ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം - ക്ഷേമ കെ. തോമസ് / പി. പി. ഷാനവാസ്‌

കവിയും എഴുത്തുകാരിയുമായ ക്ഷേമ കെ തോമസുമായി മാധ്യമപ്രവര്‍ത്തകനും കലാസാഹിത്യ നിരൂപകനുമായ പി പി ഷാനവാസ് നടത്തിയ അഭിമുഖം. 

പി പി ഷാനവാസ്‌ : എന്തുകൊണ്ടാണ് ക്ഷേമ കവിത മാധ്യമമാക്കിയത്?  നേരത്തെ കഥയും എഴുതിയിരുന്നല്ലോ..

ക്ഷേമ കെ തോമസ് : ഒരാൾക്ക് അയാളെ അടയാളപ്പെടുത്താൻ പല മാർഗ്ഗങ്ങളുണ്ട്. അടയാളപ്പെടുത്താൻ എന്നുവെച്ചാൽ സെൽഫ് എക്സ്പ്രെഷൻ. നാടകത്തിലഭിനയിക്കാം. സിനിമയിലഭിനയിക്കാം. അല്ലെങ്കിൽ ചിത്രം വരയ്ക്കാം. അതുമല്ലെങ്കിൽ ഒരു നർത്തകിയാവാം. അങ്ങനെയൊക്കെ... ഡിഗ്രിക്കാലം കഴിഞ്ഞതിനുശേഷം ഞാൻ ഏറെക്കുറെ ഉൾവലിയാൻ തുടങ്ങി എന്ന് എനിക്കുതന്നെ തോന്നുന്നു. ഉൾവലിയാനുള്ള പ്രവണതയുള്ള ഒരാൾക്ക്, അയാളുടെ സെൽഫ് എക്സ്പ്രഷന്, അത് അയാളുടെ ദു:ഖങ്ങളെയാണെങ്കിലും, മറ്റ് മാനസിക ഭാവങ്ങളെയാണെങ്കിലും പ്രകടിപ്പിക്കാൻ ഒരു വേദി വേണമല്ലോ, നമ്മുടെ തന്നെ ഒരു സംതൃപ്തിക്കുവേണ്ടി. എനിക്ക് എഴുത്തിൽ മുമ്പെ തന്നെ താൽപര്യമുള്ളതുകൊണ്ട് എൻ്റെ മാനസിക ഭാവങ്ങളെ അടയാളപ്പെടുത്താൻ ഏറ്റവും നല്ല വഴി കവിതയാണെന്നു തോന്നി. അതിന് നമുക്ക് മറ്റാരെയും ആശ്രയിക്കേണ്ട. നമുക്ക് നമ്മുടേതായി കിട്ടുന്ന നിമിഷങ്ങളിൽ, സ്വകാര്യ നിമിഷങ്ങളിൽ സ്വയം ചെയ്യാം. കവിതയെഴുതാൻ ഒരു പേപ്പറോ പെന്നോ പോലും വേണ്ട. നമുക്ക് ഉള്ളിലെഴുതാം. ഞാൻ ഉള്ളിലിട്ടുകൊണ്ടുപോയ, എഴുതിവെയ്ക്കാത്ത എത്രയോ കവിതകളുണ്ട്. ഉള്ളിൽ മാത്രമെഴുതിയ കവിതകൾ... കവിതയെഴുത്തെന്നത് നാം നമ്മോട് സംസാരിക്കുന്നതാണ്. എൻ്റെ മാനസിക ഭാവങ്ങളെ വെളിപ്പെടുത്താനുള്ള ഏറ്റവും സൗകര്യപ്രദമായതും ഫലപ്രദവുമായ മീഡിയമാണ് കവിതയെഴുത്ത് എന്നാണ് തോന്നിയിട്ടുള്ളത്.

ഷാ: കവിതയുടെ ധർമ്മമെന്താണ് എന്നാണ് ക്ഷേമ കരുതുന്നത്?

ക്ഷേമ: നമ്മളെ ചിന്തിപ്പിച്ചുകൊണ്ട് സന്തോഷിപ്പിക്കുകയോ ദു:ഖിപ്പിക്കുകയോ പ്രണയിപ്പിക്കുകയോ, അങ്ങനെ എന്തായാലും വികാരപരമായ ഒരു മാറ്റം നമ്മളിൽ ഉണ്ടാക്കിത്തീർക്കാൻ ഒരു കവിതയ്ക്ക് സാധിക്കണം. കവിതയായാലും കഥയായാലും നോവലായാലും അതേതു ഭാഷയിലായാലും ഏതു  രാജ്യത്തായാലും നമ്മെ ചിന്തിപ്പിക്കുകയും ദു:ഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും പ്രണയിപ്പിക്കുകയും ചെയ്യുന്നത് ഒരേ രീതിയിലാണ്. അതായത് വികാരപരമായ മാറ്റം നമ്മളിൽ ഉണ്ടാക്കുന്നത് ഒരേ രീതിയിലാണ്. ഇന്ന ഭാഷയെന്നോ ഇന്ന ദേശമെന്നോ ഉള്ള വ്യത്യാസമില്ല. അതുകൊണ്ടാണല്ലോ ടോൾസ്റ്റോയിയുടെ അന്നാകരീനയും സേതുവിൻ്റെ പാണ്ഡവപുരവും ഒരേപോലെ നമ്മളെ വൈകാരികമായ മൂർദ്ധന്യത്തിലെത്തിക്കുന്നത്.

ഷാ: താങ്കളുടെ കുട്ടിക്കാലം, ജീവിതാന്തരീക്ഷം തുടങ്ങിയവ എങ്ങിനെയാണ് എഴുത്തിനെ ബാധിച്ചത് എന്നു വിശദമാക്കാമോ? 

ക്ഷേമ: എൻ്റെ അച്ഛൻ നല്ലൊരു വായനക്കാരനായിരുന്നു. വീട്ടിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. അത് എന്നില്‍ വായനയോട് താൽപര്യമുണ്ടാക്കിയിട്ടുണ്ട്. സത്യംപറഞ്ഞാൽ 'ഒരു ദേശത്തിൻ്റെ കഥ'യൊക്കെ വായിച്ചത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് നമ്മൾ അക്ഷരങ്ങളൊക്കെ പഠിച്ച് ഒരു വിധം വായിച്ച് തുടങ്ങുന്നതല്ലേയുളളു. അത്രയും വായനയോട്‌ താൽപര്യമുണ്ടായിരുന്നു. അതുവെച്ച് നോക്കുമ്പോൾ ഇന്ന് വായിക്കുന്നില്ലെന്ന് പറയാം. ഞാനെൻ്റെ ആദ്യത്തെ കവിതയെഴുതിയത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ആ കവിത മണമ്പൂർ രാജൻ ബാബുവിൻ്റെ 'ഇന്ന് 'എന്ന ലിറ്റിൽ മാഗസിനിൽ പ്രസിദ്ധീകരിച്ചു. അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായി. ആദ്യ കവിതതന്നെ അച്ചടിച്ചു കാണാനുള്ള ഭാഗ്യം. സ്കൂളിൽ പഠിക്കുന്ന കാലത്തൊന്നും ഒരുപാട് പുസ്തകങ്ങളൊന്നും ഇന്നത്തെപ്പോലെ കിട്ടാൻ വഴിയില്ല. വായനാ സൌകര്യങ്ങള്‍ കുറവായിരുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നും കുറേ പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു. ഏതെങ്കിലും അധ്യാപകർ തന്നെയാവും ലൈബ്രേറിയനാവുക. ലൈബ്രേറിനും മലയാളം അധ്യാപകരും  എനിക്ക് ഭാഷയോടും സാഹിത്യത്തോടുമുള്ള ആഭിമുഖ്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.

അന്നത്തെ എഴുത്ത് ഇന്നത്തേതിൽനിന്ന് വ്യത്യസ്തമാണ്. സുഗതകുമാരിയേയും ഒ എൻ വിയേയുമൊക്കെയാണ് അന്ന് കൂടുതലായും വായിച്ചുകൊണ്ടിരുന്നത്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരെയൊക്കെ നാം ക്ലാസ്സിൽ പഠിക്കുന്നുണ്ട്. പക്ഷേ ഡീപ് ആയ ഒരു വായനയിലേക്ക് അത് എത്തുന്നില്ല. അന്നുള്ള കവിതകൾ പ്രധാനമായും താളാത്മകമായ, പാടാൻ പറ്റുന്ന കവിതകളാണ്. ആ രീതിയിലുള്ള കവിതകളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ പഠനകാലത്തും പ്രീഡിഗ്രിക്കാലത്തും ഡിഗ്രിക്കാലത്തുമൊക്കെയുള്ള എൻ്റെ എഴുത്തും വായനയും അഭിരുചികളും വ്യത്യസ്തങ്ങളാണ്. ഞാൻ പ്രീഡിഗ്രി ക്ലാസിലേക്ക് പ്രവേശിച്ചപ്പോഴും എനിക്ക് തോന്നുന്നു, കൂടുതലായി സ്വാധീനിച്ചത് ഒഎൻവിയും സുഗതകുമാരിയുമൊക്കെത്തന്നെയാണ്. പക്ഷേ എഴുത്തിൽ കുറച്ച് മാറ്റം വന്നിരുന്നു.

