’ എന്ന് വിളിക്കാറുണ്ട്. ഭാവനയും വസ്തുതകളും വ്യാഖ്യാനങ്ങളുമെല്ലാം ചേർന്ന പ്രത്യയശാസ്ത്ര ചരിത്രത്തിന് എല്ലായ്പ്പോഴും പുരാവൃത്ത സ്വഭാവം ഉണ്ടായിരിക്കും. മലബാർ കലാപത്തെ സംബന്ധിച്ച് അക്കാലത്ത് ലഭിച്ച ലിഖിത രേഖകളെല്ലാം ബ്രിട്ടീഷുകാരുടേയോ അവരുടെ അനുകൂലികളുടേയോ  താൽപ്പര്യത്തിനനുസരിച്ച് രചിക്കപ്പെട്ടവയാണ്. സമരത്തിൽ പങ്കെടുത്തവരുടെ ചരിത്രമാകട്ടെ പ്രത്യയശാസ്ത്ര ചരിത്രമായാണ് നമുക്ക് ലഭിക്കുന്നത്. ഇവ തമ്മിലുള്ള പൊരുത്തക്കേടിനെ എങ്ങിനെ സമീകരിക്കും എന്നതാണ് മലബാർ കലാപ’ത്തിന്റെ ചരിത്രത്തിലേക്ക് കടന്നുചെല്ലുന്ന ഒരാളെ കുഴക്കുന്നത്. ഇതിനായി ശാസ്ത്രീയ ചരിത്രരചനയുടെ വഴി പിന്തുടരുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. ‘ശാസ്ത്രീയ ചരിത്രം’ എന്നാൽ പൂർണ്ണമായ ചരിത്രം എന്നല്ല അർത്ഥം. പൂർണ്ണതയിലേക്കെത്താൻ ശ്രമിക്കുന്ന ചരിത്രം എന്നാണ്. മുൻവിധികളിൽനിന്ന് വിമുക്തമായതും അന്തർവൈജ്ഞാനികവുമായ ഒരു പദ്ധതിയാണിതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ സമകാലസമൂഹത്തിൽ ശാസ്ത്രീയ ചരിത്രം ദേശീയതയ്ക്കകത്താണ് നിർമ്മിക്കപ്പെടുന്നത്. ദേശീയത പ്രശ്നവൽക്കരിക്കപ്പെടുന്ന സന്ദർഭത്തിൽ മേൽപ്പറഞ്ഞ ശാസ്ത്രീയ ചരിത്രരചനയെ പുറന്തള്ളി പ്രത്യയശാസ്ത്ര ചരിത്രം വീണ്ടും ഇടം നേടാൻ ശ്രമിക്കുന്നു. 'പ്രത്യയശാസ്ത്ര ചരിത്രം' വംശീയമായ സ്വത്വബോധത്തെ പുനരുത്പാദിപ്പിക്കുന്നതിൽ പ്രത്യേകമായ ഊന്നല്‍ നല്‍കുന്നുണ്ട്. അതേസമയം ‘ശാസ്ത്രീയചരിത്രം’ ദേശീയബോധത്തെ ഉറപ്പിക്കാനാണ് യത്നിക്കുന്നത്. ശാസ്ത്രീയ ചരിത്രം മലബാർ കലാപത്തിലെ പോരാളികളെ ദേശസ്നേഹികളായാണ് ചിത്രീകരിച്ചത്. അവരുടെ മതബോധത്തേയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വബോധത്തേയും ദേശീയ/ശാസ്ത്രീയ ചരിത്രം പുറന്തള്ളുകയാണുണ്ടായത്. എന്നാൽ ദേശീയത പ്രശ്നവൽക്കരിക്കപ്പെട്ട സന്ദർഭമാകട്ടെ പ്രസ്തുത സമരത്തെ ഹിന്ദു/ മുസ്ലിം/ മലബാർ എന്നിങ്ങനെയുള്ള സ്വത്വബോധങ്ങളുടെ വെളിച്ചത്തിൽ പുനർവായിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇതാണ് പുതിയ വിവാദങ്ങളുടെ സാമാന്യമായ പരിസരം. പ്രത്യയശാസ്ത്ര ചരിത്രവും അതുവഴി സംഘസ്മൃതികളും ഈ സന്ദർഭത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നു. 

