അക്കങ്ങളും അക്ഷരങ്ങളും മറന്നുപോയ കുട്ടികള്‍ - ആഷിക് വെളിയങ്കോട്

പട്ടിണിപ്പാവങ്ങളായ കുറച്ച് വിദ്യാർത്ഥികളെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ദൗത്യവുമായാണ് ദക്ഷിണേന്ത്യയിലെ പുണ്യനഗരമായ തിരുപ്പതിയിൽ എത്തുന്നത്. ജോലിയുടെ ഭാഗമായിരുന്നു അത്. സമ്പന്നമായ ദ്രാവിഡ വാസ്തുകലയുടെ ഏറ്റവും മികച്ച ക്യാന്‍വാസായ ശ്രീ വെങ്കിടേശ്വര ക്ഷേത്രം ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരെയാണ് ഓരോ വർഷവും സ്വീകരിക്കുന്നത്. രാജ്യത്തെ മറ്റു തീർഥാടന കേന്ദ്രങ്ങളെപ്പോലെ തീര്‍ത്ഥാടകരെ ആശ്രയിച്ചു കൊണ്ടുള്ള സമ്പദ്ഘടനയാണ് ഇവിടെയും നിലനിൽക്കുന്നത്. ഭഗവാൻ കൊണ്ടുവരുന്ന കണക്കില്ലാത്ത സമ്പത്തിന്റെ പ്രസരിപ്പ് അങ്ങിങ്ങായി നഗരത്തിൽ പ്രകടമാണ്. ഏതൊരു നഗരത്തിന്റെയും പുറംമോടിക്ക് പിന്നില്‍  അരികുവത്കരിക്കപ്പെട്ട, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു ജനസമൂഹം അധിവസിക്കുന്നുണ്ടാകും. നഗരനിർമ്മിതിയിൽ വിയർപ്പൊഴുക്കിയവര്‍, ആ മണ്ണിന്റെ അവകാശികളായവര്‍, എന്നിട്ടും നഗരത്തിന്റെ സുഖസൌകര്യങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവർ. തെരുവുകളെ വൃത്തിയായി സൂക്ഷിക്കുന്നവരിലും ജീവന്‍ പണയംവെച്ച് മാൻ ഹോളുകളിൽ ഇറങ്ങുന്നവരിലും നമുക്കവരെ കാണാനാവും. അവരെത്തേടിയുള്ള  എന്റെ യാത്ര അവസാനിച്ചത് തിരുപ്പതി നഗരത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന യാനാധി കോളനിയിലാണ്.

സ്ഥലപ്പേരിൽ തന്നെ ചെയ്യുന്ന തൊഴിലും കുലവും പ്രകടമാണ്. പരമ്പരാഗതമായി തോട്ടിവേല ചെയ്യാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. സമൂഹത്തിന്റെ സകല ഇടങ്ങളിൽനിന്നും മാറ്റി നിർത്തപ്പെട്ടവർ. ലോകം മാറിയിട്ടും കുലത്തൊഴിലിൽ തുടരാൻ ഇന്നും വിധിക്കപ്പെട്ടവർ. തോട്ടിത്തൊഴിൽ നിരോധിക്കപ്പെട്ടിട്ടും അവരിൽ ഭൂരിഭാഗം പേരും മുൻസിപ്പാലിറ്റിയിലെ ക്ലീനിംഗ് തൊഴിലാളികളാണ്. അഞ്ഞൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ആ കോളനിയിലേക്ക് നാം കാലെടുത്ത് വെക്കുമ്പോൾ അതുവരെ അനുഭവിച്ച ആത്മീയ നഗരം കാതങ്ങൾ അകലെയാവുന്നു. മാനവർക്ക് ശാന്തിയേകുന്ന വെങ്കിടേശരന്റെ അനുഗ്രഹങ്ങൾ അവരുടെ കാര്യത്തില്‍ വറ്റിപ്പോകുന്നത് എന്തുകൊണ്ടാണ് എന്ന് ആലോചിച്ചുപോകും. ഇവിടെ ദൈവങ്ങളില്ല, മനുഷ്യക്കോലങ്ങളെ മാത്രമാണ് കാണാൻ കഴിയുക. ഒറ്റമുറിക്കൂരകളിൽ, വൃത്തിഹീനമായ ചുറ്റുപാടുകളിൽ മനുഷ്യർ ജീവിച്ചുപോരുന്നു. ഇല്ലായ്മകളുടെ നടുവില്‍ അവരൊരു ലോകത്തെ പണിതുയർത്തിയതായി തോന്നി. അവിടെ അവർ ചിരിക്കുന്നു, കരയുന്നു, ഇണചേരുന്നു, കുഞ്ഞുങ്ങളെ വളർത്തുന്നു, മരിക്കുന്നു...