ഷാ: അച്ഛനെപറ്റിയുള്ള ഓർമകളാണല്ലോ ക്ഷേമ എപ്പോഴും പങ്കുവെയ്ക്കാറുള്ളത്. അമ്മ ജീവിതത്തിൽ എങ്ങിനെ?

ക്ഷേമ: ശരിയാണ്. ഞങ്ങളുടെ ഭൗതികമായ ജീവിതം... അത് കെട്ടിപ്പടുക്കുന്നതിന് ഒരു പക്ഷെ അച്ഛനേക്കാള്‍, പക്ഷേയല്ല അച്ഛനേക്കാള്‍ കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ളത് അമ്മ തന്നെയാണ്. ഭൗതികമായ ജീവിതത്തില്‍ ഉയർച്ചയുണ്ടായി. പക്ഷെ കാവ്യജീവിതം എവിടെയെത്തിയെന്നുള്ളത് ചിന്തിക്കേണ്ടിവരും. വൈലോപ്പള്ളി പറഞ്ഞ മാതിരി 'കെട്ട ജീവിതം ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മന്നിൽ.,' ഒരു കവിയ്ക്ക് രണ്ടുതരം ജീവിതമുണ്ടല്ലോ. കാവ്യജീവിതവും ഭൗതികജീവിതവും. ഭൗതികജീവിതം എവിടെയെത്തിനിൽക്കുന്നു, കാവ്യജീവിതം എവിടെയെത്തിനിൽക്കുന്നു എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഭൗതികജീവിതത്തിന് ഇൻവേഴ്സിലി പ്രൊപോഷണലായിരിക്കും എപ്പോഴും കാവ്യജീവിതം. അതുകൊണ്ടായിരിക്കണം വൈലോപ്പിള്ളി അങ്ങനെ പറഞ്ഞതും.

ഷാ: വൈലോപ്പിള്ളിയുമായി കത്തിടപാട് ഉണ്ടായിരുന്ന ഒരു ടീച്ചറെപ്പറ്റി ക്ഷേമ പറഞ്ഞത് ഓർക്കുന്നു. വൈലോപ്പിള്ളിക്കവിതയോട് എങ്ങിനെ ബന്ധം? പൊതുവെ താങ്കളുടെ കാവ്യാനുഭവങ്ങൾ?

ക്ഷേമ: പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഏറെ സ്വാധീനിച്ച ടീച്ചറാണ് കനകലത ടീച്ചർ. ടീച്ചർ മലയാളമാണ് പഠിപ്പിച്ചിരുന്നത്. ഇപ്പോൾ റിട്ടയർ ചെയ്തു. വൈലോപ്പിളളിക്ക് കത്തുകളെഴുതാറുള്ള ടീച്ചർ അവരായിരുന്നു. 'വൈലോപ്പിള്ളി കവിതകളുടെ ദ്വന്ദഭാവം' ആയിരുന്നു ടീച്ചർ പിഎച്ച്ഡി ചെയ്ത വിഷയം.  വൈലോപ്പിള്ളിയെ ഒരുപാട്  വായിക്കുകയും കത്തുകളെഴുതുകയും ചെയ്യാറുണ്ടായിരുന്നു ടീച്ചർ. ഈ കത്തുകൾക്ക് വൈലോപ്പിള്ളി എഴുതുന്ന മറുപടി എനിക്ക് കാണിച്ചുതരാറുണ്ട്. വൈലോപ്പിള്ളി കവിതകളുടെ ദ്വന്ദഭാവത്തെക്കുറിച്ചുള്ള പ്രബന്ധം എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇവയൊക്കെ വൈലോപ്പിള്ളി കവിതയിൽ എനിക്ക് താൽപര്യമുണ്ടാക്കി. അതുകൊണ്ട് വൈലോപ്പിള്ളിക്കവിതകൾ വായിച്ചുതുടങ്ങി. പക്ഷേ മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജ് (കോഴിക്കോട്) ആണ് എൻ്റെ ജീവിതത്തിലെ, അല്ലെങ്കിൽ കവിതാ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന സ്ഥലം. ആർട്സ് കോളേജിലെത്തിയപ്പോൾ ജീവിതത്തോടുള്ള കാഴ്ചപ്പാടും കവിതയോടുള്ള കാഴ്ചപ്പാടും ഒട്ടാകെ മാറി. വായനയുടെ തലങ്ങളെ മാറ്റി. വായനയേയും കാഴ്ചപ്പാടുകളേയും എന്നെ ആകെത്തന്നെയും മാറ്റിമറിച്ച സ്ഥലമാണത്. അവിടെനിന്ന് കിട്ടിയ സൗഹൃദങ്ങൾ, ഷാനവാസടക്കം കവിതയിൽ താൽപര്യമുള്ള സുഹൃത്തുക്കൾ, നമ്മളൊക്കെ തമ്മിലുള്ള ചർച്ചകൾ, നിങ്ങളിൽ നിന്നൊക്കെ കിട്ടിയ പുസ്തകങ്ങൾ. അത് ഒരുപാട് എന്നെ സ്വാധീനിച്ചു. അക്കാലത്താണ് സച്ചിദാനന്ദനെയും ചുള്ളിക്കാടിനെയും അയ്യപ്പനെയുമൊക്കെ അറിയുന്നത്. മുമ്പ് വായിച്ച കവിതകളിൽ നിന്നൊക്കെ വ്യത്യസ്തമായ ആ കവിതകൾ ഉള്ളിലേക്കാഴ്ന്നിറങ്ങി.

ഒരിക്കൽ കവി എ അയ്യപ്പൻ കോളേജിൽ വന്നത് ഓർക്കുന്നുണ്ടോ? അന്ന് കവി എനിക്ക് മീരാ ഭജന്റെ കാസറ്റ് സമ്മാനിച്ചിരുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞാൻ അത്യാവശ്യം വിശ്വാസിയും പള്ളിയിൽ പോകുന്ന ആളുമൊക്കെയായിരുന്നു. ആർട്സ് കോളേജ് എന്നെ അവിശ്വാസിയാക്കി. എൻ്റെ മെൻ്റാലിറ്റി മാറ്റിമറിച്ച സ്ഥലമാണത്. ആ സ്വാധീനം ഇന്നും വിട്ടുപോയിട്ടില്ല എന്നത് എന്നില്‍ ഞാൻ കണ്ടത്തുന്ന അപര്യാപ്തതയാണ്. ഇക്കാലത്തിനനുസരിച്ച് എഴുതാൻ എനിക്ക് സാധിക്കാറില്ല. അക്കാലത്തെ സ്റ്റൈലിൽ നിന്ന്, ആ ഒരു സ്വാധീനത്തിൽ നിന്ന് ഒരുപാടൊന്നും മാറാൻ കഴിഞ്ഞിട്ടില്ല. അത് എനിക്കുതന്നെ അറിയാം. എൻ്റെ സ്കൂൾ,കോളേജ് കാലഘട്ടങ്ങളിലെ കവിതാചരിത്രം ഇങ്ങനെയൊക്കെയാണ്.

അതിനുശേഷം, അതായത് എ അയ്യപ്പന് ശേഷമാണല്ലോ പുതുമുറക്കവികളുടെ വരവ്. അനിതാ തമ്പി, വീരാൻ കുട്ടി, പി രാമൻ, അൻവർ അലി... അനിതാ തമ്പിയും വീരാൻ കുട്ടിയുമൊക്കെ ഞാൻ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുന്ന കവികളാണ്. അതിനൊക്കെശേഷം ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കവികളെ ഞാൻ വളരെ കുറച്ചേ വായിച്ചിട്ടുള്ളു. എഫ്ബിയിൽ വരുന്ന ചില കവിതകളൊക്കെ വായിക്കും. എഫ്ബിയിൽ കവിതകളുടെ കുത്തൊഴുക്കല്ലേ.. അതിൽ ഏത് വായിക്കണം, വായിക്കണ്ട എന്നതറിയില്ല. ഇങ്ങനെയൊക്കെയായിരുന്നു എൻ്റെ കവിതാജീവിതം.

ഷാ: താങ്കളുടെ കവിതയിൽ നിഴലിക്കുന്ന ഒരു വിഷാദാത്മകതയുണ്ടല്ലോ. അതിനെപ്പറ്റി..

ക്ഷേമ:  കവിതയിലെ വിഷാദാത്മകത ഇതിലും കൂടുതലായിരുന്നു. 'ഞാൻ ഏകയാണ്' എന്ന ഒരു കവിതയൊക്കെ ഞാനെഴുതിയിട്ടുണ്ടായിരുന്നു. ആ കവിത ഒരിക്കൽ കവിയരങ്ങിന് ചൊല്ലിയപ്പോൾ 'എന്താ കുട്ടീ ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ' എഴുതുന്നതെന്ന് പലരും ചോദിച്ചു.

ഷാ:  താങ്കളുടെ കവിതാജീവിതത്തിന്റെ ഒരു മാനിഫെസ്റ്റോ എന്നവണ്ണം തോന്നി 'ചരിത്രവും സസ്യശാസ്ത്രവും' എന്ന കവിത. അതിനെപ്പറ്റി ഒന്നു പറയാമോ? സസ്യശാസ്ത്രത്തിലേക്കുള്ള ആ നീക്കം ഒരു ഒളിച്ചോട്ടമല്ലേ?