ദേശീയത എന്നത് ഒരു ജഡിലോക്തിയാണെന്നും വാസ്തവത്തിൽ ദേശീയതയ്ക്കകത്ത് ചില സാമൂഹ്യഗണങ്ങളുടെ താൽപ്പര്യങ്ങൾക്ക് മേൽക്കൈ ലഭിക്കുന്നുണ്ട് എന്നുമുള്ള കാര്യം ഈയടുത്തകാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ‘ദേശീയോത്തരഘട്ടം’ എന്ന് ഇതിനെ വിളിക്കാം. ഒരു സന്ദർഭത്തിൽ സാമ്രാജ്യത്വ വിരുദ്ധസമരങ്ങൾക്ക് നേതൃത്വം നൽകിയ ദേശീയത, സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ പ്രതിലോമകരമായി പ്രവർത്തിക്കാൻ തുടങ്ങുന്നത് നാം കാണുന്നു. ഇന്ത്യൻ ദേശീയതയുടെ പ്രാരംഭത്തിൽത്തന്നെ ശക്തമായിരുന്ന ഹിന്ദുത്വ/ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ മേൽക്കൈ മറച്ചുവെക്കാൻ മൂന്നുനാല് പതിറ്റാണ്ടുകൾ ഇന്ത്യൻ ഭരണവർഗ്ഗത്തിന് സാധിച്ചു. എന്നാൽ ആഗോളമൂലധന താൽപ്പര്യങ്ങൾക്ക് അനുഗുണമായി പ്രവർത്തിക്കാൻ ഇന്ത്യൻ ലിബറൽ ബൂർഷ്വാസിക്ക് കഴിയാതെ വന്നപ്പോൾ അതുവരേയും മറയ്ക്കുള്ളിലായിരുന്ന തീവ്രഹിന്ദുദേശീയത സധൈര്യം അരങ്ങത്തേക്ക് കടന്നുവന്നു. കോർപ്പറേറ്റ് താൽപ്പര്യങ്ങളേയും ബ്രാഹ്മണപ്രത്യയശാസ്ത്രത്തേയും ഒരേസമയം തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ഭരണവർഗ്ഗം അതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യമുറപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം പൊതുവേയും മലബാർ കലാപം സവിശേഷമായും പുനർവായനക്ക് വിധേയമാകുന്നത്. ഓർമ്മകൾക്ക് സാമാന്യമായി വിവരണക്ഷമതയില്ല. ചരിത്രപരമായ പ്രശ്നങ്ങളോട് ബന്ധിപ്പിക്കുമ്പോൾ മാത്രമേ അവക്ക് വൈജ്ഞാനികമൂല്യം കൈവരുന്നുള്ളൂ. മദ്ധ്യകാലം മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള ഘട്ടങ്ങള്‍ക്കിടയില്‍ ഉയർന്നുവന്ന വിവിധ ദേശീയതകൾ അവയുടെ ഭൂതകാലത്തെ ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ കണ്ടെടുക്കുകയും രാഷ്ട്രത്തിന്റെ പാരമ്പര്യമായി ഉയർത്തിക്കാണിക്കുകയും ചെയ്യുന്നതിനെപ്പറ്റി എറിക് ഹോബ്സ്ബൊം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതോടെ ദേശീയത ബോധനാത്മകമായിത്തീരുന്നു.

