കെ. എന്‍. പണിക്കര്‍ - ടി. കെ. രാമചന്ദ്രന്‍ സംഭാഷണം ഇന്നും പ്രസക്തം - പി. പി. ഷാനവാസ്‌

പത്തുവർഷം മുമ്പുനടന്ന ഒരു  സംഭാഷണത്തെപ്പറ്റിയാണ് ഈ കുറിപ്പുകൾ.  നമ്മുടെ കാലത്തിന്റെ ധൈഷണികരേഖ എന്ന നിലയിൽ ചരിത്രമായിത്തീർന്ന നീണ്ട ഒരു  ഭാഷണത്തെപ്പറ്റി. അത് സാധ്യമാക്കിയ രണ്ടു ധൈഷണികരെപ്പറ്റി...

മുപ്പത് വർഷങ്ങൾക്ക് ശേഷം തന്റെ ദില്ലി ജീവിതം മതിയാക്കി ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ കേരളത്തിലേക്ക് തിരിച്ചുവന്ന നാളുകളിൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറും തത്വചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി കെ രാമചന്ദ്രൻ അദ്ദേഹവുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചത്. ഈ ഭാഷണങ്ങൾ പുസ്തകമാക്കാൻ നടന്ന ഒരു പത്രപ്രവത്തകന്റെ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ, അഭിപ്രായ ഭേദങ്ങൾ ചേര്‍ത്തുവായിക്കണം.

ബ്ലം തീസീസും അൽത്തൂസറിന്റെ ആത്മകഥയും

പുറത്തിറക്കാൻ ഉദ്ദേശിച്ച പുസ്‌തകത്തിന് ആമുഖം എഴുതിക്കിട്ടാൻ ടി കെ രാമചന്ദ്രന്റെ, കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിനടുത്തുള്ള ശിവപുരിയിലെ എട്ടാം നില ഫ്‌ളാറ്റിലെ നിരവധി പ്രഭാതങ്ങൾ കവർന്നെങ്കിലും, ചർച്ചകൾ കാര്യത്തിലേക്ക് നീങ്ങാതെ തെന്നിപ്പോവുകയായിരുന്നു പതിവ്. സമ്പന്നമായിരുന്നു ആ ദിനങ്ങളെന്നു പറയാതെ വയ്യ. പക്ഷെ, ആമുഖമെഴുത്തു നടന്നില്ല. ടി കെ വിടവാങ്ങുകയും ചെയ്തു. അന്ന് ആ ചർച്ചകളിൽ, ലൂക്കാച്ച് കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ അവതരിപ്പിച്ച ബ്ലം തീസിസിനെക്കുറിച്ചും അൽത്ത്യൂസറിന്റെ ആത്മകഥയായ 'ദ ഫ്യൂച്ചർ ലാസ്റ്റ്സ്‌ ഫോർ എ ലോങ് ടൈം' എന്ന പുസ്തകത്തെക്കുറിച്ചും പറയുകയുണ്ടായി.

ഇന്ത്യയിലെ ഫാഷിസം എന്ന ആശയം ടി കെയുടെ ചിന്തകളെ എപ്പോഴും വേട്ടയാടിയിരുന്നു. ഒരു പക്ഷേ ഫ്രാങ്ക്ഫർട് സ്കൂളിന്റെ വായനാനുഭവം, സമകാലീന ഇന്ത്യൻ പാരിതോവസ്ഥകളിൽ പ്രയോഗിക്കുക വഴി ഉണ്ടായതാവാം ഈ തീക്ഷ്ണ പ്രതികരണ പാത. അഡോർണോയും ബെഞ്ചമിനും ലകാനും അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചു. അവരെ അറിയാൻ കാന്റിനേയും ഹെഗലിനേയും  മാർക്സിനേയും ഫ്രോയിഡിനേയും ടികെ ആഴത്തിൽ പഠിച്ചു. പാശ്ചാത്യ മാർക്സിസത്തിന്റെ ഉപലബ്ദികൾ ആയിരുന്നു ടികെയുടെ ധൈഷണികതയെ നിശ്ചയിച്ചു പോന്നത്. മാവോയെയും ലെനിനേയും ഉദ്ധരിക്കാറുണ്ടായിരുന്നെങ്കിലും ശുദ്ധമായ അർത്ഥത്തിൽ മാവോയിസ്റ്റോ ലെനിനിസ്റ്റോ ആയിരുന്നില്ല. ധൈഷണിക നിലപാടിൽ നിന്നുകൊണ്ടുതന്നെ സാമൂഹ്യ വ്യാപാരങ്ങളിൽ ഇടപെടാനാകും എന്ന ജ്ഞാനയോഗിയുടെ നിലപാടിൽ നിന്നായിരുന്നു ടികെ കാര്യങ്ങളെ നോക്കികണ്ടത് എന്നുപറയാം.