ക്ഷേമ: 'ചരിത്രവും സസ്യശാസ്ത്രവും' എന്ന കവിത ഡിഗ്രി പഠനകാലത്ത് എഴുതിയിട്ടുള്ളതാണ്. സസ്യശാസ്ത്രവുമായിട്ട് എനിക്ക് കാര്യമായ ബന്ധമൊന്നുമില്ല. അന്ന് സുഹൃത്ത് ജ്യോതി, സെക്കൻ്റ് ഇയറിൽ നമ്മുടെ ആർട്സ് കോളേജിൽ വരുന്നതുവരെ. സെക്കൻ്റ് ഇയറിലാണല്ലോ ജ്യോതി ബോട്ടണി ക്ലാസിലേക്ക് വരുന്നത്. അപ്പോഴാണ് ബോട്ടണി ക്ലാസിലെ കുട്ടികളുമായി കൂടുതൽ ഒരറ്റാച്ച്മെൻ്റ് ഉണ്ടാകുന്നതും സസ്യ ശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നതും. അവരൊക്കെയായിട്ടുള്ള ബന്ധത്തിൽ നിന്നുകൂടിയാണ് 'ചരിത്രവും സസ്യശാസ്ത്രവും' എന്ന കവിത പിറവിയെടുക്കുന്നത്.

ചരിത്രത്തിൽ നിന്നും സസ്യശാസ്ത്രത്തിലേക്ക് എന്തുകൊണ്ട് ഓടിയൊളിക്കുന്നു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ആ കവിതയിൽത്തന്നെയുണ്ടല്ലോ. അതിൽ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. സസ്യശാസ്ത്രത്തിൻ്റെ ആ ഒരു മൃദുലതയേയാണ് ഞാനിഷ്ടപ്പെടുന്നത്. ചരിത്രത്തിൻ്റെ ചോരപുരണ്ട ഏടുകൾ വേണ്ട. അതിൻ്റെയൊരു ക്രൗര്യത്തിലേക്ക് പോവാൻ ഞാനാഗ്രഹിക്കുന്നില്ല. സസ്യശാസ്ത്രത്തിൻ്റെ ആ ഒരു മിനുസത്തെ, അല്ലെങ്കിൽ മൃദുലതയെ ഇഷ്ടപ്പെടുന്നു. അതിനു കാരണങ്ങളൊക്കെ നിരത്തിയിട്ടുമുണ്ട്. യഥാർഥത്തിൽ ആ കവിതയിലെ സംഘർഷം സസ്യശാസ്ത്രവും ചരിത്രവും തമ്മിലല്ല.  പ്രകൃതിയും മനുഷ്യനും തമ്മിലാണ്.

ഷാ: ഒരു വിക്ടോറിയൻ സദാചാരം ക്ഷേമയുടെ കവിതാപരിസരങ്ങളെ നിർണയിക്കുന്നു എന്നു തോന്നിയിട്ടുണ്ട്.

ക്ഷേമ: സദാചാരം എന്ന വാക്ക് അല്ലെങ്കിൽ ആ ഒരു ബോധം ആപേക്ഷികമാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ സദാചാരബോധമായിരിക്കില്ല ഫ്രാൻസ് എന്ന രാജ്യത്തെ സദാചാരബോധം. യുകെയിലെ സദാചാരബോധമല്ലല്ലോ പാക്കിസ്ഥാനിലേത്. ഇവിടെ നമുക്ക് സദാചാരം എന്നുള്ളതിന് വേണമെങ്കിൽ ഒറ്റവാക്കിൽ, സദാചാരം = പൊതുധാരയിൽനിന്നും ഒറ്റപ്പെടുന്നതിലുള്ള ഭയം എന്നുപറയാം. ഒരു സമൂഹത്തില്‍ സദാചാരാഭിമുഖ്യം പ്രകടിപ്പിക്കുന്നവര്‍ ആ  സമൂഹത്തിൻ്റെ പൊതുധാരാ സ്വഭാവത്തോട് ചേർന്നുനിന്നില്ലെങ്കിൽ ഒറ്റപ്പെട്ടുപോകുമോ എന്നു ഭയപ്പെടുന്നവർ മാത്രമാണ്.

റോസ്മേരിയുടെ കവിതയിലൊക്കെ പറയുമ്പോലെ, രാത്രി മുഴുവൻ ഒറ്റയ്ക്ക് ഒരു കടൽതീരത്ത് അലയാനെനിക്ക് മോഹമുണ്ട്. അങ്ങനെയുള്ള മോഹങ്ങൾ എനിക്ക് മാത്രമല്ല ഓരോ സ്ത്രീയുടേയും ഉള്ളിൻ്റെയുള്ളിലുണ്ട്. ഭയം മാത്രമാണവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഭയത്തിൽ നിന്നും സ്വതന്ത്രമായ ഒരു സമൂഹമാണെങ്കിൽ, ഒരു ലോകമാണെങ്കിൽ സമൂഹവും ഇങ്ങനെയാവില്ല, ലോകവുമിങ്ങനെയാവില്ല. ഈ പറയുന്ന പല ആളുകളും സദാചാരത്തെ ലംഘിക്കാനാഗ്രഹിക്കുന്നുണ്ടാകും. സ്വതന്ത്രമായി നടക്കാനാഗ്രഹിക്കുന്നുണ്ടാകും. പക്ഷെ ഉള്ളിലുള്ളൊരു ഭയമുണ്ടല്ലോ, ഏകാന്തതയോട് മനുഷ്യനുള്ളൊരു ഭയം. പലവിധത്തിലുള്ള ഏകാന്തതയുണ്ടല്ലോ, ആൾകൂട്ടത്തിൽ തനിച്ചായിപ്പോകുന്ന ഏകാന്തത, സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോവുമ്പോഴുള്ള ഏകാന്തത, ഒരു കാരാഗൃഹത്തിലടയ്ക്കപ്പെടുമ്പോഴുള്ള ഏകാന്തത, അവനവനിൽതന്നെയുള്ള ഏകാന്തത... അങ്ങിനെയങ്ങിനെ..  ഏകാന്തത അല്ലെങ്കിൽ ഒറ്റപ്പെടലിനെ ആളുകൾ അഥവാ മനുഷ്യസമൂഹം വല്ലാതെ ഭയക്കുന്നുണ്ട്. ഒറ്റപ്പെടാൻ ഭയമില്ലാത്തവർക്ക് ഒരു സദാചാരവും പാലിക്കേണ്ടതില്ല. ഒരു ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളോട് സദാചാരത്തെക്കുറിച്ച് ചോദിച്ചുനോക്കൂ. അയാളെന്താവും മറുപടി പറയുക? അപ്പോൾ സദാചാരം എന്നുപറയുന്നത് തീർത്തും സമൂഹങ്ങൾ തമ്മിൽ, രാജ്യങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ, മനുഷ്യർ തമ്മിൽതന്നെ ആപേക്ഷികമായിട്ടുള്ളൊരു കാര്യമാണെന്നാ തോന്നിയിട്ടുള്ളത്.

വിക്ടോറിയൻ സദാചാര ബോധത്തിൽനിന്നുകൊണ്ടാണ് ഞാൻ കവിതയെഴുതുന്നത് എന്ന് പറഞ്ഞു. ഒരു പരിധിവരെ ശരിയായിരിക്കും. കാരണം ഈ പറഞ്ഞപോലെ ഭയവും ഉൽക്കണ്ഠയും കൂടുതലുള്ള ഒരാളാണ് ഞാൻ. ഒന്നിനേയും ഭയമില്ലാത്ത ഒന്നിനോടും ഉൽക്കണ്ഠയില്ലാത്ത ആളായിരുന്നു ഞാനെങ്കിൽ എൻ്റെ കവിത ഇങ്ങനെയാവില്ലായിരുന്നു. എഴുത്തും ഇങ്ങനെയാവില്ലായിരുന്നു. ഞാൻ തന്നെ ഇങ്ങനെയാവില്ലായിരുന്നു.

ഷാ: ഇപ്പോൾ സ്ത്രീകളുടെ കൂട്ടായ്മകൾ ധാരാളം ഉണ്ടാകുന്നുണ്ട്. പുതിയ ഈ ജീവിതാഘോഷത്തെ എങ്ങിനെ കാണുന്നു?

ക്ഷേമ: ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾ നമ്മുടെ അതേ വേവ് ലെങ്ങ്ത്തുള്ള സുഹൃത്തുക്കളോട് കൂടുതൽ ഷെയർ ചെയ്യുന്നു. ഒരുപാട് പെൺയാത്രകളും പെൺകുട്ടായ്മകളുമൊക്കെ വരുന്നത് ഇതിൻ്റെ ഭാഗമായിട്ടായിരിക്കും. ഏകദേശം ഒരു നാല്പതുവയസ്സ് അല്ലെങ്കിൽ ഒരു മുപ്പത്തഞ്ച് വയസ്സ് കഴിയുന്നതോടുകൂടി അങ്ങനെയൊരു ലൈഫിലേക്ക് പോയിട്ട് കുറേ സന്തോഷം കണ്ടെത്താൻ വേണ്ടി സ്ത്രീകൾ.. പുരുഷൻമാരും അങ്ങനെയാവാം ശ്രമിക്കുന്നത് എന്നെനിക്ക് തോന്നുന്നു.

