കോഴിക്കോട് അബ്ദുള്‍ ഖാദറും വാസു പ്രദീപും: മായാത്ത സ്മരണകള്‍ - നദീം നൌഷാദ്

രാധേ....രാധേ..രാധേ

മായരുതേ വനരാധേ പ്രേമധാര

1960-കളുടെ തുടക്കത്തില്‍  കോഴിക്കോട് മിഠായിത്തെരുവിലെ 'പ്രദീപ് ആട്സ്' എന്ന ഇടുങ്ങിയ മുറിയില്‍ ബ്രഷുകളുടെയും ചായം നിറച്ച പാത്രങ്ങളുടെയും പാതി വരച്ചുവെച്ച ബോര്‍ഡുകളുടേയും ഇടയിലിരുന്ന് ചിത്രകാരനും നാടകകൃത്തുമായ വാസുപ്രദീപ് 'മായരുതേ വനരാധെ' എഴുതിയത് തന്‍റെ ഉറ്റചങ്ങാതി കോഴിക്കോട് അബ്ദുള്‍ ഖാദറിന് വേണ്ടിയായിരുന്നു. ഗാനരചയിതാവും ഗായകനും കഥാവശേഷരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പാട്ട് മെഹ്ഫിലുകളില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ഒരുപക്ഷെ ആരാണ് എഴുതിയത് എന്നറിയാതെ ആസ്വാദകര്‍ മൂളിക്കൊണ്ടിരിക്കുകയും ഗായകര്‍ പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അബ്ദുള്‍ ഖാദറും വാസുപ്രദീപും 

കോഴിക്കോട് അബ്ദുള്‍ ഖാദറും വാസുപ്രദീപും ആത്മമിത്രങ്ങളായിരുന്നു.1954-ല്‍ അബ്ദുള്‍ ഖാദര്‍ പ്രദീപ്‌ ആട്സ് ഉദ്ഘാടനം ചെയ്തതുമുതല്‍ തുടങ്ങിയ സൗഹൃദം. പിന്നീട് അദ്ദേഹം പ്രദീപ്‌ ആട്സിലെ നിത്യസന്ദര്‍ശകനായി. അവര്‍ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. അവിടെ വെച്ച് ഖാദറിനുവേണ്ടി വാസുപ്രദീപ് നിരവധി ഗാനങ്ങള്‍ എഴുതി. അതില്‍ ഭൂരിഭാഗവും ആകാശവാണിയില്‍ ലൈവ് പരിപാടിയായിരുന്നു. നീലാകാശത്തിലേക്ക് പറത്തിവിട്ട  ആ പാട്ടുകള്‍ എറ്റുവാങ്ങി ശ്രോതാക്കള്‍ കരഘോഷം മുഴക്കി. 

അബ്ദുള്‍ ഖാദറിനെ കുറിച്ചുള്ള ഡോക്യുമെന്‍റ്റിയില്‍ പാട്ടിന്‍റെ ഉത്ഭവത്തെ കുറിച്ച് വാസുപ്രദീപ്‌ ഇങ്ങനെ  പറഞ്ഞു. “ചില ദിവസങ്ങളില്‍ ഞാനെന്തെങ്കിലും  ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഖാദര്‍ക്ക വരും. “വാസൂ ഞാന്‍ റേഡിയോ സ്റ്റേഷനില്‍നിന്ന് വര്വാണ്, എനിക്കൊരു പാട്ട് വേണം.” അപ്പോള്‍ തന്നെ അദ്ദേഹം ഈണം മൂളിത്തരും. അതിനനുസരിച്ച് ഞാന്‍ വരികളെഴുതും. ഖാദര്‍ക്ക അത് വാങ്ങി വീട്ടില്‍ പോയി ഉച്ചയോടെ മടങ്ങിവരും. ഉച്ചക്ക് ശേഷമായിരിക്കും റെക്കോര്‍ഡിംഗ്. പാട്ട് ഖാദര്‍ക്കയുടെ ഉപജീവനമായത് കൊണ്ട് അദ്ദേഹത്തെ സഹായിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അങ്ങനെയൊരിക്കല്‍ എഴുതിയതാണ് 'മായരുതേ വനരാധേ' എന്ന പാട്ട്. അദ്ദേഹം ദേശ് രാഗത്തില്‍ മൂളിത്തന്നു. ഖാദര്‍ക്കയുടെ ഇഷ്ട രാഗമാണ് ദേശ്. അദ്ദേഹത്തിന്‍റെ മിക്ക ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ദേശിലാണ്. അതനുസരിച്ച് ഞാന്‍ എഴുതിയ ആ റേഡിയോ ഗാനം ശ്രദ്ധിക്കപ്പെട്ടു. ഇങ്ങനെ ഒരുപാട് ഗാനങ്ങള്‍ ഖാദര്‍ക്കയ്ക്ക് വേണ്ടി ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു. അതില്‍ പലതും സൂക്ഷിച്ചുവെയ്ക്കാത്തത്‌ കൊണ്ട് നഷ്ട്ടപെട്ടു പോയി.”

