കിഷോര്‍ കുമാര്‍: ഗായകനാകാന്‍ മോഹിച്ച നടന്‍ - നദീം നൌഷാദ്

കിഷോറിന്‍റെ സംഗീതജീവിതം അപ്രതീക്ഷിത സംഭവങ്ങളാല്‍ സമ്പന്നമായിരുന്നു. ഒരു ഗായകനാവാന്‍ ആഗ്രഹിച്ച കിഷോറിന് നടനായി അറിയപ്പെടാനായിരുന്നു വിധി. കിഷോറിന്‍റെ മൂത്ത സഹോദരനും ഹിന്ദി സിനിമയിലെ അക്കാലത്തെ സൂപ്പര്‍ താരവുമായിരുന്ന അശോക്‌ കുമാറിന് കിഷോറിനെ വലിയ നടനാക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി  അദ്ദേഹം കിഷോറിന് സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി. കിഷോറിന്‍റെ പാടാനുള്ള കഴിവില്‍ അശോക്‌ കുമാറിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല ഗായകരെക്കാള്‍  പ്രതിഫലം കിട്ടിയിരുന്നത് അഭിനേതാക്കള്‍ ക്കായിരുന്നു. ഒരു നായകനാവനുള്ള ആത്മവിശ്വാസം കിഷോറിനില്ലായിരുന്നു. അന്നത്തെ  റൊമാന്‍റ്റിക് ഹീറോവിന് പറ്റിയ രൂപമായിരുന്നില്ല കിഷോറിന്‍റേത്. മെലിഞ്ഞ് ഇരുണ്ട പ്രകൃതമായിരുന്നതിനാല്‍ വലിയ റോളുകള്‍ ഒന്നും കിട്ടില്ല എന്ന് കിഷോറിന് തന്നെ അറിയാമായിരുന്നു. നടനാവുന്നതിനെക്കാള്‍ ഒരു ഗായകനാവുക എന്ന സ്വപ്നമാണ് തുടക്കം മുതല്‍ത്തന്നെ കിഷോറിനുണ്ടായിരുന്നത്. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ എല്ലാവരുംതന്നെ കിഷോറിന് പാടാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. വെറുതെ തമാശക്ക് പാടുന്നു എന്നേ ആവര്‍ കരുതിയിരുന്നുളളൂ. അതുകൊണ്ടുതന്നെ  ഗായകനാവണമെന്ന ആഗ്രഹം കുറേകാലം കിഷോറിന് മനസ്സില്‍ മാത്രം കൊണ്ടുനടക്കേണ്ടി വന്നു.

1948-ല്‍ സിദ്ധി എന്ന സിനിമയില്‍ 'മര്‍നെ കി ദുവായേം ക്യോം മാഗൂം' എന്ന പാട്ടോടെ ഹിന്ദി പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചെങ്കിലും തുടര്‍ന്നുള്ള ഇരുപത് വര്‍ഷത്തോളം ഗായകന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇക്കാലമത്രയും കിഷോര്‍ അഭിനയത്തിന്‍റെ തിരക്കിലായിരുന്നു. അതിന്‍റെ ഇടവേളകളില്‍ കിട്ടിയ സമയങ്ങളിലായിരുന്നു തന്‍റെ ഇഷ്ട് വിനോദമായ സംഗീതത്തിന് വേണ്ടി ചിലവഴിച്ചത്. ഇക്കാലമത്രയും ഹിന്ദി സിനിമാലോകത്തെ ആരും കിഷോറിനെ ഒരു ഗായകനായി കണ്ടില്ല. അവരുടെ കണ്ണില്‍ ഒരു കോമഡി നടനായിരുന്നു അദ്ദേഹം.1950കളിലെയും അറുപതുകളിലെയും ഏറ്റവും തിരക്കേറിയ നടനായിരുന്നു കിഷോര്‍ എന്ന് പറഞ്ഞാല്‍ ഇന്നത്തെ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക്  വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഹാഫ്ടിക്കറ്റ് (1952), ബാപ് രേ ബാപ് (1955), ചല്‍ത്തികാ നാം ഘാടി (1959), ജുംരു (1961), പഡോസന്‍ (1968),  എന്നിവ കിഷോറിന്‍റെ ഏറ്റവും പ്രശസ്തമായ കോമഡി സിനിമകളായിരുന്നു. ചല്‍ത്തി ക നാം ഘാടി അക്കാലത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമയായിരുന്നു. കോമഡി റോളുകള്‍ അഭിനയിക്കാന്‍ കിഷോറിന് ജന്മസിദ്ധമായ വാസനതന്നെ ഉണ്ടായിരുന്നു. സ്ക്രീനില്‍ തമാശ കാണിക്കുന്ന കിഷോര്‍ എന്ന നടനും കിഷോര്‍ എന്ന വ്യക്തിയും ഒരാള്‍ തന്നെയായിരുന്നു. 