ഇപ്പോഴത്തെ സ്ത്രീകളുടെ ആഘോഷങ്ങളെക്കുറിച്ച് ചോദിച്ചല്ലോ. സ്ത്രീകൾ പരമാവധി ആഘോഷിക്കണമെന്നാണ് എൻ്റെ അഭിപ്രായം. അങ്ങനെ ഒരുപാട് സ്ത്രീകൾ ജീവിതമാഘോഷിച്ച് പൊതുധാരയിലേയ്ക്ക് വരുമ്പോൾ, കുറേ പേർക്കെങ്കിലും അവരോടൊപ്പം ചേരാൻ ആത്മവിശ്വാസവും ധൈര്യവും കിട്ടും. അങ്ങനെ ഓരോരുത്തരും ചേർന്നുചേർന്ന് ജീവിതമൊരാഘോഷമാക്കി മാറ്റാൻ സാധിക്കുകയാണെങ്കിൽ അത് ഏറ്റവും വലിയൊരു മാറ്റമായിരിക്കും സമൂഹത്തിലുണ്ടാക്കുക.

ഷാ: താങ്കളുടെ ബൈബിൾ അനുഭവത്തെപ്പറ്റി പറയാമോ?

ക്ഷേമ: ബൈബിൾ മനോഹരമായ ഒരു സാഹിത്യരൂപം തന്നെയാണ്. എന്തുമാത്രം ഉപമകളാണ് അതിലുള്ളത്, മറ്റെവിടെയും കാണാൻകഴിയാത്ത രീതിയിൽ. അതിലെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങളാണ് സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, ഉത്തമ ഗീതങ്ങൾ ഒക്കെ. ഉത്തമ ഗീതങ്ങൾ എന്നു പറയുന്നത് യേശു ക്രിസ്തുവിനെ മണവാളനായും സഭയെ മണവാട്ടിയായും കണ്ടുകൊണ്ടുള്ള സംഭാഷണങ്ങളാണ്. പ്രേമബദ്ധരായ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ് അത്. ഇത്രയും സുന്ദരമായൊരു പ്രണയകവിത വേറെയെവിടെയും വായിക്കാൻ പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് അതിൽ കൊടുത്തിട്ടുള്ള സ്ത്രീയെ വർണ്ണിക്കുന്ന രണ്ട് ഉപമകൾ പറയാം. 'നിൻ്റെ തലമുടി ഗിലയാദ് മലഞ്ചരുവുകളിലേക്ക് ഇറങ്ങി വരുന്ന കോലാട്ടിൻ പറ്റം പോലെയാണ്.' 'കുളി കഴിഞ്ഞ് വരുന്ന ചെമ്മരിയാടുകളെ പോലെ ഒന്നൊഴിയാതെ നിരയൊത്തതാണ് നിൻ്റെ പല്ലുകൾ.' ഇത്തരം ഉപമകളൊക്കെ വേറെയേതെങ്കിലും കവിതകളിൽ നമ്മൾ വായിച്ചിട്ടുണ്ടോ? എൻ്റെ ഓർമ്മയിൽ അങ്ങനെ വരുന്നില്ല. 

എൻ്റെ കവിതയിൽ രണ്ടുമൂന്നു സ്ഥലങ്ങളിൽ ബൈബിളിലെ ചില രൂപകങ്ങൾ പരാമർശിക്കുന്നുണ്ട്. അത്  അബോധപൂർവ്വമായി വന്നതായിരിക്കും. എഴുതിയപ്പോൾ അങ്ങനെ വന്നുപോയതാണ്. ബൈബിൾ ചെറിയ രീതിയിലെങ്കിലും എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം. 'ഞായറാഴ്ച' എന്ന കവിതയിൽ തന്നെ പറയുന്നുണ്ടല്ലോ 'വിലപിക്കുന്നവൻ്റെ കാൽവരിസംഗീതം നെഞ്ചിൽ കുറുകിയമരുമ്പോൾ കുർബാനയുടെ കാപട്യങ്ങൾ വെള്ളിക്കാസകളിൽ നുരയ്ക്കുന്ന വീഞ്ഞാകുന്നു' എന്ന്. ഞായറാഴ്ചകളിൽ കുർബാന കാണുമ്പോൾ കാണുന്ന, നമ്മുടെ മനസ്സിലുള്ള  ഇമേജുകളാണ് വെള്ളിക്കാസയും നുരയ്ക്കുന്ന വീഞ്ഞുമൊക്കെ. അതിനെ മറ്റൊരു രൂപത്തിൽ ഞാനതിലെഴുതിയെന്ന് മാത്രമേയുള്ളൂ. അതൊക്കെ അബോധപൂർവ്വം വന്നു പോയതാണ്. അതുപോലെത്തന്നെ 'യാത്രികൻ്റെ വൃക്ഷം' എന്ന മറ്റൊരു കവിതയുടെ അവസാനവരികൾ 'ജീവൻ്റെ ഈ വൃക്ഷത്തിൽ നിന്നും തിരിച്ചറിവിൻ്റെ കനി ഭക്ഷിച്ച് മനുഷ്യനെ പോലെയാകണമേ' എന്നാണ്. എദൻ തോട്ടവും ആദവും ഹവ്വയുമൊന്നും ആ വരികളെഴുതുമ്പോൾ എൻ്റെ മനസ്സിൽ വന്നിട്ടില്ല. അബോധപൂർവ്വമായി വന്നുപോയെന്നു മാത്രം. അതാണ് ഞാൻ പറഞ്ഞത്, എന്നെ ബൈബിൾ ഒരു പക്ഷെ സ്വാധീനിച്ചിരിക്കാം. അബോധത്തിലെവിടെയോ അല്ലെങ്കിൽ ഉപബോധ മനസ്സിലെവിടെയോ അത് കിടക്കുന്നതു കൊണ്ടായിരിക്കാം. അതു പോലെ തന്നെ  നിഷ്കാസിതൻ്റെ ബൈബിൾ, തിരസ്കൃതൻ്റെ ബൈബിൾ എന്നൊക്കെ ഒന്നുരണ്ടു കവിതകളിലൊക്കെ വന്നിട്ടുണ്ട്. നിഷ്കാസിതനും തിരസ്കൃതനുമായ യേശുവാണല്ലോ ബൈബിളിലെ നായകൻ.

ഷാ: താങ്കളുടെ കവിതകൾ സൗന്ദര്യത്തെക്കാളും സത്യത്തെയാണ് സ്പർശിക്കാൻ ശ്രമിക്കുന്നത് എന്നു തോന്നുന്നു.

ക്ഷേമ: അത് ഒരു പരിധിവരെ ശരിയാണ്, ചില കവിതകളെ സംബന്ധിച്ച് നോക്കുമ്പോഴെങ്കിലും. മൂടൽമഞ്ഞ് എന്ന ഒരു കവിതയുണ്ട് ഇതിൽ. തവാങ്ങിലേക്ക് യാത്ര ചെയ്യുമ്പോൾ സെലാപാസ് കടന്നു പോവാനുണ്ട്. സെലാപാസ് കടന്നുപോവണമെങ്കിൽ അഞ്ചാറു മണിക്കൂർ മൂടൽമഞ്ഞിൽകൂടെ തന്നെ യാത്ര ചെയ്യണം. ഒന്നും കാണുന്നില്ല. മൂടൽമഞ്ഞ് മാത്രം. വെളുത്ത മൂടൽമഞ്ഞ്. വല്ലാത്തൊരനുഭവമായിരുന്നു അത്. മേഘങ്ങൾക്കിടയിലൂടെയൊക്കെ സഞ്ചരിക്കും പോലെ. അതില്‍ വല്ലാത്തൊരു സൗന്ദര്യവുമുണ്ട്, ഒരു ഭയാനകതയുമുണ്ട്.

' ശൂന്യതയാണിപ്പോൾ ജീവിതം

ശൂന്യതയാണിപ്പോൾ മരണം

ശൂന്യതയാണിപ്പോൾ ചലനം

ശൂന്യതയാണിപ്പോൾ നിശ്ചലത '

എന്നിങ്ങനെ നാലുവരികൾ ഞാനതിലെഴുതിയിട്ടുണ്ട്. ആ മനോഹാരിതയുടെയിടയിൽ പോലും,  എന്തോ അങ്ങനെ കൂടി കാണാൻ എനിക്ക് തോന്നി. അതുപോലെത്തന്നെ വേറൊരു കവിതയുണ്ട്, 'ഹിമപ്പാടങ്ങൾക്കരികിൽ'. അതും അങ്ങനെ തന്നെ. കിലോമീറ്ററുകളോളം ഹിമപ്പാടം മാത്രം. അതായത് ഒരു പച്ചപ്പോ, പച്ചപ്പ് പോയിട്ട് ഒരു കറുപ്പ്  കുത്തുപോലുമില്ലാതെ വെളുത്ത ഹിമപ്പാടം മാത്രം കാണുന്ന വല്ലാത്തൊരു കാഴ്ച. അതും ഒരു തരത്തിൽ പറഞ്ഞാൽ മനോഹരമായ കാഴ്ചയാണ്. പക്ഷെ ' ഹിമപ്പാടങ്ങളുടെ ധവളിമയിൽ കാഴ്ചകളും കാലങ്ങളുമറ്റുപോകുന്നു. ഒടുക്കമോ തുടക്കമോ ഇല്ലാതെ മുറിഞ്ഞു മുറിഞ്ഞു പോകുന്ന സ്വപ്നംപോലെ വിഭ്രാന്തിയുടെ പകപ്പ്. ഭയാനകമായ ഈ വെളുപ്പ് മിഴിവെളിച്ചങ്ങൾ അസ്തമിപ്പിക്കുന്നു. ഭീകരമായ ഈ നിശബ്ദത കാതുകളെ ബധിരമാക്കുന്നു,..' അങ്ങനെയങ്ങനെയാണ് ആ കവിത എഴുതിപ്പോയിട്ടുള്ളത്. ഷാനവാസ് പറഞ്ഞതിൽ കുറച്ച് വാസ്തവമുണ്ടെന്ന് പറയാനാണ് ഈ കവിതകളെ ഉദ്ധരിച്ചത്.