വാക്കിനും അർത്ഥത്തിനുമിടയിൽ

'കർഷക വർഗങ്ങളിൽ നിന്നാണ് ബുദ്ധിജീവി വിഭാഗങ്ങൾ ഉയർന്നു വരിക' എന്ന ഗ്രാംഷിയുടെ നിരീക്ഷണം ശരിയാണെങ്കിൽ, മണ്ണിന്റെയും രക്തത്തിന്റെയും മാതൃഭാവം പൂണ്ട ചുവപ്പിന്റെ അതിഭാവുകത്വമായിരുന്നു ടികെയുടെ ഭാഷയെ നിർണ്ണയിച്ചിരുന്നത്. എന്നാൽ, ഭാഷാപ്രയോഗത്തിന്റെ സൂക്ഷ്മതയും വൈദഗ്ധ്യവും പരികല്പനാ നിഷ്ഠമായ ഉള്ളുറപ്പും കൊണ്ട്, അത് ശ്ലഥമെങ്കിലും സമ്പൂർണതയേയും സമഗ്രതയേയും തേടുന്നതായിരുന്നു.'വാക്കിന്റെയും അർത്ഥത്തിന്റെയും ഇടയിൽ ഇടറി വീണുപോയ തലമുറ' എന്ന് ടികെ 'സ്വയ'ത്തെ നിള ആമുഖത്തിൽ, കാളിദാസന്റെ മേഘസന്ദേശത്തിൽ നിന്ന് ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് പരിചയപ്പെടുത്തുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷ പോലെ സംസ്‌കൃതവും ടികെയ്ക്കു വഴങ്ങി. സംസ്‌കൃത കാവ്യങ്ങളിൽ അടയിരിക്കും പോലെ,  ജി ശങ്കരകുറുപ്പിന്റെ മിസ്റ്റിസിസവും പഥ്യമായിരുന്നു. ബ്രെഹ്റ്റും ബെഞ്ചമിനും അഡോർണയും ലകാനും അദ്ദേഹത്തിന്റെ പ്രതികരണ സ്ഥായികളെ ആധുനികമാക്കിപ്പോരുകയും ചെയ്തു. എന്നാൽ ഈ ധൈഷണിക സമ്പത്തിനെ സാമൂഹിക പ്രയോഗമാക്കാൻ, കക്ഷി രാഷ്ട്രീയത്തിന്റെ നാൽ ചക്രങ്ങളിൽ വാഹനമോടിച്ച, മലയാളത്തിന്റെ ജാതീ നവോത്ഥാനപരമായ ലെനിനിസ്റ്റ് ചുറ്റുവട്ടങ്ങൾക്ക് കഴിയാതെ പോയി. ചിലപ്പോഴൊക്കെ പ്രയോഗമതിത്വത്തിന്റെ പേരിൽ ആ ചതിക്കുഴികളിൽ വീണ് ടി കെയ്ക്ക്  മുറിവേൽക്കുകയും ചെയ്തു. സാമൂഹ്യ വേലിയേറ്റങ്ങൾക്കും ഇറക്കങ്ങൾക്കും അനുസരിച്ച്‌ തന്റെ സൈദ്ധാന്തികതയെ എപ്പോഴും പുതുക്കിപ്പണിയാൻ ടി കെ ശ്രദ്ധ  കാണിച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോട് തുടക്കം മുതൽ തന്നെ ജാഗ്രത കാണിക്കാനും  ഈ സൂക്ഷ്മ സൈദ്ധാന്തികത അദ്ദേഹത്തെ സഹായിച്ചു. നമ്മുടെ ബുദ്ധിജീവിതം അക്കാദമിക സുരക്ഷിതത്വത്തിന്റെ നിസംഗതയിൽ കഴിഞ്ഞപ്പോൾ, ടി കെ ഒറ്റയാനായി അതിർത്തി ലംഘിച്ചുകൊണ്ടിരുന്നു. വാക്കുകൾക്ക് വേണ്ടിയുള്ള സമരം ടി കെ എന്നും വാശിയോടെ നിലനിർത്തി.

തത്വചിന്തയിലെ അരാജക ശീലുകൾ, ജീവിതത്തെ മൃത്യുവാഞ്ജയോളം എത്തിച്ച ആഘോഷമാക്കി മാറ്റിയപ്പോൾതന്നെ, സാമൂഹ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം ധൈഷണികമായ അച്ചടക്കം പുലർത്തി. ഭാഷാ വൈഖരിയിൽ നിന്ന് അർത്ഥശൂന്യമായ ഒരു വാക്കുപോലും വാർന്നുവീഴരുത് എന്ന ജാഗ്രത എഴുത്തിലും ഭാഷണത്തിലും ഉണ്ടായിരുന്നു. അക്കാദമിക വേദികളെ ഭരിക്കുന്ന ആശയത്തെ, അക്കാദമിക്കുകളെ ചൂഴുന്ന അബോധപ്രത്യയങ്ങളുടെ അടിത്തറയെ പരിക്കേൽപ്പിക്കുന്ന, ശ്ലഥവും വിചിത്രവുമായ അണ്ടർടോണുകൾ നിലനിർത്തുന്ന ഹൃസ്വഭാഷണങ്ങൾ ആയിരുന്നു അദ്ദേഹം നടത്തിയിരുന്നത്. പ്രസംഗോദ്ധാരകരുടെ വാൾപയറ്റിൽ നിന്ന് ധൈഷണിക അകലം പാലിക്കാൻ ഈ ശ്ലഥഭാഷ ടി കെയെ സഹായിച്ചിരുന്നു. ''ശത്രു വിജയിച്ചാൽ ശവമാടങ്ങളെപോലും വെറുതെ വിടില്ല'' എന്ന ജാഗ്രത ടി കെ എന്നും നിലനിർത്തിയിരുന്നു. അതുകൊണ്ടുതന്നെ കൃതഹസ്തമായിരുന്നു ആ തൂലികയും ജിഹ്വയും. പ്രതികരണങ്ങളിലും വിമർശനങ്ങളിലും മിതത്വം നിലനിർത്തുമെങ്കിലും മുഖ്യമായ രോഗത്തിന്റെ ചികിത്സയിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല.