ആദ്യപാട്ടിനുശേഷം കാത്തിരുന്നത് നീണ്ട ഇരുപത് വര്‍ഷങ്ങള്‍  

അഭിനയിക്കുമ്പോഴും സംഗീതത്തോടുള്ള പ്രണയം കിഷോര്‍ തന്‍റെ ഉള്ളില്‍ കെടാതെ സൂക്ഷിച്ചു. കിഷോര്‍, സംഗീതത്തെ ഇത്ര തീവ്രമായി സ്നേഹിക്കുന്ന വിവരം ആരും മനസ്സിലാക്കിയില്ല. അദ്ദേഹത്തെ സിനിമയില്‍ എത്തിച്ച സ്വന്തം സഹോദരന്‍ പോലും. സംഗീതത്തില്‍ തനിക്കൊരു ഉയര്‍ച്ച ഉണ്ടാവണമെന്ന് കിഷോര്‍ തീവ്രമായി ആഗ്രഹിച്ചു. അതിനായി ക്ഷമാപൂര്‍വ്വം കാത്തിരുന്നു. ഒടുവില്‍ അത് വന്നെത്തി സുഹൃത്ത്‌ രാഹുല്‍ ദേവ് ബര്‍മന്‍റെ രൂപത്തില്‍. അച്ഛന്‍ സജിന്‍ ദേവ് ബര്‍മ്മന്‍ അസുഖമായത് കൊണ്ട് ആരാധനയിലെ (1969) ലെ രണ്ടു പാട്ടുകള്‍ മകന്‍ രാഹുല്‍ ദേവ് ബര്‍മനെ ഏല്‍പ്പിച്ചു. മേരെ സപ്നോകി റാണി കബ് ആയെ ഗീതു, രൂപ്‌ തേരാ മസ്താന എന്നിവ കിഷോര്‍ പാടി. ഈ പാട്ടുകള്‍ രാജ്യം മുഴുവന്‍ തരംഗമായി.1948-ല്‍ പാടിയ ആദ്യഗാനങ്ങള്‍ക്ക്  ശേഷം ഇരുപത് വര്‍ഷം കഴിഞ്ഞു കിഷോര്‍ ഗായകനായി അംഗീകരിക്കപ്പെടാന്‍. മുഹമ്മദ്‌ റഫിക്കോ തലത് മെഹമൂദ്നോ മുകേഷിനോ  ഇത്രയും കാത്തിരിക്കേണ്ടി വന്നിട്ടില്ല. 1987 ഒക്ടോബര്‍ 13 ന് ജീവിതത്തില്‍ നിന്ന് വിടപറയുന്നത് വരെ കിഷോറിന്‍റെ ശബ്ദസൗന്ദര്യം ഹിന്ദി സിനിമാലോകം ഭരിച്ചു.