നാടകകൃത്ത് എന്ന പേരിലാണ് വാസുപ്രദീപ്‌ അറിയപ്പെട്ടതെങ്കിലും അദ്ദേഹം ഒട്ടേറെ ലളിത ഗാനങ്ങള്‍ എഴുതിയിരുന്നു. അവയില്‍ ഭൂരിഭാഗവും വിസ്മൃതിയിലായി. ആര്‍ക്കൈവിംഗ് സംവിധാനം തീരെയില്ലാത്ത ഒരു കാലത്തായിരുന്നു അദ്ദേഹം ജീവിച്ചത്. അതുകൊണ്ട് നഷ്ടമായത് മലയാള ലളിത ഗാനരംഗത്തെ അമൂല്യങ്ങളായ നിരവധി പാട്ടുകളായിരുന്നു. അതിജീവിച്ചത് 'മായരുതേ വനരാധ പോലെ' അപൂര്‍വ്വം ചില പാട്ടുകള്‍ മാത്രം. അതിന് കാരണം ഖാദര്‍ക്കയുടെ മക്കളായ നജ്മല്‍ ബാബുവും സത്യജിത്തും അത് പല സംഗീത സദസ്സുകളിലും പാടിയതുതന്നെയാണ്. അവരുടെ ശബ്ദത്തിലൂടെയാണ് ആ പാട്ടിനെ ഒരു വേറിട്ട ആലാപനശൈലിയിലൂടെ ആസ്വാദക സമൂഹം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.  

മലയാളത്തില്‍ ഗസല്‍ വരുന്നതിന്‍റെ എത്രയോ മുമ്പ് തന്നെ സത്യജിത് അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഉമ്പായി മലയാളത്തില്‍ ഗസല്‍ പാടുന്നതിന് മുമ്പുതന്നെ സത്യജിത് പാടിത്തുടങ്ങിയിരുന്നു. അദ്ദേഹം തുടക്കം കുറിച്ച ഗാനങ്ങളിലൊന്നാണ് മായരുതേ വനരാധെ. ഒരു പക്ഷെ വിസ്മരിക്കപെട്ടു പോകുമായിരുന്ന ഈ ഗാനം ശ്രദ്ധിക്കപ്പെടാന്‍ കാരണം സത്യജിത് അതിനെ ഇമ്പ്രോവൈസ് ചെയ്തു ഗസല്‍ രൂപത്തില്‍ അവതരിപ്പിച്ചതുകൊണ്ടാണ്. ഒരു പാട്ട് പലരീതിയില്‍ പാടി അതിനെ തന്‍റേതായ രീതിയില്‍ മാറ്റിയെടുക്കുന്ന രാസവിദ്യ നന്നായി അറിയാവുന്ന ആളായിരുന്നു സത്യജിത്. പാട്ടുമായി ലയിച്ചുചേരാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അനുപമമായിരുന്നു. പാടുമ്പോള്‍ ഭാവത്തിന്‍റെ പരകോടിയില്‍ സത്യജിത്ത് പാട്ടായി മാറുന്നതുപോലെ തോന്നും. ഒരു വരിതന്നെ പല രീതിയില്‍, പല തവണ പാടും. മനോധര്‍മ്മം ഉപയോഗിക്കുന്നതില്‍ അപാരമായ കഴിവ് പ്രകടിപ്പിച്ചു. സത്യജിത് പാടുന്നത്  കേട്ടാല്‍ ശാസ്ത്രീയമായി പഠിക്കാത്ത ഒരാളാണ് പാടുന്നതെന്ന് തോന്നിയിരുന്നില്ല. ബാബുരാജിന്‍റെ സംഗീതത്തിലൂടെ അബ്ദുള്‍ ഖാദര്‍ പാടിയ 'നീയെന്തറിയുന്നു നീലതാരമേ' (മിന്നാമിനുങ്ങ്-1957) എന്ന ഗാനം ഈ വിധത്തില്‍ സത്യജിത് പാടിയപ്പോഴാണ് പല ഗായകരും അതില്‍ ഗസലിന്‍റെ സാധ്യത തിരിച്ചറിഞ്ഞത്. പിന്നീട് ഒരുപാട് പേര്‍ അത് മെഹ്ഫിലുകളില്‍ അവതരിപ്പിച്ചു. അതിന്‍റെ ആലാപനവും സത്യജിത്തിന്‍റെ ഇമ്പ്രോവൈസേഷന്‍റെ മികച്ച ഉദാഹരണമാണ്. മലയാള ഗസല്‍ ജനപ്രീതി നേടിയതിനു ശേഷമാണ് സത്യജിത് പാടിയ മായരുതേ വനരാധെ ആസ്വാദകര്‍ ശ്രദ്ധിക്കുന്നത്. പിന്നീട് നജ്മല്‍ ബാബുവും നിരവധി വേദികളില്‍ പാടി. 

മരണശേഷവും നാടകകൃത്ത് എന്ന രീതിയില്‍ വേണ്ടത്ര അംഗീകാരം കിട്ടാതെപോയ വാസുപ്രദീപ് ഇപ്പോഴും ആസ്വാദകരുടെ മനസ്സില്‍ ജീവിക്കുന്നത് ഈ പാട്ടിലൂടെയാണ്. ഒപ്പം മലയാളത്തില്‍ ഹിന്ദുസ്ഥാനി ശൈലിയില്‍ പാടാന്‍ ശ്രമിച്ച ആദ്യകാല പിന്നണി ഗായകനായ കോഴിക്കോട് അബ്ദുള്‍ ഖാദറിനെ മലയാള ഗാനചരിത്രം അടയാളപ്പെടുത്തുന്നതും. കോഴിക്കോട് അബ്ദുള്‍ ഖാദറിന്‍റെ 105-ാം ജന്മവാര്ഷികത്തിലും മായാതെ ഈ വനരാധ ആസ്വാദകരില്‍ അനുഭൂതി പകരുന്നു.

Contact the author

Nadeem Noushad

Recent Posts

Music

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

More
More
Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

More
More
Music

തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

More
More
Music

മോഹന്‍ലാലിന്റെ 'ആറാട്ട്' ഫെബ്രുവരി 18-ന് തിയറ്ററുകളില്‍

More
More
Web Desk 2 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

More
More
Web Desk 2 years ago
Music

ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

More
More