ഷാ: ക്ഷേമയുടെ ആദ്യകാല കവിതയിലെ യുക്തിഭദ്രതക്ക്‌ പില്‍കാലത്ത് ഒരു അയവുവന്നതായി കാണാം. പതുക്കെ ഒരു ധ്യാനാത്മകത അതിനെ ചൂഴുന്നു. മീരയുടേയും റാബിയയുടേയുമൊക്കെ അനുഭവങ്ങളിലേക്ക് ഭാവിയിൽ താങ്കൾ എത്തുമെന്ന് കരുതാമോ?

ക്ഷേമ: ആദ്യകാലങ്ങളിൽ എഴുതിയിട്ടുള്ള കവിതകളുടെ കടുത്ത യുക്തിഭദ്രതയിൽ നിന്നും പിന്നീടൊരു ചെറിയ അയവ് സംഭവിച്ചിട്ടുണ്ട്. വീണ്ടും മുന്നോട്ടുപോകുമ്പോൾ ചെറിയ രീതിയിലെങ്കിലും കണ്ടംപ്ലേഷനിലേക്ക് എത്തുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട്. പക്ഷെ അത് ഇരുപതുകളിൽ നിന്നും നാല്പതുകളിലേക്കൊക്കെ എത്തുമ്പോൾ ഉണ്ടാവുന്ന പക്വതയോ അല്ലെങ്കിൽ ഭൗതികമായ പരികല്പനകളിലുണ്ടാവുന്ന മാറ്റമോ ഒക്കെയാവാം. പക്ഷെ ഏതായാലും മീരയേയും റാബിയയേയും പോലുള്ള തീവ്രമായ ആത്മാവിഷ്കാരത്തിലേക്കൊന്നും എത്താൻ പോകുന്നില്ല. ബൈബിളായാലും ശരി ഖുറാനായാലും ശരി നമ്മൾ അതിനെ ഏതു കാഴ്ചപ്പാടോടെ വായിക്കുന്നു എന്നുള്ളതാണ് പ്രധാനം. ബൈബിൾ വായിച്ചതുകൊണ്ടോ ഖുറാൻ വായിക്കുന്നതുകൊണ്ടോ ഒന്നും നമ്മൾ ഭക്തിയിലേക്ക്  പോകുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല. മീരയേയും റാബിയയേയും പോലുള്ള സ്ത്രീകൾ ഭൗതികമായ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രരായവരാണ്. ശിവനും കൃഷ്ണനുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം ആരാധനയ്ക്കുള്ള മൂർത്തരൂപങ്ങളല്ല. അതൊരു ഭാവം മാത്രമാണ്. തന്നിൽ നിന്നുതന്നെ സ്വതന്ത്രമായിട്ട് മറ്റൊരു ഭാവത്തിലേക്ക് ലയിച്ചുകൊണ്ട്... ആ ഭാവം പ്രണയമാകാം, അല്ലെങ്കിൽ ഭക്തിയാവാം. എല്ലാതരം കെട്ടുപാടുകളിൽ നിന്നുമുള്ള ഒരു രക്ഷപ്പെടലാണത്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.

എൻ്റെ അമ്മയുടെ വിശ്വാസത്തേയും ബൈബിൾ വായനയേയും കുറിച്ച് പറഞ്ഞല്ലോ. അത് അമ്മയെ പോലുള്ള, എനിക്കറിയാവുന്ന പല സത്രീകളും ഏകാന്തതയേയൊക്കെ മറികടക്കാൻ വേണ്ടിയിട്ട് ഭക്തി ഒരു മാധ്യമമാക്കി മാറ്റാറുണ്ട്. അവരുടെ യഥാർഥ ലക്ഷ്യം എന്തിലെങ്കിലും അഭയം കണ്ടെത്തുക എന്നതു മാത്രമാണ്‌. ചിലർക്കത് പ്രണയമാവാം. ചിലർക്കത് ഭക്തിയാവാം. എല്ലാം ഒന്നിൻ്റെ തന്നെ വ്യത്യസ്ത രൂപങ്ങൾ. ഭയത്തിൽ നിന്നുള്ള മോചനം ആളുകളെ സർവ്വതന്ത്ര സ്വതന്ത്രരാക്കും.അത്തരമൊരു ജീവിതം ഒരാളുടെ ക്രിയേറ്റിവിറ്റിയെ ഒരുപാട് വർദ്ധിപ്പിക്കും.

ഷാ: 'വിവാഹിത' എന്ന കവിതയെക്കുറിച്ചു പറയാമോ?

ക്ഷേമ: പഠനകാലമൊക്കെ കഴിഞ്ഞ് പിന്നെ കുറേ സത്യങ്ങളിലേക്ക്, യാഥാർത്ഥ്യങ്ങളിലേക്ക് എത്തുകയാണ്. പഠനകാലത്ത് അല്ലെങ്കിൽ ചെറുപ്രായത്തിൽ  ജീവിതത്തെക്കുറിച്ചുള്ള ഇമാജിനേഷനുകൾക്കാവും മുൻതൂക്കം. പക്ഷെ യാഥാർത്ഥ്യമെന്താണെന്ന് നമ്മൾ പിന്നീട് കണ്ടെത്തുകയാണ്. 'വിവാഹിത' പോലെയൊക്കെയുള്ള കവിത പോലെ. കവിതയിൽ നമ്മളെഴുതുന്നത്, ഞാനായാലും മറ്റൊരാളായാലും എല്ലാം നമ്മുടെ മാത്രം അനുഭവങ്ങളല്ല.'വിവാഹിത' എന്ന കവിത എൻ്റെ മാത്രം അനുഭവമായിട്ടല്ല എഴുതുന്നത്. എൻ്റേതും കുറച്ചുണ്ടാവാം. മൊത്തം വിവാഹിതകളുടെ ഒരു അനുഭവമായിട്ട്, ഒരു സാമൂഹികപ്രശ്നമായി കണ്ടുകൊണ്ടാണ് അതെഴുതിയത്. വിവാഹജീവിതത്തിൽ, ഇനിയിപ്പോ ഏതു ജീവിതത്തിലാണെങ്കിലും, എല്ലാവരോടുമുള്ള അഡ്ജസ്റ്റ്മെൻ്റാണല്ലോ ജീവിതം. അച്ഛനോടാണെങ്കിലും അമ്മയോടാണെങ്കിലും ഭർത്താവിനോടാണെങ്കിലും മക്കളോടാണെങ്കിലും സുഹൃത്തുക്കളോടാണെങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്തേ പറ്റു. അപ്പാൾ കുറേ അസ്വാരസ്യങ്ങൾ ജീവിതത്തിലുണ്ടാകും. ഒരു ഭാര്യയും ഭർത്താവുമാണെങ്കിൽ അവർ രണ്ട് വ്യക്തിജീവിതത്തിൽ നിന്നും വരുന്ന ആളുകളാണ്. പൊതുവെ പറയുകയാണെങ്കിൽ ഏറെക്കുറേ ആശയപരമായി യോജിച്ചു പോവുന്നവരാണ് എങ്കിൽപോലും ഒരുപാട് അസ്വാരസ്യങ്ങളുണ്ടാവും. അപ്പോൾ ഒരു കവി അല്ലെങ്കിൽ ഒരു കഥാകാരൻ ചെയ്യുക, അവർക്കിടയിലുള്ള, രണ്ടാളുകൾക്കിടയിലുള്ള ചെറിയ ഒരു വിടവിനെയോ, സംഘർഷത്തെയോ പോലും എക്സാജറേറ്റ് ചെയ്യും. അങ്ങനെയാണല്ലോ.. നമ്മളെഴുതുമ്പോൾ പൊലിപ്പിച്ച് കാണിക്കുമല്ലോ... അത് പലരും പല രൂപത്തിലാവും എഴുതുക. ഓരോരുത്തരുടേയും ഇൻഡിവിജ്വാലിറ്റി അനുസരിച്ചിരിക്കും. രണ്ടുപേർ തമ്മിലുള്ള സംഘർഷങ്ങൾ, ചിലർ  മറ്റേയാളോട് കലഹിച്ചു കൊണ്ടായിരിക്കും പ്രകടിപ്പിക്കുക. മറ്റുചിലർ അവനവനോടു തന്നെ കലഹിച്ചുകൊണ്ടായിരിക്കും. മൂന്നാമതൊരു വിഭാഗമാളുകൾ വളരെ നിശബ്ദമായി തന്നിലേക്ക് തന്നെ ഒതുങ്ങിക്കൊണ്ടും. അത് കഥയായാലും കവിതയായാലും നോവലായാലും പലരും പല രീതിയിലായിരിക്കും എഴുത്തിലൂടെ പ്രതികരിക്കുന്നതും പ്രശ്നങ്ങളെ പരിഹരിക്കുന്നതും.