അടിപൊളി പാട്ടുകള്‍ പാടുന്നതില്‍ ഒരു പ്രത്യേക വൈദഗ്ദ്യം കാണിച്ചിരുന്നു കിഷോര്‍. 'ഈന മീന ടീക', 'യെ  ശാം മസ്താനി', 'യെ ദില്‍ നാ ഹോതാ ബേചാരാ' എന്നിവ ഇത്തരത്തില്‍പ്പെട്ട പാട്ടുകളാണ്. ഹിന്ദി സിനിമയില്‍ ഇത്ര വൈവിധ്യമാര്‍ന്ന  തമാശപാട്ടുകള്‍ പാടിയത് കിഷോര്‍ മാത്രമായിരിക്കും. കോമഡി സിനിമകളിലെ നായകനെ പോലെയായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും കിഷോര്‍. ഒട്ടും ഗൗരവക്കാരനായിരുന്നില്ല. കിഷോര്‍ റിക്കോഡിംഗിന് വന്നാല്‍ ഒരു ഉത്സവത്തിന്‍റെ അന്തരീക്ഷമാണെന്ന് ലതാമങ്കേഷ്കര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സംഗീതസംവിധായകന്‍, സഹഗായകര്‍, ഓര്‍ക്കസ്ട്ര വായിക്കുന്നവര്‍ എന്നിവരെയെല്ലാം അദ്ദേഹം തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കും.

കിഷോര്‍... ഇത്ര ദുഃഖം നിങ്ങളില്‍ എവിടെയാണ്... 

കിഷോര്‍കുമാര്‍ തന്‍റെ സമകാലികനായ മുഹമ്മദ്‌ റഫിയില്‍ നിന്ന് വ്യസ്ത്യസ്ഥനാവുന്നത് അദ്ദേഹത്തിന്‍റെ പാട്ടുകളിലെ നൈസര്‍ഗ്ഗികത കൊണ്ടാണ്. കിഷോറിന് റഫിയെപോലെ ശാസ്ത്രീയസംഗീതത്തില്‍ പരിശീലനം കിട്ടിയിട്ടില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന ആലാപന ശൈലിയുമല്ല കിഷോറിന്‍റേത്.  അദ്ദേഹത്തിന്‍റെ മനോനില എപ്പോഴും മാറിക്കൊണ്ടിരിക്കും.  അതനുസരിച്ച് പാട്ടില്‍ ഭാവത്തിന്‍റെ ശക്തി ഏറിയും കുറഞ്ഞുമിരിക്കും. ദുഖഗാനങ്ങള്‍ പാടുമ്പോള്‍ കിഷോര്‍ സൃഷ്ടിക്കുന്ന വൈകാരിക ഭാവങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. റഫിയുടേയൊ മുകേഷിന്‍റെയൊ മന്നാഡയുടേയൊ ക്ലാസ്സിക്കല്‍ സ്പര്‍ശമല്ല അതിനുള്ളത്. 'ചിങ്കാരി കോയീ ബട്ക്കെ', 'സംജോത്താ ഗമോസെ കര്‍ലോ', 'മേരാ ജീവന്‍ കോരാ കാഗസ്', 'ദുഖി മന്‍ മേരെ',  'ജീവന്‍സേ ഭരി തെരി ആന്‍ഖോം', 'വോ ശ്യാം കുച്ച് അജീബി ഥി' എന്നിങ്ങനെ കിഷോര്‍ പാടിയ എത്ര ദുഖഗാനങ്ങള്‍ പരിശോധിച്ചാലും അവ തരുന്ന അനുഭൂതിയുടെ തലങ്ങള്‍ സൈഗാള്‍, മുകേഷ്, റഫി, തലത് എന്നിവരില്‍ നിന്ന്  വൈകാരികമായും ശൈലിപരമായും വേറിട്ട്‌ നില്‍ക്കുന്നു. 

ദുഃഖഗാനങ്ങള്‍ തന്മയത്തോടെ പാടുന്നത് കേട്ട് അശോക് കുമാറിന്‍റെ ഭാര്യ ഒരിക്കല്‍ കിഷോറിനോട് ചോദിച്ചു. “നീ എപ്പോഴും തമാശപറയുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്നവനാണ്. എങ്ങനെയാണ് നിനക്ക് പാട്ടില്‍ ഇത്ര ദുഖഭാവം കൊണ്ടുവരാന്‍ കഴിയുന്നത്‌. ഇത്രമാത്രം ദുഖം നിന്‍റെ ഉള്ളില്‍ എവിടെയാണ്?” കിഷോറിന് മറുപടിയില്ലായിരുന്നു. 