'ഇച്ഛയുടെ ശുഭാപ്തിയും ധിഷണയുടെ ദുരന്തബോധവും' എന്ന ഗ്രാംഷിയൻ ബുദ്ധിജീവിതത്തെ കേരളത്തിന്റെ മാർക്സിസ്റ്റ് തടവറയിൽ നിലയുറപ്പിച്ചുകൊണ്ടുതന്നെ നിലനിർത്താൻ ടി കെയ്ക്കു കഴിഞ്ഞു. മാർക്സിസത്തോട് ഉയർന്ന പ്രതിപത്തി അദ്ദേഹം സൂക്ഷിച്ചു. മാർക്സിസത്തിന്റെ രീതിശാസ്ത്രത്തെ അദ്ദേഹം ആത്മവിശ്വാസത്തോടെ മുറുകെ പിടിച്ചു. ഹിന്ദുത്വരാഷ്ട്രീയത്തെ നിർവചിക്കുന്നതിലും പ്രതിരോധിക്കുന്നതിലും പാശ്ചാത്യ മാർക്സിസം മുന്നോട്ടുവെച്ച പരികല്പനകൾ സ്വീകരിച്ചു. ഹിന്ദുയിസത്തിന്റെയും അതിന്റെ പ്രത്യയശാസ്ത്ര രൂപീകരണങ്ങളുടെയും അടിത്തറയേയും സാധ്യതകളേയും മനസ്സിലാക്കുന്നതിൽ ഇത് എത്രമാത്രം സഹായകരമായി എന്നത് തർക്കവിഷയം തന്നെ. എങ്കിലും സാംസ്കാരിക ഉപരിഘടനയെ സവിശേഷമായി സമീപിക്കണമെന്ന പാശ്ചാത്യ മാർക്സിസ്റ്റുകളുടെ ആഹ്വാനത്തെ ഈ രാഷ്ട്രീയ വിശകലനത്തിൽ അദ്ദേഹം ഉപയോഗിച്ചു. ക്ലാസിക്കൽ മാർക്സിയൻ അർത്ഥത്തിലുള്ള അടിത്തറയുടെ അതിനിർണ്ണയ സ്വഭാവം കണക്കിലെടുക്കുകയും ചെയ്തു. മാർക്സിയൻ രീതിശാസ്ത്രത്തിലെ ഈ അടിത്തറ-ഉപരിഘടന ദ്വന്ദവും അവയുടെ വൈരുധ്യാത്മകമായ ചലനാത്മകതയും സൂക്ഷ്മമായി മനസ്സിലാക്കിയ അപൂർവം മാർക്സിസ്റ്റുകളിൽ ഒരാളായിരുന്നു ടി കെ. സുദീർഘമായ ഏതാനും പ്രബന്ധങ്ങളും നിരന്തരമായ സാംസ്കാരിക ഇടപെടലിലൂടെ ഉണ്ടായിവന്ന അസംഖ്യം പ്രവർത്തനങ്ങളും അതിന്റെ ഭാഗമായി വന്ന എഴുത്തുകളും... അതേസമയം എഴുത്തും ഭാഷണവും എന്ന സാംസ്കാരിക ഉപകരണവാദത്തിൽ അധിഷ്ഠിതമായിരുന്നില്ല ടികെയുടെ ധൈഷണിക ജീവിതം. അത് സ്വയം ഒരു വിമർശന സാന്നിധ്യമായി നിലകൊണ്ട് നമ്മെ സ്വാധീനിച്ചു. ജീവിത നിമിഷങ്ങൾ ഒരു ബ്രെഹ്‌റ്റിയൻ നാടകശാലയാക്കാനുള്ള ഭാവുകത്വവും സൂക്ഷിച്ചു. ഈ തിയേറ്ററിൽ എലിയറ്റിന്റെ സ്വാധീനം കടന്നുവന്ന് ചില അസംബന്ധ നാടകങ്ങളും അരങ്ങേറി, അസംബന്ധതയുടെ ശരിയായ രാഷ്ട്രീയ അർത്ഥത്തിൽ. ശിവപുരിയിലെ എട്ടാം നില ഫ്ലാറ്റ് കേരളത്തിന്റെ ഉത്തരാധുനികത സാധ്യമാക്കിയ, യൂറോപ്യൻ മാർക്സിസത്തിന്റെ നാടകശാലയായിരുന്നു. ഒന്നു പ്രതീക്ഷിച്ചുചെന്നാൽ മറ്റൊന്നുമായി ചിന്താമഗ്നരായി ലിഫ്റ്റിറങ്ങേണ്ട രാഷ്ട്രീയ അബോധത്തിന്റെ പണിശാലയായിരുന്നു അവിടം. 