ഷാ: 'നിന്നെ അന്വേഷിച്ച്‌ നിന്നെ തന്നിൽത്തന്നെ കണ്ടെത്തുന്ന', അല്ലെങ്കിൽ തിരിച്ചും.. ഈ ഒരു പ്രമേയം താങ്കളുടെ കവിതയിൽ ആവർത്തിക്കുന്നത് കാണാം. വിശദീകരിക്കാമോ?

ക്ഷേമ: പല കവിതകളിലും എന്നിൽതന്നെ നിന്നെക്കൂടി കണ്ടെത്തുന്ന ആ ഒരവസ്ഥ എഴുതിയിട്ടുണ്ട്. രണ്ടു പേർ തമ്മിലുള്ള ബന്ധം, അതേതു ബന്ധമായാലും, അത് സൗഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും, ഇനി ഡോഡിത്താൽ പോലെ പ്രകൃതിയുമായിട്ടുള്ള ബന്ധമായാലും, നിന്നെ അന്വേഷിച്ചന്വേഷിച്ച് അവസാനം ഞാനത് എന്നിൽ തന്നെ കണ്ടെത്തുന്നുവെന്ന് പറയുമ്പോൾ, രണ്ട് എന്നുള്ള ആ ദ്വന്ദത്തെ ഒരു ഏകത്വത്തിലേക്ക് എത്തിക്കുക, അതായത് 'ഞാൻ നീ തന്നെ'എന്ന നിലയിൽ  വേർതിരിവില്ലാതെ, ഞാനും നീയും ഒന്നാകുന്നു, ഞാൻ നീയാകുന്ന, നീ ഞാനാകുന്നു  എന്ന  നിലയിൽ, രണ്ടുപേർക്കിടയിൽ വിടവുകളില്ലാതെ ഒന്നായിത്തീരുന്ന പരമമായ സ്നേഹത്തിൻ്റെ ഒരവസ്ഥയായിട്ട് അതിനെ വിശേഷിപ്പിക്കാം.

കേദാർനാഥ് തുടങ്ങി തുംഗനാഥ് വരെയുള്ള പഞ്ചകേദാരങ്ങളുണ്ടല്ലോ, ഹിമാലയത്തിൽ നമ്മൾ കാണുന്നത്, ഈ അഞ്ച് കേദാരങ്ങളിലും ശിവൻ്റെ അഞ്ചുഭാഗങ്ങളെയാണ് ആരാധിക്കുന്നത്. ഒരിടത്ത് ശിവൻ്റെ ബാഹുക്കൾ, ഒരിടത്ത് മുതുക്, ആ രീതിയിൽ അഞ്ചിടത്ത് അഞ്ച് ഭാഗങ്ങളെയാണ് ആരാധിക്കുന്നത്. കേദാർനാഥിൽ നിന്നും തുടങ്ങി തുംഗനാഥിൽ എത്തുമ്പോൾ  അവിടെ ഒരു വിഗ്രഹമോ ആരാധനാ മൂർത്തിയോ ഇല്ല. അവിടെ പ്രകൃതിതന്നെയായി മാറുന്നുണ്ട് ദൈവം. ഞാനിത് യാദൃശ്ചികമായി  ഓർത്തതാണ്. അങ്ങനെയൊരവസ്ഥയുണ്ടാവാം. ഇതൊന്നും നമ്മൾ മനപൂർവ്വം എഴുതുന്നതല്ല, എഴുതുമ്പോൾ ആ രീതിയിലേക്കെത്തുന്നതാണ്.

ഷാ: താങ്കളുടെ കവിത വളരെ ആറ്റിക്കുറുക്കിയ മട്ടിലാകുന്നത് എന്തുകൊണ്ടാണ്?

ക്ഷേമ: കവിതയാണെങ്കിലും ഒരുപാടെഴുതാവുന്ന യാത്രാവിവരണമാണെങ്കിലും ചുരുങ്ങിച്ചുരുങ്ങിപ്പോകുകയാണ് ചെയ്യുന്നത് എന്നത് വാസ്തവംതന്നെ. സത്യം പറഞ്ഞാൽ ഈ വിഷയങ്ങളിലൊക്കെ ഇനി ഒരുപാട് പറയാനുണ്ട് എന്ന് എനിക്കറിയാം. ഒരാളോടുള്ള വ്യക്തിപരമായ സംസാരമാണെങ്കിലും വളരെ കുറച്ചേ സംസാരിക്കാറുള്ളൂ. വളരെ ഷോർട്ടായിട്ട്. അതെൻ്റെ  സ്വഭാവത്തിൻ്റേയോ ജീവിതത്തിൻ്റെയോ ഒക്കെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. ദീർഘമായി എഴുതിയിട്ടുള്ള പല കവിതകളും വെട്ടിച്ചുരുക്കാറുണ്ട്. ആറ്റൂരിൻ്റെ കവിതകളൊക്കെ വളരെ താല്പര്യമുള്ള കൂട്ടത്തിലാ ഞാന്‍. പൊതുവെ ആ കുറുകിയ കവിതകൾ. കുറുകുന്തോറും ഫലം കൂടും എന്നുള്ള ഒരഭിപ്രായം എനിക്കുണ്ട്. എൻ്റെ കുറുകിയ കവിതകൾ നല്ല കവിതകളാണെന്നല്ല ഈ പറഞ്ഞതിനർത്ഥം.

ഷാ: താങ്കളുടെ ജീവിതത്തിലെ രാഷ്ട്രീയത്തെയും ആത്മീയതയേയും കുറിച്ച് പറയാമോ?

ക്ഷേമ: ആത്മീയതയും രാഷ്ട്രീയവുമായൊക്കെ ബന്ധപ്പെട്ട് പറയുകയാണെങ്കിൽ, എൻ്റെ വീട്ടിലുണ്ടല്ലോ ഷാനവാസ്, അച്ഛൻ അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലൊക്കെ കിടന്നിട്ടുണ്ട്. ഒരു കറകളഞ്ഞ മാർക്സിയനായിരുന്നു എൻ്റെ അച്ഛൻ. ഇപ്പോഴുള്ള രീതിയിലൊന്നുമല്ല. പിന്നെ അന്ന് കെഎസ്ടിഎ അല്ലല്ലോ, അദ്ധ്യാപക സംഘടന കെജിടിഎ ആണ്. അദ്ദേഹം കെജിടിഎ യുടെ സ്ഥാപക നേതാവായിരുന്നു, കടുത്ത നിരീശ്വരവാദിയായിരുന്നു. അമ്മ അച്ഛനെ കല്യാണം കഴിച്ചതിനുശേഷം ആ ഒരു മാർക്സിയൻ, എന്താ പറയ്യാ, അമ്മയും ഒരു ഇടതുപക്ഷ ചായ്‌വുള്ള ഒരാളായി മാറിയിട്ടുണ്ട്. പക്ഷെ എന്നാലും അതിൻ്റെ ഒരു ഫിലോസഫിക്കലായിട്ടുള്ള കാര്യങ്ങളോ, അല്ലെങ്കിൽ എന്താണ് മാർക്സിസം എന്നോ ഒന്നും അവർക്ക് അറിയില്ലായിരുന്നു. വീട്ടിലെ സാഹചര്യത്തിൽ മാർക്സിസ്റ്റായ അച്ഛനോടൊപ്പം ജീവിക്കുകയും,  ചുറ്റുപാടിലും താമസിക്കുന്നവരൊക്കെ ഇതേപോലെ ഇടതുപക്ഷ ചിന്താഗതിയുള്ളവരായതിനാല്‍ ഇടതുപക്ഷ ജീവിതത്തിലേക്ക്, ആശയത്തിലേക്ക് അമ്മയും എത്തിയെന്നു മാത്രം..എങ്കിൽപോലും ശരിക്കും എൻ്റെ അമ്മ വലിയ വിശ്വാസിയായിരുന്നു. നല്ല വിശ്വാസി. ഞായറുകളിൽ പള്ളിയിൽ പോവുക എന്നത് മാത്രമല്ല, എന്നും വീട്ടിൽ പ്രാർത്ഥിക്കണമെന്ന് നിർബന്ധമുള്ള, യാഥാസ്ഥിതികമായിട്ടുള്ള വിശ്വാസം തന്നെയാണുണ്ടായിരുന്നത്. എല്ലാ ആഴ്ചയിലും ഞങ്ങളെ പള്ളിയിൽ പോകാൻ നിർബന്ധിക്കും. അതേ സമയം അച്ഛൻ പള്ളിയുടെ പടിക്കൽ പോലും വരില്ല.  ക്രിസ്മസിൻ്റെ സമയത്തൊക്കെ പള്ളീന്ന് തിരിച്ചു വരാൻ രാത്രി ബുദ്ധിമുട്ടാവുമ്പോൾ (ഞാനും എൻ്റെ ചേച്ചിയും അമ്മയുമല്ലേയുള്ളൂ), അച്ഛൻ ഞങ്ങളെ കൂട്ടാൻ വേണ്ടി പള്ളിയുടെ പുറത്തുള്ള റോഡിൽ വന്നുനിൽക്കും. എന്നിട്ട് കൂട്ടിക്കൊണ്ടുപോവും. അങ്ങനെ ചെയ്തിരുന്നൊരാളാ. കേശവൻ്റ വിലാപങ്ങൾ എന്ന നോവലിലൊക്കെ പറഞ്ഞതുമാതിരി,  ഞാനൊക്കെ ജനിച്ചുവീഴുമ്പോൾ കാണുന്നതുതന്നെ,  മാർക്സിൻ്റെയും എംഗൽസിൻ്റേയുമൊക്കെ ഫോട്ടോകളാണ്. അതൊക്കെ കണ്ടുകൊണ്ടാണ് വളരുന്നത്. അക്കൂട്ടത്തിൽ തന്നെ ക്രിസ്തുവിൻ്റെ പടവുമുണ്ട്. എല്ലാം താടിക്കാരാണല്ലോ. ഇതൊക്കെയാണ് ഞാൻ കണ്ടു വളരുന്നത്. ഏറ്റവും പ്രശസ്തരായ രണ്ടു മൂന്നു താടിക്കാർ. അത് ഉപബോധമനസ്സിലിങ്ങനെ കുടുങ്ങിയിട്ടുണ്ടാവും.