വര്‍ഷങ്ങള്‍ക്കു ശേഷം അശോക്‌ കുമാറിന്‍റെ ഭാര്യയുടെ മരണവിവരം അറിയുമ്പോള്‍ കിഷോര്‍ ഒരു സ്റ്റേജ് ഷോയിലായിരുന്നു. പരിപാടികള്‍ വേഗം അവാനിപ്പിച്ച് അശോക്‌കുമാറിന്‍റെ വീട്ടിലെത്തുമ്പോള്‍ നേരം ഏറെ വൈകിയിരുന്നു. അശോക് കുമാര്‍ ഒരു മുറിയില്‍ ഒറ്റക്കിരിക്കുകയായിരുന്നു. കിഷോര്‍ സഹോദരന്‍റെ തോളില്‍ മെല്ലെ കൈവെച്ചു. ആശ്വാസവാക്കുകളൊന്നും ഓര്‍മ്മവന്നില്ല. കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം കിഷോര്‍ പാടാന്‍ തുടങ്ങി.“യെ ജീവന്‍ ഹേ ഇസ്‌ ജീവന്‍ കാ യഹീ ഹെ യഹീ ഹെ യഹീ ഹെ രംഗ് രൂപ്‌ തോടെ ഖം ഹേ തോടി ഖുശിയാം യെഹി ഹെ യെഹി ഹെ യെഹി ഹേ ചവോം ദൂപ്” (ഇത് ജീവിതമാണ് ഇതാണ് ജീവിതത്തിന്‍റെ വര്‍ണ്ണങ്ങള്‍ , ഇതാണ് ജീവിതത്തിന്‍റെ വഴിയും. കുറച്ച് സങ്കടങ്ങളും കുറച്ച് സന്തോഷങ്ങളും ജീവിതത്തിന്‍റെ വെയിലും തണലും ഇവിടെ തന്നെ) ഇത് ഒന്നല്ല പല തവണ പാടി. അശോക്‌ കുമാര്‍ തടഞ്ഞില്ല. അദ്ദേഹത്തിന്‍റെ ഭാര്യക്ക്‌ ഏറ്റവും ഇഷ്ടപെട്ട പാട്ടായിരുന്നു അത്.

റഫിയും കിഷോറും 

ചിലര്‍ റഫിയെയും കിഷോറിനെയും താരതമ്യം ചെയ്യാറുണ്ട്. അതില്‍ കാര്യമില്ല. രണ്ടു പേരും  മികച്ച ഗായകരാണ്. രണ്ടു പേരുടെയും ശൈലിയും സാമ്യമുള്ളതല്ല. ശബ്ദമാധുരിയുടെയും സാങ്കേതിക വൈദഗ്ദ്യത്തിന്‍റെയും കാര്യത്തില്‍ റഫിയാണ് കിഷോറിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതെന്ന് പറയാം. രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു കിഷോറിനുവേണ്ടി ശരാരത്ത് (1959) ല്‍ റഫി പാടിയിട്ടുണ്ട് ദോസ്താന (1980) യില്‍ ഇരുവരും ചേര്‍ന്ന് പാടിയ 'ബനേ ചാഹ ദുശ്മന്‍ സമാന ഹമാരാ' എന്ന പാട്ട് എണ്‍പത്കളിലെ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഒരേ പാട്ട് തന്നെ റഫിയും കിഷോറും ആലപിച്ചിട്ടുണ്ട്. പ്യാര്‍ കാ മൌസം (1969) ലെ 'തും ബിന്‍ ജാവോ കഹാ' എന്ന ഗാനം റഫിയുടെ ആലാപനത്തില്‍ പ്രണയ ഭാവമാണ് ഉള്ളതെങ്കില്‍ കിഷോറിന്‍റെത് തത്ത്വചിന്താപരമാണ്. കിഷോറിന്‍റെ തും ബിന്‍ കേള്‍ക്കുമ്പോള്‍ അത് നമ്മെ കഴിഞ്ഞുപോയ കാലത്തെ മധുരമുള്ള ഓര്‍മ്മകള്‍ അല്പം വേദനയോടെ പുറത്തുകൊണ്ടുവരുന്നു.