വാക്കുകൾ പ്രവർത്തനമാണ്

കാലത്തെ സാക്ഷ്യപ്പെടുത്തുന്ന രക്തസാക്ഷിത്വം ഗ്രാംഷിയെയും അൽത്തൂസറിനെയും വാൾട്ടർ ബെഞ്ചമിനെയും പോലെ ടി കെ രാമചന്ദ്രനും വരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹിന്ദുത്വത്തിന്റെ ആദ്യ ഗഡു വിളയാടിയ നാളുകളിൽ, വിളക്കുമാടം പോലെ തന്റെ ദിശ കാണിച്ചു. ജി ശങ്കരക്കുറുപ്പ് അയൽക്കാരനായിരിക്കെ, കവിതയുടെ അഭൗമമായ അരിപ്രാവിൻ കൂട്ടം ആ ഫ്‌ളാറ്റിന്റെ ജാലകപ്പടികളിൽ എങ്ങിനെ വിരുന്നെത്താതെയിരിക്കും? സാമൂഹ്യ ചുറ്റുപാടിന്റെ മാറ്റങ്ങൾ ദുശ്ശകുനങ്ങളായി തിരിച്ചറിഞ്ഞുകൊണ്ട് പ്രതികരണമുയർത്താൻ ചിന്തയുടെ ആ ഉപാസകന് കഴിഞ്ഞു. ആ ഭാഷ കുട്ടികൃഷ്ണൻ മാരാരുടെ വ്യാകരണ യുക്തിക്കും പി കുഞ്ഞിരാമൻ നായരുടെ യുക്തിയുടെ ലീലാപരതയ്ക്കും അപ്പുറത്ത്, സാന്ദ്രവും പാരികല്പനാനിഷ്ഠവും ആയി തത്വചിന്തയെ ഗർഭം ധരിച്ചു. 'വാക്കുകൾ പ്രവർത്തനമാണ്' എന്ന ഉള്ളറിവ് വാക്കുകളുടെ തെരഞ്ഞടുപ്പിൽ അദ്ദേഹത്തെ സൂക്ഷ്മാലുവാക്കി. ഇങ്ങിനെ വാക്കുകളും പരികല്പനകളും വിവർത്തനം ചെയ്തെടുക്കുമ്പോൾ, ലാളിത്യത്തിന്റെ ചതിക്കുഴികളെയും പത്രഭാഷയുടെ പാപ്പരത്തത്തെയും ഒഴിവാക്കാൻ ടി കെ ജാഗ്രത കാണിച്ചിരുന്നു. 'ഐഡന്റിറ്റി' എന്നതിന് 'സ്വത്വം' എന്നു വിവർത്തനം കൊള്ളുമ്പോൾ, അതിൽ ആശയവാദപരമായ അവ്യക്തതയുടെ നിഴൽ വീശുന്നു എന്ന ആലോചനയിൽ നിന്ന്, ഐഡന്റിറ്റിയെ 'അഭിജ്ഞാനത' എന്നു വിവർത്തനം ചെയ്യുന്നതിന് വേണ്ടി വാശിയോടെ വാദിച്ച ടി കെയെ, തന്റെ ചരമക്കുറിപ്പിൽ കലാചരിത്രകാരൻ പ്രൊഫസ്സർ ആർ നന്ദകുമാർ ഓർക്കുന്നുണ്ട്. ഇവിടെ മലയാള മാത്രവാദത്തിൽ നിന്ന് എത്രയോ മൗലികമായിരുന്നു ടികെയുടെ സംസ്‌കൃത ഉപയോഗം. 'സ്വത്വ'ത്തിന്റെ കേവലതയും അതിലാളിത്യവും അവ്യക്തതയും മാറ്റി, 'അഭിജ്ഞാനത' എന്ന കൂടുതൽ സൂക്ഷ്മവും ഭൗതികോന്മുഖവുമായ ഒരു പ്രയോഗത്തെ നിള പ്രബന്ധത്തിൽ സാധ്യമാക്കിയതിലൂടെ, അത് മലയാളത്തിലെ പിൽക്കാല സ്വത്വവാദ ചർച്ചകളിൽ എത്രമാത്രം പ്രസക്തമായിത്തീർന്നു എന്ന് നാം അനുഭവിച്ചറിഞ്ഞു. 'അഭിജ്ഞാനത' എന്ന പ്രയോഗത്തിന്റെ വ്യഖ്യാന സാധ്യതകൾ, 'സ്വത്വം' എന്ന അവ്യക്തമായ കാവ്യബിംബത്തിന്റെ സാധ്യതകളേക്കാൾ എത്ര വിപുലമായിരിക്കും എന്ന ഭാവിയെ ടികെ മുറുകെപ്പിടിക്കുകയായിരുന്നു.

ഇപ്രകാരംത്തന്നെ, പോപ്പുലർ ആയ കലയുടെ ആഘോഷത്തിൽ നിന്ന് ടി കെ ദൂരം പാലിച്ചു. അഡോർണോയുടെ ഉന്നതകലയെ സംബന്ധിച്ച ആശയം ടികെയും ഒരു നിലയിൽ പിൻപറ്റി. ജനപ്രിയമാകുമ്പോൾ സംഭവിക്കുന്ന അർത്ഥ നഷ്ടത്തിന്റെയും മാനിപുലേഷന്റെയും തലം, പോപുലിസ്റ്റ് ആയി, ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സാംസ്കാരിക അന്തരീക്ഷമൊരുക്കുമെന്ന് ഫ്രാങ്ക്ഫർട് ചിന്തകർക്കൊപ്പം ടി കെയും കരുതി. ജനപ്രിയതയെ ഉത്തരാധുനികതയുടെ പേരിൽ നാം ആഘോഷിച്ചപ്പോൾ, പാസ്റ്റീഷുകളെ കലയായി നാം കൊണ്ടാടിയപ്പോൾ, പോപ് ആർടിൽ നിന്ന് മോട്ടിഫുകൾ കണ്ടെത്തി കല ജനങ്ങളിൽ എത്താൻ വ്യഗ്രത കാണിച്ചപ്പോൾ,  ടി കെ സൈദ്ധാന്തികതയുടെ തലത്തിലെങ്കിലും ഉന്നതകല എന്ന അഡോർണോയുടെ ആശയം തന്നെ മുറുകെപ്പിടിച്ചു. തൽക്കാലം അത് ജനകീയമല്ല എങ്കിലും ഭാവിയുടെ കലയായി അത് അർത്ഥം കൊത്തുമെന്ന് അദ്ദേഹവും വിശ്വസിച്ചു. കമ്മ്യൂണിസ്റ് പ്രസ്ഥാനത്തോടൊപ്പം ചേർന്നു നിന്ന ചങ്ങമ്പുഴ കവികളും എഴുത്തുകാരും സംഗീതകാരന്മാരും കോടമ്പാക്കത്തെ ലോഡ്ജുകളിൽ മധു നുകർന്നു മയങ്ങാൻ ഒരുങ്ങിയപ്പോഴായിരുന്നു ടി കെ ഈ സുചിന്തിത നിലപാട് കൈകൊണ്ടത്. സാമൂഹിക ജീവിതത്തെ പുതുക്കപ്പണിയുന്നതിൽ ടി കെ കാണിക്കുന്ന വിനയാനിതത്വവും സംഘാടനമികവും,  അദ്ദേഹത്തെപ്പോലെ അക്കാദമിക്കും വായാനാനുഭവവും ഉള്ള ഒരു ധൈഷണിക വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായിരുന്നു.