പിന്നെ രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ലൈഫിനെപ്പറ്റി പറഞ്ഞാൽ,  മഞ്ചേരിയിൽ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൻ്റെ മേലേ റോഡിലൊരു പള്ളിയുണ്ട്. ലാറ്റിൻ കാത്തലിക് പള്ളി. ശരിക്കും ഞങ്ങൾ സിറിയൻ കാത്തലിക് ആണെങ്കിലും പോയിരുന്നത് ലാറ്റിൻ കാത്തലിക് പള്ളിയിലാണ്. അവിടത്തെ പള്ളീലച്ചനൊക്കെ ആളുകളുമായിട്ട് നല്ല ബന്ധമായിരുന്നു. അവിടെയൊരു ടീമുണ്ടായിരുന്നു, കുട്ടികളുടെ ഒരു ടീം. കുറേ പേരുണ്ടായിരുന്നു. ക്വയറിൽ ഞങ്ങളൊക്കെയുണ്ട്. ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്നതും അതുപോലെ അത്തരം ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചെയ്യുന്നതുമെല്ലാം ഞങ്ങളുടെ ഈ ടീമായിരുന്നു. മാത്രമല്ല പള്ളിയിലെന്നും കുർബാനയുടെ ഇടയിൽ ബൈബിൾ വായിക്കാനുള്ളൊരു ടൈമുണ്ട്. ആ സമയത്ത് ബൈബിൾ സ്ഥിരമായി വായിച്ചിരുന്നത് ഞാനാ. എന്നെക്കൊണ്ടാണ്  വായിപ്പിച്ചിരുന്നത്. വേറൊന്നും കൊണ്ടല്ല. പള്ളീലച്ചനൊക്കെ പറയുന്നത്,  എൻ്റെ വായനയിൽ നല്ല ഭാവമുണ്ട്, നല്ല അക്ഷരസ്ഫുടതയുണ്ട്, കൃത്യമായിട്ടു വായിക്കും, ആളുകളെ അട്രാക്റ്റ് ചെയ്യുന്ന രീതിയിൽ വായിക്കാൻ അറിയാം എന്നൊക്കെയാണ്. അങ്ങനെ എല്ലാ ഞായറും എന്നെക്കൊണ്ട് ബൈബിൾ വായിപ്പിക്കും. ബൈബിളുമായിട്ട് എനിക്ക് അങ്ങനേകൂടി ഒരു ബന്ധമുണ്ട്. വീട്ടിൽ ഞാൻ  ബൈബിളൊന്നും വായിക്കാറില്ല. ഒരുപാട് ഉപമകളുടെ ഒരു കലവറയാണല്ലോ ബൈബിൾ. ഒരു സാഹിത്യരൂപം എന്നുള്ള നിലയിൽ  നമുക്കതിനെയെടുക്കാം. 

ഇങ്ങനെ ഈ രണ്ടിൻ്റെയും ഇടയ്ക്കാണ്  ഞാൻ വളരുന്നത്. മാർക്സിയൻ കാഴ്ചപ്പാടുകളുടെ, അത്തരം ആശയങ്ങളെ അച്ഛനിൽ നിന്ന് ഉൾകൊണ്ടുകൊണ്ട്. അതേസമയം, അമ്മയിൽ നിന്ന് ഭക്തിനിര്‍ഭരമായ, ബൈബിളും പള്ളിയുമായി ബന്ധപ്പെട്ട ഒരു ജീവിതം. ഉപബോധമനസ്സിലോ അബോധമനസ്സിലോ ഒക്കെ ഇത് രണ്ടും ഇഴചേർന്ന് കിടക്കുന്നുണ്ട്. ഇതൊക്കെ കവിതയിലേക്കെത്തുമ്പോൾ അതുരണ്ടും ചേർന്ന് തിരസ്കൃതരുടെ ബൈബിളായി തീരുന്നുണ്ടാവാം. പിന്നെ ഒരുപാട് ഉപമകൾ അതിലേക്ക് വരുന്നുണ്ടാവാം. 

അതേപോലെ തന്നെ ക്രിസ്ത്യാനികളുടെ ഇടയിൽ മരിച്ചവരുടെ ദിവസം എന്നൊരു ദിവസമുണ്ട്. അന്ന്  സെമിത്തേരി അലങ്കരിക്കൽ ഞങ്ങൾ കുട്ടികളൊക്കെ കൂടിയാണ് ചെയ്യുന്നത്. ഇങ്ങനെ നമ്മുടെ ജീവിതത്തിലെ അത്തരത്തിലുള്ള കുറേ അനുഭവങ്ങൾ മനസ്സിൽ കിടക്കുന്നുണ്ടല്ലോ. അതിൻ്റെ എല്ലാറ്റിൻ്റെയും കൂടി ഒരു സങ്കലനമാണ് ഈ കവിതകളിൽ വരുന്നത് എന്നെനിക്ക് തോന്നുന്നു. കുട്ടിക്കാലം തീർച്ചയായും കവിതയെ സ്വാധീനിക്കുമല്ലോ.

ഷാ: മലയാളിയുടെ വൃത്തിബോധത്തെ പരിഹസിക്കുന്ന താങ്കളുടെ കവിതയെക്കുറിച്ച്..

ക്ഷേമ: അതിമനോഹരമായി ഉണ്ടാക്കിയിട്ടുള്ള, അതിവൃത്തിയുള്ള വീടുകൾക്കുള്ളിൽ ഓടാനോ ചാടാനോ കളിക്കാനോ ഒന്നും സ്വാതന്ത്ര്യമില്ലാതെ, മൊബൈലിൻ്റെയോ ടിവി യുടെയോ മുന്നിൽ മറ്റൊരു യന്ത്രമായിട്ട് ജീവിക്കുന്ന കുട്ടികളും മുതിർന്നവരും സാധാരണ കാഴ്ചയാണ്.'വൃത്തി' എന്നുള്ള കവിത "നിരതെറ്റാതെ അടുക്കിയടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ, ചുളിവീഴാത്ത ബെഡ്ഷീറ്റുകൾ, അതുപോലെ തന്നെ ഒരു മാറാലപോലും പിടിക്കാത്ത വൃത്തിയുളള തിളങ്ങുന്ന ചുവരുകൾ, ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ട തീൻമേശ" ഇങ്ങനെ കുറച്ച് സൂചകങ്ങളിലൂടെയാണ് എഴുതിയിട്ടുള്ളത്. നമ്മുടെ സമകാലീനമായ വൃത്തിബോധത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണ് ആ കവിതയിൽ. ദിവസേനയെന്നോണം ഉയർന്നുപൊങ്ങുന്ന, കമനീയവും എന്നാൽ അപകടരമായ വിധത്തിൽ വൃത്തിപൂർണവുമായ വീടുകൾ വ്യാപകമായ കാഴ്ചയാണ്. അത് പ്രത്യക്ഷമായിട്ടുള്ള ഒരു കാഴ്ച മാത്രം. 

ഇതിൽ പരോക്ഷമായിട്ടുള്ള സാമൂഹിക കാഴ്ചപ്പാട് എന്താണെന്ന് ചോദിച്ചാൽ, അനങ്ങാനോ ചോദ്യം ചെയ്യാനോ മറുത്ത് പറയാനോ സാധിക്കാത്ത ഒരു വ്യവസ്ഥിതിയെന്നോ, അല്ലെങ്കിൽ ഒരു ചട്ടക്കൂടിനുള്ളിൽ മാത്രം നിസ്സഹായരായി ജീവിക്കേണ്ടി വരുന്ന ജനതയെന്നോ, അതുമല്ലെങ്കിൽ ഒന്നിനേയും ചോദ്യം ചെയ്യാതെ ഒന്നിനോടും പ്രതികരിക്കാതെ നിശബ്ദം ജീവിച്ചു പോകുന്ന ഒരു ജനതയെന്നോ, അങ്ങനെ പല വിധത്തിൽ വേണമെങ്കിൽ വ്യാഖ്യാനിക്കാൻ പറ്റും.

ഷാ: ക്യാമറ എന്ന കവിതയുടെ പ്രേരണ..