 'മാപ്പിള ലഹള'യെന്ന ബ്രിട്ടീഷ് ആഖ്യാനത്തെ പുനരാനയിക്കുമ്പോള്‍  

ഇന്ത്യൻ ദേശീയത ബഹുസ്വരമാണെന്നും എല്ലാ മതവിഭാഗങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ത്യാഗമനുഭവിച്ചിട്ടുണ്ടെന്നും സ്ഥാപിക്കുന്ന പാരമ്പര്യത്തെ നിർമ്മിച്ചെടുക്കേണ്ടത് ലിബറൽ ദേശീയതയുടെ ആവശ്യമായിരുന്നു. ബ്രിട്ടീഷുകാർ ‘മാപ്പിള ലഹള’ എന്ന് മുദ്രയടിച്ച കലാപത്തെ അവർ ‘മലബാർ കലാപം’ എന്ന് പുനർനാമകരണം ചെയ്തു. അതോടെ  അപരവൽക്കരിക്കപ്പെട്ട മാപ്പിളസ്വത്വം ഓർമ്മയിൽനിന്ന് പുറന്തള്ളപ്പെടുന്നു. മലബാർ എന്ന ദേശീയസ്വത്വത്തിലേക്ക് പ്രസ്തുത സമരസേനാനികൾ ഉൾച്ചേർക്കപ്പെടുകയും ചെയ്യുന്നു. വിഭജനം തീർത്ത മുറിവുണക്കാനാണ് ഇന്ത്യൻ ദേശീയത ഇത്തരം പാരമ്പര്യങ്ങൾ കണ്ടെടുത്തത്. വസ്തുതാപരമായ ശരി തെറ്റുകളേക്കാൾ ദേശീയതയുടെ രാഷ്ട്രീയമായ ആവശ്യമായിരുന്നു ഓർമ്മകളുടെ ഈ വീണ്ടെടുപ്പ്. പലതരം ആഖ്യാനങ്ങളിലൂടേയും ചടങ്ങുകളിലൂടേയും ഒരു ‘പൗരമതം’ സൃഷ്ടിച്ചെടുത്തുകൊണ്ടാണ് ലിബറൽ ദേശീയത സ്വയം സ്ഥാപിച്ചത്. എന്നാൽ മുസ്ലീം അപരവല്‍ക്കരണത്തിലൂടെ  നിലനിൽപ്പുറപ്പിക്കുന്ന ഹിന്ദുത്വദേശീയതക്ക് ഈ പാരമ്പര്യം ഒരു ബാദ്ധ്യതയായിത്തീരുന്നു. അതുകൊണ്ടുതന്നെ അവർ  ലിബറൽ ദേശീയതയയുടെ ആഖ്യാനങ്ങള്‍ക്കുമേല്‍ കൊളോണിയല്‍ ആഖ്യാനത്തെ പുനരാനയിക്കുന്നു. അങ്ങനെ മുസ്ലിം അപരത്വത്തെ സൃഷ്ടിക്കുന്ന ആഖ്യാനങ്ങൾ വീണ്ടെടുക്കുകയും മലബാർ കലാപത്തെ വീണ്ടും മാപ്പിള ലഹളയായി ചര്‍ച്ചക്കെടുക്കുകയും ചെയ്യുന്നു. ഇവിടെയും വസ്തുതയല്ല ദേശീയതയുടെ രാഷ്ട്രീയം തന്നെയാണ് പ്രധാനം.  