ഇന്ത്യയുടെ ഇ പി തോംസൺ

ഇനി പറയാനുള്ളത് ചരിത്രകാരനായ ഡോ. കെ എൻ പണിക്കരെകുറിച്ചാണ്. ഗവേഷകൻ, അധ്യാപകൻ, സാമൂഹ്യ ഉത്കണ്ഠകൾ പുലർത്തുന്ന ധൈഷണികൻ എന്നീ നിലകളിൽ കെ എൻ പണിക്കരുടെ സ്ഥാനം  എണ്ണപ്പെട്ടതാണ്. ഇന്ത്യൻ ചരിത്രമെഴുത്തിനെയും അക്കാദമിക ജീവിതത്തെയും ഇന്നു കാണുന്ന തരത്തിൽ നിലനിർത്തിയതിൽ കൊസാംബി തൊട്ടുള്ള പരമ്പരയിൽ കെ എൻ പണിക്കർക്ക് സ്ഥാനമുണ്ട്. ഇന്ത്യയുടെ ഇ പി തോംസൺ എന്ന് ആലങ്കാരികമായി പറയാമെങ്കിലും, കെ എൻ പണിക്കരുടെ ചരിത്രപഠനം അനന്യമായ ചരിത്രാഖ്യാനത്തിന്റെ ആധുനികതകൊണ്ട് സ്വകീയമായ നിലയിൽ തികച്ചും ഇന്ത്യനായ ഒന്നാണ്. ഡി ഡി കൊസാംബി തുടങ്ങിവെച്ച ഇന്ത്യൻ ചരിത്രരചനയുടെ രീതിശാസ്ത്രവും ശാസ്ത്രനിബ്ദതയും കെ എൻ പണിക്കരിൽ എത്തുമ്പോൾ, വ്യക്തമായും വികസിക്കുന്നത് കാണാം. ഭൗതിക ചരിത്രത്തിൽ നിന്ന് ആശയലോകത്തിലേക്ക് ചരിത്രരചനാ ശാസ്ത്രം വികസിക്കുന്ന ഇടവേളയെ പണിക്കർ അടയാളപെടുത്തി. ഇന്ത്യൻ നവോത്ഥാനത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും ആദ്യകാലങ്ങളുടെ ചരിത്രകാരൻ എന്ന നിലയിൽ, മലബാർ കലാപങ്ങളുടെ ചരിത്രവും നീരൊഴുക്കുകളും അദ്ദേഹം പുനരാഖ്യാനം ചെയ്യുകയുണ്ടായി. തന്റെ ഗവേഷണത്തിന്റെയും എഴുത്തിന്റെയും രീതിശാസ്ത്രപരമായ ഉപാധികൾ വികസിപ്പിക്കുന്ന കാര്യത്തിൽ, ഏറ്റവും നവീനമായ സൈദ്ധാന്തിക അന്വേഷണങ്ങളെ പിന്തുടരാനും, അതുവഴി എല്ലാ തരത്തിലുള്ള ന്യൂനീകരണ പ്രവണതകളോടും കലഹിക്കുമ്പോൾ തന്നെ, സിദ്ധാന്ത ജഡിലതയുടെ പേരിൽ അടിസ്ഥാനപരമായ ഘടനാ പരിസരങ്ങളെ കൈവെടിയാതെയിരിക്കാനും ഉള്ള  ജാഗ്രത നിലനിർത്തി.

ബ്രിട്ടീഷ് കോളനിഭരണത്തിന്റെ ആദ്യകാലങ്ങളെ ഗവേഷണ വിഷയമാക്കിയപ്പോൾ പൊന്തിവന്നതാണ്, ജന്മനാടായ കേരളത്തിലെ തെക്കേമലബാറിലെ കാർഷിക സമരപോരാട്ടങ്ങളുടെ ചരിത്രം. ആദ്യകാല ബ്രിട്ടീഷ് വിരുദ്ധ മുന്നാക്കങ്ങളിൽ ഏറ്റവും എണ്ണപ്പെട്ട 19, 20 നൂറ്റാണ്ടുകളിലെ മാപ്പിള കുടിയാൻ പ്രക്ഷോഭങ്ങൾ, പല മാനങ്ങൾ കൈക്കൊണ്ടിരുന്നു എന്നതിനാൽ, കോളനി വിരുദ്ധമായ ചെറുത്തുനിൽപ്പുകളുടെ പൊതുസ്വഭാവങ്ങളെ വേർതിരിച്ചു മനസ്സിലാക്കാൻ ക്ലാസിക്കൽ മാർക്സിസത്തിന്റെ രീതിശാസ്ത്രത്തെ മാത്രം അവലംബിച്ചാൽ മതിയാകില്ല എന്ന അർത്ഥത്തിലാണ്,  അന്റോണിയോ ഗ്രാംഷിയുടെ ജയിൽ നോട്ടുപുസ്തകത്തിൽ ചർച്ച ചെയ്യുന്ന ആശയങ്ങൾ പണിക്കർ ഈ ഗവേഷണത്തിനും അന്വേഷണത്തിനും ഉപയോഗിക്കുന്നത്.  ഗ്രാംഷിയുടെ ബുദ്ധിജീവി രൂപീകരണത്തെപ്പറ്റിയുള്ള ആശയങ്ങൾ, മാപ്പിളമാരുടെ സാമൂഹ്യ ജീവിതത്തിലെ സാംസ്കാരിക ഘടകങ്ങൾ പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം നിർമിച്ചതിനെപ്പറ്റി ആഖ്യാനം ചെയ്യുമ്പോൾ പണിക്കർ പ്രയോഗിക്കുന്നു. സാമൂഹ്യ ചരിത്രരചന അതുവരെ പരിശോധിക്കാതെ വിട്ട, കലാപ സ്വഭാവമാർന്ന ഉയിർപ്പുകളുടെ സ്വഭാവത്തിനു പിന്നിൽ വർത്തിച്ച ആശയപരമായ നിർമ്മിതികളാണ് ഇവിടെ പഠന വിധേയമാക്കുന്നത്. സാമ്പത്തികമായ പരിവർത്തനങ്ങളാണ് വിവിധ ഇടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെ മൗലിക പ്രേരണ എങ്കിലും,  പ്രതിരോധം സമാഹരിക്കാൻ മലബാറിലെ മാപ്പിളമാർക്ക് തങ്ങളുടെ മതവിശ്വാസത്തെ ഉപയോഗിക്കാൻ കഴിഞ്ഞതെങ്ങിനെ എന്ന നിലയിലുള്ള അപഗ്രഥനം, യഥാർത്ഥത്തിൽ ഫ്രഞ്ച് ജ്ഞാനോദയം മുതലുള്ള സംഘടനാരൂപങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്ന് സാമൂഹ്യ ചെറുത്തുനില്പുകളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ചരിത്രാഖ്യാനങ്ങളെ സംബന്ധിച്ചിടത്തോളം അജ്ഞാതമായിരുന്നു. സാമൂഹ്യ പ്രതിരോധത്തിന്റെയും സമര സജ്ജതയുടേയും ആദ്യകാലങ്ങളിൽ എന്തു സംഭവിച്ചു എന്ന സൂക്ഷ്മാപഗ്രഥനം, അതുവരെ യുക്തിസഹമായി തോന്നിച്ച അപഗ്രഥനങ്ങളിൽ നിന്ന് വേറിട്ടു നിലകൊള്ളുന്നതുമായിരുന്നു. ഇതുവഴി ചരിത്ര ഗവേഷണത്തിന്റെ ഒരു ഇരുണ്ടമേഖലയിലേക്ക് പണിക്കർ വെളിച്ചമയയ്ക്കുകയും, ഒരു സാമൂഹ്യ ശാസ്ത്രകാരന്റെ ഉത്തരവാദിത്തത്തോടെ പുതിയ പരികല്പനകളും സങ്കല്പനങ്ങളും കൊണ്ട്, കൊളോണിയൽ യുക്തി സാധ്യമാക്കിയ, അതുവരെയുള്ള ചരിത്രാഖ്യാനങ്ങളിൽ നിന്ന് പുറത്തുകടക്കുകയുമായിരുന്നു.

