അതുകൊണ്ടാണ്... താലിബാന്‍ മുഖത്തടിച്ചപ്പോഴും ഖാഷ സ്വാന്‍ ചിരിച്ചത് - ആഷിഖ് വെളിയങ്കോട്

മനുഷ്യത്വം തൊട്ട് തീണ്ടിയില്ലാത്ത താലിബാൻ ഭീകരർ തന്റെ മുഖത്ത് ആഞ്ഞടിക്കുമ്പോഴും അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരമായ ഖാഷ സ്വാന്‍ തനിക്ക് ജന്മസിദ്ധമായി ലഭിച്ച 'ചിരി' കൈവിട്ടിരുന്നില്ല. സങ്കടങ്ങൾ എമ്പാടുമുള്ള ഈ ലോകത്തിന് ചിരിപകർന്ന, സന്തോഷം നൽകിയ ആ മനുഷ്യസ്നേഹിക്ക് തോക്കിൻ കുഴലിന് മുന്നിലും പുഞ്ചിരിയോടെ നിൽക്കാൻ കഴിഞ്ഞതിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല. കാരണം കാലഹരണപ്പെട്ട മതവിധികളുടെ അളവുകോലിന് തിട്ടപെടുത്തുവാൻ കഴിയാത്ത നന്മയെ തൻ്റെ ഹാസ്യകലകൊണ്ട് എന്നും കാലുഷ്യമായ അഫ്ഗാൻ ജനതയ്ക്ക് പകർന്ന് നൽകിയതിൻ്റെ കൃതജ്ഞത അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നിരിക്കണം. തനിക്ക് ചുറ്റുമുള്ളവരെ സ്വയംമറന്ന് ചിരിപ്പിക്കാൻ കഴിയുന്നതിലും വലുതായുളള ജന്മസുകൃതം മറ്റേതുണ്ട്? ആ ചിന്ത മരണഭയത്തെ അതിജയിക്കാൻ അദ്ദേഹത്തിന് കെൽപ്പ് നല്കിയിട്ടുണ്ടായിരിക്കാം, തീർച്ച. 

ഖാഷാ സ്വാന്റെ അറുകൊലക്ക് ദിവസങ്ങൾ മുൻപായിരുന്നു പുലിസ്റ്റർ ജേതാവായ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി താലിബാന്റെ നരഹത്യക്ക് ഇരയായത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വർഷം സെപ്റ്റംബറോട് കൂടെ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണമായും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിറകെ തീർത്തും ആശ്വാസപരമല്ലാത്ത വാർത്തകളാണ് അവിടെ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.  1979-ലാണ് സോവിയറ്റ് യൂണിയന്റെ അധിനിവേഷം അഫ്‌ഗാനിൽ ഉണ്ടാവുന്നത്. അതിനെ തുടർന്ന് അമേരിക്കയുടേയും മറ്റു സഖ്യകക്ഷികളുടെയും സഹായത്താൽ അവിടെ മുജാഹിദീനുകളെ പരിശീലിപ്പിക്കുകയും അവർ USSR നെ പുറത്താക്കുകയും ചെയ്തു. അത്രയും കാലം പ്രാദേശികമായും, സാംസ്കാരികമായും, ഗോത്രപരമായും വിഭിന്നമായി കിടന്നിരുന്ന ജനവിഭാഗങ്ങളെ ഒരു പൊതു ശത്രുവിനെ കാണിച്ച്, തീവ്രമതാശയങ്ങളെ കുത്തിവെച്ച് ഒരുമിപ്പിക്കുന്ന തന്ത്രമാണ് അമേരിക്ക അന്ന് പയറ്റിയത്. അതിന് വേണ്ടി സൗദിയുടെ സഹായത്തോടെ തീവ്ര സലഫിസ്റ് ആശയങ്ങളെ പഠിപ്പിക്കുന്ന മദ്രസ്സകൾ അഫ്ഗാനിലും, പാക്കിസ്ഥാനിലും സ്ഥാപിക്കപ്പെട്ടു. മത ഭ്രാന്ത് വളർത്താനും ആയുധപരിശീലത്തിനും വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട അത്തരത്തിലുള്ള ഒരു മദ്രസ്സയിൽ യുദ്ധാനന്തരം സന്ദർശിക്കേണ്ടി വന്ന അനുഭവം പ്രശസ്ഥ ഇസ്‌ലാമിക് ചിന്തകനും എഴുത്ത്കാരനുമായ സിയാഉദ്ധീൻ സർദാർ തന്റെ പുസ്തകത്തിൽ (desperately seeking paradise) വിവരിക്കുന്നുണ്ട്. ലോക മുസ്ലീകൾ പൊതുവിൽ വിശ്വസിച്ചു പോരുന്ന കനിവും നിറവുമുള്ള ഇസ്ലാമിന്റെ അന്തഃസത്തയെ അദ്ദേഹം അവിടെ കണ്ടില്ല. പകരം മസ്തിഷ്‌കപ്രക്ഷാളനം നടത്തിയ, വരണ്ടുണങ്ങിയ മത ജീവികളെ അഭിമുഖീകരിക്കേണ്ടി വന്നതിനെകുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 