ചരിത്രപ്രക്രിയ എന്നത് ലളിതവും രേഖീയവുമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചരിത്രത്തിൽ പങ്കാളികളാകുന്ന വ്യക്തികളുടെ ആത്മനിഷ്ഠതയും അവർ ഇടപെടുന്ന സന്ദർഭങ്ങളുടെ വസ്തുനിഷ്ഠതയും തമ്മിലുള്ള ബന്ധം അതീവ സങ്കീർണ്ണമാണ്. ‘പ്രത്യയശാസ്ത്ര ചരിത്ര’ത്തിൽ ആത്മനിഷ്ഠതലത്തിന്റെ അംശം മുഴച്ചുനിൽക്കും. എന്നാൽ ശാസ്ത്രീയചരിത്രത്തിൽ വസ്തുനിഷ്ഠതയാണ് പുരഃക്ഷേപണം ചെയ്യപ്പെടുന്നത്. ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും ഇടകലരുന്നതും പ്രത്യയശാസ്ത്ര ചരിത്രത്തിനും ശാസ്ത്രീയ ചരിത്രത്തിനുമിടയിൽ കടന്നുവരുന്നതുമായ ഒരാഖ്യാനരൂപമാണ് ആത്മകഥ. ആത്മകഥയിൽ ആത്മ (self) മാണ് പ്രധാനം. എന്നാൽ ഈ ആത്മം ചരിത്രസന്ദർഭത്തിൽനിന്ന് മുക്തവും ധ്യാനാത്മകവുമായ ഒരു പദവിയിലല്ല ഇരിക്കുന്നത്. ചരിത്രസന്ദർഭത്തിൽ ഇടപെട്ട് അതിനെ മാറ്റാൻ ശ്രമിക്കുമ്പോൾത്തന്നെ സ്വയം മാറാൻ പ്രേരിപ്പിക്കപ്പെടുന്ന ഒരു കർത്താവാണ് ആത്മകഥയിലെ ആഖ്യാതാവ്. ആയതിനാൽ ചരിത്രരചനാശാസ്ത്രം ഈയടുത്തകാലത്തായി ആത്മകഥകളെ പ്രധാന സ്രോതസ്സായി പരിഗണിക്കുന്നുണ്ട്. മനഃസ്ഥിതികളുടെ ചരിത്രപരതക്ക് സാമൂഹ്യചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ആത്മകഥകൾക്ക് ചരിത്രരചനയിൽ പ്രാധാന്യം കൈവരുന്നത്. മലബാർ കലാപത്തെ സംബന്ധിച്ചിടത്തോളം കാർഷികമേഖലയിലെ സംഘർഷങ്ങളും സാമ്രാജ്യത്വ വിരുദ്ധമനോഭാവവും സമരത്തിന്റെ വസ്തുനിഷ്ഠ കാരണങ്ങളാണ്. എന്നാൽ അതിലേർപ്പെട്ടവരുടെ കർതൃപദവിയും മനഃസ്ഥിതിയുംകൂടി പരിഗണിക്കുമ്പോഴേ സമരത്തെ പൂർണ്ണമായി വിലയിരുത്തി എന്ന് പറയാനാകൂ. ആത്മകഥകൾ പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണ്. ചരിത്രത്തിന്റെ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ഘടകങ്ങൾ ഇടയുകയും പരസ്പരം ഇടപാട് തീർക്കുകയും ചെയ്യുന്ന എഴുത്തുരൂപമാണ് ആത്മകഥകൾ. സമരത്തിന്റെ കാരണവും ഉൽപ്പന്നവുമായ കർതൃപദവികളെ കൂടുതൽ അടുത്തറിയാൻ ആത്മകഥകൾ സഹായിക്കും. എന്നാൽ ഇവയിൽ പരാമർശിക്കപ്പെടുന്ന സംഭവങ്ങൾക്ക് വസ്തുതാപദവി കൽപ്പിക്കുന്നത് ശ്രദ്ധിച്ചുവേണം. വസ്തുനിഷ്ഠചരിത്രത്തെ ആത്മനിഷ്ഠമായ അനുഭവങ്ങൾകൊണ്ട് പകരംവെക്കാൻ ശ്രമിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. എന്നാൽ ചരിത്രസന്ദർഭത്തിലെ വൈരുദ്ധ്യങ്ങളെ സൂക്ഷ്മമായി പുറത്തുകൊണ്ടുവരാൻ ആതമകഥനങ്ങൾക്ക് കഴിയും. എന്നാൽ ഇത്തരം ശ്രമങ്ങൾ വളരെ പ്രതിലോമകരമായാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആത്മകഥനങ്ങളെക്കൊണ്ട് വസ്തുനിഷ്ഠചരിത്രത്തെ പകരംവെക്കാനും ചരിത്രത്തെ മിത്തുവൽക്കരിക്കാനുമുള്ള ശ്രമം വ്യാപകമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നിതാന്തജാഗ്രത പൊതുസമൂഹത്തിന് ഉണ്ടാകേണ്ടതാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Dr. Anil K. M.

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More