ചരിത്രാഖ്യാനത്തിന്റെയും ഗവേഷണത്തിന്റെയും ഈ അപൂർവതയാണ് കെ എൻ പണിക്കരുടെ മലബാർ കലാപ പഠനങ്ങൾ മുന്നോട്ടു വെയ്ക്കുന്നത്. 'മഹത്തായ പാദുക പ്രശ്നം' തുടങ്ങി ഒട്ടേറെ പ്രബന്ധങ്ങൾ രചിക്കുന്നതിൽ ഈ രീതിശാസ്ത്രം പരീക്ഷിക്കുന്നത് കാണാം. ഗ്രാംഷിയിൽ നിന്ന് ബ്രിട്ടീഷ് മാർക്സിസ്റ് ചിന്തകനായ റെയ്മണ്ട് വില്യംസ് വികസിപ്പിച്ച 'സാംസ്കാരിക ഭൗതികവാദ'ത്തിന്റെ സൂക്ഷ്മമായ കണ്ടെത്തലുകൾ, നിഗമനങ്ങൾ എന്നിവ ഈ പഠനങ്ങളിൽ മൂർത്തത കൈവരിക്കുന്നു.

ചരിത്രാഖ്യാനത്തിന്റെ ബൃഹദാഖ്യാന സ്വഭാവം, മിത്തിക്കൽ ചരിത്രത്തിന്റെയും കമ്യൂണൽ ചരിത്രത്തിന്റെയും രാഷ്ട്രീയാടിയന്തര ചരിത്രത്തിന്റെയും തിരത്തള്ളിച്ചയിൽ, അസ്തപ്രജ്ഞവും ഇടപെടൽ ശേഷി നഷ്ടപ്പെട്ടതുമായി കലഹരണപ്പെടുന്നു എന്നു തോന്നിയപ്പോൾ, വ്യവഹാരിക ചരിത്രരചനകൊണ്ടുള്ള ഒരു പ്രതിരോധമായും ഈ പഠനങ്ങൾ മാറുന്നുണ്ട്. അംശവസ്‌തുവിൽ നിന്ന്  വിപുലമായ വ്യാവഹാരിക സ്ഥലിയെ മനസ്സിലാക്കുക എന്ന നിലയിൽ,  ഫൂക്കോ മുന്നോട്ടു വെച്ച ചരിതത്തെ സംബന്ധിച്ച സങ്കല്പനങ്ങളെയും പണിക്കരുടെ രീതിശാസ്ത്ര പരീക്ഷണങ്ങളിൽ നാം കണ്ടുമുട്ടുന്നു. ഈ ആശയങ്ങളാണ് 'പ്രതിരോധത്തിന്റെ പ്രാദേശിക ചരിത്രം' എന്ന പരികല്പനയായി പണിക്കർ തന്റെ ചരിത്ര കോൺഗ്രസ്‌ പ്രഭാഷണങ്ങളിൽ വികസിപ്പിക്കുന്നത്.

പഠനങ്ങളിൽ ഈ നിലയിലുള്ള ഒരു രീതിശാസ്ത്രത്തിന്റെ സാധ്യതയെ മലബാർ പഠനങ്ങൾ മുതൽ പണിക്കർ മുന്നോട്ടു വെയ്ക്കുന്നു. ഈ അർത്ഥത്തിലാണ് മുരളീധരനെപ്പോലുള്ള ധിഷണാശാലികൾ,  പണിക്കരെ ഘടനാവാദാനന്തര ഇന്ത്യൻ അക്കാദമിക് ചിന്തയുടെ 'മുമ്പേ പറന്ന പക്ഷി' എന്ന നിലയിൽ പരിഗണിച്ചുപോന്നത്. അൽത്തൂസറിന്റെ ഘടനാവാദ മാർക്സിസത്തിൽ നിന്ന്, ഗ്രാംഷി ഘടനാവാദാനന്തര ചിന്തയിലേക്ക് പാലം പണിയുന്നു എന്ന നിരീക്ഷണം പോലെ, ഇന്ത്യൻ ധൈഷണിക സന്ദർഭത്തിൽ പണിക്കരുടെ രീതിശാസ്ത്രത്തെയും പരിഗണിക്കാം.