കുട്ടികളെ ലക്ഷ്യംവെച്ചിറങ്ങിയ എന്റെ കണ്ണിൽ ഉടക്കിയതെല്ലാം അവര്‍ തന്നെയായിരുന്നു. നാളെ നാടിന്റെ വാഗ്ദാനമാവേണ്ട ഒരുപാട് കുഞ്ഞുജന്മങ്ങളാൽ സമ്പന്നമായിരുന്നു അവിടം.  കോവിഡിനാൽ പഠനം മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്തി ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് അറിവ് പകരുക എന്നതായിരുന്നു പ്ലാൻ. പക്ഷെ കോവിഡിന് മുൻപും കാര്യമായ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളായിരുന്നു അവർ. ദാരിദ്രം അവരിൽ പലരേയും എന്നോ തൊഴിലിടങ്ങളിലെത്തിച്ചിരുന്നു. തെരുവിൽ കളിപ്പാട്ടങ്ങൾ വിറ്റും, മാലിന്യങ്ങളിൽ നിന്ന് കുപ്പികൾ പെറുക്കിയും, ഭിക്ഷാടനം നടത്തിയും പട്ടിണിയോട് പടവെട്ടുകയാണവർ. കോളനിയിൽ ദൈവങ്ങളുടെ ഭംഗികൂട്ടുന്ന കൃത്യത്തിൽ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കൊച്ചു കലാകാരികളെ കാണാൻ സാധിക്കും. അവരിൽ ഭൂരിഭാഗവും അടുത്തുള്ള വിദ്യാലയത്തിൽ പഠിക്കുന്നവരാണ്. നമ്മുടെ കുടുംബങ്ങളിലെ കുട്ടികൾ എല്ലാ സൗകര്യങ്ങളോടും കൂടെ ഓണ്‍ ലൈന്‍ ക്ലാസ്സുകളിൽ പങ്കെടുത്ത് കണ്ണ് കഴച്ചിരിക്കുമ്പോൾ ഈ കുഞ്ഞുങ്ങൾ ദൈവങ്ങളുടെ പ്രതിമകളിൽ മുത്തുകൾ ഒട്ടിച്ചും നിറം കൊടുത്തും ഭക്ഷണത്തിനുള്ള വക തേടുകയാണ്. ദൈവത്തെക്കൊണ്ട് അങ്ങനേം ചില ഗുണങ്ങളുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. 