സോവിയറ്റ് യൂണിന്‍ തകര്‍ന്നതോടെ തമ്മിൽ തല്ലാരംഭിച്ച മുജാഹിദീനുകളുടെ ഇടയിലേക്കാണ് അഫ്‌ഗാൻ ജനതയ്ക്ക് ചില പ്രത്യാശകളേകി താലിബാൻ 1994 ൽ രംഗപ്രേവേഷം ചെയ്യുന്നത്. വളരെ കുറഞ്ഞ സമയംകൊണ്ട് അതിശയവഹമായ വളർച്ച നേടിയ താലിബാൻ 1996- ൽ കാബൂൾ പിടിച്ചടക്കുകയും അഫ്ഗാനിൽ ഭരണം സ്ഥാപിക്കുകയും ചെയ്യുന്നു. പക്ഷേ അതിന് ശേഷം ജനങ്ങളുടെ സകല പ്രതീക്ഷകളേയും അട്ടിമറിച്ചുകൊണ്ട് ആധുനിക മനുഷ്യർക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത കിരാതമായ പുരാതന 'ഇസ്ലാമിക് ശരീഅ' നിയമത്തിലധിഷ്ഠിത ഭരണമാണ് താലിബാൻ കൊണ്ട് വന്നത്. അതിനു കീഴിൽ സമാനതകളില്ലാത്ത പീഡനങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഉടനീളെ അരങ്ങേറിയത്. അതിനെല്ലാം ഇരയായത് കൂടുതലും സ്ത്രീകളായിരുന്നു. പ്രശസ്ഥ അഫ്‌ഗാനി എഴുത്തുകരനായ കാലിദ് ഹൊസൈനി തന്റെ പുസ്തകമായ A Thousand splendid  suns-ൽ കാബൂൾ പിടിച്ചടക്കിയതിന് ശേഷം താലിബാൻ റേഡിയോയിലൂടെ പുറപ്പെടുവിച്ച കാടൻ ശരീഅ നിയമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും, യാത്രസ്വാതന്ത്ര്യത്തെയും വിലക്കുന്ന ആ നിയമങ്ങൾ മനുഷ്യന്റെ ആസ്വാദന ഉപാദികളായ ടിവി, സംഗീതം തുടങ്ങിയവയേയും നിരോധിക്കുകയുണ്ടായി. പാരമ്പര്യമായി മനുഷ്യർ പിൻപറ്റി പോന്ന ആചാരങ്ങളോടും ചിഹ്നങ്ങളോടും വെറുപ്പ് കാണിക്കുന്ന ഇവർ ഒരിക്കൽ ബുദ്ധമത പാരമ്പര്യത്തിന്റെ ഈറ്റില്ലമായിരുന്ന അഫ്ഗാനിലെ പുരാതനമായ ബൊഹീമിയൻ ബുദ്ധപ്രതിമകളെ ബോംബ് വെച്ച് തകർത്ത് കളഞ്ഞു.