ഭ്രാന്തും പാവക്കൂട്ടും 

കിഷോര്‍ തന്‍റെ പ്രവചനാതീതമായ സ്വഭാവംകൊണ്ട് എല്ലാവരേയും  അത്ഭുതപ്പെടുത്തുമായിരുന്നു. തന്‍റെ വിചിത്രമായ പെരുമാറ്റംകൊണ്ട് ഒരാള്‍ സ്വാഭാവികമായി പെരുമാറേണ്ട രീതികളെ കുറിച്ചുള്ള മറ്റുള്ളവരുടെ മുന്‍ ധാരണകളെയെല്ലാം തകിടം മറിച്ചു. ഇത് കിഷോറിനെ കുറിച്ച് പല കഥകളും ഹിന്ദി സിനിമാ ലോകത്ത് പ്രചരിക്കാന്‍ ഇടയാക്കി. തന്‍റെ പെരുമാറ്റത്തെ കുറിച്ചുള്ള രഹസ്യം കിഷോര്‍ തന്നെ ഒരിക്കല്‍ വെളിപെടുത്തി. “ജനങ്ങള്‍ വിചാരിക്കുന്നത് എനിക്ക് ഭ്രാന്താണെന്നാ, ആ വിശേഷണം എനിക്ക് ചേരുകയും ചെയ്യും. കൌശലക്കാരായ ആള്‍ക്കാര്‍ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഭ്രാന്തനെ പോലെ പെരുമാറി അവരില്‍ നിന്നെല്ലാം ഞാന്‍ സ്വയം രക്ഷിക്കുന്നു”

മിക്ക സമയങ്ങളിലും കിഷോര്‍ ഏകാകിയായിരുന്നു. ചിലപ്പോള്‍ ഉല്ലാസവാനായി കാണുന്ന കിഷോര്‍ അടുത്ത നിമിഷം വിഷാദ മൂകനായിരിക്കും. തന്‍റെ ഒറ്റപ്പെടലിനെ കുറിച്ച് ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. “ഞാന്‍ പുകവലിക്കില്ല.  മദ്യപിക്കില്ല. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോവാറില്ല. അതെന്നെ ഒറ്റപ്പെടുത്തുമെങ്കില്‍ എനിക്ക് പ്രശ്നമില്ല. ഞാന്‍ ഈ രീതിയില്‍ സന്തോഷവാനാണ്‌.  ഞാന്‍ ജോലിക്ക് പോവുന്നു. ജോലി കഴിഞ്ഞാല്‍  നേരെ തിരിച്ചു വീട്ടിലേക്കു വരുന്നു. എന്‍റെ പാവകളുമായി കളിക്കുന്നു എന്‍റെ മരങ്ങളോട് സംസാരിക്കുന്നു.”  

ഒരിക്കല്‍ അഭിമുഖം നടത്താന്‍ വന്ന പത്രലേഖിക കിഷോര്‍ ഏകനാണല്ലോ എന്ന് അത്ഭുതത്തോടെ പറഞ്ഞപ്പോള്‍ കിഷോര്‍ അവളെ തന്‍റെ തോട്ടത്തിലേക്ക് കൊണ്ടുപോയി അവിടെയുള്ള മരങ്ങളെ ഓരോ പേര് പറഞ്ഞ് പരിചയപ്പെടുത്തി. കിഷോറിന്‍റെ കൈയില്‍ പാവകളുടെ നല്ലൊരു ശേഖരമുണ്ടായിരുന്നു. വിദേശത്ത് പോയി വരുമ്പോള്‍ കുറെ പാവകകളെ കൊണ്ടുവരും. തന്‍റെ ഏകാന്തതകളില്‍ അതിന് കീ കൊടുത്തു അത് ചലിക്കുന്നത് നോക്കി നില്‍ക്കും. പാവകളുടെ കൂടെ ചിലവഴിക്കുന്നതില്‍ അദ്ദേഹം ശിശുസഹജമായ സന്തോഷം കണ്ടെത്തിയിരുന്നു.