ജനസംഖ്യയുടെ പകുതിയിലധികമാളുകൾക്കും ഇന്റർനെറ്റ് സൗകര്യമില്ലാത്ത രാജ്യത്ത് കഴിഞ്ഞ പതിനേഴ് മാസത്തോളമായി കുട്ടികൾ സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരിക്കുകയാണ്. 250 ദശലക്ഷത്തിലധികം വരുന്ന നമ്മുടെ കുട്ടികളിൽ UNICEF ന്റെ പഠന പ്രകാരം 25% പേര്‍ക്ക് രാജ്യത്ത് വിഭ്യാഭ്യാസം ലഭിക്കുന്നില്ല. 28% ആളുകൾ ദരിദ്രരായിരിക്കുന്ന നമ്മുടെ രാജ്യത്ത് കോവിഡും, നേരത്തെത്തന്നെ നിലനിൽക്കുന്ന സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങളും കൂടി ചേര്‍ന്ന് 320 ദശലക്ഷം ആളുകളെക്കൂടി കൊടും ദാരിദ്രത്തിലേക്ക് പുതുതായി തള്ളിയിട്ടിട്ടുണ്ടന്നാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കുടുംബങ്ങളെ ബാധിക്കുന്ന ദാരിദ്ര്യവും, തൊഴിൽ നഷ്ടവും നേരിട്ട് ബാധിക്കുന്നത് പൊതുവിൽ നിരാലംമ്പരായ കുട്ടികളെയാണ്, അവരുടെ വിദ്യാഭ്യാസത്തേയും ആരോഗ്യപരമായ വളർച്ചയേയുമാണ്. പട്ടിണിയുടെ നീരാളിപ്പിടുത്തം അവരെ വരിഞ്ഞുമുറുക്കുമ്പോൾ ആർക്കാണ് അക്ഷരങ്ങളെ കുറിച്ചും, സ്വപ്നം കാണാൻ പോലും കഴിയാത്ത ഡിജിറ്റൽ ക്ലാസ്സുകളേയും കുറിച്ച് ചിന്തിക്കാൻ കഴിയുക? ഈ അവസ്‌ഥയുടെ നേർപകർപ്പാണ് ഞാൻ കണ്ട യാനാധി കോളനിയും അവിടുത്തെ കുട്ടികളും. ഒരിക്കൽ ബാലവേലയിലേക്ക് എടുത്തെറിയപ്പെട്ടാൽ അതുകൊണ്ട് അവരുടെ ജീവിതം മുന്നോട്ടുപോയിത്തുടങ്ങിയാൽ പിന്നെ ആ കുട്ടികളെ വിദ്യയുടെ തിരുമുറ്റത്തേക്ക് തിരിച്ചുകൊണ്ടുവരിക ഏറെ ദുഷ്കരമായാ കാര്യമാണ്.

നമ്മുടെ രാജ്യത്തെ വിദ്യഭ്യാസ സംവിധാനം പൊതുവിൽ അതിന്റെ ഫലപ്രാപ്തിയിൽ ഏറെ ചോദ്യങ്ങളും, വെല്ലുവിളികളും നേരിടുകയാണ്. മുതിര്‍ന്ന കുട്ടികളിൽ 52 ശതമാനത്തിലധികം കുട്ടികൾക്ക് ചെറിയ ക്ലാസ്സുകളിലെ പുസ്തങ്ങൾ വായിക്കാനോ അടിസ്ഥാന ഗണിതം ചെയ്യാനോ അറിയില്ലെന്നാണ് ASER റിപ്പോർട്ട് നല്‍കുന്ന സൂചന. ഈയൊരു ഇന്ത്യന്‍ സാഹചര്യത്തിലേക്കാണ് ഇടിത്തീപോലെ കൊറോണയുടെ വരവ്. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ തന്നെ മറ്റൊരു പഠനം പറയുന്നത് 86% കുട്ടികൾ ഇക്കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഗണിതം പാടെ മറന്നുപോയെന്നാണ്. 84% കുട്ടികൾ അക്ഷരങ്ങൾ മറന്ന് പോയത്രെ. ഈ കണക്കുകൾ നമ്മുടെ വീട്ടിലെ കുട്ടികളുടെ കാര്യത്തിൽ ശരിയാവണമെന്നില്ല. മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓണ്‍ലൈന്‍ ക്ലാസ് അറ്റൻഡ് ചെയ്യാൻ കഴിയുന്നില്ലായെന്നു കേൾക്കുമ്പോൾ നമ്മളിൽ പലര്‍ക്കും ആശ്ചര്യം തോന്നിയേക്കാം. പക്ഷേ മേല്‍പ്പറഞ്ഞ പഠനങ്ങളും അനുഭവങ്ങളുമാണ് ഇന്ത്യയെന്ന സത്യം. നമ്മുടെ രാജ്യത്തിന്റെ ഒരു പൊതുചിത്രം ലഭിക്കണമെങ്കിൽ ഇവിടങ്ങളിലേക്ക് നടന്നാല്‍ മതിയാകും. പ്രിവിലേജുകളുടെ മട്ടുപ്പാവിൽനിന്ന് ഇറങ്ങിനോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന ഈ മക്കള്‍ക്ക് അക്ഷരങ്ങളെ മറക്കേണ്ടിവരികയാണ്. വിദ്യ അവർക്കന്യമാവുകയാണ്. അവരുടെ ബാല്യകാലം  തൊഴിലിടങ്ങളില്‍  ഹോമിക്കപ്പെടുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Ashik Veliyankode

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More