2001 ലെ വേൾഡ് ട്രേഡ് ആക്രമണം ആണ് അമേരിക്കയെ വീണ്ടും അഫ്ഗാനിലെത്തിക്കുന്നത്. തത്ഫലമായി അഫ്ഗാൻ ഒരുവിധം താലിബാനിൽ നിന്ന് താത്കാലികമായി മോചിപ്പിക്കപ്പെടുകയും പുതിയ ഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു. പക്ഷെ പാക്കിസ്ഥാനിലേക്കും മറ്റു മലനിരകളിലേക്കും ഉൾവലിഞ്ഞ തീവ്രവാദികൾ ചാവേർ ആക്രമണം പോലുള്ള തന്ത്രങ്ങളാൽ അഫ്‌ഗാനിസ്ഥാനേയും ലോകത്തേയും മുറിവേല്പിച്ചു കൊണ്ടിരുന്നു.  ഇപ്പോള്‍, അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന്റെ ഈ വേളയിൽ മുൻകാലങ്ങളിൽ നിന്ന്  സംഘടനാപരമായി വ്യത്യസ്തമായ ഒരു താലിബാനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പലതവണ  വൻകിട രാജ്യങ്ങളുടെ പ്രതിനിധികളുമായി താലിബാൻ നേതാക്കൾ സമാധാന ചർച്ചകളിൽ പങ്കാളികളായി. അവർക്ക് അത് തങ്ങൾ അഫ്ഗാനിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ശക്തിയാണെന്ന ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സമാധാന ചർച്ചകൾക്കിടെ കിട്ടുന്ന സമയങ്ങൾ അവർ തങ്ങളുടെ ശക്തി വർധിപ്പിക്കാൻ വേണ്ടിയാണ് ഉപയോഗിച്ചത്. അതിന്റെ എല്ലാം ഫലമായി ഇന്ന് 80% അധികം പ്രദേശങ്ങൾ തങ്ങളുടെ കൈകളിലാണെന്ന വാദം അവർ ഉന്നയിച്ചു കഴിഞ്ഞു. പകുതിയോളം ജില്ലകൾ താലിബാന് കീഴ്പെട്ടു എന്നത് വാസ്തവമാണ്. അമേരിക്കൻ സേനാ പിന്മാറ്റത്തോടെ ശക്തിക്ഷയിച്ച അഫ്ഗാൻ സേന ചെറുത്തു നിൽപ്പ് തുടരുന്നുണ്ടെങ്കിലും അതെത്ര നാൾ തുടരുമെന്നോ, അവരതിൽ വിജയിക്കുമെന്നോ പറയാൻ കഴിയില്ല.

കാര്യങ്ങൾ ഈ നിലക്ക് തുടരുകയാണെങ്കിൽ അഫ്‌ഗാൻ ജനതയെ കാത്തിരിക്കുന്നത് സമാധാനം നശിച്ച, അവകാശങ്ങൾ നാടു നീങ്ങിയ, ഇരുട്ട് പടർന്ന ദിനരാത്രങ്ങളാണ്. അവിടെ ആരും കൊല്ലപ്പെടാം. അന്ധകാരത്തിന്റെ ശക്തികൾക്ക് എന്നും ഭയമായിരുന്ന കലയും, കലാകാരനും, എഴുത്തും എഴുത്തുകാരനും ജന മധ്യത്തിൽ വീണ്ടും അറുകൊല ചെയ്യപ്പെട്ടേക്കാം. ചിരിയെ, സ്വാതന്ത്രത്തെ, പ്രകാശത്തെ തേടിപ്പിച്ച് ചുട്ടെരിച്ചേക്കാം. അപ്പോഴും എന്നിലെ പ്രതീക്ഷകൾ അസ്തമിക്കാത്തത് പുഞ്ചിരിക്കുന്ന മുഖവുമായി നൂറായിരം ഖാഷകളും, കഴുത്തിൽ ക്യാമറകളുമായി സിദ്ധീഖിമാരും ഉദയം ചെയ്യുമെന്ന വിശ്വാസമുള്ളത് കൊണ്ടാണ്. കാരണം സര്ഗാത്മകത മനുഷ്യന് ജന്മസിദ്ധമായി ലഭിക്കുന്ന വലിയ അനുഗ്രഹമാണ്. അടിസ്ഥാനപരമായി അതിന്റെ അന്തസത്ത സ്വാതന്ത്ര്യമാണ്. അതിനെ അടക്കി നിർത്താൻ ഒരു ഭയത്തിനും സാധിക്കില്ല എന്നതാണ് സത്യം.

Contact the author

Ashik Veliyankode

lamiya salimraj
2 years ago

Thought provoking and well written Ashik. Looking forward for more writings from you. Keep writing!

0 Replies

Recent Posts

Dr. Azad 1 day ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More