തത്വചിന്തയും ചരിത്രവും

പൊതുരാഷ്ട്രീയത്തിന്റെ നൈമിഷിക സമവാക്യങ്ങളിൽ, തന്റെ ചോദ്യങ്ങളിൽ ടി കെ രാമചന്ദ്രൻ കുടുങ്ങിപ്പോകുമ്പോൾ, കൂടുതൽ വികസിച്ച ഒരു കാലഗണനയെ സ്വാംശീകരിച്ചുകൊണ്ടാണ് ഇതിനുള്ള  കെ എന്നിന്റെ ഉത്തരങ്ങൾ. തത്വചിന്തയുടെയും പ്രയോഗത്തിന്റെയും ഈ ബലഹീനതകൾ പലപ്പോഴും സാമൂഹ്യ പ്രശ്നങ്ങളെ, തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയത്തെ ലക്ഷ്യംവെയ്ക്കുന്ന അടവുകളുടേയും തന്ത്രങ്ങളുടേയും സാങ്കേതിക വിദ്യയായി ചുരുക്കുമ്പോൾ, രാഷ്ട്രീയം കുറേക്കൂടി ദീർഘനിശ്വാസം ആവശ്യപ്പെടുന്ന വർത്തമാനത്തിന്റെ ചരിത്രമാണ് എന്ന് കെ എൻ പണിക്കർ തിരിച്ചറിയുന്നു.

ടികെയുടെ കാര്യത്തിലാകട്ടെ, തന്റെ ഉള്ളുറപ്പില്ലാത്ത ലെനിനിസ്റ്റ് ബാലാരിഷ്ടതകൾകൊണ്ട്, തൊണ്ണൂറുകൾക്ക് അവസാനം അദ്ദേഹം സ്വീകരിച്ച നിലപാടുകളിൽ ചില അവ്യക്തതകൾ നിഴലിച്ചിരുന്നു. ഹിന്ദുത്വ-ഇസ്‌ലാമിക ദ്വന്ദം ബലാബലം തീർക്കുന്ന ഒരു ഭാവനാഭീതി ടികെയെ പിടികൂടിയിരുന്നോ? പ്രത്യേകിച്ചും ഈ നില കേരളത്തിലെ മധ്യവർഗ മാർക്സിസ്റ്റ് ബുദ്ധിജീവികൾക്കിടയിൽ പരക്കെ സംഭവിച്ച സന്ദർഭത്തിൽ?! എന്നാൽ ഇന്ത്യൻ ചരിത്രത്തെയും അതിന്റെ പ്രതിരോധ പാരമ്പര്യങ്ങളേയും ഗവേഷണം ചെയ്ത ഇന്ത്യൻ ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം, സംഭവിക്കുന്നത് എന്ത് എന്ന വർത്തമാനം അറിയാൻ, സൈദ്ധാന്തിക ദ്വന്ദങ്ങളിൽ ചിന്തയെ മാറ്റുരക്കേണ്ടിയിരുന്നില്ല. തത്വശാസ്ത്രത്തിന്റെ മനക്കണ്ണാടികൾക്കൊണ്ട്  അവരുടെ കർമ്മശാസ്ത്രത്തിനു മറ്റൊരുപയോഗമാണുണ്ടായിരുന്നത്. മലയാളിയുടെ സിദ്ധാന്തപ്രോക്തമായ ആലസ്യത്തിന് ടി കെ യെപ്പോലുള്ള ഒരു ധൈഷണികൻ പോലും വശംവദനായി എന്നത് അദ്ദേഹത്തിന്റെ അകാലമരണം ഒരു സൂചനയായി.

പ്രയോഗം എപ്പോഴും തത്വചിന്തയെ മറികടക്കുന്ന ഉൾക്കാഴ്ചകൾ നൽകുന്നു എന്ന നിലയിൽ, തത്വചിന്തയെ ഒരു രീതിശാസ്ത്രമായി വികസിപ്പിച്ചുകൊണ്ട്, അത് പ്രയോഗിക്കുന്ന ആഖ്യാന രൂപങ്ങൾ നിർമിക്കുക വഴി,  സത്യത്തോട് കൂടുതൽ അടുത്ത് നിൽക്കാനുള്ള ശേഷി പ്രകടിപ്പിച്ചുകൊണ്ട്, ചരിത്രമെഴുത്ത് ഇവിടെ ഒരു പ്രയോഗമായിത്തീരുന്നു. തികച്ചും പ്രായോഗികതയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുക വഴി, ഭാവിയെപ്പറ്റിയുള്ള ഉൾക്കാഴ്ചകളും കൂടുതൽ ചരിത്രബോധത്തോടെയാകുക സ്വാഭാവികം. അതുകൊണ്ടാണ് ഒരു ഇടക്കാല യുപിഎ സർക്കാരിന്റെ സാന്നിധ്യം കൊണ്ടവസാനിക്കുന്നതല്ല ഫാസിസ്റ്റ് വാഴ്ചയുടെ ഭീഷണി എന്നത്, ദേശീയതയെ പരിപ്രേക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചരിത്രകാരന്മാർക്ക് ഒഴിച്ചു കൂടാനാവാത്ത ഉൾക്കാഴ്ചയാകുന്നത്. യുപിഎ സർക്കാരും മാറാട് സംഭവപരമ്പരകളും മാറ്റിമറിച്ച കേരളീയ ധൈഷണികതയുടെ ഉൾക്കാഴ്ചകൾ കെ എൻ പണിക്കർ കൂടുതൽ ദീർഘവീക്ഷണത്തോടും യാഥാർത്ഥ്യബോധത്തോടെയുമാണ് നടത്തിയത്. ഹിന്ദുത്വവർഗീയതയെ മുസ്‌ലിംവർഗീയതകൊണ്ട് സമീകരിക്കപ്പെടണം എന്ന നിലപാട് ധൈഷണിക സമൂഹത്തെയും അക്കാദമിക ലോകത്തിന്റെ പുസ്തകപ്രോക്ത അവസരവാദ യുക്തിയെയും, രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞടുപ്പു കേന്ദ്രിത ജാതിയുക്തിയെയും ചൂഴ്ന്നുനിന്ന സന്ദർഭത്തിലായിരുന്നു, ഈ നിലപാടു വ്യത്യാസങ്ങൾ എന്നത് ശ്രദ്ധേയമാണ്. ചോദ്യങ്ങൾ ഈ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാൽ ഉത്തരങ്ങൾ രണ്ടുതരം വർഗീയതയേയും സാധ്യമാക്കുന്ന കൂടുതൽ വിപുലമായ ഒരു ഘടനാ പ്രതിസന്ധിയെ ചൂണ്ടികാണിക്കുന്നു. ആഗോളവൽക്കരണത്തെ ഹിന്ദുത്വ പ്രതിഭാസവുമായി കൂട്ടിവായിക്കുമ്പോൾ, ലളിതമായ ഒരു ദ്വന്ദയുക്തികൊണ്ട് അവഗണിച്ചു തള്ളാവുന്നതല്ല ഇന്ത്യയിലെ ഫാസിസ്റ്റ് വാഴ്ചയുടെ സാധ്യതകൾ എന്ന് ബോധ്യമാകും. കെ എന്നിന്റെ വിശദീകരണങ്ങൾ ഈ വിശാല യാഥാർത്ഥ്യത്തെ പരിഗണിക്കുന്നു.