ക്ഷേമ: ക്യാമറ എന്ന കവിത യഥാർത്ഥത്തിൽ സൗന്ദര്യവും സത്യവുമായിട്ടുള്ള ഒരു കലഹമല്ല, അത് ഒറ്റ നോട്ടത്തിൽ അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിലും. പരോക്ഷമായിട്ട് അതിന് മറ്റു ചില അർത്ഥങ്ങൾ കൂടി ഉണ്ട്. അതായത് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളുടെ മുമ്പിൽ. ദൃശ്യങ്ങളുടെ ഒരു കാലമാണല്ലോ ഇത്..നമ്മളൊക്കെ പലവിധത്തിലുള്ള ദൃശ്യങ്ങൾക്കിടമകളാണ്. ടി വിയാണെങ്കിലും മൊബൈൽ ഫോണാണെങ്കിലും നമ്മുടെ മുമ്പിൽ നിരന്തരം ദൃശ്യങ്ങളാണുള്ളത്. ഈ ദൃശ്യങ്ങളുടെ  അനിയന്ത്രിതമായ ഒഴുക്കിൽപെട്ടിട്ട് അതിലെ  സത്യം നാം കാണാതെ പോവുന്നു. അയഥാർത്ഥമായിട്ടുള്ള ഒരു പാട് ദൃശ്യങ്ങളുടെ കുത്തൊഴുക്കിൽ സത്യം മറയ്ക്കപ്പെട്ടുപോകുന്നു. സത്യത്തെ നമുക്ക് കാണാൻ സാധിക്കും എന്നുള്ളതാണ് അതിൻ്റെ വേറൊരു വശം. അപ്പോൾ അതും കൂടിയാണ് 'ക്യാമറ' എന്ന കവിത സൂചിപ്പിക്കുന്നത്. എത്ര അപകടകരമായ ദൃശ്യങ്ങളുടെ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നുള്ളത്. നിറമുള്ള കാഴ്ചകളിൽ നിറങ്ങളില്ലാത്ത സത്യങ്ങളെ നാം വിട്ടു പോവുന്നു. അതുംകൂടിയാണ് ഈ കവിത സൂചിപ്പിക്കുന്നത്.

ഷാ: കവിതയെഴുത്തിന്റെ ഭാവി എന്താണ്? 

ക്ഷേമ: മൊത്തത്തിൽ കവിതയുടെ ഭാവി എന്നതായിരിക്കും ഷാനവാസ് ഉദ്ദേശിച്ചതല്ലേ? അതിന് മറുപടി പറയുമ്പോൾ കവിത ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് ചിന്തിക്കേണ്ടി വരും. വീരാൻകുട്ടി, അനിതാ തമ്പി, അൻവർ അലി, പി രാമൻ അവരുടെ കാലഘട്ടം കഴിഞ്ഞാൽ പിന്നീടുള്ള കവികളെ കൃത്യമായി ഐഡന്റിഫൈ ചെയ്യാൻ എനിക്ക് പറ്റിയിട്ടില്ല. ആ ഒരവസ്ഥയാണുള്ളത്. ഇപ്പോൾ നമുക്കറിയാം. കണ്ടുമുട്ടുന്നവരൊക്കെ കവികളാണ്. ഒരു തരത്തിൽ കവിത ഇങ്ങനെ ജനകീയവൽക്കരിക്കപ്പെടുന്നത് വളരെ നല്ലതാണ്. യഥാർഥത്തിൽ ചില ആളുകൾ സംസാരിക്കുന്നത് ശ്രദ്ധിച്ചു കേട്ടാൽ അതിൽ കവിതയുണ്ടാകും. 

ഞാൻ എഫ്ബിയിൽ ഇട്ട ഒരു പോസ്റ്റ് വായിച്ചിട്ടുണ്ടോ എന്നറിയില്ല. ജാന്വേടത്തിയുടെ മഴക്കവിതകൾ എന്ന പേരിൽ. ജാന്വേടത്തി എന്നെ സഹായിക്കാൻ വരുന്ന സ്ത്രീയാണ്. അവരുടെ സംസാരം ശ്രദ്ധിച്ചാൽ എത്ര മനോഹരമായ കവിതയാണെന്നോ! അവരുടെ ലോക്കൽ ലാഗ്വേജിലാണ്. പല കവിതകളും അങ്ങനെ വരുന്നുണ്ടല്ലോ. മനോഹരമായ ഉപമകൾ കേൾക്കാം അവരുടെ സംസാരത്തിൽ. കവിതയെ നമ്മൾ ഇപ്പോൾ ഒരു ചട്ടക്കൂടിൽ നിർത്തുന്നില്ല. നിർത്തേണ്ട ആവശ്യവുമില്ല. കവിതകളുടെ കുത്തൊഴുക്കിൽ ഏതാണ് നല്ലത്, മോശം എന്ന് പറയാനാവില്ല. സോഷ്യൽ മീഡിയയിലും മറ്റും കവിതക്ക് എഡിറ്റിങ്ങ് വരുന്നില്ല. എഡിറ്റിങ്ങ് നല്ലതാണോ മോശമാണോ എന്ന് ചോദിച്ചാൽ ഒരർഥത്തിൽ നല്ലതാണ്. മറ്റൊരർഥത്തിൽ മോശവും. മറ്റു മുഖ്യധാര മാസികകളിലൊക്കെ എഡിറ്റിങ്ങ് വരുന്നുണ്ട്. ഒരു എഡിറ്ററുടെ കയ്യിലൂടെയാണ് കവിത കടന്നുപോകുന്നത്. പക്ഷേ വേറൊരു കാര്യമുണ്ട്. ഈ പ്രത്യേക മാസികക്ക് അല്ലെങ്കിൽ വീക്കിലിക്ക് അതിൻ്റെ ഒരു കാഴ്ചപ്പാടും സ്വഭാവവുമുണ്ടാകും. എഡിറ്റർക്കൊരു പക്ഷപാതിത്വമുണ്ടാകും. ഈ പക്ഷപാതിത്വത്തിലൂടെ കടന്നുവന്ന കവിതകളാണ് നാം വായിക്കുന്നത്. എഡിറ്ററുടെ കയ്യിലൂടെ കടന്നുപോയ ഒഴിവാക്കപ്പെട്ട കവിതകൾ എങ്ങനെയായിരുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. അത് സെലക്ട്‌ ചെയ്യാനുള്ള ചോയ്‌സും നമുക്കില്ല. അതേസമയം സോഷ്യൽ മീഡിയയിലൂടെ വരുന്ന കവിതകൾ മുഴുവൻ വായിക്കാനുള്ള ക്ഷമ നമുക്കുണ്ടാകണം. അതിൽ ഒരു പാട് വരുമ്പോൾ,  ഇടക്കെങ്കിലും മുത്തും പവിഴവും കിട്ടുന്നുണ്ട്. അങ്ങനെ ഒരു സാധ്യത കൂടി അതിനുണ്ട്. എത്രയെണ്ണം നിലനിൽക്കുമെന്നും കാലത്തെ അതിജീവിക്കുമെന്നും നമുക്ക് പറയാൻ പറ്റില്ല. അങ്ങിനെ അതിജീവിക്കുന്നതിൽ വല്ല അർഥവുമുണ്ടോയെന്നും എനിക്കറിയില്ല. നമ്മുടെ കാലമല്ല ഇക്കാലം. ഇക്കാലമല്ല വരുംതലമുറയുടേത്. അതതു കാലത്തിന് യോജിച്ച കവിതകൾ ഉണ്ടാവേണ്ടി വരും. അപ്പോൾ ഓർത്തുവെക്കാനും ഓമനിക്കാനും കവിതകളുണ്ടാവില്ല. അതതു കാലത്തെ കവിതകൾ അതതു കാലത്തുള്ളവർ വായിക്കുക. അതേ ചെയ്യാൻ പറ്റൂന്നാ എനിക്ക് തോന്നുന്നത്.

ശുഭം...

ക്ഷേമ കെ തോമസ്

കവിയും എഴുത്തുകാരിയുമായ ക്ഷേമ കെ തോമസ്. ഭാഷാപോഷിണി, സമകാലിക മലയാളം, മാധ്യമം, കലാകൗമുദി, ദേശാഭിമാനി എന്നിവയിൽ കവിതയും യാത്രാവിവരണവും പ്രസിദ്ധീകരിക്കാറുണ്ട്. യാത്ര, വായന, എഴുത്ത്, സിനിമ എന്നിവയുടെ പ്രണയിനിയാണ്. മലപ്പുറം ജില്ലയിൽ മഞ്ചേരി സ്വദേശി. ഇപ്പോള്‍ കോഴിക്കോട്‌ നഗരത്തിലെ കാരപ്പറമ്പില്‍ താമസം. 

 കുടുംബശ്രീയിൽ എഡിഎംസി ആയിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ സീനിയർ സൂപ്രണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: പുഴയെ പ്രണയിക്കുമ്പോൾ (കവിതകൾ), സ്വപന സാഫല്യങ്ങളുടെ താഴ് വരകൾ (യാത്രാവിവരണം).

Contact the author

P P Shanavas

Recent Posts

Interview

മുതിര്‍ന്നാലും ട്രെയ്നിയാകേണ്ടിവരുന്ന വനിതാ ജേർണലിസ്റ്റുകള്‍- ലക്ഷ്മി പത്മ / ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Interview

ഹിന്ദുത്വ ശക്തികളുടെ കൂടെ നില്‍ക്കാന്‍ ഒരിക്കലും എനിക്കാവില്ല- ബിന്ദു അമ്മിണി / ക്രിസ്റ്റിന കുരിശിങ്കല്‍

More
More
T K Sunil Kumar 3 years ago
Interview

ദൈവത്തെ പുരുഷവത്കരിച്ചത് എന്തിനാകും? - എറിൻ മാനിങ് / ടി. കെ. സുനില്‍ കുമാര്‍

More
More