അഭിനയം പോലെ മരണം 

വീടിന്‍റെ  ഇടനാഴിയിലുള്ള ഊഞ്ഞാലിലിരുന്ന് ഹൊറര്‍ സിനിമ കാണുന്നത് കിഷോറിന്‍റെ ഇഷ്ട വിനോദമായിരുന്നു. ഹൊറര്‍ സിനിമകളുടെ ഒരു നല്ല ശേഖരം തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആല്‍ഫ്രെഡ് ഹിച്കോക്ക് ആയിരുന്നു ഇഷ്ടസംവിധായകന്‍. മറ്റ് സമയങ്ങളില്‍ അദ്ദേഹം തോട്ടത്തില്‍ നായകളുടെ കൂടെ കളിക്കും. അമ്പതോളം തരത്തില്‍പെട്ട നായകളും കുറച്ച് പേര്‍ഷ്യന്‍ പൂച്ചകളും അദ്ദേഹത്തിന്‍റെ പക്കല്‍ ഉണ്ടായിരുന്നു.

കിഷോര്‍ ജീവിതത്തില്‍ ഒരുപാട് തമാശകള്‍ അഭിനയിക്കാറുണ്ടായിരുന്നു. അതിലൊന്നായിരുന്നു മരിച്ചത് പോലെ അഭിനയിച്ചു ഭാര്യയെ പേടിപ്പിക്കല്‍. കസേരയില്‍ ഇരുന്ന് ഒരു വശത്തേക്ക് തല ചെരിച്ചു കണ്ണടച്ച് മരിച്ചപോലെ ഇരിക്കും. സംഭവത്തെ കൂടുതല്‍ നാടകീയമാക്കാന്‍ വേണ്ടി നെഞ്ചില്‍ കൈ വെച്ച് തറയിലേക്കു വീണ് കഠിന വേദനയുള്ള പോലെ അഭിനയിക്കും. ഭാര്യ ലീന ഇത്കണ്ടു പലപ്പോഴും പേടിച്ചു പോവും. പറ്റിച്ചു എന്ന ഭാവത്തില്‍ കിഷോര്‍ കണ്ണിറുക്കി ചിരിക്കും. എന്നാല്‍ കിഷോര്‍ ശരിക്കും ഹൃദയാഘാതം വന്നു മരിച്ച ദിവസം അദേഹം തറയില്‍ വീണു കിടക്കുന്നത് കണ്ട്  ഭാര്യ പറഞ്ഞു. “അഭിനയം വേണ്ടാ, എഴുന്നേല്‍ക്കൂ”. അവര്‍ പല തവണ പറഞ്ഞു. അവസാനം എഴുന്നേല്‍ക്കാതെയായപ്പോള്‍ ലീന കൈകള്‍ തൊട്ടുനോക്കി. അത് മരവിച്ചുപോയിരുന്നു.

Contact the author

Nadeem Noushad

Recent Posts

National Desk 7 hours ago
National

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

More
More
National Desk 7 hours ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

More
More
National Desk 8 hours ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

More
More
Web Desk 9 hours ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

More
More
National Desk 10 hours ago
National

ലഹരിമരുന്ന് പാര്‍ട്ടി; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

More
More
National Desk 11 hours ago
National

നായയെ നടത്താല്‍ അത്ലറ്റുകളെ സ്റ്റേഡിയത്തിന് പുറത്താക്കിയ ഐ എ എസ് ദമ്പതികളെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

More
More