ആരുടെയെങ്കിലും പ്രാമാണ്യത്തെ പ്രകീർത്തിക്കുകയല്ല ഇവിടെ. നാം പ്രവർത്തിക്കുന്ന മില്യൂവിന്റെ സ്വഭാവം നമ്മുടെ ഭാഷയേയും വ്യാകരണത്തെയും സ്വാധീനിക്കുന്നത് എങ്ങിനെ എന്ന സത്യം,  കേരളത്തിന്റെ ഒരു ധൈഷണിക ചരിത്രസന്ദർഭത്തിൽ ഉദാഹരിക്കുകയാണ്. സിദ്ധാന്തത്തിന്റെ അനിവാര്യമായ ആലസ്യത്തിന് പലപ്പോഴും വർത്തമാനത്തെ പൂർണമായി മനസ്സിലാക്കാനാവില്ല. അതെപ്പോഴും പരികല്പനാധിഷ്ഠിതമാണ് എന്നുവരുന്നു. എപ്പോഴും പുതിയ വിവരങ്ങൾ കടന്നുവരാം. ആഖ്യാനങ്ങൾ അട്ടിമറിക്കപ്പെടാം. നിലവിലുള്ള വസ്തുതകളുടെ സത്യം ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടുതന്നെ ചരിത്രമെഴുത്ത് എല്ലായ്പ്പോഴും വർത്തമാനത്തോട് ജാഗ്രത കാണിക്കാൻ നിർബന്ധിതമാകുന്നു. ചരിത്രമെഴുത്തിന്റെ ഒരു കാൽ എപ്പോഴും ബഹുജന ജീവിതത്തിലാണ്. അതിനാൽ യഥാർത്ഥ ജനപക്ഷംകൊണ്ട് അടിക്കടി നവീകരിക്കാനുള്ള ബാധ്യതയും സാധ്യതയും ചരിത്രമെഴുത്തിനുണ്ട്. തത്വചിന്തയ്ക്ക്  എപ്പോഴും ഭൂതകാലത്തെയാണ് അസംസ്‌കൃതവസ്തുവാക്കേണ്ടിവരുന്നത്. ഭൂതകാല പ്രയോഗങ്ങൾ ആണ് തത്വചിന്തയ്ക്ക് വിധേയമാകുന്നത്. ചരിത്രം ഭൂതത്തെ സംബന്ധിച്ചാണെന്നിരിക്കിലും, തത്വചിന്തയ്ക്ക്  മുന്നേ നടക്കുന്ന വർത്തമാനത്തിൽ അതു കാലൂന്നുന്നു. ശുദ്ധിയെ സംബന്ധിച്ച സംശയങ്ങളേക്കാൾ മാറാൻ തയ്യാറുള്ള വാതിലുകൾ അതു തുറന്നിടുന്നു. അതുകൊണ്ടുതന്നെ തത്വചിന്ത ചരിത്രത്തിനെ പിമ്പേ സംഭവിക്കുന്നതാണ് എന്നുവരുന്നു. ചരിത്രമെഴുത്ത് തികച്ചും വൈകാരികവും പലനിലയിൽ ശുദ്ധസ്വരൂപം വിട്ട് കളങ്കിതവുമായ സാമൂഹ്യ മുഹൂർത്തത്തെ എപ്പോഴും കണക്കിലെടുക്കുന്നു. തത്വചിന്ത മനുഷ്യവ്യാപാരത്തിന്റെ ഈ വൈകാരിക ചേരുവയെ കണക്കിലെടുക്കുന്നില്ല. തത്വചിന്ത എല്ലായ്പ്പോഴും സംഭവങ്ങളെ പരികല്പനകളാക്കുന്നു. ചരിത്രം സംഭവങ്ങളെ അതായിത്തന്നെ മനസ്സിലാക്കാൻ വ്യഗ്രപ്പെടുന്നു. നിരന്തരം മാറ്റിയെഴുതപ്പെടുന്നു. സത്യത്തെ നീട്ടിവെക്കുന്നു. തത്വചിന്ത, ചിന്തയെത്തന്നെ അവസാനിപ്പിക്കുന്നു. ചരിത്രത്തിന് അന്ത്യം കുറിക്കുന്നു. വസ്തുക്കളെയും ആശയങ്ങളെയും അത് പരികല്പനകളായി മനസ്സിലാക്കുന്നു. അതിന് ചരിത്രത്തിന് പിമ്പേ നടക്കേണ്ടി വരുന്നു.

ശുഭം.. 

Contact the author

P P Shanavas

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More